February 14, 2025 |
Share on

എംഎല്‍എ സ്ഥാനം രാജിവച്ച് അന്‍വര്‍: ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

ഇനിയുള്ള പോരാട്ടം മലയോര മേഖലയിലെ ജനങ്ങള്‍ക്കാണെന്നും അന്‍വര്‍

എംഎല്‍എ സ്ഥാനം രാജിവച്ചതോടെ പിവി അന്‍വര്‍ ഇനി തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മുഖമായി കേരള രാഷ്ട്രീയത്തില്‍ സജീവമാകും. രാജിക്കത്ത് സ്പീക്കര്‍ എഎന്‍ ഷംസീറിന് കൈമാറുകയായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ നിന്ന് മത്സരിക്കില്ലെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മമത പറഞ്ഞിട്ടാണ് രാജിവച്ചതെന്നും ഇനിയുള്ള പോരാട്ടം മലയോര മേഖലയിലെ ജനങ്ങള്‍ക്കാണെന്നും അന്‍വര്‍ പറഞ്ഞു. Anwar says that he will not contest from nilambur in the by election

‘കഴിഞ്ഞ ആറ് മാസമായി പിണറായിസത്തിനും കേരളത്തിലെ സര്‍ക്കാരിനുമെതിരെ ഞാന്‍ നടത്തിയ പോരാട്ടത്തിന് പിന്തുണ നല്‍കിയ ജനങ്ങള്‍ക്ക് നന്ദി. 2016ലും 2021 ലും നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് എന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച വോട്ടര്‍മാര്‍ക്കും, ആദ്യമായി നിയമസഭയിലെത്താന്‍ എനിക്ക് പിന്തുണ നല്‍കിയ നിലമ്പൂരിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി. എട്ടരവര്‍ഷത്തെ എംഎല്‍എ ജീവിതത്തിന് ശേഷം കഴിഞ്ഞ 11-ാം തീയതി ഇ-മെയില്‍ വഴി ഞാന്‍ രാജി സമര്‍പ്പിച്ചിരുന്നു. ഇന്നാണ് ഔദ്യോഗികമായി രാജി കത്ത് കൈമറിയത്.

ഇന്ത്യയിലെ ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വന്യജീവി ആക്രമണമാണ്. ഇക്കാര്യം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഞാന്‍ മമതാജിയെ അറിയിച്ചു. കേരളത്തിന്റെ 70 ശതമാനം കാടാണ്. കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന ഈ വലിയ പ്രശ്നത്തിന് പരിഹാരം കാണാന്‍ പാര്‍ലമെന്റില്‍ വിഷയം അവതരിപ്പിക്കണമെന്നും ഞാന്‍ അവരോട് അഭ്യര്‍ത്ഥിച്ചു. ആസാമിലും ഇതേ രീതിയില്‍ പ്രശ്നമുണ്ടെന്ന് അവര്‍ പറഞ്ഞു. അവരുടെ പാര്‍ട്ടിയുമായി ചേര്‍ന്നാല്‍ വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കാമെന്നും, ഇന്ത്യാ മുന്നണിയുമായി ചേര്‍ന്ന് 1972ലെ അനിമല്‍ പ്രൊട്ടക്ഷന്‍ ആക്ടില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തി വന്യജീവികളുടെ എണ്ണം കുറയ്ക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താമെന്നും അവര്‍ സമ്മതിച്ചു. അടുത്ത തിരഞ്ഞെടുപ്പോടെ പാര്‍ട്ടിയില്‍ ചേരാമെന്നാണ് ഞാന്‍ അവരോട് പറഞ്ഞത്. എന്നാല്‍, മലയോര മേഖലയില്‍ ജീവിക്കുന്നവരുടെ പ്രശ്നം വലുതാണ്. അതിനാല്‍, മലയോര മേഖലയിലെ ജനങ്ങള്‍ക്കായി നിങ്ങള്‍ രാജി സമര്‍പ്പിച്ച് എത്രയും വേഗം മുന്നോട്ടുവരണമെന്നാണ് മമതാജി പറഞ്ഞത്. ബിഷപ്പുമാര്‍ ഉള്‍പ്പെടെ പലരോടും ആലോചിച്ചിട്ടാണ് രാജി തീരുമാനം എടുത്തത്.

ഞാനെന്റെ സ്വന്തം പിതാവിനെ പോലെയാണ് പിണറായി വിജയനെ കണ്ടിരുന്നത്. അദ്ദേഹത്തിനെതിരെ വെറുതേ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് തോന്നിയിട്ടുണ്ട്. പിണറായിക്കെതിരായ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ വൈകാരികമായാണ് കണ്ടിരുന്നത്. പി ശശി ആവശ്യപ്പെട്ടതനുസരിച്ചാണ് 150 കോടി രൂപയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ആരോപണം ഉന്നയിച്ചത്.

വിഡി സതീശനെതിരെ താന്‍ അഴിമതിയാരോപണം നടത്തിയത് പി ശശി പറഞ്ഞിട്ടായിരുന്നുവെന്നും ഒരുപാട് പാപഭാരങ്ങള്‍ ചുമന്നയാളാണ് താനെന്നും അക്കാര്യത്തില്‍ വിഡി സതീശനുണ്ടായ മാനഹാനിക്ക് നിരുപാധികം മാപ്പ് ചോദിക്കുന്നു. സതീശനുണ്ടായ മാനഹാനിക്ക് കേരള ജനതയോട് ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുകയാണ്. സതീശനും കുടുംബത്തിനും ബന്ധുക്കള്‍ക്കും അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ക്കും ഉണ്ടായ വിഷമത്തില്‍ മാപ്പ്. എന്റെ മാപ്പപേക്ഷ സ്വീകരിക്കണമെന്ന് സതീശനോട് സ്നേഹപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു.

പി ശശി, എസ്പി സുജിത്ത് ദാസ്, എഡിജിപി എംആര്‍ അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ ഞാന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി കൂടെ നില്‍ക്കുമെന്ന് കരുതി. ഇടതുപക്ഷ പാര്‍ട്ടിയിലുള്ള പലര്‍ക്കും ഇവരോട് എതിര്‍പ്പായിരുന്നു. പക്ഷേ, തുറന്നുപറയാന്‍ മറ്റാരും ധൈര്യം കാണിച്ചില്ല. എന്നാല്‍, ഞെട്ടിച്ചുകൊണ്ടാണ് മുഖ്യമന്ത്രി എനിക്കെതിരെ സംസാരിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ നിന്ന് മത്സരിക്കില്ല. ഒരുപാട് പാപഭാരങ്ങള്‍ ചുമന്ന വ്യക്തിയാണ് ഞാന്‍’ അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ തന്നെ അന്‍വര്‍ തന്റെ കാറില്‍ നിന്നും എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്തിരുന്നു. കാലാവധി പൂര്‍ത്തിയാക്കാന്‍ ഒന്നരവര്‍ഷം ബാക്കിനില്‍ക്കെയാണ് രാജി.

ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അംഗത്വമെടുക്കാന്‍ സ്വതന്ത്ര എംഎല്‍എ സ്ഥാനം തടസമാകുമെന്ന് മുന്നില്‍ കണ്ടാണ് എംഎല്‍എ സ്ഥാനം രാജിവച്ചത്. യുഡിഎഫില്‍ ചേക്കേറാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും പെട്ടെന്ന് അതുണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ അന്‍വര്‍ തീരുമാനിച്ചത്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച അന്‍വര്‍ കഴിഞ്ഞദിവസം കൊല്‍ക്കത്തയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കണ്ടിരുന്നു.
കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചുമതലകള്‍ ഏകോപിപ്പിക്കുന്നതിന് എംപിമാരായ സുസ്മിത ദേവ്, മഹുവ മൊയ്ത്ര എന്നിവര്‍ക്ക് മമതാ ബാനര്‍ജി ചുമതല നല്‍കിയതായും വിവരമുണ്ട്. നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതല തൃണമൂല്‍ കോണ്‍ഗ്രസ് അന്‍വറിന് നല്‍കിയിട്ടുണ്ട്.

എംഎല്‍എ സ്ഥാനം രാജിവച്ചശേഷം ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാമെന്ന ഉറപ്പ് മമത നല്‍കിയിട്ടുണ്ടെന്നാണ് അന്‍വറിനോട് അടുപ്പമുള്ളവര്‍ സൂചിപ്പിക്കുന്നത്. മൂന്ന് തൃണമൂല്‍ നേതാക്കള്‍ ഈ മാസം കേരളത്തിലെത്തും. മാര്‍ച്ച് അവസാനത്തോടെ മമത ബാനര്‍ജിയും കേരളം സന്ദര്‍ശിച്ചേക്കും.Anwar says that he will not contest from nilambur in the by election

Content Summary: Anwar says that he will not contest from nilambur in the by election

×