June 13, 2026 |
Share on

മോഹൻ ഭാ​ഗവതിന് മോദിയുടെ ജന്മദിനാശംസ; ഭിന്നതയിലുടക്കി ബിജെപി അധ്യക്ഷ സ്ഥാനം

തീരുമാനത്തിന് തടസമാകുന്നത് സഞ്ജയ് ജോഷിയോ ?

അടുത്ത ബിജെപി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭാരതീയ ജനതാ പാർട്ടിയും രാഷ്ട്രീയ സ്വയംസേവക് സംഘും (ആർഎസ്എസ്) തമ്മിൽ ഒരു അധികാര തർക്കം നിലനിൽക്കുന്നു എന്നത് അത്ഭുതമുള്ള ഒരു കാര്യമല്ല. മോഹൻ ഭാ​ഗവതിന്റെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചും, സ്വഭാവ സവിശേഷതകളെക്കുറിച്ചും നീട്ടിക്കുറുക്കി എഴുതിയ ഒരു ആശംസ.

ഭാ​ഗവതിനുള്ള മോദിയുടെ ആശംസ 75ാം ജന്മദിനത്തിൽ ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. അതായത് സംഘപരിവാറിന്റെ നടപടിക്രമങ്ങൾ അനുസരിച്ച് വിരമിക്കലിനുള്ള ഒരു അനൗദ്യോഗിക പ്രായപരിധി. പ്രധാനമന്ത്രിയുടെ പ്രവർത്തന ശൈലിയെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഇരുനേതാക്കന്മാരും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് മോദിയുടെ ഈ പ്രശംസ വരുന്നത്. പുതിയ ബിജെപി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള കാലതാമസം ഈ അഭിപ്രായ വ്യത്യാസത്തിലുടക്കിയാണ് നിൽക്കുന്നത്.

ആർഎസ്എസ്സിന്റെ നൂറാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് നടന്ന ഒരു പരിപാടിയിൽ, ഈ കാലതാമസത്തെക്കുറിച്ച് ഭാഗവതിനോട് ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു ഇങ്ങനെയാണ് ഞങ്ങളാണ് തീരുമാനമെടുക്കുന്നതെങ്കിൽ, ഇത്രയധികം കാലതാമസം ഉണ്ടാകുമായിരുന്നോ? തങ്ങൾ നിർദ്ദേശങ്ങൾ നൽകുമെങ്കിലും ഭരണകാര്യങ്ങളിലും രാഷ്ട്രീയ നിയമനങ്ങളിലും ഇടപെടാറില്ലെന്നും മോഹൻ ഭാ​ഗവത് പറയുകയുണ്ടായി.

ആർഎസ്എസിന് ബിജെപി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിൽ വലിയ സ്വാധീനമുണ്ടെന്ന വ്യാപകമായ ധാരണയെ തള്ളിക്കളയുകയായിരുന്നു ഈ പ്രസ്താവനയുടെ ഉദ്ദേശം. എന്നാൽ പാർട്ടി അധ്യക്ഷസ്ഥാനത്തിനായുള്ള ആർഎസ്എസിന്റെ അംഗീകാരം ഒരു കേവലമായ ഔപചാരികത മാത്രമായിരുന്നില്ല മറിച്ച് യോഗ്യതാ മാനദണ്ഡം തന്നെയായിരുന്നു എന്ന് പല രേഖകളും വ്യക്തമാക്കുന്നു.

ബിജെപിയുടെ സംഘടനാ തിരഞ്ഞെടുപ്പുകളിൽ ഇടപെട്ടുകൊണ്ട് ഏതാനും മാസങ്ങൾക്ക് മുൻപ് ആർഎസ്എസ് രം​ഗത്തു വന്നിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക ഘടകങ്ങളിലുണ്ടായിരുന്ന ഗ്രൂപ്പ് വഴക്കുകൾ മറികടക്കാൻ, മുതിർന്ന നേതാക്കളെ സംസ്ഥാന അധ്യക്ഷന്മാരായി നിയമിക്കാൻ അവർക്ക് സാധിച്ചു. വിവിധ പ്രാദേശിക ഘടകങ്ങളിലെ രൂക്ഷമായ വിഭാഗീയത കാരണം പാർട്ടിക്ക് സംഘടനാ തിരഞ്ഞെടുപ്പുകൾ നടത്താൻ കഴിഞ്ഞിരുന്നില്ല. ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയ ശക്തമായ കോട്ടകളിൽ പോലും പുതിയ സംസ്ഥാന അധ്യക്ഷന്മാരെ തിരഞ്ഞെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

വിഭാഗീയത കാരണം പാർട്ടിയിലെ സംഘടനാ തിരഞ്ഞെടുപ്പുകൾ വൈകിയതിനാൽ, പുതിയ പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള ഇലക്ടറൽ കോളേജിന് ആവശ്യമായ സംസ്ഥാന അധ്യക്ഷന്മാരെ പോലും 36 സംസ്ഥാന ഘടകങ്ങളിൽ നിന്ന് തിരഞ്ഞെടുക്കാൻ ബിജെപിക്ക് കഴിഞ്ഞില്ല. ഒരു വർഷത്തിലേറെ നീണ്ട ശ്രമങ്ങൾക്കും ആർഎസ്എസിന്റെ സഹായത്തോടെയും പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കാൻ ആവശ്യമായ ഇലക്ടറൽ കോളേജിന്റെ നിബന്ധനകൾ ബിജെപി പൂർത്തിയാക്കിയിട്ടുണ്ട്.

ജെ.പി. നദ്ദയുടെ കാലാവധി 2024 ജനുവരിയിൽ അവസാനിച്ചിരുന്നു, അദ്ദേഹത്തിന് പകരം ഒരാളെ തിരഞ്ഞെടുക്കാൻ പാർട്ടിക്ക് കഴിയാത്തതിനാൽ അതിനുശേഷം പലതവണ കാലാവധി നീട്ടിനൽകി. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിലുള്ള ഈ കാലതാമസത്തിന് കാരണം, ബിജെപിയും ആർഎസ്എസും തമ്മിൽ സമവായത്തിലെത്താൻ കഴിയാത്തതാണ്. മോദിയുടെയും അമിത്ഷായുടെയും നിർദ്ദേശങ്ങൾ മാത്രം അനുസരിക്കുന്ന ഒരു പ്രസിഡന്റാകാതെ, സ്വന്തമായി കാര്യങ്ങൾ തീരുമാനിക്കാൻ കഴിവുള്ള ഒരു നേതാവിനെ വേണമെന്ന് ആർഎസ്എസ് നിർബന്ധം പിടിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

ജെ.പി. നദ്ദയ്ക്ക് പകരം സഞ്ജയ് ജോഷിയുടെ പേര് ആർഎസ്എസ് നിർദ്ദേശിച്ചതോടെ സംഘപരിവാറിനുള്ളിലെ അസ്ഥിരമായ സാഹചര്യം കൂടുതൽ വഷളായി എന്നാണ് വയ‍ർ റിപ്പോർട്ട് പറയുന്നത്. ജോഷി മോദിയുടെയും അമിത് ഷായുടെയും ഒരു പ്രധാന എതിരാളിയാണ്. മുൻ ജനറൽ സെക്രട്ടറി ആയിരുന്ന സഞ്ജയ് ജോഷിക്കെതിരെ 2005-ൽ ഒരു വ്യാജ ലൈംഗിക വീഡിയോ പ്രചരിച്ചിരുന്നു. മോദിക്ക് ജോഷിയോടുള്ള അതൃപ്തി പരസ്യമായതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. തുടർന്ന് ജോഷി പൊതുരംഗത്ത് നിന്ന് പിൻവാങ്ങിയിരുന്നു.

2012 വരെ അദ്ദേഹം ബിജെപിയുടെ എക്സിക്യൂട്ടീവിൽ രാഷ്ട്രീയമായി സജീവമായിരുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദി. ജോഷി രാജിവച്ചില്ലെങ്കിൽ ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗം ബഹിഷ്കരിക്കുമെന്ന് അന്നത്തെ ബിജെപി അധ്യക്ഷൻ പറഞ്ഞിരുന്നു. അതിനുശേഷം, ബിജെപിയിൽ പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ ജോഷിയെ ഉൾപ്പെടുത്താനുള്ള ആർഎസ്എസ്സിന്റെ എല്ലാ ശ്രമങ്ങളെയും മോദി തടഞ്ഞിട്ടുണ്ട്. മോദിയുടെ ജനപ്രീതിക്ക് മുന്നിൽ ആർഎസ്എസിന്റെ പ്രാധാന്യം മങ്ങാൻ തുടങ്ങി. രണ്ട് സമാന്തര നേതൃത്വങ്ങൾ തമ്മിലുള്ള വിള്ളലുകൾ എല്ലാവർക്കും വ്യക്തമായിരുന്നു, എന്നാൽ ഇരുകൂട്ടരും അത്തരം പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ആവർത്തിച്ച് നിഷേധിച്ചു.

സംഘപരിവാറിലെ സാധാരണ പ്രവർത്തകർക്ക് പോലും ബഹുമാനമുള്ള ഒരു സംഘടനാ പ്രവർത്തകനാണ് ജോഷി. അദ്ദേഹത്തിന്റെ പേര് ആർഎസ്എസ് നിർദ്ദേശിക്കുന്നത് മോദിക്ക് നേരെയുള്ള ഒരു നീക്കമായി വിലയിരുത്തപ്പെടുന്നു. നദ്ദക്ക് പകരം ആർഎസ്എസ് മൂല്യങ്ങളിൽ ആഴത്തിൽ വേരൂന്നിയ ഒരാളാണ് വരേണ്ടതെന്ന് ആർഎസ്എസ്സുമായി അടുത്ത വൃത്തങ്ങൾ വിശ്വസിക്കുന്നു. ശിവരാജ് സിംഗ് ചൗഹാൻ, ധർമേന്ദ്ര പ്രധാൻ, ഭൂപേന്ദ്ര യാദവ് തുടങ്ങിയ പേരുകളും പരിഗണനയിലുണ്ട്.

മോദിയുടെ ഈ പ്രശംസ ഭാഗവതുമായി നല്ല ബന്ധം സ്ഥാപിക്കാനും, ആർഎസ്എസ്സിന്റെ കേന്ദ്ര നേതൃത്വത്തെ തന്നോട് അടുപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഒരു നീക്കമായിരിക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. എന്നാൽ, പുതിയ അധ്യക്ഷന്റെ കാര്യത്തിൽ ഇപ്പോഴും ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ല എന്നത്, ബിജെപിയും ആർഎസ്എസ്സും തമ്മിലുള്ള ഈ അധികാര തർക്കം ഇപ്പോഴും തുടരുന്നുവെന്ന് വ്യക്തമാക്കുന്നു.

content summary: Rift over BJP president post, Is Sanjay Joshi the reason behind the delay?

Leave a Reply

Your email address will not be published. Required fields are marked *

×