July 08, 2026 |
Share on

ഇസ്രയേൽ ഗാസയ്ക്ക് കൈമാറിയത് തിരിച്ചറിയാനാകാത്ത 120 മൃതദേഹങ്ങൾ

ഓരോ മൃതദേഹത്തിനും നമ്പർ

ഇസ്രയേൽ തിരികെ നൽകിയ, നമ്പർ മാത്രം രേഖപ്പെടുത്തിയ 120 മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള തീവ്രശ്രമത്തിലാണ് പലസ്തീൻ ഫോറൻസിക് വിദഗ്ധർ. കൈകളും കാലുകളും ബന്ധിച്ച്, കണ്ണുകൾ കെട്ടിയ നിലയിലും, വെടിയേറ്റ പാടുകളോടു കൂടിയ നിലയിലുമാണ് ചില മൃതദേഹങ്ങൾ. മൃതദേഹങ്ങളിൽ ക്രൂരമായ പീഡനത്തിൻ്റെ ലക്ഷണങ്ങൾ ഉള്ളതായി ഗാസയിലെ ഡോക്ടർമാർ വെളിപ്പെടുത്തിയാതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹമാസുമായി കഴിഞ്ഞ ആഴ്ച ഉണ്ടാക്കിയ വെടിനിർത്തൽ ഉടമ്പടി പ്രകാരം, ഇസ്രായേൽ 360 പലസ്തീനികളുടെ മൃതദേഹങ്ങൾ കൈമാറാൻ സമ്മതിച്ചിരുന്നു. എന്നാൽ, കൈമാറിയ മൃതദേഹങ്ങളെക്കുറിച്ചോ, അവർ എങ്ങനെ മരിച്ചുവെന്നതിനെക്കുറിച്ചോ ഇസ്രയേൽ വിവരങ്ങളൊന്നും നൽകിയിട്ടില്ല.

തിരികെ ലഭിച്ച 120 പേർ ഇസ്രയേലിൻ്റെ കസ്റ്റഡിയിൽ വെച്ചാണോ, ഗാസയിലെ യുദ്ധത്തിനിടെയാണോ, അതോ 2023 ഒക്ടോബർ 7 ലെ ആക്രമണത്തിൽ പങ്കെടുത്തതിനിടെ ഇസ്രയേലിൽ വെച്ചാണോ കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല.

ഗാസയിലെ ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഓരോ മൃതദേഹത്തിലും നെഗേവ് മരുഭൂമിയിലെ സൈനിക താവളമായ സെഡ് ടീമാനിൽ വെച്ച് ഇവരെ തടങ്കലിൽ വെച്ചിരുന്നതായും അവിടെ വെച്ച് ഡിഎൻഎ പരിശോധന നടത്തിയിരുന്നതായും സൂചിപ്പിക്കുന്ന രേഖയുണ്ടായിരുന്നു. പലസ്തീൻ തടവുകാർക്കെതിരെ അതിക്രമങ്ങൾ നടന്നതായി റിപ്പോർട്ടുകളുള്ള തടങ്കൽ കേന്ദ്രമാണിത്.

മൃതദേഹങ്ങൾ ലഭിച്ച ഗാസയിലെ ഖാൻ യൂനിസിലെ നാസർ മെഡിക്കൽ കോംപ്ലക്‌സിലെ ഫോറൻസിക് വിഭാഗത്തിലെ ഡോക്ടർമാർ, മൃതദേഹങ്ങളിൽ “പീഡനത്തിൻ്റെ ലക്ഷണങ്ങൾ ഉള്ളതായി വിശദീകരിച്ചു.

“ഓരോ മൃതദേഹത്തിനും നമ്പർ നൽകിയിട്ടുണ്ട്. എല്ലാ മൃതദേഹങ്ങളുടെയും കൈകളും കാലുകളും ബന്ധിച്ച നിലയിലാണ്. ചിലതിൻ്റെ കണ്ണുകൾ കെട്ടിയിട്ടുണ്ട്, കൂടാതെ വെടിയേറ്റ പാടുകളും കാണാം,” ഡോക്ടർമാർ പറഞ്ഞു.

ചില മൃതദേഹങ്ങളുടെ എല്ലുകൾ ഒടിഞ്ഞതായും ഭാരമേറിയ വാഹനങ്ങൾ കയറി ഇറങ്ങിയതുപോലെ കാണപ്പെടുന്നതായും ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥൻ പറഞ്ഞു. ചിത്രങ്ങളിൽ, സിപ്പ് ടൈകൾ, കണ്ണുകെട്ടിയ തുണികൾ, വെടിയുണ്ടകൾ ഏറ്റ പാടുകൾ എന്നിവ വ്യക്തമായി കാണാം. മിക്ക മൃതദേഹങ്ങളും യുവാക്കളുടേതാണ്. മിക്കവരും സാധാരണ പൗരന്മാരുടെ വേഷമാണ് ധരിച്ചിരുന്നത്.

മൃതദേഹങ്ങൾ കൈമാറുന്നതിന് മുമ്പ് അവ കുഴിച്ചെടുത്ത് പുറത്തെടുത്തതിൻ്റെ ലക്ഷണങ്ങളുണ്ടെന്നും ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

ഫോറൻസിക് വിദഗ്ധരുടെ നിരീക്ഷണം

ഒരു മൃതദേഹത്തിൻ്റെ ചിത്രം പരിശോധിച്ച സ്വതന്ത്ര ഫോറൻസിക് പാത്തോളജിസ്റ്റ് ഡോ. ലോറൻസ് ഓവൻസ്, മരിക്കുന്നതിന് മുമ്പ് വ്യക്തിയെ കെട്ടിയിടുകയും കണ്ണ് മൂടുകയും ചെയ്തിരിക്കാൻ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഒരു ഭാരമേറിയ വാഹനം കയറി ഇറങ്ങിയതിൻ്റെ അത്രയും നാശനഷ്ടങ്ങൾ ശരീരത്തിലില്ലെങ്കിലും, മൃതദേഹം കുഴിച്ചിട്ട ശേഷം വാഹനം ഓടിച്ചതാവാമെന്നും അദ്ദേഹം നിരീക്ഷിച്ചു.

അതേസമയം, കൊല്ലപ്പെട്ട വ്യക്തിയുടെ പേരുവിവരങ്ങൾ അടങ്ങിയ ഔദ്യോഗിക ലിസ്റ്റ് ഇസ്രായേൽ കൈമാറാത്തതിനെതിരെ പലസ്തീനിയൻ സെൻ്റർ ഫോർ ദി മിസ്സിംഗ് ആൻഡ് ഫോഴ്‌സിബ്ലി ഡിസപ്പിയേർഡ് പേഴ്‌സൺസ് (PCMFD) സംശയം പ്രകടിപ്പിച്ചു. ഇത് നിർബന്ധിത തിരോധാനം, രേഖകളിൽ കൃത്രിമം കാണിക്കൽ തുടങ്ങിയ നടപടികളിലേക്ക് വിരൽചൂണ്ടുന്നുവെന്നും അവർ പറഞ്ഞു.

തിരിച്ചറിയാൻ നെട്ടോട്ടം

കാണാതായ മകനെ തിരഞ്ഞ് നാസർ മെഡിക്കൽ കോംപ്ലക്സിൽ എത്തിയ റസ്മിയ മുഹമ്മദ് ഖൈരി ഖ്‌ദേയ്ഹ് എന്ന അമ്മ, കഴിഞ്ഞ ദിവസം 30-ൽ അധികം മൃതദേഹങ്ങൾക്കിടയിൽ തൻ്റെ മകനുണ്ടോയെന്ന് തിരയുകയാണ്.

തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതിനായി ഗാസ ആരോഗ്യ മന്ത്രാലയം ഒരു വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. നിരവധി മൃതദേഹങ്ങൾ ഇതിനോടകം തിരിച്ചറിഞ്ഞതായി മന്ത്രാലയം അറിയിച്ചു.

ഒക്ടോബർ 7 ആക്രമണത്തിൻ്റെ സൂത്രധാരൻമാരിൽ ഒരാളെന്ന് കരുതുന്ന യഹ്‌യ സിൻവാർ, അദ്ദേഹത്തിൻ്റെ സഹോദരൻ മുഹമ്മദ് എന്നിവരുടെ മൃതദേഹങ്ങൾ ഗാസയ്ക്ക് കൈമാറില്ലെന്ന് ഒരു ഇസ്രയേലി ഉദ്യോഗസ്ഥൻ കഴിഞ്ഞ മാസം സൂചന നൽകിയിരുന്നു.

content summary: Uncertainty surrounds identities of more than 100 Palestinian bodies handed over by Israel

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×