വയനാട് മുണ്ടക്കൈ ദുരന്തത്തില്‍ ദുരിതാശ്വാസ ഫണ്ട് ചോദിച്ച കേരളത്തെ നിരാശപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. 1500 കോടി രൂപ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരളത്തിന്റെ ദുരന്തനിവാരണ ഫണ്ടില്‍ പണമുണ്ടല്ലോ എന്ന് പറഞ്ഞുകൊണ്ട് ഉരുണ്ട് കളിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ പ്രദേശത്തെ വീണ്ടെടുക്കുന്നതിനായുള്ള സഹായ പദ്ധതിയിലേക്കുള്ള പണം നല്‍കുന്നതിലാണ് സര്‍ക്കാര്‍ ഈ അനാസ്ഥ കാണിക്കുന്നത്. ഡല്‍ഹിയിലെ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി കഴിഞ്ഞ ദിവസം നല്‍കിയ കത്തിലാണ് തീരുമാനം അറിയിച്ചത്. central government avoid wayanad
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് നിത്യാനന്ദ റായി കത്ത് നല്‍കിയത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 2024 ഏപ്രില്‍ ഒന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം എസ്ഡിആര്‍എഫില്‍ 394 കോടി രൂപ ഉണ്ടെന്ന് അക്കൗണ്ട് ജനറല്‍ അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്രം നല്‍കിയ കത്തില്‍ പറയുന്നു. 2024-25 വര്‍ഷത്തില്‍ എസ്ഡിആര്‍എഫിലേക്ക് 388 രൂപ കൈമാറിയതില്‍ 291 കോടി കേന്ദ്രത്തില്‍ നിന്ന് ലഭിച്ചതായിരുന്നു.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സഹായമായി 1500 കോടി രൂപയായിരുന്നു കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കത്ത് നല്‍കി മൂന്ന് മാസങ്ങള്‍ക്ക് ശേഷവും മൗനം പാലിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഉരുള്‍പൊട്ടല്‍ സമയത്ത് വയനാട്ടില്‍ പ്രധാനമന്ത്രി എത്തി ദുരന്തമുഖം സന്ദര്‍ശിച്ചതും കേന്ദ്രം ഇതുവരെ എടുത്ത നടപടികളും എല്ലാം കത്തില്‍ വ്യക്തമാക്കിയിരുന്നു. സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സംഘത്തെ അയച്ചത് കേരളം ആവശ്യപ്പെടാതെ തന്നെയാണ്, അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികളെന്നുമാണ് വിശദീകരണം. പക്ഷെ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് മാസങ്ങളായി എന്ന കാര്യവും ശ്രദ്ധേയമാണ്.
ഇതോടൊപ്പം വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അറിയിച്ചിരുന്നു. 231 പേര്‍ കൊല്ലപ്പെടുകയും 47 പേരെ കാണാതാവുകയും, രണ്ട് ഗ്രാമങ്ങള്‍ മുഴുവനായും ഇല്ലാതാവുകയും 900 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്ത ദുരന്തത്തിന്റെ ഇരകളോടാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ അവഗണന.
‘എസ്ഡിആര്‍എഫ്/എന്‍ഡിആര്‍എഫ് എന്നിവയുടെ നിലവിലുള്ള വ്യവസ്ഥകള്‍ പ്രകാരം, ഒരു ദുരന്തത്തെയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നിയമമില്ല’ എന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് കെ വി തോമസിന് അയച്ച കത്തില്‍ പറയുന്നത്.
ദുരന്തനിവാരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനത്തിനാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ദുരന്ത നിവാരണത്തിന്റെ ആദ്യ ഗഡുവായ 145.60 കോടി ജൂലൈ 31 നും രണ്ടാം ഗഡുവായ 145.60 കോടി രൂപ ഒക്ടോബര്‍ 1 നും അനുവദിച്ചിരുന്നു എന്നും കത്തില്‍ പറയുന്നുണ്ട്.
പുനരധിവാസത്തിനുള്ള തുക എസ്ഡിആര്‍എഫിലുണ്ടോ?
സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ ആവശ്യമായ തുകയുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദമെന്നിരിക്കെ അതുപയോഗിച്ച് ചെയ്തു തീര്‍ക്കാവുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളല്ല വയനാട്ടില്‍ ബാക്കിയുള്ളത്. ഒരു ഗ്രാമം തന്നെ പുനരധിവസിപ്പിക്കാന്‍ ഇത്ര ചെറിയ തുക കൊണ്ട് സാധിക്കുമോ എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. മാത്രമല്ല എസ്ആര്‍ഡിഎഫില്‍ നിന്നും പണമെടുക്കുന്നതിന് പരിധികളുണ്ട്. പൂര്‍ണമായും തകര്‍ന്ന വീടുകള്‍ക്ക് 1.30 ലക്ഷം രൂപയും ഒരു കിലോമീറ്റര്‍ റോഡ് നന്നാക്കാന്‍ 75000 രൂപയും എന്നതാണ് കണക്ക്. ഇത്തരം വ്യവസ്ഥകള്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളെ പരിമിതപ്പെടുത്തുമെന്ന് റവന്യു ഉദ്യോഗസ്ഥരും പറയുന്നു.
രാജ്യത്തെ ദുരന്ത നിവാരണ നിയമമനുസരിച്ച് സാധാരണയായി എല്ലാ വര്‍ഷവും നല്‍കുന്ന തുക മാത്രമേ ഇത്തവണയും കേന്ദ്രം കേരളത്തിന് നല്‍കിയിട്ടുള്ളു, മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് പ്രത്യേക സഹായം നല്‍കിയിട്ടില്ല. ദുരന്തമുണ്ടായാലും ഇല്ലെങ്കിലും നല്‍കുന്ന ഈ പണം കൊണ്ട് ഒരു പ്രദേശം മുഴുവന്‍ പുനക്രമീകരിക്കുക എന്നത് പ്രായോഗികമായ കാര്യമല്ല.
വലിയ ദുരന്തങ്ങളുണ്ടാകുമ്പോള്‍ സാധാരണയായി സിആര്‍ഡിഎഫ് തുകയ്ക്ക് പുറമെ ദേശിയ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും പണം നല്‍കാറുണ്ട്, എന്നാല്‍ കേരളത്തിന് ഇത്തരത്തില്‍ സഹായങ്ങളൊന്നും ലഭിച്ചിട്ടില്ല.
‘സംസ്ഥാന സര്‍ക്കാറിന്റെ മാത്രം സഹായം കൊണ്ട് ഒരു ഗ്രാമത്തെ മുഴുവന്‍ വീണ്ടെടുക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. പുനരധിവാസത്തിനുള്ള സ്ഥലമെടുപ്പ് പോലും ശരിയായിട്ടില്ല. കേന്ദ്രം കൂടി ദുരന്ത ബാധിതരെ കൈവിട്ടാല്‍ മുന്നോട്ട് പോക്ക് വളരെ ക്ലേശകരമായിരിക്കും. ഇപ്പോള്‍ ജില്ലയുടെ പല ഭാഗങ്ങളിലായാണ് പലരും താമസിക്കുന്നത്, അതുകൊണ്ട് അവരുടെ തൊഴിലും മറ്റു കാര്യങ്ങളുമൊക്കെ പ്രശ്നത്തിലാണ്.’ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബാബു പറയുന്നു.
കേന്ദ്ര ദുരന്തനിവാരണ നിയമം 2005 പ്രകാരം എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് പോലുള്ള കോര്‍പസ് ഫണ്ട് ഉണ്ടായിരിക്കുക എന്നത് നിയമപരമാണ്. ഇതിലേക്ക് എത്ര പണമാണ് ഓരോ വര്‍ഷവും നല്‍കേണ്ടത് എന്നത് ധനകാര്യ കമ്മീഷന് ഒരു റഫറന്‍സ് നിബന്ധനകളില്‍ വ്യക്തമാക്കി കൊടുക്കുകയാണ് ചെയ്യുന്നത്. അത് പ്രകാരം കേന്ദ്ര ധനകാര്യ കമ്മീഷനാണ് പറയുന്നത് കേന്ദ്ര ഫണ്ടിലെയും സംസ്ഥാന ഫണ്ടിലെയും തുകകള്‍ എങ്ങനെയെല്ലാം വിനിയോഗിക്കണം എന്നത്. അത്തരത്തില്‍ എല്ലാ വര്‍ഷവും കേന്ദ്ര ധനകാര്യ കമ്മീഷന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കുന്ന തുക മാത്രമേ ഇത്തവണയും നല്‍കിയിട്ടുള്ളു. ഈ പണം ഇടിവെട്ട്, പാമ്പ് കടി മുതല്‍ എന്ത് വന്നാലും ഇതില്‍ പറയുന്ന മാനദണ്ഡ പ്രകാരം പണം ഉപയോഗിക്കാവുന്നതാണ്. അപൂര്‍വ്വമായ തീവ്രതയുള്ള ഒരു ദുരന്തം വന്നാല്‍ കേന്ദ്ര ഫണ്ടില്‍ നിന്നും പണം കൊടുക്കാന്‍ കഴിയും. ഒരു സംസ്ഥാനത്തിന് ദുരന്ത പ്രതികരണം അത്യാവശ്യമായി വരുന്ന ഘട്ടത്തില്‍ അഡ്വാന്‍സായി വരെ പണം കൊടുക്കുന്ന രീതികളുണ്ട്. വയനാട്ടിലുണ്ടായ ദുരന്തം ഇന്ത്യയില്‍ ഇന്നുവരെ ഉണ്ടായതില്‍ ഏറ്റവും വലിയ ഉരുള്‍പൊട്ടലാണ് എന്നതില്‍ സംശയമില്ല. അതിലൂടെ ഒഴുകിയ മണ്ണിന്റെ അളവ് ആറ് ദശലക്ഷം ക്യുബിക് മീറ്ററാണ് എന്നതാണ് ഇപ്പോഴത്തെ കണക്ക്. അത്രയും തീവ്രമായ ഒരു ദുരന്തമാണ് വയനാട്ടില്‍ നടന്നത്. അങ്ങനെ വരുമ്പോള്‍ അതിന് പ്രത്യേകമായി സഹായം നല്‍കണമെങ്കില്‍ ദുരന്തത്തെ ലെവല്‍ ത്രീ കാറ്റഗറിയില്‍ പെടുത്തുകയോ, ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയോ വേണം, എങ്കില്‍ മാത്രമേ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും മതിയായ പണം ലഭിക്കുകയുള്ളു. ഇപ്പോള്‍ ഈ അവസ്ഥയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇവിടെ പണമുണ്ടല്ലോ എന്ന് പറയുന്നതിനപ്പുറത്ത് ആ മനുഷ്യരുടെ ജീവിതം തിരികെ പിടിക്കാന്‍ പണം ആവശ്യമുണ്ട്. അതിന്റെ ഒരു പങ്ക് കേന്ദ്ര സര്‍ക്കാര്‍ തരണം, അല്ലാതെ സാധാരണഗതിയില്‍ കിട്ടുന്ന പണത്തില്‍ നിന്ന് എടുത്ത് ചിലവഴിച്ചൂടെ എന്ന് ചോദിക്കുന്നത് പ്രശ്നത്തിനുള്ള പരിഹാരമല്ല. എസ്ഡിആര്‍എഫ് എന്നത് കോര്‍പസ് ഫണ്ടാണ് അതില്‍ നിന്നും മുഴുവന്‍ തുക എടുത്ത് പെരുമാറുക എന്നത് പ്രായോഗികമല്ല, ഇപ്പോള്‍ ആ പണം മുഴുവന്‍ എടുത്ത് ചിലവഴിച്ചാല്‍ നാളെ പെട്ടെന്ന് മറ്റൊരു ദുരന്തം വന്നാല്‍ എന്ത് ചെയ്യും?
കോര്‍പ്പസിലുള്ള പണം കാണിച്ച് അത് എന്തുകൊണ്ട് വയനാട്ടുകാര്‍ക്ക് നല്‍കിക്കൂടാ എന്ന് ചോദിക്കുന്നത് അനീതിയാണ്. ഒരു ഗ്രാമം മുഴുവനായും ഒലിച്ചുപോയി ഇനി അവിടുത്തെ ആളുകളെ പുനരധിവസിപ്പിക്കാന്‍ പുതിയ ടൗണ്‍ഷിപ്പ് ഉണ്ടാക്കണം. അതിന് ഇപ്പോള്‍ എസ്ഡിആര്‍എഫിലുള്ള പണം മതിയാകില്ല. സ്വതന്ത്ര ഗവേഷകന്‍ ഗോപകുമാര്‍ മുകുന്ദന്‍ പറയുന്നു.
മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിയെ കാണുകയും പ്രധാനമന്ത്രി എത്തി ദുരന്തമുഖം സന്ദര്‍ശിക്കുകയും പഠനത്തിനായി സംഘത്തെ നിയമിക്കുകയും ചെയ്തിട്ടും പ്രത്യേക പരിഗണനകള്‍ ഒന്നും കേരളത്തിന് നല്‍കിയിട്ടില്ല. എന്നാല്‍ കേന്ദ്രം പറയുന്നതനുസരിച്ചുള്ള തുക എല്ലാ സംസ്ഥാനങ്ങള്‍ക്കും എല്ലാ വര്‍ഷവും നല്‍കുന്നതാണ്. നമ്മള്‍ വളരെയധികം പ്രതീക്ഷയോടെയാണ് ഇരുന്നത്. കാരണം പ്രധാനമന്ത്രി നേരിട്ട് വന്ന് ദുരന്തമേഖല കാണുകയും കേരളത്തിന് ശേഷം ദുരന്തമുണ്ടായ പല സ്ഥലങ്ങളിലും സഹായം എത്തിക്കുകയും ചെയ്തിരുന്നു. എന്നിട്ടും എന്തുകൊണ്ട് കേരളത്തെ അവഗണിക്കുന്നു എന്ന് ജനങ്ങള്‍ ചോദിക്കുകയാണ്. എന്തുകൊണ്ടാണ് കേന്ദ്രം കേരളത്തോട് ഇത്രയധികം അവഗണന കാണിക്കുന്നത് എന്ന് ജനങ്ങള്‍ ആലോചിക്കേണ്ടതാണ്. ഡല്‍ഹിയിലെ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് വ്യക്തമാക്കി.
കേരളവും ഇന്ത്യയിലെ ഒരു സംസ്ഥാനമാണെന്നിരിക്കെ എന്തിന് വയനാട്ടിലെ ദുരന്ത ബാധിതരോട് മാത്രം ഇത്രയ്ക്ക് അവഗണന എന്നത് വളരെ വലിയൊരു ചോദ്യമാണ്. രാജ്യത്ത് ഇന്നുവരെ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ മണ്ണിടിച്ചിലാണ് വയനാട്ടിലുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നിട്ടും പുനരധിവാസത്തിന് മതിയായ തുക നല്‍കാത്തത് ആരോടുള്ള പിടിവാശിയാണ്? ഒരു ഉറക്കമുണര്‍ന്നപ്പോഴേക്ക് സ്വന്തമെന്ന് പറയാവുന്നതെല്ലാം നഷ്ടപ്പെട്ട മനുഷ്യരാണ് വാടക വീടുകളിലും മറ്റുമായി താമസിക്കുന്നത്. ഇവരുടെ ജീവിതത്തിനും കഷ്ടപ്പാടുകള്‍ക്കും വിലയില്ലാ എന്ന് പറയാതെ പറയുകയാണ് കേന്ദ്ര സര്‍ക്കാര്‍. central government avoid wayanad
content summary; why central government avoid wayanad
This post was last modified on November 19, 2024 5:14 am
Leave a Comment