February 14, 2025 |

സീരിയലുകളില്‍ സെന്‍സറിങ് വേണം; തെറ്റായ സന്ദേശം നല്‍കുന്നുവെന്ന് വനിതാ കമ്മീഷന്‍

സീരിയലുകളുടെ സെന്‍സറിങ് സിനിമാ സെന്‍സര്‍ ബോര്‍ഡിനെ ഏല്‍പ്പിക്കുകയോ പ്രത്യേക ബോര്‍ഡ് രൂപവല്‍ക്കരിക്കുകയോ വേണമെന്നാണ് വനിതാ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ആവശ്യം.

സീരിയല്‍ പോലെ നീളുന്ന ഒരു കഥാവിഷ്‌ക്കാരത്തെ സ്നേഹിക്കുന്ന സ്ത്രീകളും പുരുഷന്മാരും കുട്ടികളുമുള്ള നാടാണ് കേരളം. കണ്ണീരൊലിപ്പിക്കുന്ന, കുശുമ്പൊക്കെ ഇടകലര്‍ന്ന സീരിയലുകള്‍ അടുക്കളവട്ടത്തൊരു ആനന്ദമാണ്. എന്നാല്‍ ഇതിനെ കൂച്ചുവിലങ്ങിടുന്ന തരത്തിലാണ് വനിതാ കമ്മീഷന്റെ പുതിയ റിപ്പോര്‍ട്ട് വരുന്നത്. മെഗാപരമ്പരകള്‍ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ പരിശോധന ആവശ്യമാണെന്നതാണ് റിപ്പോര്‍ട്ട്. മെഗാപരമ്പരകള്‍ നിരോധിച്ച്, എപ്പിസോഡുകള്‍ 20 മുതല്‍ 30വരെയായി കുറയ്ക്കണം. ഒരു ദിവസം ഒരു ചാനലില്‍ രണ്ട് സീരിയല്‍ മതിയെന്നും പുനഃസംപ്രേഷണം അനുവദിക്കരുതെന്നും കമ്മീഷന്‍ ആവശ്യപ്പെടുന്നുണ്ട്.Serials should be censored

സീരിയലുകളുടെ സെന്‍സറിങ് സിനിമാ സെന്‍സര്‍ ബോര്‍ഡിനെ ഏല്‍പ്പിക്കുകയോ പ്രത്യേക ബോര്‍ഡ് രൂപവല്‍ക്കരിക്കുകയോ വേണമെന്നാണ് വനിതാ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ആവശ്യം. 13 -19 വയസ് പ്രായക്കാരായ 400 പേരുടെ അഭിപ്രായങ്ങള്‍ വിലയിരുത്തിയാണ് കമ്മീഷന്റെ പഠനം. മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇത്തരത്തിലൊരു നിഗമനത്തിലേക്ക് പഠനമെത്താന്‍ കാരണം പരമ്പരകളില്‍ തെറ്റായ സന്ദേശമുണ്ടെന്ന 43 ശതമാനം പേരുടെ വിലയിരുത്തലുകളെ തുടര്‍ന്നാണ്. അസാന്മാര്‍ഗിക കഥാപാത്രങ്ങളെ കുട്ടികളടക്കം അനുകരിക്കുന്നതായും പഠനം കണ്ടെത്തി. പകുതിയലധികം പേര്‍ സീരിയലിന്റെ പ്രമേയത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യമുന്നയിച്ചു. യാഥാര്‍ത്ഥ്യബോധമുള്ള കഥകള്‍ കുറവാണെന്നും കഥകള്‍ കുട്ടികളെയും കുടുംബങ്ങളെയും ബാധിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 മുതല്‍ 2022 വരെയാണ് വിവിധ മേഖലകളിലെ പ്രശ്നങ്ങള്‍ കമ്മീഷന്‍ പഠിച്ചത്.

വിമര്‍ശനങ്ങളും അഭിപ്രായങ്ങളും തെറ്റുകളും ചൂണ്ടിക്കാട്ടുന്ന പഠനത്തില്‍ ചില ശുപാര്‍ശകളും ഉള്‍പ്പെടുന്നുണ്ട്. ഹ്രസ്വചിത്രങ്ങളും വെബ്സീരീസുകളും വിദ്യാഭ്യാസപരിപാടികളും ഉള്‍പ്പെടുത്തുക, കുട്ടികള്‍ അമിതമായി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കുക,അധിക്ഷേപ ഭാഷ നിരോധിക്കുക എന്നിവയില്‍ ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുകയും പ്രത്യേകം സമിതികള്‍ രൂപവല്‍ക്കരിക്കുകയും വേണം. പരാതിസെല്ലും സീരിയല്‍ മേഖലയെ സംബന്ധിച്ച് ആവശ്യമാണെന്നും വനിതാ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

‘മെഗാപരമ്പരകളെ സെന്‍സര്‍ ചെയ്യുന്നതിലൂടെ സീരിയലുകള്‍ക്ക് നിയന്ത്രണം ഉണ്ടാവുകയാണ്. ഇതിലൂടെ മേഖല സാമ്പത്തികമായ പ്രശ്നങ്ങളിലേക്ക് കടക്കും. നിരവധി അണിയറപ്രവര്‍ത്തകരും നടീനടന്‍മാരുമടങ്ങിയ മേഖലയെ നഷ്ടത്തിലേക്ക് നയിക്കുന്നതാണ് സീരിയല്‍ സെന്‍സറിങ്. യുവാക്കളെ കേന്ദ്രീകരിച്ചുള്ള പഠനത്തിലാണ് ഇത്തരം വിലയിരുത്തലുകള്‍ വന്നിരിക്കുന്നത്. എന്നാല്‍ 30 വയസ് മുതലുള്ള സ്ത്രീകളും പുരുഷന്മാരും അടങ്ങിയവരാണ് സീരിയലിന്റെ പ്രധാന പ്രേക്ഷകര്‍. ഈ പഠനറിപ്പോര്‍ട്ട് കേന്ദ്രീകരിച്ച് നിയമനിര്‍മാണം നടത്തുന്നതിനെ ഒരിക്കലും അംഗീകരിക്കാനാവില്ല. എന്നാല്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളിലെ പരാതി സെല്‍ എന്ന ആശയത്തെ പൂര്‍ണമായും അനുകൂലിക്കുന്നുവെന്നും’ കഥാകൃത്തും, സീരിയല്‍ സിനിമാ സംവിധായകനുമായ സുരേഷ് ഉണ്ണിത്താന്‍ അഴിമുഖത്തോട് പ്രതികരിച്ചു. Serials should be censored

content summary; Serials should be censored; The Women’s Commission says it is sending the wrong message

×