ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി വൈറ്റ് ഹൗസ് ട്രേഡ് അഡ്വൈസർ പീറ്റർ നവാരോ. റഷ്യ-യുക്രെയ്ൻ സംഘർഷത്തെ മോദിയുടെ യുദ്ധമെന്ന് പറഞ്ഞാണ് പീറ്റർ നവാരോ ഇന്ത്യയെ വിമർശിച്ചത്.
ബ്ലൂംബെർഗ് ടിവിയിലെ ‘ബാലൻസ് ഓഫ് പവർ’ എന്ന പരിപാടിക്ക് നൽകിയ അഭിമുഖത്തിലാണ് നവാരോയുടെ പരാമർശം. റഷ്യ – ഇന്ത്യ എണ്ണ വ്യാപാരത്തിലൂടെ മോസ്കോയ്ക്ക് ലഭിക്കുന്ന പണം യുദ്ധ തന്ത്രത്തിന് വേണ്ടി ഉപയോഗിക്കുന്നുവെന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കെതിരെയുള്ള യുഎസിന്റെ തുടർച്ചയായ വിമർശനം.
ഇന്ത്യയുടെ പ്രവൃത്തികൾ കാരണം അമേരിക്കയ്ക്ക് നഷ്ടമുണ്ടാകുന്നുവെന്നും ഇന്ത്യയുടെ ഉയർന്ന താരിഫുകൾ യുഎസിലെ തൊഴിലുകൾക്കും ഉയർന്ന വേതനത്തിനും തിരിച്ചടിയാകുന്നുവെന്നും പീറ്റർ നവാരോ പറഞ്ഞതായി ദ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. മോദിയുടെ യുദ്ധത്തിന് ഫണ്ട് ചെയ്യേണ്ടിവരുന്നതിനാൽ നികുതിദായകർക്കും നഷ്ടമുണ്ടാകുന്നുവെന്നും പീറ്റർ നവാരോ കൂട്ടിച്ചേർത്തു.
റഷ്യ-യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചുള്ള സംഭാഷണത്തിനിടയിൽ പുടിന്റെ യുദ്ധമെന്നാണോ നവാരോ ഉദ്ദേശിച്ചതെന്ന് അവതാരകൻ ചോദിച്ചപ്പോൾ താൻ മോദിയുടെ യുദ്ധം എന്ന് തന്നെയാണ് ഉദ്ദേശിച്ചതെന്നായിരുന്നു നവാരോ മറുപടി പറഞ്ഞത്. യുക്രെയ്നുമായുള്ള യുദ്ധത്തിന് മോസ്കോയ്ക്ക് ലഭിക്കുന്ന ഫണ്ടിംഗ് കാരണം യുഎസിനോട് ആയുധങ്ങളും ഫണ്ടിംഗും ആവശ്യപ്പെടാൻ കീവിന് പ്രേരണയാകുന്നുണ്ടെന്ന് നവാരോ വാദിച്ചു. ഇന്ത്യയും ചൈനയും റഷ്യയുമായുള്ള എണ്ണ വ്യാപാരം അവസാനിപ്പിക്കണമെന്നും അത് യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുമെന്നും നവാരോ പറഞ്ഞു.
യുഎസിനെതിരെയുള്ള ഇന്ത്യയുടെ താരിഫുകളെ ന്യായീകരിക്കുന്ന ഇന്ത്യക്കാരെയും പീറ്റർ നവാരോ വിമർശിച്ചു. ഉയർന്ന നികുതിയില്ലാത്തതിനാൽ ഇന്ത്യയിലെ ജനങ്ങൾ അഹങ്കരിച്ചുവെന്നും ഇഷ്ടമുള്ളവരിൽ നിന്ന് എണ്ണ വാങ്ങാമെന്ന് ഇന്ത്യക്കാർ ആഗ്രഹിച്ചുവെന്നും നവാരോ വിമർശിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നും അതനുസരിച്ച് വേണം പെരുമാറാനെന്നും നവാരോ കൂട്ടിച്ചേർത്തു.
റഷ്യൻ എണ്ണയുടെ പേരിൽ നവാരോ ഇന്ത്യയെ ലക്ഷ്യമിടുന്നത് ഇത് ആദ്യമല്ല. ഇതിന് മുൻപും ഇന്ത്യയെ താരിഫുകളുടെ മഹാരാജാവ് എന്ന് വിളിച്ച് വിമർശിച്ചിരുന്നു. വ്യാപാരത്തിൽ ഇന്ത്യ യുഎസിനെ വഞ്ചിക്കുന്നതുകൊണ്ടാണ് 25 ശതമാനം നികുതി ഏർപ്പെടുത്തിയത്. പിന്നീട് റഷ്യൻ എണ്ണയുടെ പേരിൽ 25 ശതമാനം അധികതീരുവയും ചുമത്തി, നവാരോ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ 50 ശതമാനം നികുതി ചുമത്തുമെന്ന് ഈ മാസം ആദ്യം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് യുഎസിന്റെ താരിഫ് പ്രാബല്യത്തിൽ വന്നത്. ഈ തീരുവകളുടെ പകുതി നേരത്തെ തന്നെ പ്രാബല്യത്തിൽ വന്നിരുന്നു.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ പ്രഖ്യാപിച്ചത് അന്യായവും യുക്തിരഹിതവുമാണെന്ന് ഇന്ത്യ മറുപടി പറഞ്ഞിരുന്നു. സ്വന്തം ദേശീയ താൽപ്പര്യങ്ങൾക്കായി ചെയ്യുന്ന കാര്യങ്ങൾക്കെതിരെയാണ് യുഎസ് പ്രവർത്തിക്കുന്നതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
Content Summary: White House Trade Advisor Peter Navarro blames India’s oil imports for fueling the Ukraine-Russia conflict
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.