16 സത്രീകളും എട്ടു കുട്ടികളും അടക്കം 38 മനുഷ്യ ജീവനുകള്‍, ഗുരുതരമായി പരിക്കേറ്റ മറ്റനേകം പേര്. അവരില്‍ എത്രപേര്‍ ഇനി സാധാരണ ജീവിതത്തിലേക്ക് മടങ്ങുമെന്നറിയില്ല. കരൂര്‍ ഇനി എന്നും കണ്ണീരുണങ്ങാത്തൊരു ഓര്‍മയായിരിക്കും.
തമിഴ്നാട്ടിലെ കരൂരില്‍ വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം(ടിവികെ) സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കാനെത്തിയ ജനക്കൂട്ടത്തിനിടയില്‍ ഉണ്ടായ തിക്കിലും തിരക്കിലുമാണ് 38 പേര് കൊല്ലപ്പെട്ടത്. ശനിയാഴ്ച്ച രാത്രിയോടെയായിരുന്നു ദുരന്തം. വിജയ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ തുടങ്ങിയതിനു പിന്നാലെയായിരുന്നു അപകടം.
നിരവധി പേര് ബോധരഹിതരായി വീണു. ഇവരെയും കൊണ്ട് ആള്‍ക്കൂട്ടത്തിനിടയിലൂടെ പോകാന്‍ ആംബുലന്‍സുകള്‍ ബുദ്ധിമുട്ടുകയായിരുന്നു. വിജയ് പൊലീസിന്റെ സഹായം തേടുന്നുണ്ടായിരുന്നു. പിന്നാലെ പൊലീസ് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ലാത്തി ചാര്‍ജ് നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. പക്ഷേ അപ്പോഴേക്കും കാര്യങ്ങളെല്ലാം കൈവിട്ടു പോയിരുന്നു.
സൂപ്പര്‍ താരത്തില്‍ നിന്നും തമിഴ്നാടിന്റെ ഭരണാധികാരിയാകുന്ന തമിഴ് വഴക്കം ആവര്‍ത്തിക്കാന്‍ വിജയ്ക്ക് ഇത്രയും മനുഷ്യ ജീവനുകള്‍ ആവശ്യമായിരുന്നോ?
എന്താണ് അവിടെ സംഭവിച്ചതെന്ന് പരിശോധിക്കാം;
ശനിയാഴ്ച്ച രാത്രി, കരൂരില്‍ തന്റെ പ്രചാരണ വാഹനത്തിന് മുകളില്‍ കയറി നിന്ന് വിജയ് മുന്നിലുള്ള ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു തുടങ്ങുന്നു. ഈ സമയത്താണ് ജനക്കൂട്ടം നിയന്ത്രണാതീതമാകുന്നത്. തിക്കും തിരക്കും വര്‍ദ്ധിക്കുന്നു, നിരവധി പേര് ബോധരഹിതരായി വീഴുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ സാഹചര്യം വഷളായതായി മനസിലാക്കുന്നു.
വിജയ് വരുന്നതറിഞ്ഞ് ഉച്ച മുതല്‍ അനുയായികള്‍ അദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നു. പകല്‍ മറ്റൊരു റാലിയില്‍ പങ്കെടുത്തശേഷമാണ് വിജയ് കരൂരില്‍ പാര്‍ട്ടി വേദിയൊരുക്കിയ മൈതാനത്ത് എത്തിയത്.
ആയിരക്കണക്കിന് ആളുകള്‍ വിജയ്യുടെ വാഹനവ്യൂഹത്തെ അനുഗമിച്ചു സമ്മേളന സ്ഥലത്ത് എത്തിയിരുന്നു. വന്നവര്‍ കൂടി ചേര്‍ന്നതോടെ അവിടെയുള്ളവരുടെ എണ്ണം വര്‍ദ്ധിച്ചു.
ആളുകള്‍ ബോധരഹിതരായി വീഴുകയും സ്ഥിതി കൈമോശം വരുന്നുവെന്ന് മനസിലാക്കുകയും ചെയ്തതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിജയ്നെ സാഹചര്യം മനസിലാക്കി കൊടുത്തു.
ആള്‍ക്കുട്ടത്തിനിടയില്‍ അപകടം നടക്കുന്നുവെന്ന് മനസിലാക്കിയതോടെ വിജയ് തന്റെ പ്രസംഗം പാതിയില്‍ നിര്‍ത്തി. അദ്ദേഹം ഉടന്‍ തന്നെ പോലീസിനെ വിളിച്ചു. ഇതിനിടയില്‍ അദ്ദേഹം പരിഭ്രാന്തരായ ജനക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികള്‍ എറിഞ്ഞു കൊടുത്തു. ബോധരഹിതരായി വീണ ആളുകളുമായി പോയ ആംബുലന്‍സിന് വഴിയൊരുക്കാന്‍ അദ്ദേഹം മൈക്കിലൂടെ അഭ്യര്‍ത്ഥിക്കുന്നുണ്ടായിരുന്നു. തിരക്കിനിടയില്‍ ഒരു കുട്ടിയെ കാണാതായ വിവരം വിജയ് പൊലീസിനോട് വിളിച്ചു പറഞ്ഞിരുന്നതായും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
എന്നാല്‍, വിജയ്യുടെ ഭാഗത്ത് നിന്നുണ്ടായ ഉത്തരവാദിത്തമില്ലായ്മ, ബോധരഹിതരായവരെ ആശുപത്രികളിലേക്ക് കൊണ്ടുപോയതിനു പിന്നാലെ വീണ്ടും തന്റെ പ്രസംഗം തുടര്‍ന്നുവെന്നതാണ്. അവിടുത്തെ സാഹചര്യം എന്താണെന്ന് മനസിലാക്കാന്‍ അദ്ദേഹം തയ്യാറായില്ല. പൊലീസിനോട് കാര്യം പറഞ്ഞേല്പ്പിച്ചതോടെ എല്ലാം ശാന്തമായി എന്ന് അദ്ദേഹം വിചാരിച്ചോ?
അങ്ങനെയായിരുന്നില്ല. നിയന്ത്രണം വിട്ട ജനം വലിയ അപകടത്തിലേക്കു പോവുകയായിരുന്നു. അത് തിരിച്ചറിഞ്ഞതോടെ വീണ്ടും വിജയ് തന്റെ പ്രസംഗം നിര്‍ത്തിവച്ചു. പക്ഷേ അപ്പോഴേക്കും 38 ജീവനുകളാണ് നഷ്ടമായത്. തങ്ങളുടെ പ്രിയതാരത്തെ കാണാനെത്തിയ 38 പേര്. അതില്‍ 16 സ്ത്രീകളുണ്ടായിരുന്നു. എട്ട് കുട്ടികളും!
Content Summary; What happened at Vijay’s Karur rally, 38 people killed following a stamped
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.