ചേന്ദമംഗലത്ത് യുവാവ് നാലുപേരെ ഇരുമ്പ് വടി കൊണ്ട് അടിച്ച് മൂന്നുപേര്‍ മരിച്ചു… കുറച്ചുനാള്‍ മുമ്പ് പതിനാല് വയസ്സുകാരന്‍ 30 വയസ്സുള്ള യുവാവിനെ കുത്തിമലര്‍ത്തി… ഇതൊക്കെ കേട്ടിട്ടും ഇന്ന് ആര്‍ക്കും വലിയ ഞെട്ടലൊന്നുമില്ല. അക്രമത്തെ ശരിവയ്ക്കുകയും ഇതൊക്കെ സര്‍വസാധാരണമാണെന്ന തരത്തില്‍ നോര്‍മലൈസ് ചെയ്ത് നമ്മള്‍ ഇതിനെ ഉള്‍ക്കൊള്ളാന്‍ തക്കരീതിയിലായിക്കഴിഞ്ഞു. കോപമോ നൈരാശ്യമോ വരുമ്പോള്‍ അക്രമരീതി പ്രയോഗിക്കാമെന്ന തരത്തിലള്ള ചിന്താഗതി സമൂഹത്തില്‍ നമ്മള്‍ അറിയാതെ തന്നെ ഇപ്പോള്‍ വളര്‍ന്നുവരുന്നുണ്ട്.What can we do to positively engage and redirect the violent tendencies of the younger generation?
ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വയലന്‍സുള്ള സിനിമ എന്ന തരത്തില്‍ പരസ്യവാചകം ഉപയോഗിക്കാന്‍ പോലും ധൈര്യം കാട്ടുമ്പോള്‍, ഇത്തരത്തിലുള്ള അക്രമങ്ങളില്‍ ആശങ്ക ആവശ്യമില്ലെന്നും, സര്‍വസാധാരണമാണെന്നുമുള്ള പ്രതീതിയാണ് നല്‍കപ്പെടുന്നത്. ഒരു വ്യക്തിയുടെ പെരുമാറ്റത്തില്‍ ഇത്തരത്തിലുള്ള അക്രമരീതികള്‍ അനുവദനീയമായ ശൈലി ആണെന്ന രീതിയിലുള്ള തെറ്റായ ധാരണയാണ് ഇത്തരം സിനിമ കളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ദൈനം ദിന ജീവിതത്തില്‍ ധാരാളം അക്രമമാതൃകകളും ബിംബങ്ങളും പ്രതിഷ്ഠിക്കപ്പെടുന്നുണ്ട്. അത് ചിലപ്പോഴൊക്കെ ആദര്‍ശവത്കരിക്കപ്പെടുന്നുമുണ്ട്.
സിനിമയിലായാലും യഥാര്‍ത്ഥ ജീവിതത്തിലായാലും ചില അക്രമങ്ങള്‍ കാണിക്കുമ്പോള്‍ അത് അങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നും ഇത്തരം സന്ദര്‍ഭത്തില്‍ വേറെ എന്താണ് വഴിയെന്നുമുള്ള ചിന്ത പൊതുബോധത്തിലേക്ക് വിന്യസിക്കപ്പെടുന്നുണ്ട്. ഇത് ജീവിതത്തില്‍ ഏറ്റവും അധികം പ്രയോഗത്തില്‍ വരുത്തുന്നത് കുട്ടികളും കൗമാരപ്രായക്കാരും യുവാക്കളുമാണ്. ഇത്തരം അക്രമങ്ങളുടെ സ്വാധീനശക്തി വളരെ കൂടുതലാണ്. അവരെ സംബന്ധിച്ച് ആരോഗ്യകരമായും അര്‍ത്ഥപൂര്‍ണമായും ജീവിതപ്രശ്നങ്ങളെയോ നിഷേധവികാരങ്ങളേയോ കൈകാര്യം ചെയ്യാനുള്ള പ്രാപ്തി വികസിച്ചുവരാത്ത ഒരു പ്രായത്തില്‍ ഇത്തരം അക്രമരീതിയിലേക്ക് വഴുതിവീഴാറുണ്ട്.
വാര്‍ത്തകളില്‍ കൂടി കാണുന്ന ഇത്തരം സംഭവങ്ങളുടെ ചെറുപതിപ്പുകള്‍ വീടുകളിലുമുണ്ട്. അതാണ് സഹോദരങ്ങളോടും മാതാപിതാക്കളോടും കാണിക്കുന്നത്. ചിലര്‍ സഹപാഠികളോട് അക്രമം കാണിക്കുന്നു. ഇങ്ങനെയുള്ള സംഭവങ്ങളുടെയെല്ലാം തോത് വളരെയധികം കൂടുന്നതായാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. വയലന്‍സിലൂടെ പ്രതികരിക്കുന്ന ശൈലി കുടുംബങ്ങളില്‍ പോലും കാണാം. അതിന്റെ സൂചനയാണ് ഗാര്‍ഹികപീഡനങ്ങള്‍ കൂടുതലായി ഉയരുന്നത്. അസ്വാഭാവിക മരണങ്ങളിലും ആത്മഹത്യകളിലും ഇതിന്റെ സാന്നിധ്യം വളരെയേറെ കൂടിവരുന്നുണ്ട്.
നവമാധ്യമങ്ങളിലൂടെ ലഭിക്കുന്ന മാതൃകകള്‍ പലതും അക്രമത്തെ ശരിവയ്ക്കുകയും ആദര്‍ശവത്കരിക്കുകയും ചെയ്യുന്നുണ്ട്. അതാണ് ശരിയെന്ന് പറയുന്ന തരത്തിലുള്ള കാര്യങ്ങളാണ് നടക്കുന്നത്. ഗെയിമിങ് എടുത്താല്‍ തന്നെ, കൗമാരക്കാരെ ഏറ്റവും അധികം സ്വാധീനിക്കുന്നത് വയലന്‍സ് ഉള്ളവയാണ്. വെബ് സീരിസുകളോ, സിനിമകളോ എടുത്താല്‍ തന്നെയും ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഒന്നായി അക്രമം മാറിയിട്ടുണ്ട്. പണ്ടൊക്കെ നല്ല കോമഡിയായിരുന്നു, അല്ലെങ്കില്‍ റൊമാന്റിക് ആയിരുന്നു എന്നൊക്കെ പറഞ്ഞിരുന്നവയെല്ലാം ഇന്ന് പിന്തള്ളപ്പെട്ട് കഴിഞ്ഞു. വയലന്‍സും അക്രമവും മുന്‍പന്തിയിലേക്ക് എത്തപ്പെട്ടു. വയലന്‍സിന് ബോധപൂര്‍വം സ്ഥാനം നല്‍കുന്നു എന്നതാകും ശരി. ഇതിലൂടെ പൊതുവെ സമൂഹത്തില്‍ നിയമരാഹിത്യത്തിന്റെ അന്തരീക്ഷമാണ് സൃഷ്ടിക്കപ്പെടുന്നത്.
അക്രമം കാണിച്ചാലും അതിനെ പിന്തിരിപ്പിക്കാനുള്ള നടപടികള്‍ നമുക്കില്ല. ചേന്ദമംഗലത്തെ വിഷയം തന്നെ പരിശോധിച്ചാല്‍ മൂന്ന് പേരെ കൊലപ്പെടുത്തിയ ഋതു എന്ന വ്യക്തി വര്‍ഷങ്ങളായി അക്രമകാരിയാണെന്നും പ്രശ്നക്കാരനാണെന്നും ഈ കൊലയ്ക്ക് ശേഷം എല്ലാവരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. അയാള്‍ക്കെതിരെ കേസും നിലനില്‍ക്കുന്നുണ്ട്. ഇങ്ങനെയൊക്കെ ആയിട്ടും അതിനെ പ്രതിരോധിക്കാന്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇത് ചേന്ദമംഗലത്തെ കാര്യത്തിലെ മാത്രം പ്രശ്നമല്ല. ഇത്തരത്തില്‍ അക്രമം നടക്കുന്ന എല്ലാ സംഭവത്തിലും ഇത് തന്നെയാണ് സ്ഥിതി. സമൂഹവും ചുറ്റുപാടും പോലീസും എല്ലാവരും മനസ്സിലാക്കുകയും അവര്‍ക്ക് പരാതി ഉണ്ടാകുകയും ചെയ്തിട്ടും തിരുത്തപ്പെടുന്നില്ല. ഇതൊക്കെ സമൂഹത്തില്‍ നടക്കുമെന്ന ലാഘവബുദ്ധി ഉള്ളതുകൊണ്ട് തന്നെ ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യതയെ ചെറുക്കാനുള്ള നടപടികള്‍ പോലും ഉണ്ടാകുന്നില്ല. ആ വ്യക്തി എന്തുകൊണ്ട് ഇത്തരത്തില്‍ പെരുമാറുന്നു, എന്താണ് അയാളുടെ പ്രശ്നം? ലഹരി ഉപയോഗമാണോ, മാനസിക പ്രശ്നമാണോ,ക്രിമിനല്‍ വ്യക്തിത്വമാണോ എന്നൊന്നും അന്വേഷിക്കാനോ, പ്രതിവിധി കണ്ടെത്തി അക്രമത്തെ ചെറുക്കാനോ ആരും ശ്രമിക്കുന്നില്ല. ശ്രദ്ധിക്കുന്നുമില്ല.
പത്തിരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന രീതിയിലുള്ള അക്രമ സംഭവങ്ങളല്ല ഇപ്പോള്‍ നടക്കുന്നത്. ചേന്ദമംഗലത്തെ വിഷയത്തില്‍ തന്നെ എത്ര ക്രൂരമായാണ് അയാള്‍ അവരെ മൂന്നുപേരെയും അടിച്ച് കൊന്നിരിക്കുന്നത്. അതുപോലെതന്നെയാണ് കണ്ടും കേട്ടുമുള്ള അറിവ് വെച്ച് തൃശൂരില്‍ 14 വയസ്സുകാരന്‍ 30 കാരനെ കൊന്നത്. അതായത് മരണത്തിലേക്ക് നയിക്കാവുന്ന രീതിയിലേക്കുള്ള മാരകമായ അക്രമപ്രവര്‍ത്തനങ്ങളിലേക്കാണ് ഇപ്പോഴുള്ളവര്‍ നീങ്ങുന്നത്. അത്ര ഗുരുതരമായ പരിക്കുകള്‍ ഇല്ലാതെ അക്രമം ചെയ്ത കാലത്തില്‍ നിന്നും ഇന്നത്തെ സിനിമകളിലും വെബ് സീരീസുകളിലും കാണുന്ന തരത്തിലുള്ള പൈശാചികതയുടെ തനിപ്പകര്‍പ്പുകളാണ് ആവിഷ്‌കരിക്കപ്പെടുന്നത്. ചെയ്യരുതെന്ന മാനസികമായ വിലക്കുകളും ദുര്‍ബലപ്പെട്ടിരിക്കുന്നു അതുകൊണ്ടുതന്നെ ഇരയാക്കപ്പെടുന്നയാള്‍ മരിച്ച് പോകുകയോ മാരകമായ മുറിവ് ഏല്‍ക്കപ്പെടുകയോ ചെയ്യുന്നു.
മറ്റൊന്ന് യുവാക്കള്‍ക്കിടയില്‍ നൈരാശ്യവും ഇച്ഛാഭംഗവും കൂടിയിട്ടുണ്ട്. കേരളത്തില്‍ രണ്ടുതരം സാഹചര്യങ്ങളാണ് ഇന്നുള്ളത്. ഒന്ന് എങ്ങനെയെങ്കിലും വിദേശത്തേക്ക് പോകുന്നവര്‍. മറ്റൊന്ന് ഇവിടെ ശേഷിക്കപ്പെടുന്നവര്‍. ഇവിടെ നില്‍ക്കുന്നവരെ സംബന്ധിച്ച് അവര്‍ക്ക് തൊഴിലവസരങ്ങള്‍ ഇല്ലാതെ വരികയും മറ്റും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന നൈരാശ്യവും ഇച്ഛാഭംഗവും മുതലെടുത്ത് അവരെ ലഹരിയിലേക്കോ അക്രമസംഘങ്ങളുടെ ചങ്ങാത്തത്തിലേക്കോ വഴിതിരിച്ച് വിടുന്ന സാമൂഹികവിരുദ്ധ ശക്തികളും നിലവിലുണ്ട്. ചെറിയ പ്രശ്നങ്ങളില്‍ പോലും ഒരു ഗുണ്ടയെപോലെ പ്രതികരിക്കണമെന്ന തരത്തിലുള്ള ഉപസംസ്‌കാരവും നമ്മുടെ നാട്ടില്‍ രൂപപ്പെട്ട് വരുന്നുണ്ട്.
പൊതുവില്‍ ഒരു വ്യക്തിക്ക് രോഷമോ പ്രതിസന്ധിയോ നൈരാശ്യമോ ഉണ്ടാകുമ്പോള്‍ അത് ക്രിയാത്മകമായി പരിഹരിക്കാനുള്ള ബദല്‍ സംവിധാനങ്ങളോ ബദല്‍ സ്ഥാപനങ്ങളോ ശുഷ്‌ക്കമായിരിക്കുകയാണ്. അക്രമത്തിന്റെ തലത്തിലേക്കുള്ള വലിയൊരു സാമൂഹികമാറ്റം യുവതലമുറയിലും കൗമാരക്കാര്‍ക്കിടയിലും ഉണ്ടായിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടത് നമ്മുടെ യുവജന സംഘടനകളാണ്. പക്ഷേ, ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, അവരുടെ സമരങ്ങളിലും പ്രതിഷേധങ്ങളിലും ഈ അക്രമം തന്നെയാണ് പ്രധാന അജണ്ടയായി മാറുന്നത്. മറ്റൊന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി ഇത്തരത്തിലുള്ള അക്രമങ്ങളെ നിരുത്സാഹപ്പെടുത്തുകയും തിരുത്തല്‍പ്രക്രിയ ഉണ്ടാക്കുകയും വേണം.
കുട്ടികളിലും കൗമാരക്കാര്‍ക്കിടയിലും തിരുത്തലുകള്‍ വരുത്തേണ്ടത് സ്‌കൂളുകളില്‍ നിന്നാണ്. ഇങ്ങനെയുള്ള ഇടപെടലുകള്‍ കുറഞ്ഞുവരുന്ന പ്രവണതയാണ് ഉള്ളത്. മറ്റൊന്ന് മതസ്ഥാപനങ്ങളായിരുന്നു. മനുഷ്യന്റെ ആത്മീയവും വൈകാരിവുമായ വളര്‍ച്ചയെന്ന ലക്ഷ്യങ്ങളില്‍ നിന്നും മാറി മതസ്ഥാപനങ്ങള്‍ പലതും രാഷ്ട്രീയത്തിലും കച്ചവടത്തിലും പണമുണ്ടാക്കാവുന്ന വഴികളിലേക്കും വ്യതിചലിച്ചുപോയിട്ടുണ്ട്. മറ്റൊന്ന് കുടുംബങ്ങളാണ്. പുതിയ നവസാങ്കേതിക കാലത്ത് ഒറ്റപ്പെട്ട ദ്വീപുകളായി വ്യക്തികള്‍ മാറി. പല കാര്യങ്ങളിലും കണക്ഷന്‍സ് ഉണ്ടെങ്കിലും തമ്മില്‍ തമ്മിലുള്ള തിരുത്തലുകളും കുടുംബങ്ങളിലും നടക്കുന്നില്ല. പരസ്പരം പ്രശ്നങ്ങളെ ചര്‍ച്ച ചെയ്യാനോ പ്രതിവിധി തേടാനോ കഴിയാതെ വരുന്നതും സമൂഹത്തെ അക്രമത്തിന്റെ പാതയിലേക്ക് എത്തിക്കുന്നു.What can we do to positively engage and redirect the violent tendencies of the younger generation?
Content Summary: What can we do to positively engage and redirect the violent tendencies of the younger generation?