എല്‍ സാല്‍വഡോറിലെ കുപ്രസിദ്ധമായ ജയില്‍ സന്ദര്‍ശനത്തില്‍ ധരിച്ചിരുന്ന വിലകൂടിയ റോളക്‌സ് വാച്ച്, കുടിയേറ്റക്കാരെ കൂട്ട നാടുകടത്താനായി നടത്തിയ സ്വയംപ്രചാരണ പരസ്യങ്ങള്‍, സ്വന്തം വളര്‍ത്തുനായയെ വെടിവെച്ചുകൊന്ന കഥ- വിവാദങ്ങളുടെ തോഴിയായിരുന്നു എന്നും ക്രിസ്റ്റി നോം. ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ തലപ്പത്തിരുന്നപ്പോള്‍ അവര്‍ എല്ലായ്‌പ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. ഒടുവില്‍ ആ സ്ഥാനത്ത് നിന്നും അവര്‍ തെറിച്ചപ്പോള്‍, എല്ലാവരും ഒറ്റവചകത്തില്‍ അതിനു പറയുന്നൊരു കാരണം ഇതാണ്; രാഷ്ട്രീയ പ്രതിസന്ധികള്‍ക്കും നാടകീയതകള്‍ക്കും പേരു കേട്ട ട്രംപ് ഭരണകൂടത്തിന് പോലും ക്രിസ്റ്റി നോം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
വ്യാഴാഴ്ച സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ക്രിസ്റ്റി നോമിനെ പുറത്താക്കിയ വിവരം അറിയിച്ചത്. ഒക്ലഹോമയില്‍ നിന്നുള്ള സെനറ്റര്‍ മാര്‍ക്ക്വെയ്ന്‍ മുള്‍ ആയിരിക്കും പുതിയ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി. ദക്ഷിണ ഡക്കോട്ട മുന്‍ ഗവര്‍ണറായിരുന്ന നോം, ട്രംപിന്റെ രണ്ടാം ഭരണകാലത്ത് പുറത്താക്കപ്പെടുന്ന ആദ്യത്തെ ക്യാബിനറ്റ് അംഗമാണ്. ഒരിക്കല്‍ ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരെ പരിഗണിക്കപ്പെട്ടിരുന്ന നേതാവാണ് നോം.
ക്രിസ്റ്റി നോമിന് കീഴില്‍, തെക്കന്‍ അതിര്‍ത്തിയിലെ അനധികൃത കുടിയേറ്റം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിക്കാന്‍ സാധിച്ചു എന്നത് ട്രംപിന്റെ പ്രധാന നേട്ടമായി ഡിപ്പാര്‍ട്ട്മെന്റ് ഉയര്‍ത്തിക്കാട്ടുന്നുണ്ടെങ്കിലും, നോമിന്റെ ഭരണശൈലി ട്രംപിന്റെ അടുത്ത അനുയായികള്‍ക്കിടയില്‍ പോലും കടുത്ത അമര്‍ഷമുണ്ടാക്കിയിരുന്നു.
ഉയര്‍ച്ചയും പതനവും
2022-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ പാര്‍ട്ടിക്ക് ഗുണമില്ലെന്നു പറഞ്ഞ് ഒഴിവാക്കിയതാണ് ക്രിസ്റ്റി നോമിനെ. അവഗണനയില്‍ നിന്നും അവര്‍ പിന്നീട് ട്രംപിന്റെ പ്രിയങ്കരിയായി മാറി. അതിര്‍ത്തിയിലേക്ക് നാഷണല്‍ ഗാര്‍ഡിനെ അയച്ചും, പ്ലാസ്റ്റിക് സര്‍ജറിയുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടും അവര്‍ ട്രംപിന്റെ ശ്രദ്ധ പിടിച്ചുപറ്റി. എന്നാല്‍ തന്റെ ആത്മകഥയില്‍, അനുസരണമില്ലാത്ത ‘ക്രിക്കറ്റ്’ എന്ന തന്റെ വളര്‍ത്തുനായയെ വെടിവെച്ചു കൊന്ന കാര്യം ധീരമായ തീരുമാനമെടുക്കാനുള്ള കഴിവിന് ഉദാഹരണമായി എഴുതിയത് നോമിന് തിരിച്ചടിയായി. ക്രൂരമായ ഈ നടപടിയുടെ പേരില്‍ നോം വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടു.
2025 മാര്‍ച്ചില്‍, വെനസ്വേലന്‍ കുടിയേറ്റക്കാരെ നാടുകടത്തിയ എല്‍ സാല്‍വഡോറിലെ ജയിലില്‍ 50,000 ഡോളര്‍ (ഏകദേശം 42 ലക്ഷം രൂപ) വിലയുള്ള റോളക്‌സ് വാച്ച് ധരിച്ച് നോം എത്തിയത് വലിയ പരിഹാസത്തിന് കാരണമായി. കഠിനമായ സാഹചര്യങ്ങളില്‍ കഴിയുന്ന തടവുകാരുടെ മുന്നില്‍ ആഡംബര വാച്ച് ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത നോമിനെ അതിര്‍ത്തി രക്ഷാസേനയിലെ ഉദ്യോഗസ്ഥര്‍ പോലും ‘ഐസ് ബാര്‍ബി’ എന്ന് വിളിച്ച് പരിഹസിച്ചു. പലപ്പോഴും സൈനിക വേഷം കൃത്യമല്ലാത്ത രീതിയില്‍ ധരിച്ച് ‘വേഷംകെട്ട്’ നടത്തുന്നു എന്ന ആരോപണവും അവര്‍ നേരിട്ടു.
ദുരന്ത നിവാരണ ഏജന്‍സിയായ ഫെമയുടെ പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായി ഇടപെട്ടതാണ് ക്രിസ്റ്റി നോമുമായി ബന്ധപ്പെട്ട മറ്റൊരു വിവാദം. ഒരു ലക്ഷം ഡോളറിന് മുകളിലുള്ള ഏത് ചെലവിനും തന്റെ നേരിട്ടുള്ള അനുമതി വേണമെന്ന നോമിന്റെ ഉത്തരവ് കാരണം പല സുപ്രധാന പദ്ധതികളും മുടങ്ങി. മധ്യ ടെക്‌സസിലുണ്ടായ വിനാശകരമായ പ്രളയസമയത്ത് ഫെമയുടെ സഹായം വൈകാന്‍ നോമിന്റെ ഈ പിടിവാശി കാരണമായെന്ന് ആരോപണമുണ്ട്.
ലോസ് ആഞ്ചലസിലെ ഒരു വാര്‍ത്താ സമ്മേളനത്തിനിടെ ട്രംപിന്റെ കുടിയേറ്റ നയങ്ങളെ ചോദ്യം ചെയ്ത സെനറ്റര്‍ അലക്‌സ് പഡില്ലയെ ഫെഡറല്‍ ഏജന്റുമാര്‍ കൈവിലങ്ങ് അണിയിച്ച് പുറത്താക്കിയത് ജനരോഷമുണ്ടാക്കി. ജനാധിപത്യ വിരുദ്ധ മായ ഈ സംഭവം നോമിനെതിരെയുള്ള ഡെമോക്രാറ്റുകളുടെ പ്രതിഷേധം ശക്തമാക്കി.
ലോസ് ആഞ്ചലസിലെ കുടിയേറ്റ വിരുദ്ധ നടപടികള്‍ക്ക് നേതൃത്വം നല്‍കാന്‍ ഗ്രിഗറി ബോവിനോ എന്ന ഉദ്യോഗസ്ഥനെ നോം നിയമിച്ചു. ഇത് അമേരിക്കന്‍ പൗരന്മാര്‍ പോലും വംശീയമായി അധിക്ഷേപിക്കപ്പെടുന്നതിനും തെറ്റായി കസ്റ്റഡിയില്‍ എടുക്കപ്പെടുന്നതിനും കാരണമായി. ചിക്കാഗോ, മിനസോട്ട തുടങ്ങിയ സ്ഥലങ്ങളില്‍ ബോവിനോയുടെ നേതൃത്വത്തില്‍ നടന്ന നടപടികള്‍ കടുത്ത നിയമപോരാട്ടങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവെച്ചു.
2025 ഓഗസ്റ്റില്‍ മിനിയാപൊളിസില്‍ നഴ്‌സായ അലക്‌സ് പ്രെറ്റിയെ ഫെഡറല്‍ ഏജന്റുമാര്‍ വെടിവെച്ചു കൊന്ന സംഭവത്തില്‍ നോം നടത്തിയ പ്രസ്താവനയാണ് അവരുടെ പതനത്തിന് വേഗത കൂട്ടിയത്. പ്രെറ്റി ഒരു ‘ഭീകരവാദി’ ആണെന്നും തോക്ക് ചൂണ്ടിയെന്നും നോം അവകാശപ്പെട്ടു. എന്നാല്‍ ഇത് പച്ചക്കള്ളമാണെന്ന് പിന്നീട് തെളിഞ്ഞു. വൈറ്റ് ഹൗസ് പോലും നോമിന്റെ ഈ പ്രസ്താവനയെ പിന്തുണയ്ക്കാന്‍ തയ്യാറായില്ല.
2025 സെപ്റ്റംബറില്‍ കോണ്‍ഗ്രസ് ഹിയറിംഗുകളില്‍ നോമിന് കടുത്ത ചോദ്യങ്ങളെ നേരിടേണ്ടി വന്നു. തടസ്സപ്പെട്ട സര്‍ക്കാര്‍ ഫണ്ടുകള്‍ സ്വന്തം രാഷ്ട്രീയ പ്രചാരണ പരസ്യങ്ങള്‍ക്കായി വകമാറ്റിയെന്ന ആരോപണം സെനറ്റര്‍ ജോണ്‍ കെന്നഡി ഉന്നയിച്ചു. കൂടാതെ, മുതിര്‍ന്ന ഉപദേഷ്ടാവ് കോറി ലെവന്‍ഡോവ്‌സ്‌കിയുമായി നോമിന് അവിഹിത ബന്ധമുണ്ടെന്ന വാര്‍ത്തകളെക്കുറിച്ചുള്ള ചോദ്യങ്ങളും ഹിയറിംഗില്‍ ഉയര്‍ന്നു. ഇതിനെയെല്ലാം ‘ചവറ് വാര്‍ത്തകള്‍’ എന്ന് നോം വിശേഷിപ്പിച്ചെങ്കിലും ഭരണരംഗത്തെ പരാജയവും വ്യക്തിപരമായ വിവാദങ്ങളും ട്രംപിനെ അവരെ പുറത്താക്കാന്‍ പ്രേരിപ്പിച്ചു.
ട്രംപ് ഭരണകൂടത്തിലെ ഒരു കരുത്തുറ്റ സ്ത്രീ സാന്നിധ്യമായി വിലയിരുത്തപ്പെട്ട ക്രിസ്റ്റി നോമിന്റെ രാഷ്ട്രീയ ഭാവി ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
Content Summary: Who is Kristi Noem? The Trump administration has fired her from the post of Homeland Security Secretary
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.