ഒളിവുജീവിതവും ആഡംബരത്തില്‍; രാഹുലിനെ സംരക്ഷിക്കുന്ന വ്യവസായ പ്രമുഖര്‍ ആര്?

രാഹുലിന് കൃത്യമായ സഹായം ലഭിക്കുന്നുണ്ടെന്നാണ് വിവരം

ലൈംഗിക പീഡന കേസില്‍ ജാമ്യാപേക്ഷ തള്ളിയതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനായി അന്വേഷണം ഊര്‍ജിതമാക്കി എസ്‌ഐടി. ലൈംഗിക പീഡന ആരോപണത്തിന് പുറമെ ഭ്രൂണഹത്യ കേസും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കുരുക്ക് മുറുക്കിയിരിക്കുകയാണ്. ഇതോടെ ഒമ്പത് ദിവസമായി രാഹുല്‍ കാണാമറയത്താണ്.

അതേസമയം, ഒളിവുജീവിതം തുടരാന്‍ രാഹുലിന് കൃത്യമായ സഹായം ലഭിക്കുന്നുണ്ടെന്നാണ് വിവരം. അതുകൊണ്ട് തന്നെയാണ് പോലീസ് എത്തുന്നതിന് മുമ്പേ പല സ്ഥലങ്ങളിലും നിന്നും രാഹുലിന് രക്ഷപ്പെടാന്‍ സഹായകമാകുന്നതെന്നാണ് വിലയിരുത്തല്‍. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ തന്നെ രാഹുലിന് ഒളിവുജീവിതത്തിന് സഹായം നല്‍കുന്നതായാണ് സൂചന.

നിര്‍ബന്ധിത ഭ്രൂണഹത്യ ചെയ്യപ്പെട്ട യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ ദിവസം യുവനടിയുടെ കാറില്‍ പാലക്കാട് നിന്ന് രക്ഷപ്പെട്ടതാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. സിസിടിവി ക്യാമറകളുള്ള റോഡുകള്‍ പരമാവധി ഒഴിവാക്കി ആയിരുന്നു രാഹുലിന്റെ യാത്ര. ആദ്യം കോയമ്പത്തൂരിലും തുടര്‍ന്ന് കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയായ ബെംഗളൂരുവിലെ റിസോര്‍ട്ടിലും ഒളിവില്‍ കഴിഞ്ഞതായാണ് സൂചന. ഇവിടേക്ക് പോലീസ് എത്തുന്നുവെന്ന് അറിഞ്ഞതോടെ ബെംഗളൂരുവിലേക്ക് കടക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ബെംഗളൂരുവില്‍ അന്വേഷണ സംഘം എത്തുന്നതിന് മുന്‍പേ രാഹുല്‍ രക്ഷപ്പെടുകയും ചെയ്തുവെന്നാണ് വിവരം.

എന്നാല്‍, ആഡംബര സൗകര്യത്തോടെ തന്നെയാണ് രാഹുലിന്റെ ഒളിവുജീവിതം എന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷകയുടെ സഹായത്തോടെ രണ്ട് ദിവസം രാഹുല്‍ ബെംഗളൂരുവിലെ ആഡംബര വില്ലയില്‍ താമസിച്ചിരുന്നതായാണ് വിവരം. പോലീസിന്റെ പിടിയില്‍ പെടാതെ രക്ഷപ്പെടാന്‍ രാഹുലിന് കാറുകള്‍ മാറിമാറി നല്‍കുന്നത് ബെംഗളൂരുവിലെ റിയല്‍ എസ്‌റ്റേറ്റ് വ്യവസായികളാണെന്നാണ് വിവരം.

സിസിടിവി ക്യാമറകളുള്ള റോഡുകള്‍ പരമാവധി ഒഴിവാക്കിയായിരുന്നു, യുവ നടിയുടെ ചുവന്ന പോളോ കാറില്‍ രാഹുല്‍ പൊള്ളാച്ചിയില്‍ എത്തിയത്. അവിടെ നിന്നും മറ്റൊരു കാറിലായിരുന്നു കോയമ്പത്തൂരിലേക്ക് പോയത്. പിന്നീട് കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയായ ബെംഗളൂരിലെത്തി അവിടുത്തെ റിസോര്‍ട്ടില്‍ താമസിച്ചുവെന്നാണ് പോലീസ് പറയുന്നത്.

യുവതി പരാതി നല്‍കിയതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെ എംഎല്‍എ ഓഫീസ് പൂട്ടി ഒളിവില്‍ പോയത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലുമാണ് രാഹുല്‍ ഒളിവുജീവിതം തുടര്‍ന്നതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാല്‍ ജാമ്യാപേക്ഷ തള്ളിയതോടെ കേരളത്തില്‍ എത്തിയതായാണ് സൂചന.

ഇതോടെ പോലീസ് കേരളത്തിലും വ്യാപക പരിശോധനയാണ് നടത്തുന്നത്. പാലക്കാട്, കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് തുടങ്ങിയ ജില്ലകളിലും അന്വേഷണ സംഘം പഴുതടച്ച തിരച്ചിലാണ് നടത്തുന്നത്. അതിര്‍ത്തി ജില്ലകളിലെ ചെക്ക് പോസ്റ്റുകളിലും കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാനത്തിനും പുറത്തുമുള്ള ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും പരിശോധന ശക്തമാക്കി.

ജാമ്യാപേക്ഷ തിരുവനന്തപുരം സെക്ഷന്‍സ് കോടതി ഇന്നലെ തള്ളിയതിന് പിന്നാലെ, കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങുമെന്ന അഭ്യൂഹവും പരന്നിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുല്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം. അതിനിടെ രാഹുല്‍ ഇന്ന് കേരളത്തിലെ കോടതികളില്‍ എവിടെയെങ്കിലും കീഴടങ്ങിയേക്കുമെന്ന അഭ്യൂഹവും നിലനില്‍ക്കുന്നുണ്ട്. രാഹുലിനെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ബലാത്സംഗ കേസില്‍ പ്രത്യേക അന്വേഷണ സംഘം വിപുലീകരിക്കും. വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലാകും അന്വേഷണം നടക്കുക. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.

Content Summary: Who is helping Rahul Mamkootathil to remain in hiding?

This post was last modified on December 5, 2025 2:58 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment