ആധുനിക മനുഷ്യന്റെ ചരിത്രത്തില്‍ നരവംശത്തെ അപ്പാടെ മാറ്റിമറിച്ച ഏറ്റവും പ്രധാനപ്പെട്ട അഞ്ച് കണ്ടുപിടുത്തങ്ങളില്‍ രണ്ടാമത്തേത് ചക്രമാണെന്നാണ് പറയുക. ആദ്യത്തേത് തീയുടെ ഉപയോഗം സ്വായത്തമാക്കിയത്. പിന്നീടുണ്ടായതാകട്ടെ, വൈദ്യുതി, ഇന്റര്‍നെറ്റ്, നിര്‍മ്മിതബുദ്ധി എന്നിവയും.
ചക്രത്തിന്റെ കണ്ടുപിടുത്തം അത്രയും കാലത്തെ മനുഷ്യജീവിതത്തെ തീര്‍ത്തും വ്യത്യസ്തമായ മറ്റൊന്നിലേക്ക് നയിച്ചു എന്നത് തീര്‍ച്ച. കാല്‍നടയായോ, മൃഗങ്ങളുടെ പുറത്തോ ആയിരുന്ന മനുഷ്യസഞ്ചാരരീതികള്‍ പാടെ മാറിപ്പോയി. മണ്‍പാത്രനിര്‍മ്മാണം അഭൂതപൂര്‍വ്വമാം വിധമാണ് ആധുനികവല്ക്കരിക്കപ്പെട്ടത്. സിറാമിക്കുകള്‍ വലിയ തോതില്‍ സൃഷ്ടിക്കപ്പെട്ടു. അന്ന് മനുഷ്യര്‍ തിങ്ങിപ്പാര്‍ത്തിരുന്ന ഇടങ്ങളിലേക്കെല്ലാം ചക്രമെത്തി.
പക്ഷെ, ആരായിരുന്നു അല്ലെങ്കില്‍ എപ്പോഴായിരുന്നു ചക്രത്തിന്റെ കണ്ടുപിടുത്തത്തിന് പിന്നില്‍? ഒറ്റയടിക്ക് ഇതിനുത്തരം പറയുക എളുപ്പമല്ല. നരവംശശാസ്ത്രജ്ഞന്മാര്‍ക്കും പുരാഗവേഷകര്‍ക്കും ഇക്കാര്യത്തില്‍ ഒരു തീര്‍പ്പുമില്ല. പൊതുവെ പറയുക മെസപ്പൊട്ടേമിയയിലെ സുമേരിയന്മാരാണെന്നാണ്. അത് സംഭവിച്ചതാകട്ടെ ബി.സി.ഇ. നാലാം സഹസ്രാബ്ദത്തിലും. നവീനശിലായുഗത്തിന്റെ അവസാനത്തിലോ ചെമ്പുയുഗത്തിന്റെ തുടക്കത്തിലോ ആയിരിക്കണമത്. ഇത്രയും കാലം നമ്മളെല്ലാവരും പഠിച്ചുപോന്നതും അങ്ങനെത്തന്നെ.
കളിമണ്‍പാത്ര നിര്‍മ്മാണത്തിനുപയോഗിച്ചിരുന്ന ചക്രങ്ങള്‍ മെസപ്പൊട്ടേമിയയില്‍ ബി.സി.ഇ. നാലായിരാമാണ്ടില്‍ ഉണ്ടായിരുന്നതായി മനസ്സിലാക്കിയിട്ടുണ്ട്. പക്ഷെ, ഗതാഗതയോഗ്യമായ ഒരു ചക്രമായി അത് മാറിയത് വളരെക്കാലം കഴിഞ്ഞിട്ടായിരുന്നു എന്നു മാത്രം. ലോകത്തിലെ ആദ്യനഗരമെന്നറിയപ്പെടുന്ന ഊറില്‍ നിന്നായിരുന്നു അത്തരമൊരു ചക്രത്തിന്റെ തെളിവുകിട്ടുന്നത്. അവിടെ നഗരകവാടത്തിനെ അലങ്കരിക്കുന്ന കമാനത്തില്‍ നാലു കുതിരകളെ പൂട്ടിയ ഒരു തേരിനെ കാണാം. അതിലൊരു തേരാളിയുമുണ്ട്.
എന്നാല്‍ ഈയ്യിടെ പുതിയ ചില ഗവേഷകര്‍ മെസപ്പൊട്ടേമിയ ആയിരിക്കുകയില്ല ചക്രത്തിനു തുടക്കം കുറിച്ചതെന്നു പറഞ്ഞു തുടങ്ങിയിരിക്കുന്നു. അതായത്, നമ്മള്‍ ഇത്രയും കാലം വിചാരിച്ചിരുന്നതിനും എത്രയോ മുമ്പേയും എത്രയോ അകലെയുമാണത്രെ ചക്രത്തിന്റെ യഥാര്‍ത്ഥ ആവിര്‍ഭാവം. പ്രത്യേകിച്ച്, ചക്രവണ്ടികളുടെ.
ആദ്യത്തെ ചക്രത്തിന്റെ പുതിയ തെളിവുകള്‍ ഇപ്പോള്‍ കിട്ടിയിരിക്കുന്നതു നമ്മള്‍ വിചാരിക്കുന്നതുപോലെ നദീതടസംസ്‌കാരങ്ങളില്‍ ഒന്നും തന്നെയല്ല. മറിച്ച്, കിഴക്കന്‍ യൂറോപ്പിലെ പര്‍വ്വതങ്ങള്‍ക്കിടയില്‍. അതും ഇപ്പോള്‍ വിചാരിക്കുന്നതിലും ഒരു നാനൂറു കൊല്ലം കൂടി പിന്നില്‍. അതായത് ബി.സി.ഇ. 3900-ല്‍. ഇപ്പറഞ്ഞ മലനിരയാകട്ടെ ഡ്രാക്കുളക്കൊട്ടാരത്തിന്റെ പേരില്‍ നമ്മെ കുറേക്കാലമായി ഭയപ്പെടുത്താറുള്ള സാക്ഷാല്‍ കാര്‍പ്പേതിയന്‍ മലകളും.
പോളണ്ടില്‍ നിന്ന് കിട്ടിയ 3400 ബി.സി. ഇ. യിലെ ഒരു സിറാമിക് പാത്രത്തിന്റെ അവശിഷ്ടത്തില്‍ നാലു ചക്രമുള്ള ഒരു വണ്ടിയെ വരച്ചിട്ടിരിക്കുന്നതുപോലുള്ള ഒരു രേഖാചിത്രം കാണുകയുണ്ടായി. പടിഞ്ഞാറന്‍ യുക്രെയ്‌നില്‍ നിന്നും കിട്ടി, ഇന്നേയ്ക്കു ആറായിരത്തോളം വര്‍ഷം പഴക്കമുള്ള നാലു ചക്രങ്ങള്‍ ഘടിപ്പിച്ച ഒരു കാളയുടെ കുഞ്ഞുമാതൃക. കണ്ടാല്‍ കളിപ്പാട്ടമെന്നേ തോന്നൂ. കൂടാതെ, സ്ലൊവീനിയയിലെ ല്യുബ്ല്യാനയില്‍നിന്നും കിട്ടുകയുണ്ടായി ഇത്തരം ചക്രാവശിഷ്ടങ്ങള്‍. അതായത്, ഇതെല്ലാം കാണിക്കുന്നത് കിഴക്കന്‍ യൂറോപ്പില്‍ വളരെ മുമ്പു തന്നെ ചക്രം എത്തിയിട്ടുണ്ട് എന്നാണല്ലോ.
അതുപോലെ സ്റ്റെപ്പ് പുല്‍മേടില്‍ നിന്നുവന്ന യാമ്‌നായ ജനങ്ങളും ചക്രം ഉപയോഗിച്ചിരുന്നുവത്രെ. ഏറെ കൗതുകകരമായ ഒരു വസ്തുത ഈ യാമ്‌നായ ജനങ്ങള്‍ അവരെ സംസ്‌കരിക്കുമ്പോള്‍ വണ്ടികളെക്കൂടി അടക്കം ചെയ്യാറുണ്ടായിരുന്നു എന്നതാണ്. ഗോത്രമുഖ്യന്‍ മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ശകടത്തെ ചേര്‍ത്തുവെച്ചുകൊണ്ട് ശവസംസ്‌കാരം നടത്തുന്നതൊക്കെ നമുക്കൊന്നു സങ്കല്പിച്ചു നോക്കാവുന്നതാണ്. മൂന്നാം സഹസ്രാബ്ദത്തിന്റെ അവസാനമായപ്പോഴേക്കും ചക്രവണ്ടികള്‍ സാര്‍വ്വത്രികമായി എന്നു ചുരുക്കം. മെസപ്പൊട്ടേമിയയ്ക്ക് ചക്രത്തിന്റെ കുത്തക ഉണ്ടാവണമെന്നുമില്ല.
മൂന്ന് സിദ്ധാന്തങ്ങളാണ് ചക്രത്തിന്റെ കണ്ടുപിടുത്തത്തെക്കുറിച്ചു ഇന്നു നിലവിലുള്ളത്. ആദ്യത്തേതും ഏറ്റവും പഴയതും നിലവിലുള്ളതുമായ ചിന്ത മെസപ്പൊട്ടേമിയയില്‍ നിന്നുത്ഭവിച്ച് യൂറോപ്പിലേക്കു പടര്‍ന്നതാണത് എന്നതാണ്. രണ്ടാമത്തേതാകട്ടെ കരിങ്കടലിന്റെ തീരത്ത് വടക്കന്‍ അനത്തോലിയയില്‍ നിന്നാവണം ചക്രോത്ഭവം എന്നതും. ഇനി ഏറ്റവും പുതിയ സിദ്ധാന്തമാണ് ഞാന്‍ മേല്പറഞ്ഞ കാര്‍പ്പേതിയയില്‍ നിന്നാവാം അതെന്നത്.
റിച്ചര്‍ഡ് ബുലിയേ എന്ന ചരിത്രകാരനാണ് ഏറ്റവും പുതിയ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. അദ്ദേഹം പറയുന്നത്. ബി.സി. ഇ നാലായിരാമാണ്ട് ആയപ്പോഴേക്കും അപ്പോള്‍ നിലവിലുണ്ടായിരുന്ന വിദ്യകള്‍ ഉപയോഗിച്ചുള്ള ചെമ്പ് ഖനനം എളുപ്പമല്ലാതായി എന്നാണ്. ചെമ്പ് ഖനികള്‍ അന്വേഷിച്ച് മനുഷ്യര്‍ നാടെങ്ങും ചുറ്റിയിരിക്കണം. മാത്രമല്ല, ചെമ്പ് ഖനിയുടെ അഗാധമാം ആഴങ്ങളില്‍ നിന്ന് അയിര് പുറത്തേക്കു കൊണ്ടുവരുന്നത് എളുപ്പവുമായിരുന്നില്ല. സത്യത്തില്‍, ആ ആവശ്യമാണ് ചക്രത്തിന്റെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചതത്രെ. ഇന്നും ഖനികളില്‍ അയിരും അവശിഷ്ടങ്ങളും പുറത്തേക്കു കൊണ്ടുപോകുന്ന കൊച്ചുവണ്ടികളുടെ ആദ്യരൂപം ആ ഖനികളിലാണുണ്ടാവുന്നത്. അത്തരം ചതുരപേടകങ്ങളുടെ തെളിവുകളാണ് കാര്‍പ്പേതിയന്‍ മലനിരകളിലെ പുരാതന ചെമ്പ് ഖനികളില്‍ നിന്നിപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഏറ്റവും കാലപ്പപഴക്കത്തില്‍, പറഞ്ഞുകേട്ട നാഗരികതകളില്‍ നിന്നെല്ലാമകന്ന്.
റിച്ചര്‍ഡ് ബുലിയേയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം കാര്‍പ്പേതിയയിലെ പുരാഖനന തെളിവുകളെ അടിസ്ഥാനമാക്കി കമ്പ്യൂട്ടേഷനല്‍ മെക്കാനിക്‌സിലൂടെ ചക്രത്തിന്റെ ഉത്ഭവവും, അതൊരു ശകടത്തിലേക്കെങ്ങനെ ഘടിപ്പിക്കപ്പെട്ടു എന്നും വിശദീകരിക്കുന്നു. അവര്‍ പറയുന്നത് മൂന്ന് ഘട്ടങ്ങളായാണ് ചക്രം നിത്യോപയോഗത്തിലേക്ക് വന്നതെന്നാണ്. വലിയൊരു കൊട്ടയോ പെട്ടിയോ നീക്കുന്നതിനു വേണ്ടിയാവുമല്ലോ ആദ്യമായി ചക്രം ഉപയോഗിച്ചിരിക്കുക. തീര്‍ച്ചയായും അതിനുവേണ്ടി ആദ്യം ചെയ്തത് നീക്കേണ്ട വസ്തുവിനു മുന്നില്‍ ഉരുളന്‍ തടികള്‍ വെയ്ക്കുക എന്നതായിരിക്കും. ആ തടികള്‍ക്കു മീതേക്കൂടി നീക്കിയായിരിക്കും ആദ്യമായി ആ ചലനം സാധ്യമാക്കിയിരിക്കുക. വൈകാതെ ഇതിനൊരു നവീകരണം നിലവില്‍ വന്നു. അതായത് ഈ ഉരുളന്‍ തടികളില്‍ ഉരുട്ടേണ്ട പെട്ടി ഉറപ്പിച്ചു നിര്‍ത്താനായി ചാലുകളുണ്ടാക്കുക എന്നത്. അങ്ങനെ വരുമ്പോള്‍ ഉരുട്ടേണ്ട വസ്തുവിന്റെയൊപ്പം മനുഷ്യര്‍ക്ക് നടക്കേണ്ട ആവശ്യം വേണ്ടെന്നു വന്നു. ചെമ്പ് ഖനികള്‍ക്കുള്ളിലേക്കു പേടകങ്ങളെ തള്ളിയിറക്കാനും ഇതുമൂലം കഴിഞ്ഞു.
അപ്പോഴും ഒരു പ്രശ്‌നം ബാക്കിനിന്നു. ഖനിയ്ക്കകത്തേക്കുള്ള വഴികളില്‍ കല്ലുകളും പാറക്കഷണങ്ങളും ഉണ്ടാവാം. തള്ളിവിടുന്ന വണ്ടി അതിലൊക്കെ തട്ടിനിന്നു. അങ്ങനെയാണ് പേടകം കുറച്ചുയരത്തില്‍ നിന്നിരുന്നെങ്കില്‍ നന്നായേനേ എന്നു തോന്നിത്തുടങ്ങിയത്. ആ ചിന്തയാണ് തടികളുടെ രണ്ടറ്റത്തും ഘടിപ്പിച്ച ഉരുണ്ട ചക്രങ്ങളിലേക്ക് എത്തിച്ചത്. പിന്നേയും വളരെക്കഴിഞ്ഞാണ് അച്ചുതടിയില്ലാതെ ഒറ്റയ്ക്കുരുളുന്ന ചക്രത്തിലേക്ക് എത്തുന്നത്. ആ പരിണാമത്തിന് ചുരുങ്ങിയത് അഞ്ഞൂറു കൊല്ലങ്ങളെങ്കിലും എടുത്തിരിക്കണം. അച്ചുവടിയുടെ അറ്റത്ത് സ്വതന്ത്രമായി തിരിയുന്ന ചക്രങ്ങള്‍ വന്നപ്പോഴേക്കും ബി. സി. ഇ. രണ്ടായിരമെങ്കിലും ആയിക്കാണണം. ഇപ്പറഞ്ഞ ഓരോ നവീകരണങ്ങളും പ്രവര്‍ത്തനത്തെ കൂടുതല്‍ ഊര്‍ജ്ജദായകമാക്കി.
കാര്‍പ്പേതിയന്‍ മലകളിലെ പ്രത്യേകതകള്‍ തന്നെയാണ് ആദ്യമായി ആ നവീകരണങ്ങളിലേക്കു നയിച്ചിരിക്കുക എന്നു റിച്ചര്‍ഡ് ബുലിയെയുടെ ഗവേഷകസംഘം പറയുന്നു. ആദ്യമായി ചക്രമുപയോഗിച്ചവരെ തീര്‍ച്ചയായും അതിലേക്കു പ്രേരിപ്പിച്ചിരിക്കുക ഉരുളന്‍തടി ഗതാഗതം വന്നേ പറ്റൂ എന്ന സാഹചര്യം തന്നെയായിരിക്കണം. ആവശ്യങ്ങളാണല്ലോ എപ്പോഴും കണ്ടുപിടുത്തത്തിന്റെ മാതാവ്. പ്രത്യേകിച്ചും അടഞ്ഞതും വീതിയില്ലാത്തതുമായ
ഖനിവഴികള്‍. ആദ്യചക്രത്തിന്റെ രൂപകല്പനയിലേക്ക് അതെത്തിച്ചു.
ഈ ചക്രത്തില്‍ പിന്നീട് വലിയൊരു പരിഷ്‌കാരം സംഭവിക്കുന്നത് 1869-ല്‍ ബോള്‍ ബെയറിംഗുകള്‍ കണ്ടുപിടിക്കുമ്പോഴാണ്. അതാണ് മോട്ടോര്‍ വാഹനങ്ങളുടെയും വ്യവസായശാലകളുടേയും പിറവിക്കും കുതിപ്പിനും കാരണമായത്.
അങ്ങനെ കാര്‍പ്പേതിയന്‍ മലകളിലാണ് ചക്രത്തിന്റെ ആവിര്‍ഭാവമെങ്കിലും ലോകത്തിന്റെ പല ഭാഗത്തുള്ള സംസ്‌കാരങ്ങളും വൈകാതെ അവരുടേതായ രീതികളില്‍ ചക്രത്തിന്റെ കണ്ടുപിടുത്തം നടത്തിയിരിക്കാനും ഇടയുണ്ട്. ഒരിടത്തുമാത്രമായി ഉണ്ടായി എല്ലായിടത്തേക്കും എത്തിയതാവണമില്ല എന്ന്. കാരണം അങ്ങനെയൊരു കാലത്ത് അത്രയും വേഗത്തില്‍ ലോകമെങ്ങും ചക്രപ്രയോഗം പടര്‍ന്നുപിടിക്കുന്നതു എളുപ്പമല്ലല്ലോ.
മരം തന്നെയായിരുന്നു ചക്രമുണ്ടാക്കാന്‍ ആദ്യം ഉപയോഗിച്ചത്. പിന്നെ തുകലും ചെമ്പും ഒക്കെ ഉപയാഗിച്ചുതുടങ്ങി. അഴികളുള്ള ചക്രം ഈജിപ്തിലും ലെവാന്റിലും ഏതാണ്ടൊരേ സമയത്താണ് പ്രത്യക്ഷപ്പെട്ടത്. പിന്നെയാണ് രഥങ്ങള്‍ ഉണ്ടായത്. ഈജിപ്തിലും ഹിറ്റൈറ്റ് സാമ്രാജ്യത്തിലും സിന്ധുനദീതടത്തിലും അതിന്റെ തെളിവുകള്‍ കാണാം. ചക്രം ചൈനയില്‍ എത്തിയപ്പോഴേക്കും ആയിരം വര്‍ഷം കൂടി കഴിഞ്ഞു. പിന്നേയും അഞ്ഞൂറു കൊല്ലങ്ങള്‍ക്കു ശേഷം മധ്യ അമേരിക്കയിലും.
എന്തായാലും മനുഷ്യന്റെ കഴിവുകളുടെ ഒരു കുതിച്ചുചാട്ടം തന്നെയായിരുന്നു ചക്രങ്ങളിലൂടെ ഭൂമിയില്‍ സംഭവിച്ചത്. അതു നിസ്സംശയം മനുഷ്യചരിത്രത്തെ മാറ്റിയെഴുതുകയും ചെയ്തു.
Content Summary: Who invented the wheel, and when?