June 26, 2026 |
Share on

‘സർക്കാരിന്റെ പ്രതികരണത്തിന് വേണ്ടി കാത്തുനിൽക്കില്ല, ആക്രമണം ആരംഭിക്കുകയാണ്’

കശ്മീരി വി​ദ്യാർത്ഥികൾക്ക് നേരെ ഹിന്ദുത്വവാദികളുടെ ഭീഷണി

ജമ്മു കശ്മീരിലെ പഹൽ​ഗാം ആക്രമണത്തിന് ശേഷം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള കശ്മീരി വിദ്യാർത്ഥികൾക്ക് നേരെ ആക്രമണവും വിദ്വേഷ പ്രചരണവും നടത്തി ഹിന്ദുത്വവാദികൾ. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് , ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പഠിക്കുന്ന കശ്മീരി കുട്ടികള്‍ക്കു നേരെയാണ് വ്യാപകമായി അക്രമം ഉണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദ്യാർത്ഥികൾക്ക് നേരെ ശാരീരിക ആക്രമണങ്ങൾ, ഭീഷണികൾ എന്നിവ തീവ്ര ഹിന്ദുത്വ സംഘടനകൾ നടത്തിയിട്ടുണ്ട്.

വിദ്യാർത്ഥികളോട് അവർ താമസിക്കുന്ന അപ്പാർട്ട്മെന്റുകളും യൂണിവേഴ്സിറ്റി ഹോസ്റ്റലുകളും ഒഴിയാൻ ഹിന്ദുത്വവാദികൾ ആവശ്യപ്പെട്ടതായി ജമ്മു ആന്റ് കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇത് വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നുവെന്നും ജമ്മു ആന്റ് കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഡെറാഡൂണിൽ നിന്നുള്ള കശ്മീരി വിദ്യാർത്ഥികൾ ഞങ്ങളെ നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്. എല്ലാ കശ്മീരി മുസ്ലീങ്ങളും ഉടൻ തന്നെ ഉത്തരാഖണ്ഡ് വിടണമെന്നുള്ള ഹിന്ദു രക്ഷാ ദൾ പുറത്തുവിട്ട ഭീഷണി സന്ദേശത്തെ ഭയന്നാണ് കുട്ടികൾ പരിഭ്രാന്തരായത്. മാത്രമല്ല, രാത്രിയിൽ ഹോസ്റ്റൽ വളപ്പിനുള്ളിൽ വെച്ച് വിദ്യാർത്ഥികൾ ക്രൂരമായി ആക്രമിക്കപ്പെടുകയും ചെയ്തു. ഞങ്ങൾ സർക്കാരിന്റെ പ്രതികരണത്തിന് വേണ്ടി കാത്തുനിൽക്കില്ലെന്നും ഡെറാഡൂണിൽ നിന്നും ആക്രമണം ആരംഭിക്കുമെന്നുമായിരുന്നു ഹിന്ദു രക്ഷാ ദൾ വീഡിയോയിൽ പറ‍ഞ്ഞിരുന്നത്. കശ്മീരി വിദ്യാർത്ഥികളെ അവർ തീവ്രവാദികളെന്ന് വിളിക്കുകയും ചെയ്തു, ജമ്മു ആന്റ് കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ ദേശീയ കൺവീനർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

യു.പിയിലെ പ്രയാഗ്‌രാജില്‍ വാടകയ്ക്ക് താമസിക്കുന്ന കുട്ടികളോട് ഉടമകള്‍ ഒഴിയാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. വിദ്യാർത്ഥികളുടെ സംരക്ഷണത്തിനായി ജെകെഎസ്എ അടിയന്തര ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ പുറത്തിറക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനും അധികാരികളുമായി ബന്ധപ്പെടുന്നതിനുമായി പ്രഥ്യേകസംഘം രൂപീകരിക്കുകയും ചെയ്തു. വിഷയത്തിൽ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഇടപെട്ടിട്ടുണ്ട്. വിദ്യർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മറ്റ് സർക്കാരുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഒമര്‍ അബ്ദുള്ള അറിയിച്ചു. റിപ്പോർട്ടുകൾ വരുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളുമായി ജമ്മു കശ്മീർ സർക്കാർ ബന്ധപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു, ഒമര്‍ അബ്ദുള്ള എക്സിൽ കുറിച്ചു.

Content Summary: We won’t wait for the govt response, attack is starting; Hindu Raksha Dal threaten Kashmiri students

Leave a Reply

Your email address will not be published. Required fields are marked *

×