“ഒരു യുദ്ധം പോലും പരിഹരിച്ച പ്രസിഡൻ്റ് ഉണ്ടായിട്ടില്ല”; സമാധാന ശ്രമങ്ങളിൽ മുൻഗാമികളെ വിമർശിച്ച് ട്രംപ്

അഫ്ഗാൻ-പാക് സംഘർഷം, തൻ്റെ ഒമ്പതാമത്തെ ദൗത്യമായിരിക്കും

താൻ എട്ട് യുദ്ധങ്ങൾ പരിഹരിച്ചുവെന്ന മുൻ അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഏറ്റുമുട്ടലിലുള്ള പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ സമാധാനം സ്ഥാപിക്കുന്നതായിരിക്കും തൻ്റെ അടുത്ത ലക്ഷ്യമെന്നും അദ്ദേഹം സൂചന നൽകി. അഫ്ഗാൻ-പാക് സംഘർഷം, തൻ്റെ ഒമ്പതാമത്തെ ദൗത്യമായിരിക്കും എന്നും, അത് തനിക്ക് എളുപ്പത്തിൽ പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

വൈറ്റ് ഹൗസിൽ വെച്ച് മാധ്യമപ്രവർത്തകരുമായി സംസാരിക്കവെ ട്രംപ് പറഞ്ഞു. “പാകിസ്ഥാൻ ആക്രമിച്ചുവെന്നോ, അല്ലെങ്കിൽ അഫ്ഗാനിസ്ഥാനുമായി ഒരു ആക്രമണം നടക്കുന്നുണ്ടെന്നോ ഞാൻ മനസ്സിലാക്കുന്നു. അത് പരിഹരിക്കേണ്ടി വന്നാൽ എനിക്ക് എളുപ്പത്തിൽ പരിഹരിക്കാൻ കഴിയുന്ന ഒന്നാണ്. നിലവിൽ, ഞാൻ യുഎസ്എയുടെ കാര്യങ്ങൾ നോക്കേണ്ടതുണ്ട്. പക്ഷേ എനിക്ക് യുദ്ധങ്ങൾ പരിഹരിക്കുന്നത് ഇഷ്ടമാണ്.”

റിപ്പബ്ലിക്കൻ നേതാവ് താൻ പരിഹരിച്ചതായി അവകാശപ്പെടുന്ന യുദ്ധങ്ങളുടെ എണ്ണം ആവർത്തിച്ചതിനൊപ്പം, അണുശക്തികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സമാധാനം സ്ഥാപിച്ചതും താനാണെന്ന് അവകാശപ്പെട്ടു. എന്നാൽ, ഈ അവകാശവാദം ന്യൂഡൽഹി ശക്തമായി നിഷേധിച്ചിട്ടുണ്ട്. പാകിസ്ഥാനുമായുള്ള വെടിനിർത്തൽ ധാരണ, ഇരു രാജ്യങ്ങളുടെയും സൈനിക ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ (ഡിജിഎംഒ) തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളെ തുടർന്നാണ് എത്തിയതെന്നും ഇന്ത്യ സ്ഥിരമായി നിലപാടെടുത്തിട്ടുണ്ട്.

റുവാണ്ട, കോംഗോ തുടങ്ങിയ രാജ്യങ്ങളിലെ യുദ്ധങ്ങളും താൻ പരിഹരിച്ചതായി ട്രംപ് പറഞ്ഞു. എട്ട് യുദ്ധങ്ങൾ പരിഹരിച്ചതിന് തനിക്ക് നോബൽ സമ്മാനം ലഭിക്കാത്തതിലുള്ള പരിഭവവും അദ്ദേഹം പ്രകടിപ്പിച്ചു. ഇത് സമാനതകളില്ലാത്ത നേട്ടമാണെന്നാണ് ട്രംപിൻ്റെ പക്ഷം.

“ഞാൻ എട്ട് യുദ്ധങ്ങൾ പരിഹരിച്ചു. റുവാണ്ടയിലേക്കും കോംഗോയിലേക്കും പോവുക, ഇന്ത്യയെയും പാകിസ്ഥാനെയും കുറിച്ച് സംസാരിക്കുക. ഞങ്ങൾ പരിഹരിച്ച എല്ലാ യുദ്ധങ്ങളും നോക്കൂ. എനിക്ക് നോബൽ സമ്മാനം ലഭിച്ചില്ല. വളരെ നല്ല ഒരു സ്ത്രീക്ക് അത് ലഭിച്ചു. എനിക്കതിലൊന്നും ശ്രദ്ധയില്ല. എനിക്ക് ജീവൻ രക്ഷിക്കുന്നതിലാണ് ശ്രദ്ധ. എന്നാൽ ഇത് (പാക്-അഫ്ഗാൻ സംഘർഷം )ഒമ്പതാമത്തേതായിരിക്കും ,” ട്രംപ് പറഞ്ഞു.

“എൻ്റെ അറിവിൽ, ഒരു യുദ്ധം പോലും പരിഹരിച്ച ഒരു പ്രസിഡൻ്റ് നമുക്കുണ്ടായിട്ടില്ല. ഒരൊറ്റ യുദ്ധം പോലും. ബുഷ് ഒരു യുദ്ധം തുടങ്ങി… പക്ഷെ ഞാൻ കോടിക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചു, തൻ്റെ മുൻഗാമികളെ വിമർശിച്ചുകൊണ്ട് ട്രംപ് കൂട്ടിച്ചേർത്തു.

content summary: What Trump Said On Brokering Peace

This post was last modified on October 18, 2025 1:25 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment