ചൈനീസ് നിക്ഷേപകര്‍ വിവിധ കാരണങ്ങളാല്‍ വിദേശത്ത് റിയല്‍ എസ്റ്റേറ്റ് വാങ്ങുന്നുണ്ട്. ചൈനക്കാര്‍ മറ്റു രാജ്യങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് വാങ്ങി കൂട്ടുന്നത് ആ രാജ്യങ്ങളിലെ റിയല്‍ എസ്റ്റേറ്റ് വിപണിയെ ബാധിക്കുന്നുണ്ട്. അവിടത്തെ പ്രാദേശിക വിപണികളില്‍ ഇത് വിലകള്‍ ഉയര്‍ത്തുകയും സ്വത്ത് ഉടമസ്ഥാവകാശ രീതികളെ ബാധിക്കുകയും ചെയ്യുന്നതിനാല്‍ ഇത് ഒരു വലിയ പ്രശ്നമായി തന്നെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
ഉദാഹരണത്തിന് കാനഡയിലും, ഓസ്‌ട്രേലിയയിലും റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ അവിടത്തെ സാധാരണക്കാര്‍ക്ക് വാങ്ങിക്കാന്‍ സാധിക്കാത്ത രീതിയില്‍ വിലകള്‍ ഉയര്‍ന്നിരിക്കുകയാണ്. ചൈനക്കാരുടെ വാങ്ങലാണ് ഇതിന് പിന്നില്‍ എന്ന ആരോപണം ശക്തമാണ്. എന്തുകൊണ്ടാണ് ചൈനക്കാര്‍ വിദേശ രാജ്യങ്ങളില്‍ ഇത്രയധികം റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍ താല്‍പര്യപ്പെടുന്നത്?
സര്‍ക്കാര്‍ നിയന്ത്രണം
ചൈനയില്‍ ഒരാള്‍ക്ക് വാങ്ങാന്‍ കഴിയുന്ന വീടുകളുടെ എണ്ണം നിയന്ത്രിക്കുന്ന ഒരു പരിധി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ഒരു ഷാങ്ഹായ് നിവാസിക്ക് അവിവാഹിതനാണെങ്കില്‍ ഒരു വീടും വിവാഹിതനാണെങ്കില്‍ രണ്ട് വീടും മാത്രമേ വാങ്ങാന്‍ കഴിയൂ. ഇത് മറ്റ് നഗരങ്ങളില്‍ വ്യത്യസ്തമാണ്. നഗരത്തെയും വ്യക്തിയുടെ താമസസ്ഥലത്തെയും മറ്റും ആശ്രയിച്ചിരിക്കുന്ന പല ഘടകങ്ങളും ഇതിന് പിന്നിലുണ്ട്.
അതായത്, സ്വന്തം രാജ്യത്ത് സ്വത്തുക്കളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന, പക്ഷേ അത് ചെയ്യാന്‍ കഴിയാത്ത ധാരാളം ആളുകള്‍ ചൈനയിലുണ്ട്. അങ്ങനെയുള്ളവരില്‍ പലരും ഓസ്‌ട്രേലിയയിലും, അമേരിക്കയുടെ പല ഭാഗങ്ങളിലും, വാന്‍കൂവര്‍, ദുബായ് തുടങ്ങിയ വലിയ നഗരങ്ങളിലും സ്വത്തുക്കള്‍ വാങ്ങിക്കൂട്ടുന്നു.
മിക്ക ചൈനീസ് കുടുംബങ്ങളും തങ്ങളുടെ കുട്ടികളെ വിദേശ രാജ്യങ്ങളിലെ കോളേജിലേക്ക് അയയ്ക്കുന്നു എന്ന കാരണവും ഇതിനു പിന്നിലുണ്ട്. ചൈനയില്‍ താമസിക്കുന്നതിനേക്കാള്‍ വിദേശത്തേക്ക് കുടിയേറാന്‍ ഇഷ്ടപ്പെടുന്ന നല്ലൊരു ശതമാനം ആളുകള്‍ ഇങ്ങനെ വിദേശ രാജ്യങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് വാങ്ങികൂട്ടുന്നുണ്ട്. കോളേജില്‍ പഠിക്കുന്ന വര്‍ഷങ്ങളില്‍ വാടക ലാഭിക്കാനും വിദേശ രാജ്യങ്ങളില്‍ നിക്ഷേപം നടത്തുന്ന ചൈനക്കാര്‍ ഉണ്ട്.
ചൈനീസ് റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റ് തകര്‍ച്ച
നല്ല സമ്പത്തുള്ള ചൈനക്കാര്‍ പലപ്പോഴും തങ്ങളുടെ ആസ്തികള്‍ വൈവിധ്യവല്‍ക്കരിക്കാനും വിദേശ കറന്‍സികളിലും ആസ്തികളിലും തങ്ങളുടെ സമ്പത്ത് സംരക്ഷിക്കാനും ശ്രമിക്കാറുണ്ട്. വിദേശ റിയല്‍ എസ്റ്റേറ്റ് സുരക്ഷിതവും ലാഭകരവുമായ ഒരു നിക്ഷേപമായി പൊതുവെ ചൈനയില്‍ കണക്കാക്കുന്നുണ്ട്.
എവര്‍ഗ്രാന്‍ഡെ പോലുള്ള ഭീമന്മാരുടെ തകര്‍ച്ചയോടെ ചൈനയുടെ റിയല്‍ എസ്റ്റേറ്റ് പ്രതിസന്ധി ആഭ്യന്തര റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കി. ചൈനയുടെ ജിഡിപിയുടെ മൂന്നിലൊന്ന് സംഭാവന ചെയ്യുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉണ്ടായ പ്രതിസന്ധി കാലങ്ങളോളം നീണ്ടുനില്‍ക്കുന്ന ബാധ്യതകള്‍ കുടുംബങ്ങള്‍ക്കും കമ്പനികള്‍ക്കും സൃഷ്ടിച്ചു. ചൈനയില്‍, റിയല്‍ എസ്റ്റേറ്റ് വെറുമൊരു സാമ്പത്തിക ആസ്തി മാത്രമല്ല, മറിച്ച് ഒരു സാംസ്‌കാരിക പ്രതീകം ആണെന്ന് മനസിലാക്കുമ്പോഴാണ് ഈ കാര്യം കൂടുതല്‍ മനസിലാക്കാന്‍ സാധിക്കുന്നത്. വളരെയധികം നിയന്ത്രണങ്ങളുള്ള രാജ്യമാണെങ്കില്‍ കൂടി റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരുടെ വീഴ്ചകള്‍ ചൈനീസ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ആത്മവിശ്വാസം ഇല്ലാതാക്കി. സ്വത്തുക്കളുടെ മൂല്യവും വില്‍പ്പനയും ഇടിഞ്ഞതോടെ സ്വന്തം രാജ്യത്ത് നിക്ഷേപിക്കുന്നതിനേക്കാള്‍ വിദേശങ്ങളില്‍ നിക്ഷേപിക്കുന്നതാണ് നല്ലതെന്ന ചിന്ത ഉടലെടുത്തു. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും മൂല്യവത്തായ റിയല്‍ എസ്റ്റേറ്റ് കമ്പനിയായിരുന്ന എവര്‍ഗ്രാന്‍ഡെയുടെ തകര്‍ച്ചയാണ് ചൈനയുടെ റിയല്‍ എസ്റ്റേറ്റ് പ്രതിസന്ധിയുടെ തുടക്കം കുറിച്ചത്.
ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ്
ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (BRI) 2013 ല്‍ ചൈന ആരംഭിച്ച ഒരു ആഗോള അടിസ്ഥാന സൗകര്യ വികസന തന്ത്രമാണ് എന്ന് പറയാം. യുറേഷ്യയിലുടനീളമുള്ള അടിസ്ഥാന സൗകര്യ പദ്ധതികളില്‍ നിക്ഷേപിച്ചുകൊണ്ട് ആഗോള കണക്റ്റിവിറ്റിയും സഹകരണവും വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ബിആര്‍ഐയില്‍ രണ്ട് പ്രധാന ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നു. കര അടിസ്ഥാനമാക്കിയുള്ള അടിസ്ഥാന സൗകര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സില്‍ക്ക് റോഡ് ഇക്കണോമിക് ബെല്‍റ്റ്, സമുദ്ര റൂട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാരിടൈം സില്‍ക്ക് റോഡ്. പങ്കെടുക്കുന്ന രാജ്യങ്ങളില്‍ റോഡുകള്‍, റെയില്‍വേകള്‍, തുറമുഖങ്ങള്‍, ഊര്‍ജ്ജ സൗകര്യങ്ങള്‍, മറ്റ് അടിസ്ഥാന സൗകര്യ പദ്ധതികള്‍ എന്നിവയുടെ നിര്‍മ്മാണമാണ് ബിആര്‍ഐയില്‍ ഉള്‍പ്പെടുന്നത്.
പങ്കെടുക്കുന്ന രാജ്യങ്ങള്‍ക്കിടയില്‍ വ്യാപാരം, നിക്ഷേപം, സാമ്പത്തിക സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ചൈനയ്ക്കും ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവയുള്‍പ്പെടെ ലോകത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്കുമിടയിലുള്ള കണക്റ്റിവിറ്റിയും വ്യാപാര പാതകളും മെച്ചപ്പെടുത്തുന്നതിനാണ് ബിആര്‍ഐ ശ്രമിക്കുന്നത്. ആഗോള ജനസംഖ്യയുടെയും ജിഡിപിയുടെയും ഒരു പ്രധാന ഭാഗം ഉള്‍പ്പെടുന്ന 140-ലധികം രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പങ്കാളിത്തം ബിആര്‍ഐക്ക് ഉണ്ട്. ബിആര്‍ഐയുടെ സാമ്പത്തിക നേട്ടങ്ങള്‍ക്ക് ചൈന പ്രാധാന്യം നല്‍കുമ്പോള്‍, മറ്റു രാജ്യങ്ങള്‍ ഇതിനെ ചൈനയുടെ സ്വാധീനവും വ്യാപാര പാതകളും വികസിപ്പിക്കാനുള്ള ഒരു തന്ത്രമായാണ് കാണുന്നത്. ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി ഹംഗറി പോലുള്ള പല രാജ്യങ്ങളും ചൈനീസ് പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് മുതലെടുത്ത് ആ രാജ്യങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം വളര്‍ത്തുകയാണ് ചൈന ചെയ്യുന്നത്.
ബാറ്ററി പ്ലാന്റുകള്‍ മുതല്‍ ടെക് ഇന്‍ഫ്രാസ്ട്രക്ചര്‍ വരെയുള്ള മേഖലകളിലെല്ലാം ഹംഗറി ചൈനീസ് നിക്ഷേപം ആകര്‍ഷിക്കുന്നുണ്ട്. ഇപ്പോള്‍ അത് റിയല്‍ എസ്റ്റേറ്റിലേക്കും വ്യാപിക്കുന്നു. ഇവിടങ്ങളില്‍ പ്രോപ്പര്‍ട്ടി വാങ്ങുന്നത് യൂറോപ്പിന്റെ തന്ത്രപരമായ കേന്ദ്രങ്ങളിലേക്ക് എത്തുന്നതിനുള്ള സൗകര്യത്തിനുമാണ് എന്ന വിലയിരുത്തലുകള്‍ ഉണ്ട്. ഇതിലൂടെ ദീര്‍ഘകാല സ്വാധീനത്തിലേക്ക് വാണിജ്യ നിക്ഷേപങ്ങളെ പ്രയോജനപ്പെടുത്തുക എന്ന കാര്യം ചൈന നടപ്പില്‍ വരുത്തുന്നു എന്ന അടക്കം പറച്ചിലുകളുണ്ട്. കൂടാതെ ചുളുവില്‍ യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള ഒരു വഴിയാണ് ഇതിലൂടെ തുറക്കുന്നത്. പശ്ചിമയൂറോപ്പിന്റെ കടുത്ത നിയന്ത്രണങ്ങളെ മറികടന്ന് യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള ഒരു എളുപ്പ മാര്‍ഗമാണിത്. ടര്‍ക്കിയയിലെ റിയല്‍ എസ്റ്റേറ്റ് വിപണി അസ്ഥിരമാണ്, അതുപോലെ പണപ്പെരുപ്പം ഉയര്‍ന്നതാണ്, രാഷ്ട്രീയരംഗം പ്രവചനാതീതമാണ്. എന്നിട്ടും ചൈനീസ് നിക്ഷേപകര്‍ ഈ രാജ്യത്ത് പോലും റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുന്നത് മറ്റ് രാജ്യങ്ങളെ ആശ്ചര്യപ്പെടുത്തുന്നുണ്ട്. അതുപോലെ തന്നെ ‘നിക്ഷേപത്തിലൂടെയുള്ള പൗരത്വം’ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്താന്‍ ചൈനീസ് കമ്പനികളെ പ്രേരിപ്പിക്കുന്നുണ്ട്.
ബദല്‍ നിക്ഷേപങ്ങളുടെ അഭാവം
സമ്പത്ത് വളര്‍ത്താന്‍ പണം നിക്ഷേപിക്കാന്‍ ചൈനക്കാര്‍ക്ക് ഏറ്റവും താല്പര്യം റിയല്‍ എസ്റ്റേറ്റ് തന്നെയാണ്. മിക്കവാറും ചൈനക്കാരും അവരുടെ സമ്പാദ്യത്തിന്റെ 70% വരെ ആഭ്യന്തര, അന്തര്‍ദേശീയ റിയല്‍ എസ്റ്റേറ്റിലാണ് നിക്ഷേപിക്കുന്നത്. താങ്ങാനാവുന്ന വിലയും ഭൂമിശാസ്ത്രപരമായ സാമീപ്യവും കാരണം 2010 കളുടെ അവസാനത്തില്‍ മെയിന്‍ലാന്‍ഡ് ചൈനീസ് മധ്യവര്‍ഗത്തിന് തെക്കുകിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങള്‍ പ്രിയമായിരുന്നെങ്കില്‍ ഇപ്പോള്‍ കൂടുതലും യൂറോപ്യന്‍ രാജ്യങ്ങളും, മറ്റു വികസിത വിപണികളുമാണ് താല്പര്യം.
മഹാമാരിക്ക് ശേഷമുള്ള പ്രതിസന്ധിയും, ദീര്‍ഘകാല ആഭ്യന്തര സ്വത്ത് പ്രതിസന്ധിയും, കുടുംബ സമ്പത്തിന്റെ വളര്‍ച്ച കുറയുന്നതും കാരണം, ചൈനയിലെ നിലവിലുള്ള സാമ്പത്തിക അനിശ്ചിതത്വം മറികടക്കാന്‍ വിദേശ നിക്ഷേപങ്ങള്‍ കൂടുതലായി നടത്തുന്നുണ്ട്. സാമ്പത്തികമായി, ചൈനയിലെ ബദല്‍ നിക്ഷേപങ്ങളുടെ അഭാവം സമ്പത്ത് സംരക്ഷണത്തിനുള്ള പ്രാഥമിക മാര്‍ഗമായി റിയല്‍ എസ്റ്റേറ്റിനെ വളര്‍ത്തുന്നുണ്ട്. പരിമിതമായ സാമ്പത്തിക ഉപകരണങ്ങള്‍, കര്‍ശനമായ മൂലധന നിയന്ത്രണങ്ങള്‍, അവികസിത മൂലധന വിപണികള്‍ എന്നിവ മൂലം ചൈനീസ് കുടുംബങ്ങള്‍ക്ക് അവരുടെ സമ്പത്ത് വൈവിധ്യവത്കരിക്കുന്നതിന് കുറച്ച് മാര്‍ഗങ്ങള്‍ മാത്രമേ ഉള്ളൂ. ഇതും റിയല്‍ എസ്റ്റേറ്റ് നിക്ഷേപം കൂട്ടാന്‍ ചൈനക്കാരെ പ്രേരിപ്പിക്കുന്നു.
നിശബ്ദമായി സ്വത്തുക്കള്‍ വാങ്ങുക
ആരുടേയും അത്ര ശ്രദ്ധ പതിയാത്ത സ്ഥലങ്ങളില്‍ പോലും റിയല്‍ എസ്റ്റേറ്റ് വാങ്ങാന്‍ സമ്പന്നരായ ചൈനീസ് നിക്ഷേപകര്‍ ഇപ്പോള്‍ താല്പര്യപ്പെടുന്നുണ്ട്. ഇതില്‍ അസ്ഥിരമായ കറന്‍സികളുള്ള സ്ഥലങ്ങള്‍, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുള്ള സ്ഥലങ്ങള്‍, പ്രശ്നങ്ങള്‍ കൊണ്ട് മനുഷ്യന് ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. വന്‍ നഗരങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് വാങ്ങുന്നതിനേക്കാള്‍ ഉള്‍നാടുകളിലേക്ക് നീങ്ങി റിയല്‍ എസ്റ്റേറ്റ് വാങ്ങുന്നതാണ് ചൈനക്കാര്‍ ഇപ്പോള്‍ ഇഷ്ടപ്പെടുന്നത്. ഉദാഹരണത്തിന് ലണ്ടന്‍ പോലുള്ള നഗരങ്ങളെക്കാള്‍ യുകെയുടെ ഉള്‍പ്രദേശങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് വാങ്ങാന്‍ ചൈനീസ് നിക്ഷേപകര്‍ കൂടുതല്‍ താല്പര്യം കാട്ടുന്നുണ്ട്. ചെറിയ പ്രദേശങ്ങളുടെ വളര്‍ച്ച സാധ്യത മുന്‍കൂട്ടി കണ്ടാണ് ഈ നീക്കം. ബ്രിട്ടന്‍ രാഷ്ട്രീയമായി കൂടുതല്‍ അടച്ചുപൂട്ടപ്പെടുമ്പോള്‍, അതിന്റെ റിയല്‍ എസ്റ്റേറ്റ് വിപണി കൂടുതല്‍ അന്തര്‍ദേശീയമായി മാറുന്നുണ്ട് എന്ന കാര്യവും ചൈനക്കാര്‍ മുതലെടുക്കുന്നുണ്ട്.
അതുപോലെ യുകെയില്‍ സ്വത്ത് സ്വന്തമാക്കുന്നതിന് ഇപ്പോഴും വലിയ പ്രതീകാത്മകവും പ്രായോഗികവുമായ മൂല്യമുണ്ട് എന്ന കാര്യവും ചൈനക്കാര്‍ തിരിച്ചറിയുന്നു. ദീര്‍ഘകാല വാടക വരുമാനമുള്ള സ്മാര്‍ട്ട്, മിഡ്-മാര്‍ക്കറ്റ് നിക്ഷേപങ്ങളിലേക്ക് ചൈനീസ് ശ്രദ്ധ മാറ്റിയിരിക്കുന്നത് അതുകൊണ്ടാണ്.
പ്ലാന്‍ ബി
കുടിയേറ്റം ചൈനക്കാര്‍ എപ്പോഴും ഒരു ‘പ്ലാന്‍ ബി’ ആയി കണക്കാക്കുന്ന കാര്യമാണ്. ചൈനയിലെ സാമ്പത്തിക, രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കെതിരെ സംരക്ഷണം നല്‍കാന്‍ കഴിയും എന്ന ചിന്തഗതിയാണ് ഇതിനു പിന്നിലുള്ളത്. സ്ഥിരതയുള്ള രാഷ്ട്രീയ, സാമ്പത്തിക അന്തരീക്ഷം, ശക്തമായ നിയമസംവിധാനങ്ങള്‍, ആകര്‍ഷകമായ ജീവിത സാഹചര്യങ്ങള്‍ എന്നിവയുള്ള രാജ്യങ്ങളെ ചൈനീസ് നിക്ഷേപകര്‍ ഇഷ്ടപ്പെടുന്നു. അതുകൊണ്ടാണ് പലരും യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തുന്നത്. ചൈനയിലെ സ്ഥിതി കൂടുതല്‍ വഷളാകുകയാണെങ്കില്‍, വിദേശത്തേക്ക് കുടിയേറാമല്ലോ എന്ന ചിന്തയും ഇതിലുണ്ട്.
ഉടമസ്ഥാവകാശ പാറ്റേണുകള്‍
ചൈനീസ് നിക്ഷേപകര്‍ക്ക് മുഴുവന്‍ പ്രോപ്പര്‍ട്ടി വിപണിയിലും ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞേക്കില്ലെങ്കിലും, അവരുടെ വാങ്ങലുകള്‍ പ്രാദേശിക ഉടമസ്ഥാവകാശ രീതികളെ ഗണ്യമായി മാറ്റുന്നുണ്ട്. ആതിഥേയ രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ചൈനീസ് നിക്ഷേപങ്ങള്‍ സംഭാവന നല്‍കിയേക്കാം എന്ന കാര്യം ശരിയാണ്. എന്നാല്‍ ആ രാജ്യങ്ങളിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ‘താങ്ങാനാവുന്ന വിലകള്‍’ ഉയരുന്നു എന്നതും സത്യമാണ്. തന്ത്രപരമായ നിക്ഷേപ അവസരങ്ങള്‍ മുതലെടുക്കുന്ന രീതി ചൈന റിയല്‍ എസ്റ്റേറ്റ് മേഖലയിലൂടെ അവലംബിക്കുന്നത് പലപ്പോഴും രാജ്യങ്ങള്‍ തിരിച്ചറിയുന്നില്ല എന്ന കാര്യവും സംഭവിക്കുന്നുണ്ട്. മുഴുവന്‍ വിപണിയെയും നിയന്ത്രിക്കുന്നില്ലെങ്കിലും, അവരുടെ നിക്ഷേപങ്ങള്‍ക്ക് പ്രാദേശിക റിയല്‍ എസ്റ്റേറ്റ് വിപണികളിലും ഉടമസ്ഥാവകാശ രീതികളിലും കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയും. ഇത് വില വര്‍ദ്ധനവിനും മറ്റ് സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കും കാരണമാകും.
ഡാവോ ഇന്‍സൈറ്റ്‌സിന്റെ കണക്കനുസരിച്ച്, ദുബായിലെ വിദേശ റിയല്‍ എസ്റ്റേറ്റ് നിക്ഷേപകരുടെ നാലാമത്തെ വലിയ ഗ്രൂപ്പാണ് ചൈനക്കാര്‍. 2024 ലെ എല്ലാ ഇടപാടുകളുടെയും 8% അവര്‍ക്കാണ്. ദുബായി ചോദ്യങ്ങള്‍ ചോദിക്കാത്ത ഒരു ആഗോള ബിസിനസ് കേന്ദ്രമാണ് എന്നതിനാല്‍, ചൈനക്കാര്‍ക്കും ഇവിടം പ്രിയപ്പെട്ടതാണ്. ആഡംബര റിയല്‍ എസ്റ്റേറ്റ് പല കേസുകളിലും, മൃദു കുടിയേറ്റത്തിലേക്കുള്ള ആദ്യപടിയാണ് എന്ന കാര്യവും ഇവിടെ ഓര്‍ക്കാം.
മൊറോക്കോയില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തുന്നതിലൂടെ ആഫ്രിക്കയിലേക്കുള്ള പ്രവേശനം ചൈന ഉറപ്പുവരുത്തുന്നുണ്ട്. വളര്‍ന്നുവരുന്ന പുനരുപയോഗ ഊര്‍ജ്ജ മേഖല, വളര്‍ന്നുവരുന്ന ഒരു ഓട്ടോമോട്ടീവ് ഹബ് എന്നിവയാണ് മൊറോക്കോയുടെ പ്രത്യേകത. റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ പ്രത്യേകിച്ച് കാസബ്ലാങ്കയിലും ടാന്‍ജിയറിലും ചൈന നിശബ്ദമായി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
യൂറോപ്പിനും ആഫ്രിക്കയ്ക്കും അറബ് ലോകത്തിനും ഇടയിലുള്ള ഒരു പാലമായിട്ടാണ് ചൈന മൊറോക്കോയെ കാണുന്നത്. ടാന്‍ജിയര്‍ ടെക് സിറ്റി പോലുള്ള പ്രധാന അടിസ്ഥാന സൗകര്യ നിക്ഷേപങ്ങള്‍ രാജ്യത്ത് വലിയ തോതിലുള്ള ചൈനീസ് സാന്നിധ്യം സാധാരണ നിലയിലാക്കാന്‍ സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ ആ കോര്‍പ്പറേറ്റ് സാന്നിധ്യം റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റിലേക്കും വ്യാപിക്കുന്നു.
ഇന്തോനേഷ്യ പുതുതായി ഒരു തലസ്ഥാന നഗരം നിര്‍മ്മിക്കുകയാണ് – നുസാന്താര. ചൈനീസ് നിക്ഷേപകര്‍ ഇവിടെ എത്തിക്കൊണ്ടിരിക്കുകയാണ്. വാസ്തവത്തില്‍, ഒരു ചൈനീസ് ഹോട്ടല്‍ ഗ്രൂപ്പാണ് പദ്ധതിയിലെ ആദ്യത്തെ വിദേശ നിക്ഷേപകന്‍. പദ്ധതിയുടെ അനിശ്ചിതത്വവും കാലതാമസവും കണക്കിലെടുക്കുമ്പോള്‍ ഇത് ചൈനക്കാരുടെ ഒരു ധീരമായ നീക്കം ആണെന്ന് പറയാം.
ചൈനക്കാരെ വ്യത്യസ്തരാക്കുന്നത്
ഇന്‍ഡോനേഷ്യ മുതല്‍ യുകെ വരെ ‘പ്രശ്നം പിടിച്ച’ റിയല്‍ എസ്റ്റേറ്റ് വിപണികളില്‍ ചൈനക്കാര്‍ക്ക് താല്പര്യം കൂടുതലാണ്. ഇന്തോനേഷ്യയിലെ ചൈനീസ് റിയല്‍ എസ്റ്റേറ്റ് വാതുവെപ്പുകളും, ഉദ്യോഗസ്ഥ തലത്തിലെ നൂലാമാലകളും, സാമ്പത്തികമായ സ്ഥിരതയില്ലായ്മയും, മറ്റും പാശ്ചാത്യരെ ഇവയില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന കാര്യമാണ്. ഈ രാജ്യങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ കാലതാമസമുണ്ടാകാനും സാധ്യതയുണ്ട്. പക്ഷേ അതൊന്നും ചൈനക്ക് പ്രശ്നമല്ല. കുഴപ്പങ്ങളെ നേട്ടങ്ങള്‍ ആക്കുന്നതില്‍ ഹരം കണ്ടെത്തുന്നവരാണ് ചൈനക്കാര്‍ എന്ന് ചുരുക്കം. അപകടസാധ്യതയുള്ള റിയല്‍ എസ്റ്റേറ്റ് നിക്ഷേപം കുറഞ്ഞ വിലയ്ക്ക് ലഭിക്കുമ്പോള്‍ അതിനെ വികസിപ്പിച്ച് പത്തിരട്ടി നേട്ടമുണ്ടാക്കാന്‍ ചൈനക്കാര്‍ക്ക് ആകുന്നുണ്ട്.
സുരക്ഷിതവും വികസിതവും പാശ്ചാത്യവുമായ വിപണികളില്‍ മാത്രം വാങ്ങുക എന്ന പഴയ യുക്തിക്ക് പ്രസക്തി ഇല്ല എന്നാണ് ചൈനക്കാര്‍ വിശ്വസിക്കുന്നത്. ഈ സ്വത്ത് നീക്കങ്ങള്‍ ആഴത്തിലുള്ള മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. ചൈനീസ് നിക്ഷേപകര്‍ വരുമാനം മാത്രമല്ല തേടുന്നത്. അവര്‍ റിയല്‍ എസ്റ്റേറ്റ് തെരഞ്ഞെടുപ്പില്‍ പുതിയ പാതകള്‍ തുറക്കുകയാണ്. തന്ത്രപരമായ ഒരു വൈവിധ്യവല്‍ക്കരണം ആണ് ഈ മേഖലയില്‍ ചൈന നടത്തുന്നത്. വന്‍ നഗരങ്ങളില്‍ മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുന്നതിന് പകരം, ചെറിയ പട്ടണങ്ങളില്‍ കുറവ് നിക്ഷേപം നടത്തി ആ പ്രദേശം വന്‍ നഗരമാക്കുക എന്ന സൂത്രം അവര്‍ ആഗോളതലത്തില്‍ നിശബ്ദമായി നടപ്പിലാക്കുന്നുണ്ട് എന്ന് പറയാം.
ചൈനയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വികാസം ആഗോളതലത്തില്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ വൈവിധ്യവത്കരിക്കാന്‍ ആഗ്രഹിക്കുന്ന കൂടുതല്‍ സമ്പന്നരായ വ്യക്തികളെയും കോര്‍പ്പറേഷനുകളെയും സൃഷ്ടിച്ചു. ഇത് ഉപയോഗിച്ച് വിദേശത്ത് സ്വത്തുക്കള്‍ വാങ്ങുന്നതിലൂടെ, ചൈനീസ് നിക്ഷേപകര്‍ക്ക് ആഭ്യന്തര സാമ്പത്തിക പ്രശ്നങ്ങളില്‍ പിടിച്ചുനില്ക്കാന്‍ കഴിയും. ചൈനയില്‍ പണപ്പെരുപ്പവും കറന്‍സി വ്യതിയാനങ്ങളും സംബന്ധിച്ച ആശങ്കകളുടെ പശ്ചാത്തലത്തില്‍, പ്രത്യേകിച്ച് സമ്പത്ത് സംരക്ഷണത്തിനുള്ള ഒരു സുരക്ഷിത താവളമായി റിയല്‍ എസ്റ്റേറ്റ് കണക്കാക്കപ്പെടുന്നു.
ചുരുക്കത്തില്‍ പറഞ്ഞാല്‍ ചൈനയിലെ സമ്പത്ത് വൈവിധ്യവല്‍ക്കരിക്കുക, കൂടുതല്‍ സ്ഥിരതയുള്ള നിക്ഷേപ അന്തരീക്ഷം തേടുക, അപകടസാധ്യതകള്‍ക്കെതിരെ സംരക്ഷണം നല്‍കുക തുടങ്ങി പല ലക്ഷ്യങ്ങളും, വിദേശങ്ങളില്‍ ചൈനക്കാര്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തുന്നതിന് പിന്നിലുണ്ട്. ദീര്‍ഘകാല കണക്കുകൂട്ടലുകള്‍ ആണ് ചൈനക്കാര്‍ക്ക് ഇഷ്ടമെന്നുള്ളതിന് അവര്‍ നടത്തുന്ന റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നോക്കിയാല്‍ മനസിലാകും. ഹ്രസ്വകാല ദുര്‍ബലതയുള്ള വളര്‍ന്നുവരുന്ന വിപണികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല നേട്ടങ്ങള്‍ സ്വന്തമാക്കുക എന്ന വിശാലമായ ചൈനീസ് തന്ത്രമാണ് അവര്‍ നടപ്പിലാക്കുന്നത്. വിദേശങ്ങളിലെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം ‘ഒരു ഫ്യൂച്ചര്‍ ബെറ്റ്’ എന്ന നിലയിലാണ് ചൈനക്കാര്‍ കാണുന്നത് എന്ന് ചുരുക്കം. ചൈനക്കാര്‍ക്ക് സ്വന്തം സര്‍ക്കാരിനെ വിശ്വാസം ഇല്ലാത്തതിനാലാണോ, ജനങ്ങളെക്കൊണ്ട് വിദേശങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് വാങ്ങിപ്പിക്കുന്നത് ചൈനീസ് സര്‍ക്കാരിന്റെ രഹസ്യ അജണ്ടയാണോ, അതോ വിദേശ റിയല്‍ എസ്റ്റേറ്റ് വിപണികളെ നിയന്ത്രിക്കാനുള്ള ചൈനയുടെ പുതിയ തരം തന്ത്രമാണോ എന്നതിനൊക്കെ കാലം ഉത്തരം തരുമായിരിക്കും. Why are Chinese investors interested in real estate in other countries?
Content Summary: Why are Chinese investors interested in real estate in other countries?
Leave a Comment