February 17, 2025 |

ബെഞ്ചമിൻ നെതന്യാഹുവിന്റെ ആത്യന്തിക ലക്ഷ്യമെന്ത്?

ഹമാസിനേയും ഹിസ്‌ബൊള്ളയേയും ഇല്ലാതാക്കുക എന്നതിനപ്പുറം ലക്ഷ്യങ്ങൾ നെതന്യാഹുവിനുണ്ട്.

ഹമാസ് നേതാവ് യാഹിയ സിൻവറിനെ കഴിഞ്ഞ ആഴ്ച ഇസ്രയേൽ സേന വധിച്ചപ്പോൾ പലരും കരുതിയത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിജയം പ്രഖ്യാപിക്കുമെന്നും സൈനിക നടപടികളുടെ ആക്കം കുറച്ച് വെടിനിർത്തൽ, ബന്ധികളുടെ മോചനം തുടങ്ങിയ കരാറുകളിലേയ്ക്കും നീങ്ങുമെന്നാണ്. എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം മനസിലാകുന്നത് ആ പ്രതീക്ഷകൾ അസ്ഥാനത്തായിരുന്നുവെന്നാണ്.

ഈയടുത്ത നാളുകളിൽ 75-ാം ജന്മദിനമാഘോഷിച്ച ബെഞ്ചമിൻ നെതന്യാഹു എന്ന ഇസ്രയേൽ ചരിത്രത്തിലേറ്റവുമധികം കാലം പ്രധാനമന്ത്രിയായിരുന്ന നേതാവ് ഇസ്രയേലിലെ അവരുടെ ഏറ്റവും ദീർഘമായ യുദ്ധത്തിലേക്ക് നയിക്കുകയാണ്. അന്തരാഷ്ട്ര സഖ്യകക്ഷികളും ഇസ്രയേലിന് അകത്ത് തന്നെയുള്ള ജനാധിപത്യ ശബ്ദങ്ങളും ഈ സംഘർഷം അവസാനിപ്പിക്കാനായി അദ്ദേഹത്തിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. പ്രത്യേകിച്ചും സിൻവറിന്റെ കൊലപാതകത്തിന് ശേഷം. അതിന് മുമ്പേ തന്നെ ഹിസ്‌ബൊള്ളാ നേതാവ് ഹസൻ നസ്രല്ലാ അടക്കമുള്ളവരുടെ കൊലപാതകങ്ങളിലൂടെ ഇസ്രയേൽ സുപ്രധാനമായ സൈനിക വിജയം നേടിരുന്നു. ഇതിനെല്ലാം ശേഷവും വെടിനിർത്തലിലേയ്ക്ക് നീങ്ങുന്നതിന് പകരം, നെതന്യാഹു യുദ്ധം തുടരുകയാണ്. അതുകൊണ്ട് തന്നെ എന്താണ് അദ്ദേഹത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന ആർക്കും സംശയമുണ്ടാകും.

ഹമാസിനേയും ഹിസ്‌ബൊള്ളയേയും ഇല്ലാതാക്കുക എന്നതിനപ്പുറം ലക്ഷ്യങ്ങൾ നെതന്യാഹുവിനുണ്ട് എന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവനകളിൽ നിന്ന് മനസിലാകുന്നത്. ‘വരും കാലത്തെ ഈ മേഖലയിലെ ശാക്തിക ബലാബലത്തിനായുള്ള അവശ്യ നടപടി’യായാണ് നസ്രല്ലായുടെ കൊലപാതകത്തെ നെതന്യാഹു വിശേഷിപ്പിച്ചത്. ഇതാകട്ടെ ഇറാനുമായുള്ള നേരിട്ടുള്ള സംഘർഷത്തിന്റെ സാധ്യതകളിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. ഒക്‌ടോബർ ഒന്നിന് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് ശേഷം ഇറാനുമായുള്ള സംഘർഷത്തിന്റെ തീവ്രത വർദ്ധിച്ചു. തിരിച്ചടിക്കുമെന്ന് നെതന്യാഹു ഉറപ്പ് പറഞ്ഞിരുന്നുവെങ്കിലും മൂന്നാഴ്ചയ്ക്ക് ശേഷവും പ്രതികരണത്തിനായി ലോകം കാത്തിരിക്കുകയാണ്. ഇറാൻ ഒരു ആണവ ശക്തിയാണെന്നും അവരുടെ എണ്ണയുടെ മൂല്യം പ്രധാനമാണെന്നും ചൂണ്ടിക്കാട്ടി സഖ്യകക്ഷികൾ ഇസ്രയേലിനെ തടയാനുള്ള ശ്രമം നടത്തുന്നുണ്ട്.

ഇറാന്റെ സ്വന്തം പ്രതിനിധികളായ ഹമാസിനേയും ഹിസ്‌ബൊള്ളയേയും ഇല്ലാതാക്കാനാണ് തന്റെ സൈന്യത്തിന്റെ പദ്ധതിയെന്ന്‌ നെതന്യാഹു നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആ ലക്ഷ്യം നിറവേറുക എളുപ്പമല്ല. വടക്കൻ ഗസയിൽ നിന്ന് ഹമാസിനെ ഇല്ലാതാക്കിയെന്നവാശപ്പെട്ട് ഇസ്രയേലി പ്രതിരോധ സേന (ഐ.ഡി.എഫ്) പലവട്ടം പിന്മാറുകയും ഹമാസിന്റെ പുനരുജ്ജീവനത്തെ തുടർന്ന് വീണ്ടും തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്. തുടർന്ന് കൊണ്ടേയിരിക്കുന്ന ഈ സൈനിക നടപടിയാകട്ടെ സാധാരണക്കാരുടെ ജീവിതം താറുമാറാക്കുകയാണ്. വീണ്ടും വീണ്ടും സർവ്വതും ഉപേക്ഷിച്ച് പ്രയാണം ചെയ്യാൻ അവരെ അത് നിർബന്ധിച്ചുകൊണ്ടേയിരിക്കുന്നു.

നെതന്യാഹുവിന്റെ ബീച്ച് ഹൗസിനെ ലക്ഷ്യം വച്ചുകൊണ്ടുള്ള ഡ്രോൺ ആക്രമണം അടക്കമുള്ള ഹിസ്‌ബൊള്ളയുടെ തുടർച്ചയായ ആക്രമണങ്ങൾ ഇസ്രയേൽ നേരിടുന്ന നിരന്തരമായ ഭീഷണിയെ ആണ് വരച്ച് കാണിക്കുന്നത്. പല സൈനിക വിജയങ്ങൾക്ക് ശേഷവും വെടിനിർത്തലിനുള്ള നെതന്യാഹുവിന്റെ വിമുഖത ഇസ്രയേലിനകത്ത് വൻതോതിലുള്ള രോഷത്തിന് വഴിതെളിച്ചിട്ടുണ്ട്. വലിയ പ്രക്ഷോഭങ്ങളാണ് രാജ്യത്തിനകത്ത് നടക്കുന്നത്. പ്രത്യേകിച്ചും ഹമാസിന്റെ പിടിയിലുള്ള 101 ബന്ദികളുടെ മോചനത്തിന് വെടിനിർത്തൽ വഴിതെളിക്കും എന്നുള്ളതിനാൽ.

ഇസ്രയേലിന്റെ ചരിത്രത്തിൽ തന്റേതായൊരു അടയാളം രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് ബഞ്ചമിൻ നെതന്യാഹുവെന്ന് പലർക്കും അറിയാം. നെതന്യാഹുവിന്റെ മുൻ ഉപദേശകനായ അവീവ് ബുഷിൻസ്‌കി പറയുന്നത് ചരിത്രത്തിന്റെ ഭാഗമാകാനുള്ള പ്രധാനമന്ത്രിയുടെ ശ്രമം ആ ബന്ദികളുടെ ഭാവിയെ ബാധിക്കുകയാണ് എന്നാണ്. ‘അവരുടെ സുരക്ഷിതമായ മോചനം സാധ്യമാക്കിയില്ലെങ്കിൽ നെതന്യാഹു പരാജയപ്പെട്ട ഒരാളായി വിലയിരുത്തപ്പെടും’. നെതന്യാഹുവിന്റെ അവസാന നിമിഷത്തെ ഉപാധികളെ തുടർന്ന് വെടിനിർത്തലിനുള്ള മുൻ നിർദ്ദേശം ഇല്ലാതായതിന്റെ പശ്ചാത്തലത്തിൽ ബുഷിൻസ്‌കി പറഞ്ഞു.

കൂടുതൽ കടുത്ത സൈനിക നടപടികൾ വേണം എന്നാവശ്യപ്പെടുന്ന തീവ്ര വലത് പക്ഷ ഭരണ സഖ്യത്തിന്റേയും സൈനിക നടപടികളുടെ ആക്കം കുറയ്ക്കണം എന്നാവശ്യപ്പെടുന്ന അന്തരാഷ്ട്ര സഖ്യകൾക്കും ഇടയിൽ നെതന്യാഹു സങ്കീർണമായ ഒരു രാഷ്ട്രീയാവസ്ഥയാണ് നേരിടുന്നത്. ഭരണപങ്കാളികളായ സഖ്യകക്ഷികൾക്ക് ഈ മേഖലയിലെ സമ്പൂർണ നിയന്ത്രണം ഇസ്രയേലിന് തന്നെ വേണം എന്ന നിർബന്ധമുള്ളതിനാൽ ഗസയിലേയോ ലെബണനിലേയോ സംഘർഷങ്ങൾ ഒഴിവാക്കാൻ നെതന്യാഹുവിന് കഴിയില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകനായ ഗയിൽ തൽഷിർ ചൂണ്ടിക്കാണിക്കുന്നത്.

ചരിത്രപരമായ വെടിനിർത്തൽ കരാറുകളിലൂടെയാണ് നെതന്യാഹു ദേശീയ ഐക്യം സാധിച്ചിരുന്നതെങ്കിൽ, നിലവിലുള്ള രാഷ്ട്രീയ ബലതന്ത്രങ്ങൾ ഈ പാതയെ സങ്കീർണമാക്കുകയാണ്. ഒക്‌ടോബർ ഒൻപതിന്റെ ആക്രമണത്തിലേയ്ക്ക് നയിച്ച ആന്തരിക വീഴ്ചകളെ കുറിച്ച പരസ്യ അന്വേഷണത്തിനുള്ള സാധ്യത ഭീഷണിയായി നിലവിലുണ്ട്. മാത്രമല്ല അഴിമതി കേസുകളിലെ വിചാരണയുടെ രൂപത്തിലുള്ള വെല്ലുവിളിയും നെതന്യാഹുവിന് മുന്നിലുണ്ട്.

ഇതിനെല്ലാം ഉപരി അമേരിക്കയുമായുള്ള ഇസ്രയേലിന്റെ ബന്ധത്തിന് ഇതിൽ നിർണായക പങ്കുണ്ട്. ഈ സംഘർഷം അവസാനിപ്പിക്കണമെന്നുള്ള ബിദൻ ഭരണകൂടത്തിന്റെ ഇസ്രയേലിനുള്ള താക്കീതായാണ് യു.എസ്.സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിൻകെന്റെ അടുത്തിടെയുള്ള സന്ദർശനത്തെ കണക്കാക്കുന്നത്. എന്നാൽ അമേരിക്കൻ സമ്മർദ്ദത്തിനെ നെതന്യാഹു കൂട്ടാക്കുന്നില്ല. വരാനിരിക്കുന്ന യു.എസ് തിരഞ്ഞെടുപ്പാകട്ടെ കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു. വലിയ വിഭാഗം വരുന്ന വോട്ടർമാരെ തങ്ങളിൽ നിന്ന് അകറ്റാതെ ഗസയിലെ മനുഷ്യാവകാശ പ്രതിസന്ധിയോട് പ്രതികരിക്കാനുള്ള വഴിയാണ് ബിദൻ ഭരണകൂടം നോക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ഇസ്രയേലിന് നേരെയുള്ള സമ്മർദ്ദം വർദ്ധിക്കുക തന്നെ ചെയ്യും.

ഇസ്രയേലിന്റെ രക്ഷാപുരുഷനമായ പ്രധാനമന്ത്രിയെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തുക എന്ന ആഗ്രഹമാണ് നെതന്യാഹുവിനെ നയിക്കുന്നത് എന്ന് തോന്നുന്നു. നെഹന്യാഹു നിർണായകമായ ഒരു വിജയം കൈവരിക്കുകയാണെങ്കിൽ അദ്ദേഹം രാജിവച്ച് പ്രോസിക്യൂട്ടർമാരുമായി ഒത്തുതീർപ്പിലെത്തി രാഷ്ട്രീയത്തിന് പുറത്തുള്ള ജീവിതം സുരക്ഷിതമാക്കുമെന്ന് ബുഷിൻസ്‌കി കരുതുന്നു. ഒരു ക്രിമിനൽ എന്ന നിലയിൽ ചരിത്രം ഓർത്തിരിക്കുന്നതിന് പകരം ഭീകരതയെ തോൽപ്പിച്ച നേതാവ് എന്ന നിലയിൽ സ്വയം പ്രതിഷ്ഠിക്കാൻ അത് നെതന്യാഹുവിന് അവസരം നൽകും.

കൂടിക്കുഴഞ്ഞ ഒരു സന്തുലന ശ്രമമാണ് നെതന്യാഹുവിന്റെ ഇപ്പോഴത്തെ തന്ത്രമെന്ന് കാണാം. കലുഷിതമായ ഒരു രാഷ്ട്രീയ സഖ്യത്തിന്റെ താതപര്യങ്ങൾ സംരക്ഷിക്കണം, അന്തരാഷ്ട്ര സമ്മർദ്ദങ്ങളോട് പ്രതികരിക്കണം, അതിനെല്ലാം ഉപരിയായി സ്വന്തം ഭാവി പ്രതിച്ഛായ സംരക്ഷിക്കണം. എന്താണ് നെതന്യാഹു യഥാർത്ഥത്തിൽ ലക്ഷ്യം വയ്ക്കുന്നതെന്നും തന്റെ പ്രതീക്ഷകളെ സംരക്ഷിക്കാൻ അദ്ദേഹത്തിന് കഴിയുമോ എന്നും കാത്തിരുന്ന് കാണണം.

 

Content summary; What Does Benjamin Netanyahu Really Want

×