പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ വീണ്ടും അനിശ്ചിതത്വത്തിന്റെ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് ഗവര്‍ണര്‍ സി.വി. ആനന്ദ ബോസിന്റെ അപ്രതീക്ഷിത രാജിയും പുതിയ ഗവര്‍ണറുടെ നിയമനവും ചര്‍ച്ചയാകുന്നു. തമിഴ്നാട് ഗവര്‍ണറും മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനുമായ ആര്‍.എന്‍. രവിയെ ബംഗാള്‍ ഗവര്‍ണറായി നിയമിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കം, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള നീക്കമാണോ എന്ന അഭ്യൂഹങ്ങളും ശക്തമാകുകയാണ്.
രണ്ട് മാസത്തിനുള്ളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സി.വി. ആനന്ദ ബോസ് ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞത്. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ബോസിനെ രാജിവയ്ക്കാന്‍ നിര്‍ബന്ധിച്ചതാണെന്ന ആരോപണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ രംഗത്തെത്തിയത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വിരമിച്ച പോലീസ് ഉദ്യോഗസ്ഥനും കടുത്ത നിലപാടുകള്‍ക്ക് പേരുകേട്ടയാളുമായ ആര്‍.എന്‍. രവിയെ നിയമിച്ചത് സംസ്ഥാനത്തെ ക്രമസമാധാന നിലയടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്രം നേരിട്ട് ഇടപെടാന്‍ ഒരുങ്ങുന്നതിന്റെ സൂചനയായാണ് തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) വിലയിരുത്തുന്നത്.
വിനയായി വോട്ടര്‍ പട്ടികാ പരിഷ്‌കരണം
നിലവില്‍ സംസ്ഥാനത്ത് വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം നടന്നു വരികയാണ്. ഈ പ്രക്രിയക്കിടെ 60 ലക്ഷത്തിലധികം വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായും മറ്റൊരു 60 ലക്ഷം പേരെ നിരീക്ഷണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് അനുകൂലമായ സാഹചര്യം ഒരുക്കാനാണ് ഇത്തരം നീക്കങ്ങളെന്നുമാണ് ഭരണകക്ഷി ആരോപിക്കുന്നത്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 356 പ്രകാരം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിക്കൊണ്ട്, വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാട്ടി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് ടി.എം.സി നേതാവ് ചന്ദ്രിമ ഭട്ടാചാര്യ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ‘ഇത് ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാനുള്ള ബിജെപിയുടെ ദുഷ്ട പദ്ധതിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്രത്തിനെതിരെ മമത
ഗവര്‍ണറുടെ മാറ്റത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ അതിശക്തമായ ഭാഷയിലാണ് മമത ബാനര്‍ജി പ്രതികരിച്ചത്. ”ഗവര്‍ണര്‍ ആനന്ദ ബോസിന്റെ രാജി എന്നെ ഞെട്ടിച്ചു. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതാകാം. പുതിയ ഗവര്‍ണറുടെ നിയമന കാര്യത്തില്‍ കീഴ് വഴക്കങ്ങള്‍ ലംഘിക്കപ്പെട്ടു. സംസ്ഥാന സര്‍ക്കാരുമായി യാതൊരു കൂടിയാലോചനയും കേന്ദ്രം നടത്തിയില്ല. ഇത് സഹകരണ ഫെഡറലിസത്തിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാണ്” മമത ബാനര്‍ജി കുറിച്ചു.
എസ്‌ഐആറിനെ ഭയക്കുന്നു
എന്നാല്‍ ഭരണകക്ഷിയുടെ ആരോപണങ്ങളെ ബിജെപി പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രത്തിന് താല്‍പ്പര്യമില്ലെന്ന് ബിജെപി എംഎല്‍എയും സാമ്പത്തിക വിദഗ്ധനുമായ അശോക് ലാഹിരി വ്യക്തമാക്കി. വോട്ടര്‍ പട്ടികയില്‍ നിന്ന് നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കുന്നതിനെ മുഖ്യമന്ത്രി ഭയപ്പെടുകയാണെന്നും, തന്റെ വോട്ട് ബാങ്ക് തകരുമെന്ന ആശങ്കയിലാണ് മമത ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഉത്തരവാദിത്തം കേന്ദ്രത്തിന് മേല്‍ ചാരുന്ന തന്ത്രമാണ് മുഖ്യമന്ത്രി പയറ്റുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ബംഗാള്‍ രാഷ്ട്രീയത്തില്‍ രാജ്ഭവനും ഭരണകൂടവും തമ്മിലുള്ള പോരാട്ടം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. പോലീസ് പശ്ചാത്തലമുള്ള ആര്‍.എന്‍. രവിയുടെ വരവ് തൃണമൂല്‍ സര്‍ക്കാരിന് വലിയ വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെച്ചൊല്ലിയുള്ള തര്‍ക്കം വരും ദിവസങ്ങളില്‍ തെരുവിലേക്കും കോടതികളിലേക്കും നീങ്ങാനാണ് സാധ്യത. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഈ ഭരണഘടനാപരമായ മാറ്റങ്ങള്‍ ബംഗാളിലെ വോട്ടര്‍മാരെ എങ്ങനെ സ്വാധീനിക്കുമെന്നതാണ് ഇനി നിര്‍ണ്ണായകം.
Content Summary: West Bengal be placed under president’s rule?
This post was last modified on March 6, 2026 3:22 pm
Leave a Comment