എന്താണ് പി എം ശ്രീ ഉയര്‍ത്തുന്ന ആശങ്കകള്‍?

സംസ്ഥാനങ്ങളെ കേന്ദ്രം ചൂഷണം ചെയ്യുകയാണോ?

PM SHRI project

കനത്ത എതിര്‍പ്പുകള്‍ക്കിടയിലും പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് പറഞ്ഞിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികള്‍ക്ക് അവകാശപ്പെട്ട കേന്ദ്ര ഫണ്ടാണ് പിഎം ശ്രീ പദ്ധതി. പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെ കേരളം ഇതിനോടകം അറിയിച്ചതായാണ് സ്ഥിരീകരണം. പിഎം ശ്രീ പദ്ധതി വീണ്ടും പ്രതീക്ഷ നല്‍കുന്ന വേളയില്‍ അഴിമുഖം മുമ്പ് പ്രസിദ്ധീകരിച്ച ലേഖനം പുനപ്രസിദ്ധീകരിക്കുന്നു.

പ്രതിപക്ഷം ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനായുള്ള പദ്ധതികളുടെ ധനസഹായം നിര്‍ത്തിവച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ വിസമ്മതിച്ചതോടെയാണ് സര്‍ക്കാര്‍ ധനസഹായം നിര്‍ത്തിയത്. ഡല്‍ഹിക്ക് 330 കോടിയും പഞ്ചാബ് 515 കോടിയും പശ്ചിമ ബംഗാളിന് 1000 കോടി രൂപയും കഴിഞ്ഞവര്‍ഷം ലഭിക്കാനുണ്ടായിരുന്നു. 2023-24ലെ മൂന്നും നാലും പാദങ്ങളിലെയും 2024-25ലെ ആദ്യ പാദത്തിലെയും സമഗ്ര ശിക്ഷാ ഫണ്ട് ആണ് തടഞ്ഞുവച്ചിരിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ലെങ്കിലും, പരിപാടിയുടെ ഭാഗമായ പിഎം ശ്രി (പ്രധാന്‍മന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ) നടപ്പിലാക്കാതെ സംസ്ഥാനങ്ങള്‍ക്ക് സമഗ്ര ശിക്ഷാ ഫണ്ട് സ്വീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിദ്യാഭ്യാസ മന്ത്രാലയം വിഷയത്തില്‍ ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

പ്രധാന്‍മന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ

സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ. നിലവിലുള്ള പ്രാഥമിക, ദ്വിതീയ നിലവാരം മെച്ചപ്പെടുത്തുന്നതിലാണ് ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പിഎം ശ്രീ) പ്രകാരം, ഇന്ത്യയിലുടനീളമുള്ള സ്‌കൂളുകള്‍ നവീകരിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കിയതെന്ന് കഴിഞ്ഞ അധ്യാപകദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇത് കൂടാതെ ഇന്ത്യയിലെമ്പാടുമുള്ള കേന്ദ്ര, സംസ്ഥാന, പ്രാദേശിക സര്‍ക്കാരുകള്‍ നടത്തുന്ന സീനിയര്‍ സെക്കന്‍ഡറി സ്‌കൂളുകളും ഉള്‍പ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നു. 14,500 സര്‍ക്കാര്‍ സ്‌കൂളുകളെ മാതൃക സ്ഥാപനങ്ങളാക്കി ഉയര്‍ത്തുമെന്നാണ് പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 27,000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.

നിലവില്‍ പിഎം ശ്രി ഡാഷ്ബോര്‍ഡ് ഓണ്‍ലൈനില്‍ നിലവില്‍ 10,077 സ്‌കൂളുകള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്, അതില്‍ 839 കേന്ദ്രീയ വിദ്യാലയങ്ങളും 599 നവോദയ വിദ്യാലയങ്ങളും കേന്ദ്രം നടത്തുന്നവയാണ്. ബാക്കിയുള്ള 8,639 സ്‌കൂളുകള്‍ സംസ്ഥാന സര്‍ക്കാരുകളോ പ്രാദേശിക സര്‍ക്കാരുകളോ ആണ് നടത്തുന്നത്. 2026-27 വരെയുള്ള അഞ്ച് വര്‍ഷത്തേക്ക് 27,360 കോടി രൂപയുടെ മൊത്തം പദ്ധതിച്ചെലവ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു, അതില്‍ 18,128 കോടി രൂപ കേന്ദ്രം വഹിക്കും. അഞ്ച് വര്‍ഷത്തെ കാലയളവ് അവസാനിക്കുമ്പോള്‍, സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും (UTs) ഈ സ്‌കൂളുകള്‍ നേടിയ മാനദണ്ഡങ്ങള്‍ നിലനിര്‍ത്തുന്നത് തുടരണം. 2023-24ല്‍ 6,207 പിഎം ശ്രി സ്‌കൂളുകള്‍ക്കായി 3,395.16 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അതില്‍ കേന്ദ്രത്തിന്റെ വിഹിതം 2,520.46 കോടി രൂപയും സംസ്ഥാനങ്ങളുടേത് 874.70 കോടി രൂപയാണെന്നും ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ലോക്സഭയില്‍ കണക്ക് അവതിപ്പിച്ചിരുന്നു.

സ്‌കൂളുകളുടെ തെരഞ്ഞെടുപ്പ്

യുപിയിലാണ് ഏറ്റവും കൂടുതല്‍ പിഎം ശ്രി സ്‌കൂളുകളുള്ളത് (1,865) തൊട്ടുപിന്നാലെ മഹാരാഷ്ട്ര (910), ആന്ധ്രാപ്രദേശ് (900) എന്നിവിടങ്ങളിലാണ്. ബിജെപി ഇതര സംസ്ഥാനങ്ങളായ പഞ്ചാബ്, ഡല്‍ഹി, പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളിലും കഴിഞ്ഞ മാസം ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഒഡീഷയിലും സംസ്ഥാനമോ പ്രാദേശിക സര്‍ക്കാരോ നടത്തുന്ന സ്‌കൂളുകളൊന്നും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ‘ചലഞ്ച് മോഡ്’ വഴിയാണ് പിഎം ശ്രി സ്‌കൂളുകള്‍ തിരഞ്ഞെടുക്കുന്നത്. ചില മിനിമം മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്‌കൂളുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. കേടുപാടുകളില്ലത്ത സ്‌കൂള്‍ കെട്ടിടം, തടസ്സങ്ങളില്ലാത്ത പ്രവേശന റാമ്പുകള്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കുറഞ്ഞത് ഒരു ടോയ്ലറ്റ് വീതമെങ്കിലും ഉള്‍പ്പെടെയാണ് മിനിമം മാനദണ്ഡങ്ങള്‍.

ഇന്‍ഫ്രാസ്ട്രക്ചര്‍, ടീച്ചിംഗ് സ്റ്റാഫ്, പഠന ഫലങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു കൂട്ടം പാരാമീറ്ററുകള്‍ അടിസ്ഥാനമാക്കിയാണ് ഇത് വിലയിരുത്തപ്പെടുന്നത്. നഗരപ്രദേശങ്ങളിലെ സ്‌കൂളുകള്‍ കുറഞ്ഞത് 70% സ്‌കോര്‍ നേടിയിരിക്കണം; ഗ്രാമീണ മേഖലയിലുള്ളവ 60% നേടിയാല്‍ മതിയാകും. സംസ്ഥാനങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന സ്‌കൂളുകളുടെ ഒരു ലിസ്റ്റ് മന്ത്രാലയത്തിന് അയക്കേണ്ടതുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് അന്തിമ പട്ടിക തയ്യാറാക്കുക. രണ്ട് സ്‌കൂളുകള്‍ വരെ, അതായത് ഒരു എലിമെന്ററി സ്‌കൂളും സെക്കന്‍ഡറി/ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളും ഓരോ ബ്ലോക്ക്/അര്‍ബന്‍ ലോക്കല്‍ ബോഡിയിലും പദ്ധതിക്കയി തെരഞ്ഞെടുക്കാം.

സംസ്ഥാനം, യുടി, അല്ലെങ്കില്‍ കേന്ദ്രീയ വിദ്യാലയ സംഗതന്‍/ നവോദയ വിദ്യാലയ സമിതി, വിദ്യാഭ്യാസ മന്ത്രാലയവുമായി ധാരണാപത്രം (എംഒയു) ഒപ്പിടേണ്ടതുണ്ട്. തിരഞ്ഞെടുത്ത സ്‌കൂളിന്റെ പേരിന് പിഎം ശ്രി എന്ന പ്രിഫിക്സും നല്‍കണം. പദ്ധതി നടപ്പാക്കി രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാ ഗ്രേഡുകളിലും കൊഴിഞ്ഞുപോക്ക് പൂജ്യം ശതമാനമാണെന്ന് ഉറപ്പാക്കാണ്ടെതുണ്ട്. വിദ്യാര്‍ത്ഥി-അധ്യാപക അനുപാതത്തിന്റെ മാനദണ്ഡങ്ങള്‍ പാലിക്കണം. ഒപ്പം തന്നെ ആക്റ്റിവിറ്റി അടിസ്ഥാനമാക്കിയുള്ളതും കായികാധിഷ്ഠിതവും കലയെ അടിസ്ഥാനമാക്കിയുള്ളതുമായ ‘നൂതന പെഡഗോഗി’ നടപ്പിലാക്കുകയും വേണം. ഇവ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള സമഗ്ര ശിക്ഷ പഠനം സ്‌കൂളുകള്‍ ഉറപ്പു വരുത്തണം.

നിലവിലുള്ള സമഗ്ര ശിക്ഷാ സജ്ജീകരണം ഉപയോഗിച്ച് ഓരോ സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ പ്രധാനമന്ത്രി ശ്രീ സ്‌കീം നടപ്പിലാക്കും. പ്രീ-സ്‌കൂള്‍ മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം ഉള്‍ക്കൊള്ളുന്ന സമഗ്രമായ പദ്ധതിയാണ് സര്‍ക്കാര്‍ സമഗ്ര ശിക്ഷയെ വിളിക്കുന്നത്. വിദ്യാഭ്യാസത്തിനുള്ള അതേ അവസരങ്ങള്‍ ലഭിക്കുകയും ന്യായമായ പഠന ഫലങ്ങള്‍ നല്‍കുകയുമാണ് ലക്ഷ്യം. 2018-19 ലെ കേന്ദ്ര ബജറ്റാണ് സമഗ്ര ശിക്ഷ, ആദ്യ സര്‍വ ശിക്ഷാ അഭിയാന്‍ (എസ്എസ്എ), രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (ആര്‍എംഎസ്എ), അധ്യാപക വിദ്യാഭ്യാസം (ടിഇ) പദ്ധതികള്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കുന്നത്. 11 വടക്കുകിഴക്കന്‍, ഹിമാലയന്‍ സംസ്ഥാനങ്ങള്‍ ഒഴികെ കേന്ദ്രവും സംസ്ഥാനങ്ങളും 60:40 അനുപാതത്തിലാണ് പദ്ധതിക്ക് ധനസഹായം നല്‍കുന്നത്, ചെലവിന്റെ 10% മാത്രം ഇവര്‍ വഹിക്കണം.

എന്തുകൊണ്ടാണ് സംസ്ഥാനങ്ങള്‍ പദ്ധതി നടപ്പിലാക്കന്‍ വിസമ്മതിച്ചത്

ഡല്‍ഹിയും പഞ്ചാബുമാണ് ആദ്യം മുതല്‍ തന്നെ പദ്ധതിക്കെതിരെ രംഗത്ത് വന്നത്. ഈ സംസ്ഥാനങ്ങളില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരുകള്‍ യഥാക്രമം ‘സ്‌കൂളുകള്‍ ഓഫ് സ്പെഷ്യലൈസ്ഡ് എക്സലന്‍സ്’, ‘സ്‌കൂള്‍ ഓഫ് എമിനന്‍സ്’ എന്നീ പേരുകളില്‍ സ്‌കൂളുകള്‍ക്കായി പിഎം ശ്രിക്ക് സമാനമായ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. നേരത്തെ പദ്ധതിയില്‍ അംഗമാകാന്‍ പഞ്ചാബ് തീരുമാനിച്ചിരുന്നു. 2022 ഒക്ടോബറില്‍ ഇതുസംബന്ധിച്ച് ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരുന്നെങ്കിലും പിന്നീട് പഞ്ചാബ് ഏകപക്ഷീയമായി ഒഴിവാകുകയായിരുന്നു.
പിഎം ശ്രി എന്ന് പ്രിഫിക്സ് ചേര്‍ക്കണമെന്ന ആവശ്യത്തെയാണ് പശ്ചിമ ബംഗാള്‍ എതിര്‍ത്തത്. നിലവില്‍ തമിഴ്‌നാട്, കേരളം, ഡല്‍ഹി, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടില്ല. എന്നാല്‍ ആദ്യം എതിര്‍ത്തെങ്കിലും ഫണ്ട് നഷ്ടമാകുമെന്ന ആശങ്കയില്‍ കേരളവും ഈ പദ്ധതിയുടെ ഭാഗമാകുകയാണ്. തമിഴ്‌നാടും കേരളവും സന്നദ്ധത അറിയിച്ചെങ്കിലും ഡല്‍ഹി, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നിവ വിസമ്മതിച്ചതാണ് എസ്എസ്എ ഫണ്ട് നിര്‍ത്താന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

എന്തുകൊണ്ടാണ് പദ്ധതിയെ ചൊല്ലി ആശങ്കകള്‍ നിലനില്‍കുന്നത്

പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ എളുപ്പത്തില്‍ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന ആരോപണമാണ് ആദ്യം ഉയര്‍ന്നുവന്നത്. ഈ വിദ്യാഭ്യാസമേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നതോടെ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരവും, വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിക്കാനുള്ള അവകാശവും പരിമിതപ്പെടുമെന്ന് ആശങ്ക ഉന്നയിക്കപ്പെട്ടിരുന്നു. അതായത് പാഠ്യ പദ്ധതി ഉള്‍പ്പെടയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം കേന്ദ്രത്തിന്റെ കയ്യിലാവും. ഇത് വഴി നിലവില്‍ മറ്റു സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസത്തിലൂടെയുളള ഹിന്ദുത്വ വല്‍ക്കരണം ആശങ്ക ജനിപ്പിക്കുന്നുണ്ടെന്ന വാദവും ഉയര്‍ന്ന് കേട്ടിരുന്നു. പിഎം ഗതിശക്തി പോര്‍ട്ടലില്‍ ആധുനിക സ്‌കൂളുകള്‍ സ്ഥാപിക്കാനായി തരെഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളുടെ പേരുകളും മറ്റും നല്‍കിയിരുന്നു. ഇവ പ്രധാനമായും ബിജെപിയോ സഖ്യ കക്ഷികളോ ഭരിക്കുന്ന സംസ്ഥാങ്ങളില്‍ നിന്നാണെന്നും ആക്ഷേപം ഉണ്ടായിരുന്നു.

Content Summary: What is pm shri school scheme; the centre is pushing in states

This post was last modified on October 19, 2025 1:57 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment