‘ഇന്ത്യന്‍ നേതാക്കള്‍ നമ്മുടെ കൈകളില്‍ ത്രിവര്‍ണ പതാക നല്‍കാം, പക്ഷേ അതൊരിക്കലും ഹിന്ദുക്കളുടെ ബഹുമാനത്തിനു കാരണമാകില്ല. മൂന്ന് എന്ന വാക്ക് തന്നെ ഒരു തിന്മയാണ്, മൂന്ന് നിറങ്ങളുള്ള ഒരു പതാക തീര്‍ച്ചയായും വളരെ മോശമായ മാനസിക സ്വാധീനം ഉണ്ടാക്കും, അത് ഒരു രാജ്യത്തിന് ഹാനികരവുമാണ്.”
1947 ഓഗസ്റ്റ് 14 ന് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിലൂടെ പ്രഖ്യാപിച്ച നിലപാടാണ് മുകളില്‍ പറഞ്ഞത്. ഉള്ളിലിരിപ്പ് ഇതാണ്. ഹിന്ദുത്വ തീവ്രവാദി ഗോഡ്സെ ഗാന്ധിയെ കൊലപ്പെടുത്തിയതിനു ശേഷം രാജ്യത്ത് ആര്‍ എസ് എസ് നിരോധിക്കപ്പെട്ടു. പിന്നീട്, രാജ്യത്തിന്റെ ഭരണഘടനയോട് കൂറ് പുലര്‍ത്താമെന്നും, ദേശീയ പതാകയേയും സ്പഷ്ടമായി അംഗീകരിക്കാമെന്നുമുള്ള വ്യവസ്ഥയിലാണ് നിരോധനം നീക്കിയത്. ഈ പശ്ചാത്തലത്തില്‍ വേണം കയ്യില്‍ കാവി പതാകയുമായി നില്‍ക്കുന്ന ഭാരതാംബ വിവാദത്തെ കാണുവാന്‍.
ഇപ്പോള്‍ കയ്യിലൊരു കാവിക്കൊടിയുമായി നില്‍ക്കുന്ന സ്ത്രീയുടെ ചിത്രം പൂര്‍ണമായും ഹിന്ദുത്വയുടെ സൃഷ്ടിയാണ്. ഇന്ത്യയില്‍ ഗ്രാമദേവത എന്ന സങ്കല്പമുണ്ടായിരുന്നു. അതിന്റെ ഒരു വികാസത്തില്‍ നിന്നുമായിരിക്കണം ഭാരതാംബ എന്ന ആശയം സ്വാതന്ത്ര്യ സമരകാലത്ത് ഉരിത്തിരിഞ്ഞ് വന്നത്.
1873-ല്‍ കിരണ്‍ ചന്ദ്ര ബാനര്‍ജിയുടെ ഭാരത് മാതാ എന്ന ബംഗാളി നാടകത്തിലാണ് സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന, കമ്പനിക്കെതിരെ കലാപത്തിന് പ്രേരിപ്പിക്കുന്ന ഒരു മാതൃദേവത പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ ആനന്ദ് മഠം എന്ന നോവലില്‍ വന്ദേ മാതരം അഥവാ അമ്മയ്ക്ക് വന്ദനം പറയുന്നു, രാഷ്ട്രം ബംഗാളായിരുന്നു. 1898-ല്‍ രാജാ രവിവര്‍മ്മ ഇന്ത്യയെ ഒരു മാതൃദേവതയായി അവതരിപ്പിച്ചു. 1905-ല്‍ അബനീന്ദ്രനാഥ ടാഗോര്‍ ഈ ആശയം ചിത്രമാക്കി. നാല് കൈകകളുള്ള ഒരു സ്ത്രീ ഒരു ധാന്യക്കറ്റ, ഒരു പുസ്തകം, ഒരു തുണി, ഒരു മാല എന്നിവ ഓരോ കൈകളിലേന്തിയ ചിത്രം പക്ഷെ ബംഗോ മാതാവിന്റേതായിരുന്നു. സിസ്റ്റര്‍ നിവേദിതയാണ് ചിത്രത്തെ ഭാരത് മാത എന്ന് വിളിച്ചത്. 1905-ല്‍ ലോര്‍ഡ് കഴ്സണ്‍ നടപ്പാക്കിയ ബംഗാള്‍ വിഭജനത്തിനെതിരായ പ്രക്ഷോഭത്തോടെ ഭാരതമാത യും വന്ദേമാതരവും പ്രചുരപ്രചാരം നേടി. 1909-ല്‍ കവി സുബ്രഹ്‌മണ്യ ഭാരതിയുടെ തമിഴ് ഭാഷാ മാസികയായ വിജയയുടെ കവറില്‍ ഭാരത് മാതയെ ചിത്രീകരിക്കുകയുണ്ടായി. വിപ്ലവകാരിയായ രൂപ് കിഷോര്‍ കപൂര്‍ ബ്രിട്ടീഷ് ബര്‍മ്മ ഉള്‍പ്പെടെ ഇന്ത്യയുടെ ഭാഗികമായി ദൃശ്യമാകുന്ന ഭൂപടത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഭാരതമാതാവിനെ ചിത്രീകരിച്ചു. 1935 ല്‍ അമൃത ഷേര്‍ഗില്‍, മടിയില്‍ ഒരു കുഞ്ഞു മകനും അരികില്‍ ഒരു കൊച്ചു മകളുമായി ഇരിക്കുന്ന ഒരു ദരിദ്ര ഗ്രാമീണ ഇന്ത്യന്‍ സ്ത്രീയായി മദര്‍ ഇന്ത്യയെ ചിത്രീകരിച്ചു.
ഇന്ന് ഹിന്ദുത്വ കൊണ്ടാടുന്ന ഈ ഭാരതാംബ ചിത്രത്തിന്റെ ആദിരൂപം ഒരു ടെക്‌സ്‌ടൈല്‍ പരസ്യമായിരുന്നു. 1930 ല്‍, സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്നിരുന്ന ബോംബെ സ്വദേശി ലീഗുമായി ബന്ധപ്പെട്ട ഒരു ടെക്‌സ്‌ടൈല്‍ ആയിരുന്നു ഇത്തരമൊരു പരസ്യത്തിന് പിന്നില്‍. 1929 ഡിസംബറില്‍ കോണ്‍ഗ്രസ്സ്, പൂര്‍ണ സ്വരാജ് ആവശ്യപ്പെടുകയും, അതേവര്‍ഷം ഡിസംബര്‍ 31 ന് ലാഹോറില്‍ ജവഹര്‍ലാല്‍ നെഹ്റു ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയും ചെയ്തു. 1930 ജനുവരി 26 ‘സ്വാതന്ത്ര്യദിനം’ ആയി ആഘോഷിക്കാന്‍ കോണ്‍ഗ്രസ് ഇന്ത്യക്കാരോട് ആഹ്വാനം ചെയ്തു. ഇതേത്തുടര്‍ന്ന്, 1930 ജനുവരി 21-ന് ഹെഡ്ഗേവാര്‍ ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. എല്ലാ ആര്‍.എസ്.എസ് ശാഖകളും ആ വര്‍ഷം ജനുവരി 26-ന് അവരവരുടെ സ്വയംസേവകരുടെ യോഗങ്ങള്‍ വിളിച്ചുകൂട്ടി കോണ്‍ഗ്രസിന്റെ പൂര്‍ണ സ്വരാജ് പ്രമേയത്തെ സ്വാഗതം ചെയ്യണമെന്നും ത്രിവര്‍ണ്ണ പതാകയ്ക്ക് പകരം ദേശീയ പതാകയായി ഭഗവദ് ധ്വജത്തെ ബഹുമാനിക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ന് രാജ്ഭവനിലെ ചിത്രത്തില്‍ കാണുന്ന ഭഗവദ് ധ്വജം വന്ന വഴിയിതാണ്. അതിന് പശ്ചാത്തലമാകുന്ന ഭൂപടമാകട്ടെ, സവര്‍ക്കര്‍ വിഭാവനം ചെയ്യുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന അഖണ്ഡ ഭാരതവും. അതുകൊണ്ട് തന്നെയാണ് ഇന്നാട്ടിലെ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ അതിനെയെതിര്‍ക്കുന്നതും.
ഒരാള്‍ക്ക് എങ്ങനെ ദേശസ്നേഹിയാകാന്‍ കഴിയും എന്ന ചോദ്യത്തിന് ഒരു നൂറ്റാണ്ട് മുന്‍പ് അരബിന്‍ഡോ ഘോഷ് നല്‍കിയ ഒരു ഉത്തരമുണ്ട്. ചുവരില്‍ തൂക്കിയിട്ടിരിക്കുന്ന ബ്രിട്ടീഷ് ഇന്ത്യയുടെ ഭൂപടം ചൂണ്ടിക്കാണിച്ചുകൊണ്ട് ഘോഷ് പറഞ്ഞു.
‘ഈ ഭൂപടം കണ്ടോ? ഇത് ഒരു ഭൂപടമല്ല, മറിച്ച് ഭാരതമാതാവിന്റെ ഛായാചിത്രമാണ്: അവളുടെ നഗരങ്ങളും മലകളും നദികളും കാടുകളും അവളുടെ ഭൗതിക ശരീരത്തെ രൂപപ്പെടുത്തുന്നു. അവളുടെ എല്ലാ കുട്ടികളും അവളുടെ വലുതും ചെറുതുമായ നാഡികളാണ്. ജീവനുള്ള അമ്മയായി ഭാരതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, ഒമ്പത് മടങ്ങ് ഭക്തിയോടെ അവളെ ആരാധിക്കുക.”
സ്വാതന്ത്ര്യസമരത്തിന്റെ ഒരു കാലഘട്ടത്തില്‍ പറഞ്ഞ കാര്യം ഇന്ന് ഹിന്ദുത്വ ഉപയോഗിക്കുന്നത് വര്‍ഗീയ ധ്രുവീകരണത്തിനാണ്. ഇന്ന് ഭാരതമാതാ എന്ന ആശയം ഹിന്ദുത്വ ഉപയോഗിക്കുന്നത്, ഇന്ത്യ ഹിന്ദുക്കളുടെ പുണ്യഭൂമി എന്ന രീതിയിലാണ്. ഹിറ്റ്ലറുടെ ആര്യന്‍ മേല്‍കോയ്മ സിദ്ധാന്തവുമായി ഡി എന്‍ എ പങ്കിടുന്ന ഒന്നാണീ പവിത്രഭൂമി ആശയം. മുസ്ലീങ്ങളും മറ്റ് ന്യൂനപക്ഷങ്ങളും തങ്ങള്‍ക്ക് കീഴ്‌പ്പെട്ട് കഴിയുന്ന ഹിന്ദുരാജ്യമായിരുന്നു സവര്‍ക്കര്‍ വിഭാവനം ചെയ്തത്. ഇതില്‍ വരുന്ന ഒരു പ്രശ്‌നം, ഏകദൈവ വിശ്വാസത്തില്‍ അതിഷ്ഠിതമായ ന്യൂണപക്ഷങ്ങള്‍ക്കും മതേതര വാദികള്‍ക്കും ഹിന്ദു ദൈവങ്ങളുടെ വാര്‍പ്പ് മാതൃകയില്‍ സംഘപരിവാര്‍ നിര്‍മ്മിച്ച ഭഗ്വധ്വജമേന്തിയ ഹിന്ദുത്വ സ്ത്രീ ബിംബത്തെ അംഗീകരിക്കാനാവാതെയാകുന്നു. എന്നാല്‍ ഇതടിച്ചേല്‍പ്പിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇതൊരിക്കലും ഭരണഘടനാധിഷ്ഠിതമായ ഒരു സങ്കല്‍പ്പമല്ല. മറിച്ചു കാവിക്കൊടി കൈയ്യിലേന്തിയ സ്ത്രീരൂപം ഹിന്ദുരാഷ്ട്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.
2016 ല്‍, ഭാരത് മാതാ കീ ജയ്’ വിളിക്കാന്‍ വിസമ്മതിച്ചതിന് ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) എംഎല്‍എ വാരിസ് പത്താനെ മഹാരാഷ്ട്ര നിയമസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഭരണകക്ഷിയായ ബിജെപി, ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി എന്നിവയുള്‍പ്പെടെയുള്ള മറ്റ് പ്രതിപക്ഷ പാര്‍ട്ടികളിലെ എംഎല്‍എമാര്‍ അടക്കം എം എല്‍ എ യുടെ സസ്‌പെന്‍ഷന്‍ ആവശ്യപ്പെട്ടു. ഭരണഘടന ഒരിടത്തും പറയാത്ത ഒരു കാര്യം ചെയ്യണം എന്ന് ആവശ്യം നിഷേധിച്ചപ്പോളാണ് ഹിന്ദുത്വ ഭരണകക്ഷി ഒരു ജനപ്രതിനിധിയെ പുറത്താക്കുന്നത്, അതും പ്രതിപക്ഷത്തിന്റെ പിന്തുണയോടെ. അല്ലെങ്കിലും പോത്തിനെന്ത് എത്തവാഴ എന്ന് പറയുന്ന പോലെയാണ് ഹിന്ദുത്വയ്ക്ക് ഭരണഘടന. 1949 നവംബര്‍ 26-ന് ഇന്ത്യന്‍ ഭരണഘടനാ അസംബ്ലി രാജ്യത്തിന്റെ ജനാധിപത്യ ഭരണഘടന അംഗീകരിച്ചപ്പോള്‍, അതേ മാസം, നവംബര്‍ 30-ന് എഡിറ്റോറിയലില്‍, ഓര്‍ഗനൈസര്‍ അത് നിരസിക്കുകയും ‘മനുസ്മൃതി’ ഭരണഘടനയായി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഫാസിസം എപ്പോഴും അടയാളങ്ങളെ, ബിംബങ്ങളെയൊക്കെ പിടിച്ചടക്കുകയാണ് ചെയ്യുക. ഒരു കുറി രാഷ്ട്രീയമായി നിങ്ങളെ അടയാളപ്പെടുത്താനുള്ള ഒരുപാധിയായിത്തീരുന്നു. പലപ്പോളും അവരീ ബിംബങ്ങളെ പിടിച്ചടക്കുക മാത്രമല്ല, തങ്ങള്‍ക്കനുസൃതമായി മാറ്റിത്തീര്‍ക്കുകയും ചെയ്യുന്നു. അങ്ങിനെയാണ് ശാന്തനായ ഒരു രാമന്റെ സ്ഥാനത്ത് വില്ല് കുലച്ച ഒരു രാമനെയും, തൊഴുതു നില്‍ക്കുന്ന ഹനുമാന്റെ സ്ഥാനത്ത് കുപിതനായ, അക്രമണോല്‍സുക്ത നിറഞ്ഞ ഒരു ചിത്രം സംഘപരിവാര്‍ കൊണ്ട് വരികയും സാധാരണ ആളുകള്‍ ആചരിച്ചിരുന്ന രക്ഷബന്ധന്‍ പോലെയുള്ള കാര്യങ്ങള്‍ ഹൈജാക്ക് ചെയ്യുകയും കൈയ്യിലെ ചരട് വിശ്വാസത്തിന്റെയല്ല, മറിച്ചു രാഷ്ട്രീയയായി തിരിച്ചറിയാനുള്ള ഒന്നാക്കി തീര്‍ക്കുകയും ചെയ്യുന്നു. ഹിറ്റ്‌ലര്‍ സ്വസ്തിക് ചിഹ്നം ഉപയോഗിച്ചിരുന്നതോര്‍ക്കുക. ഒരാള്‍ അറിയാതെ അയാളിലേക്ക് കടന്ന് ചെല്ലുന്ന ഒരു തന്ത്രമാണ് ഹിന്ദുത്വ ഫാസിസ്റ്റുകള്‍ ചെയ്യുന്നത്. ഇതൊന്നും ശ്രദ്ധിക്കാതെ കുറി തൊടുന്ന ഒരു മനുഷ്യന്‍ സംഘപരിവാറിന്റെ ക്യാപ്പിറ്റലായിത്തീരുന്ന അവസ്ഥയുണ്ടാകുന്നു.
കാവിക്കൊടി പിടിച്ചു നില്‍ക്കുന്ന ചിത്രം വയ്ക്കുകയും, അതിനെ വണങ്ങിയില്ലെങ്കില്‍ രാജ്യദ്രോഹി ആയിത്തീരുകയും ചെയ്യും എന്നൊരു സിറ്റുവേഷന്‍ കൃത്രിമമായി സംഘപരിവാര്‍ സൃഷ്ടിക്കുകയും ചെയ്യുമ്പോള്‍ ഇതൊരു ഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള ചുവടാണ് എന്നുള്ളതാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. അത് മനസ്സിലാക്കുന്നത് കൊണ്ടാണ് കമ്മ്യൂണിസ്റ്റ്കാരനായ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് രാജ് ഭവനിലെ സംഘപരിവാര്‍ നിര്‍മിത ചിത്രത്തിന്മുന്നില്‍ തിരി തെളിക്കാനും പുഷ്പാര്‍ച്ചന നടത്താനുമാകില്ല എന്ന് പറയുകയും പരിപാടി ബഹിഷ്‌കരിക്കുകയും ചെയ്തത്. സ്വന്തം സംഘടനയെ നിരോധിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിനെയും, കമ്മ്യൂണിസ്റ്റ് ആയിരുന്ന ഭഗത് സിംഗിനെയും വരെ കൈയ്യടക്കാന്‍ ശ്രമിക്കുന്ന പ്രത്യയ ശാസ്ത്രമാണ് ഹിന്ദിത്വയുടേത്. ആരാന്റെ കൊച്ചിന്റെ അപ്പനാകാന്‍ പോകുന്ന സ്വഭാവം. പലയിടത്തും അവര്‍ അതില്‍ വിജയിച്ചിട്ടുമുണ്ട്.
കേരളത്തിന്റെ ചുവന്ന മണ്ണില്‍ ഈ ഒളിച്ചുകടത്തലുകള്‍ അത്രയെളുപ്പമല്ല എന്നാണ് ഈ വിവാദവും തെളിയിക്കുന്നത്. മന്ത്രിമന്ദിരത്തില്‍ ഇരിക്കുന്നവര്‍ മുതല്‍ ചുമട്ടുതൊഴിലാളി വരെയുള്ള, നാനാ തുറയിലുള്ളവര്‍ അസ്സലായി രാഷ്ട്രീയം മനസ്സിലാക്കുന്ന, പറയുന്ന, പ്രവര്‍ത്തിക്കുന്ന കേരളമെന്ന ഭൂമിക അത്രയെളുപ്പത്തിലൊന്നും ഹിന്ദുത്വയ്ക്ക് കീഴടങ്ങില്ല എന്ന് ഭാരതാംബ വിവാദവും തെളിയിക്കുന്നു. ഫാസിസത്തിന്റെ ഒന്നാമത്തെ ശത്രു ചിന്തിക്കുന്ന മനുഷ്യരായതു കൊണ്ട്, ചിന്തകളെ ഇല്ലാതാക്കാനാണ് ഫാസിസ്റ്റുകള്‍ മനുഷ്യരുടെ തല തല്ലിത്തകര്‍ക്കുന്നത് എന്ന് എം എന്‍ വിജയന്‍ മാഷ് പറയുന്നുണ്ട്. ചരിത്രം എന്നൊന്നുണ്ടല്ലോ, ഇറ്റാലിയന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ആയിരുന്ന ഗ്രാംഷിയെ തടവിലാക്കുമ്പോള്‍ മുസോളിനി പറഞ്ഞ ഒരു കാര്യമുണ്ട്, ഇയാളുടെ തലച്ചോര്‍ രണ്ട് പതിറ്റാണ്ടേയ്ക്ക് പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത് എന്ന്. മുസോളിനിയുടെ വാഴ്ച രണ്ട് പതിറ്റാണ്ട് നീണ്ടില്ല.മാഷ് പറയുന്ന പോലെ ക്ഷോഭിക്കുന്ന , ചിന്തിക്കുന്ന മനുഷ്യര്‍ നാളെ ക്ഷോഭത്തിന്റെ ഒരു കടലായി മാറി ഫാസിസ്റ്റുകള്‍ക്ക് നേരേ തിരിയും, അപ്പോള്‍ നാമവര്‍ക്ക് കഴുകുമരങ്ങളാകുവാനുള്ള വിളക്കുകാലുകള്‍ കരുതുക.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Content Summary: who is this Bharatamba? If you don’t show respect to her, will you become a traitor?