ഈ വര്‍ഷത്തെ ഓസ്‌കര്‍ അവാര്‍ഡുകള്‍ – മൊത്തത്തില്‍ ഒരു അപഗ്രഥനം വേണ്ട ഒന്നാണ്. ആദ്യം, കണ്ട രണ്ട് സിനിമകളുടെ ഓസ്‌കര്‍ നോമിനേഷനുകളും കിട്ടിയ ഒാസ്‌കറുകളും നോക്കാം. പൊതുവില്‍ പറയട്ടെ, കാന്‍ അടക്കമുള്ള, പണ്ട് വലിയ അന്താരാഷ്ട്ര പ്രാധാന്യം ഉണ്ടായിരുന്ന ഫിലിം ഫെസ്റ്റിവലുകളില്‍ ഈയിടെ കൊടുക്കുന്ന അവാര്‍ഡുകള്‍ എന്ത് മാനദണ്ഡം ആണ് സ്വീകരിക്കുന്നതെന്ന് മനസിലാകാത്ത അവസ്ഥ ഉണ്ട്. ചവറുപോലെ അന്താരാഷ്ട്ര അവാര്‍ഡുകള്‍ കിട്ടുന്ന പല സിനിമകളും കണ്ടു കഴിയുമ്പോള്‍ ആര്‍ക്കാണ് തെറ്റ് പറ്റുന്നതെന്ന് ചിന്തിച്ചു പോവും. ഈ വര്‍ഷത്തെ ബാംഗ്ലൂര്‍ ഫിലിം ഫെസ്റ്റിവല്‍ ഇപ്പോള്‍ അറ്റന്‍ഡ് ചെയ്യുന്നു. കണ്ട സിനിമകള്‍ പലതും നിരാശപ്പെടുത്തി. നല്ല സിനിമകളും കൂട്ടത്തില്‍ ഉണ്ട്. പക്ഷെ, പഴയ പോലെയല്ല കാര്യങ്ങള്‍. ഫിലിം റിവ്യൂസ് വായിച്ചു തിരഞ്ഞ് കണ്ടുപിടിച്ചിട്ടും പലതും പ്രതീക്ഷ നിലനിര്‍ത്തുന്നില്ല. ബോറടിപ്പിക്കുന്ന ഫോര്‍മാറ്റുകളും, പറയാന്‍ പ്രത്യേകിച്ച് കഥകള്‍ ഇല്ലാത്ത അവസ്ഥയും കാണാം. സ്‌ക്രീനിനപ്പുറം പ്രേക്ഷകര്‍ ഉണ്ട്, അവരുടെ സമയത്തിനും പാഷനും വിലയുണ്ട്, എന്ന് ചിന്തിക്കാനുള്ള വകതിരിവ് ലോകമെമ്പാടുമുള്ള സംവിധായകര്‍ക്ക് കുറയുകയാണോ? അതോ തങ്ങളുടെ സൃഷ്ടികളുടെ നിലവാരത്തകര്‍ച്ച ഇവര്‍ അറിയാതെ പോകുന്നതാണോ? നല്ലത് പെറുക്കിയെടുത്ത്, അരിച്ചെടുക്കേണ്ട ഫെസ്റ്റിവല്‍ ജൂറിക്കും ഇതില്‍ ഉത്തരവാദിത്തമില്ലേ?oscar award 2025; what are the oscar criteria? Anora without innovation
നമുക്ക് അനോറയിലേക്കും എമിലിയ പെരെസിലേക്കും തിരിച്ചുവരാം. ആറ് അക്കാദമി അവാര്‍ഡ് നോമിനേഷനുകളാണ് അനോറയ്ക്ക് ഉണ്ടായിരുന്നത്. അതില്‍ നാല് എണ്ണം -മികച്ച സിനിമ, തിരക്കഥ, സംവിധാനം, എഡിറ്റിംഗ് – സംവിധായകന്‍ ഷോണ്‍ ബേക്കര്‍ 97th ഓസ്‌കര്‍ അവാര്‍ഡ് നിശയില്‍ സ്വന്തമാക്കി. ഓസ്‌കറിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു സംവിധായകന്‍ നാല് അവാര്‍ഡുകള്‍ ഒരു സിനിമയ്ക്ക് ഒരുമിച്ച് നേടുന്നത്. അതും കന്നി അക്കാദമി നോമിനേഷനില്‍. 1954ല്‍ വാള്‍ട് ഡിസ്നി ഇതുപോലെ നാല് ഓസ്‌കര്‍ നേടിയത് വ്യത്യസ്ത പ്രൊജെക്ടുകള്‍ക്കാണ്.
‘അനോറ’ ഒരു സിനിമ എന്ന നിലയില്‍ എന്‍ഗേജിങ് ആണ്. പ്രിയദര്‍ശന്‍ കോമഡികള്‍ പോലും ഈ സിനിമ ചില സമയങ്ങളില്‍ ഓര്‍മിപ്പിച്ചു. അനോറ ഒരു സെക്‌സ് വര്‍ക്കറുടെ സാധാരണ കഥയാണ്. ഇവിടെ ഇറങ്ങിയിരുന്നെങ്കില്‍ നമ്മള്‍ ‘cringe’ എന്ന് പറഞ്ഞ് തള്ളാവുന്ന ഒന്ന്. തീമില്‍ അങ്ങനെ ഒരു പുതുമയും ഇല്ല. സാധാരണ സ്‌ക്രിപ്റ്റ്. സെക്‌സ് വര്‍ക്കര്‍ അനോറ തന്റെ തൊഴില്‍ തന്നെയാണ് പാതി മുക്കാലും സീനുകളില്‍ ചെയ്യുന്നത്. അനോറക് അവള്‍ സ്വയമിട്ട പേര് വിളിക്കുന്നതാണ് ഇഷ്ടം. ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ഇഷ്ടം പോലെ കസ്റ്റമേഴ്‌സ് ഉണ്ട്. അവളുടെ മുതലാളിക്ക് തൊഴിലാളികളോട് ബഹുമാനം ഉണ്ട്. എല്ലാവരും സന്തോഷത്തോടെ തൊഴില്‍ ചെയ്യുന്ന ഒരിടം ആയിട്ടാണ് അനുഭവപ്പെട്ടത്. റഷ്യയിലെ വലിയ സ്വാധീനമുള്ള ഒരു പണക്കാരന്റെ മകന്‍, അമേരിക്കയില്‍ വെക്കേഷന് എത്തിയപ്പോള്‍ അവന്റെ ക്രേസി മൂഡുകളിലേക്ക് പെട്ടെന്ന് പരുവപ്പെടുന്നു അനോറ. വെറുതെയൊന്നുമല്ല. നിമിഷങ്ങള്‍ക്ക് നല്ല വിലയിട്ടിട്ട് തന്നെ. പിന്നീട് അങ്ങോട്ടുള്ള കഥ പ്രവചിക്കാന്‍ ഒരു കവടിയും നിരത്തണ്ട.

മൈക്കി മാഡിസണ്‍ എന്ന അമേരിക്കന്‍ അഭിനേത്രിയെക്കുറിച്ച് മോശം അഭിനയം എന്നൊന്നും പറയുന്നില്ല. പക്ഷെ, അനോറയില്‍ അങ്ങനെ ഗംഭീര അഭിനയ മുഹൂര്‍ത്തങ്ങള്‍ ഒന്നും ഇല്ല. ഇന്റെര്‍വല്‍ വരെ അതീവ സാധാരണമായി പോകുന്ന സെക്‌സ് വര്‍ക്കര്‍ ലൈഫില്‍ എന്ത് പുതുമയാണുള്ളത്. റഷ്യന്‍ പേര്‍സണല്‍ ഗാര്‍ഡ്സ് ഇടപെടുന്ന രണ്ടാം പകുതിയില്‍ അനോറയ്ക്ക് കുറച്ചു സീനുകളില്‍, ദേഷ്യവും, നിരാശയും, സെന്റിമെന്റ്സും ഉണ്ട്. വളരെ raw ആയ, വികാരപരമായ പ്രതിരോധം ഉണ്ട്. സ്വപ്നം പോലും കാണാന്‍ കഴിയാത്ത ഒരു മായാലോകത്ത് പെട്ടെന്ന് എത്തിപ്പെട്ടതിന്റെ അമ്പരപ്പിലും, വാണിയന്റെ ‘പ്ലേ ടോയ്’ മാത്രമാണ് താന്‍ എന്ന് മനസിലാക്കാനുള്ള ഒരു സാവകാശം മാത്രമാണ് അനോറയ്ക്ക് ഷോണ്‍ കൊടുക്കുന്നത്. ആ സമയപരിധിക്കുള്ളില്‍ മൈക്കിയുടെ അഭിനയത്തിന്റെ ഗ്രാഫ് കുറച്ചു മേലേക്ക് പോകുന്നുണ്ട്. ഒരു തരത്തിലും ഉജ്വലം എന്ന് പറയാവുന്ന തലത്തില്‍ അല്ല അത്. അവസാനത്തെ കീഴടങ്ങല്‍ കണ്ടുമടുത്ത ഒന്നാണ്. മൈകിയോടു മത്സരിച്ചവരില്‍ സബ്സ്റ്റന്‍സിലെ ഡെമി മോറും ഉണ്ടെന്ന് ഓര്‍ക്കണം. ‘മേക്കപ്പ്’ കാറ്റഗറി അവാര്‍ഡിലൊക്കെ ഒതുക്കി അക്കാദമി നാണംകെടുത്തി സബ്സ്റ്റന്‍സിനെ എന്നതില്‍ തര്‍ക്കമില്ല. വിദേശ നിരൂപകര്‍ക്കൊക്കെ ഇതില്‍ വിയോജിപ്പുണ്ട്. അനോറയുടെ കാര്യമെടുത്താല്‍ സെക്‌സ് വര്‍ക്കര്‍ കമ്മ്യൂണിറ്റിയോട് നന്ദി പറയുന്നുണ്ട് ഷോണ്‍. പക്ഷെ, അവരുടെ ഏത് പ്രശ്‌നമാണ് ഈ സിനിമയില്‍ കൈകാര്യം ചെയ്തിട്ടുള്ളത് എന്ന് ചോദിച്ചാല്‍, അങ്ങനെ ഒന്നും കണ്ടില്ല. അത് നിര്‍ബന്ധവും ഇല്ല. പക്ഷെ ഓസ്‌കര്‍ സെലക്ഷന്‍ കമ്മിറ്റി എന്താണ് കണ്ടത് എന്ന ചോദ്യം ഇല്ലേ? അത് പ്രസക്തമല്ലേ?
പതിമൂന്ന് കാറ്റഗറികളില്‍ അക്കാദമി നോമിനേഷന്‍സ് ഉണ്ടായിരുന്ന എമിലിയ പെരെസിലെ റിറ്റയാണ് സഹനടിക്കുള്ള ഓസ്‌കര്‍ നേടിയത്. കൂര്‍ത്ത jawline ഉള്ള സോയി സല്‍ദാനയെ ഇഷ്ടമാണ് പൊതുവേ. ഒരു പ്രത്യേക ലുക്ക് ആണ്. മോഡല്‍ ഫീച്ചേഴ്‌സ് കൂടുതല്‍ ഉള്ള നടി. ഈ സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ കുറച്ചു ബോറടിച്ചു. മ്യൂസിക്കല്‍ ക്രൈം ഡ്രാമ ആണ്. കഥാ സന്ദര്‍ഭങ്ങള്‍ പലതും മ്യൂസിക്കല്‍ ആയിട്ടാണ് ഈ വിഭാഗം സിനിമകളില്‍ കാണുക. ഒരു ഉദാഹരണം – 2017ല്‍ ഓസ്‌കര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ‘la la la land’. എമിലിയ പെരെസിലെ മ്യൂസിക്കല്‍ പക്ഷെ ബോറടിക്കും. ക്വാളിറ്റി കുറവാണ്. ട്രാന്‍സ് ഐഡന്റിറ്റി പ്രമേയമാവുന്ന എമിലിയ പെരെസില്‍ from man to woman /penis to vagina പോലുള്ള ട്രാക്കുകള്‍ വൈറല്‍ ആണെങ്കിലും, സാല്‍ദനയുടെ ചടുലമായ ബോഡി മൂവ്‌മെന്റ്‌സ് കൊണ്ട് മാത്രം രക്ഷപെട്ടു എന്ന് പറയാം മിക്കതും. അഡ്വക്കേറ്റ് ആയ റിറ്റ ജീവിതത്തിലും പ്രൊഫെഷനിലും പരാജയമായി മാറുന്നത് സ്വയം തിരിച്ചറിയുന്നുണ്ട്. അജ്ഞാത ഫോണ്‍ സന്ദേശം വഴി റിറ്റ എത്തപ്പെടുന്ന കാര്‍ട്ടെല്‍ ലോകത്ത് അവള്‍ക്ക് ചെയ്യാന്‍ കുറെ കാര്യങ്ങള്‍, ജീവിതം മാറ്റിമറിക്കുന്ന കനത്ത ഓഫറുകള്‍. ഈ സിനിമയിലും ഇഷ്ടപ്പെട്ട രംഗങ്ങള്‍ കുറവാണ്. മെക്‌സിക്കന്‍ ഡ്രഗ് മാഫിയയും, കാണാതാവുന്ന ആളുകളും അതിന്റെ സാമൂഹ്യ അരക്ഷിതാവസ്ഥയും, രാഷ്ട്രീയവും, ഇതില്‍ അവതരിപ്പിക്കുന്നത് മാനിറ്റാസ്-Karla Sofía Gascó ചെയ്യുന്ന ഡ്രഗ് മാഫിയ കിംഗ് കഥാപാത്രം വഴിയാണ്. ഗാസ്‌കോയുടെ മാറുന്ന ഐഡന്റിറ്റി, ശേഷമുള്ള മാറ്റങ്ങള്‍, ബോഡി ലാംഗ്വേജ് ഒക്കെ ഇഷ്ടപ്പെട്ട് സ്‌ക്രീനില്‍. സത്യത്തില്‍ സ്വന്തം റോളില്‍ വലിയ വെല്ലുവിളികള്‍ ഒന്നും ഇല്ലാത്ത സോയി സാല്‍ദനയേക്കാള്‍. അവസാനമൊക്കെ ഒരു ശരാശരി ബോളിവുഡ് രംഗങ്ങള്‍ കാണാം എമിലിയ പെരെസില്‍. തന്റെ പഴയ ചില വിവാദപരമായ (ഓസ്‌കര്‍ അവാര്‍ഡ് അടക്കം) പോസ്റ്റുകള്‍ക്ക് ഇരയായി ഗാസ്‌കോയും, മെക്‌സിക്ക കാണാതെ, അവിടുത്തെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ അറിയാതെ, മെക്‌സിക്കന്‍ അഭിനേതാക്കളെ ഉപയോഗിക്കാതെ, ഒരു വിദേശിയുടെ ഉപരിപ്ലവമായ വീക്ഷണത്തില്‍ മെക്‌സിക്കയെ ചിത്രീകരിച്ചു എന്ന കടുത്ത വിമര്‍ശനം സംവിധായകന്‍ ജാക്വസും നേരിടുകയാണ്. LGBTQ കമ്മ്യൂണിറ്റിയും ഇതിലെ ട്രാന്‍സ്‌ജെന്റര്‍ സീനുകളുടെ സത്യസന്ധത ചോദ്യം ചെയ്യുന്നു. എമിലിയ പെരെസിന്റെ പിന്നാമ്പുറം അത്യാവശ്യം കലുഷമാണ് ഇങ്ങനെയൊക്കെയെങ്കിലും, ഗാസ്‌കോയുടെ അഭിനയമാണ് ഇതില്‍ കൂടുതല്‍ മികച്ചു നിന്നത് എന്നാണ് വ്യക്തിപരമായ അഭിപ്രായം. മികച്ച നടി അക്കാദമി അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യത്തെ (openly) ട്രാന്‍സ്‌ജെന്‍ഡര്‍ എന്നത് അഭിനയത്തെ വിലയിരുത്തുന്നതില്‍ ഒരു ഘടകം അല്ല എന്ന് വിശ്വസിക്കുന്നു. എമിലിയ പെരെസില്‍ സെലീന ഗോമസും തന്റെ റോള്‍ നന്നായാണ് ചെയ്തത്. മ്യൂസിക്കല്‍ ട്രാക്കിലും സെലീന കൊള്ളാം.
വര്‍ഷങ്ങളോളം ഓസ്‌കര്‍ അവാര്‍ഡുകള്‍ ഒരു എലീറ്റ് സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു എന്ന പരാതി ഉണ്ടായിരുന്നു. ഓസ്‌കര്‍ ജൂറി മട്ടുപ്പാവില്‍ മാത്രം കാലും നീട്ടി ഇരുന്നത് കൊണ്ട് പല രാജ്യങ്ങളിലെയും നല്ല സിനിമകളും പെര്‍ഫോമന്‍സുകളും തഴയപ്പെട്ടിരുന്നു. അത് മാറിയതിന്റെ പ്രതിഫലനങ്ങള്‍ കണ്ടു തുടങ്ങിയത് കലാരംഗത്ത് അഭിനന്ദനാര്‍ഹമായിരുന്നു. പുരോഗമന ചിന്താഗതിയായി അംഗീകരിക്കുന്നു. ചില വര്‍ഷങ്ങളില്‍ നല്ല സിനിമകള്‍ കുറവായിരിക്കാം. 2024 ഈ ഗണത്തില്‍ പെടുന്ന പോലെ തോന്നി. പക്ഷെ ഇപ്പോഴത്തെ പല ഓസ്‌കര്‍ അവാര്‍ഡുകളും വിരല്‍ചൂണ്ടുന്നത് മറ്റൊരു പ്രശ്‌നത്തിലേക്കാണ്. ഒരു നിലയ്ക്കും മനസിലാകാത്ത, അല്ലെങ്കില്‍ പല തലങ്ങളിലും കൃത്യമായി മനസിലാവുന്ന തിരഞ്ഞെടുപ്പുകള്‍. അതിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. സത്യത്തില്‍ അംഗീകാരങ്ങളില്‍ ലോക സിനിമയുടെ അവസാന വാക്കായ ഓസ്‌കര്‍ മാനദണ്ഡങ്ങള്‍ മാറിയോ? ഉണ്ടെങ്കില്‍, അതറിയാന്‍ പ്രേക്ഷകര്‍ക്ക് അവകാശമില്ലേ? അല്ല, പറയുന്നതില്‍ പരിഭവം ഒന്നും തോന്നരുത്, പ്രകടമായ ഒരു നിലവാരത്തകര്‍ച്ചയുണ്ട്.oscar award 2025; what are the oscar criteria? Anora without innovation
Content Summary: oscar award 2025; what are the oscar criteria? Anora without innovation