തനിക്ക് തന്റെ വഴി, പാര്‍ട്ടിക്ക് പാര്‍ട്ടിയുടെ വഴിയെന്ന നിലപാടിലാണോ ഇ പി
വ്യത്യസ്ത രാഷ്ട്രീയക്കാര്‍ പരസ്പരം സംസാരിക്കുന്നതും സൗഹൃദം പുലര്‍ത്തുന്നതും കുടുംബബന്ധമുണ്ടാക്കുന്നതും പാപമാണോ? വിവരമുള്ളവരാരും അതു പറയില്ല.
അങ്ങനെ എത്രയോ ഉറ്റസൗഹൃദങ്ങള്‍ ഈ ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തില്‍ ഉണ്ട്, ഉണ്ടായിട്ടുണ്ട്.
പിന്നെന്തു കൊണ്ടാണ് സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി ജയരാജനും ബി.ജെ.പിയുടെ ദേശീയ നേതാക്കളിലൊരാളായ പ്രകാശ് ജാവ്ദേക്കറും കൂടിക്കാഴ്ച നടത്തിയത് ഇത്രയും കോളിളക്കം സൃഷ്ടിച്ചത്?
അത്രയും വലിയ പാതകമാണോ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) പ്രവര്‍ത്തകര്‍ ഇക്കാലമത്രയും ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെന്നു വിശേഷിപ്പിച്ച ഇ.പി ജയരാജന്‍ ചെയ്തത്?
അതിന്റെ ഉത്തരത്തിലേയ്ക്കു എത്തും മുമ്പ് ഇ.പി ജയരാജന്‍-പ്രകാശ് ജാവ്ദേക്കര്‍ കൂടിക്കാഴ്ച വിവാദമുയര്‍ത്തിയ ഘട്ടത്തില്‍ അതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയ പ്രതികരണം ഒരിക്കല്‍ കൂടി ഓര്‍മിക്കേണ്ടതുണ്ട്. ‘ഇ.പി ജാവ്ദേക്കറെ കണ്ടതില്‍ തെറ്റില്ല’ എന്നാണ് എം.വി ഗോവിന്ദന്‍ പറഞ്ഞത്.
‘അതിലെന്താണിത്ര വിശേഷം. ഞാന്‍ ജാവ്ദേക്കറെ എത്ര തവണ കണ്ടിരിക്കുന്നു’ എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. രണ്ട് ഉത്തരവും ഇ.പിയുടെ നടപടി തെറ്റല്ല എന്നാണ് ബോധ്യപ്പെടുത്തുന്നത്.
എന്നിട്ടും എന്തുകൊണ്ടാണ് ഇ.പി ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നു നീക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം തീരുമാനിച്ചത്?
അതാണ് ഈ കഥയിലെ മൂലതന്തു.
കമ്യൂണിസ്റ്റ് രീതിയനുസരിച്ച് പാര്‍ട്ടി തത്വങ്ങള്‍ക്കും നയങ്ങള്‍ക്കും അച്ചടക്കത്തിനും വിരുദ്ധമായി ഏതൊരംഗം പ്രവര്‍ത്തിച്ചാലും സംഘടനാപരമായ നടപടിയുണ്ടാകും. അത് ആരോപണവിധേയനായ വ്യക്തി അംഗമായ പാര്‍ട്ടി ഫോറത്തില്‍ തുറന്ന ചര്‍ച്ച ചെയ്യുകയും ആരോപണവിധേയന് മറുപടി നല്‍കാന്‍ അവസരം കൊടുക്കുകയും ആ മറുപടി തൃപ്തികരമല്ലെന്ന് ആ ഫോറത്തിലെ ഭൂരിപക്ഷം അംഗങ്ങള്‍ക്കും ബോധ്യമാവുകയും ചെയ്യുന്ന ഘട്ടത്തില്‍ മാത്രമായിരിക്കും. അതിന്റെ അടിസ്ഥാനത്തില്‍ ശാസന, പരസ്യശാസന, നിലവിലുള്ള പാര്‍ട്ടി ഘടതത്തില്‍ നിന്നു തരംതാഴ്ത്തല്‍, നിശ്ചിതകാലത്തേയ്ക്കു സസ്പെന്‍ഷന്‍, പുറത്താക്കല്‍ തുടങ്ങിയ ഏതെങ്കിലും നടപടിയായിരിക്കും എടുക്കുക. അത് മേല്‍ഘടകത്തില്‍ റിപ്പോര്‍ട്ട് ചെയ്യും. അത് അംഗീകരിക്കപ്പെട്ടാല്‍ കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യും. ഇത് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പൊതുരീതിയാണ്.
ഇവിടെ ഇ.പി ജയരാജനെതിരേ പാര്‍ട്ടി നടപടികളൊന്നുമുണ്ടായിട്ടില്ല. അദ്ദേഹമിപ്പോഴും സി.പി.എം കേന്ദ്രകമ്മിറ്റി അംഗമാണ്.
എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നു മാറ്റുക മാത്രമാണ് ചെയ്തത്.
അതിലൊരു വൈചിത്ര്യമില്ലേ?
ഇല്ലെന്നാണ് സി.പി.എം നേതാക്കളുടെ വാദം. തനിക്ക് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടെന്ന് ഇ.പി നേരത്തേ മുതല്‍ പറയുന്നുണ്ട്. അതിനാല്‍ എല്‍.ഡി.എഫ് കണ്‍വീനറുടെ ഭാരിച്ച ഉത്തരവാദിത്വം വഹിക്കാന്‍ തനിക്കാവില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. അത് അംഗീകരിക്കുന്നത് അച്ചടക്ക നടപടിയുടെ ഭാഗമല്ലെന്നാണ് ന്യായീകരണം.
അതാണോ നാട്ടു മര്യാദ?
ഒരാള്‍ക്ക് താന്‍ വഹിക്കുന്ന ചുമതല ഭാരിച്ചതാണെന്നും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നും ആരോഗ്യപരമായി വലിയ പ്രശ്നങ്ങളുണ്ടെന്നുമൊക്കെ തോന്നിയാല്‍ പണ്ടാണെങ്കില്‍ കാല്‍പായ കടലാസില്‍, ഇപ്പോഴാണെങ്കില്‍ ഇ മെയിലില്‍ നാലു വരി എഴുതി ബന്ധപ്പെട്ട നേതൃത്വത്തിന് അയച്ചാല്‍ മതിയല്ലോ. ഇതുവരെ ഇ.പി ജയരാജന്‍ അതു ചെയ്തിട്ടില്ല. മാത്രവുമല്ല, തന്നെ മാറ്റാനുള്ള തീരുമാനം ചര്‍ച്ച ചെയ്ത സംസ്ഥാന സെക്രട്ടേരിയറ്റ് യോഗത്തില്‍ അദ്ദേഹം വികാരാധീനനായാണ് പ്രതികരിച്ചതെന്നാണ് വാര്‍ത്ത. എന്നിട്ടും ഇ.പിയെ കണ്‍വീനര്‍ സ്ഥാനത്തു നിന്നു മാറ്റാന്‍ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
പിറ്റേന്നു നടന്ന സംസ്ഥാന സമിതിയില്‍ തന്റെ ഭാഗം ന്യായീകരിക്കാന്‍ ഇ.പിക്കു കഴിയുമായിരുന്നു. പക്ഷേ, അദ്ദേഹം അതിനു നില്‍ക്കാതെ നേരേ കണ്ണൂരിലെ വീട്ടിലേയ്ക്കു തിരിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയാതെ വീട്ടില്‍ കയറി കതകടച്ചു. ആത്മാര്‍ത്ഥമായും ആരോഗ്യപ്രശ്നത്തിന്റെ പേരില്‍ സ്ഥാനമൊഴിയാന്‍ ആഗ്രഹിച്ചിരുന്നയാളാണ് ഇ.പിയെങ്കില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വികാരം കൊള്ളുകയും സംസ്ഥാന സമിതിയോഗം ബഹിഷ്‌കരിക്കുകയും മാധ്യമങ്ങളില്‍ നിന്നു മുഖം തിരിക്കുകയും ചെയ്യുമായിരുന്നോ? ഇല്ലേയില്ല.
അപ്പോള്‍ പ്രശ്നം കണ്‍വീനര്‍ സ്ഥാനം നഷ്ടപ്പെട്ടത് ആരോഗ്യപ്രശ്നം കൊണ്ടല്ല. ഒന്നാമത്തെ കാര്യം മുന്നണി യോഗം യു.ഡി.എഫിലാണെങ്കിലും എല്‍.ഡി.എഫിലാണെങ്കിലും ‘ഓണത്തിനും ചങ്ക്രാന്തിക്കും’ വിളിച്ചു കൂട്ടുന്ന ഒന്നാണ്. ഒരു ഔപചാരിക ബോഡി. സര്‍ക്കാരിനെ നല്ല വഴിയിലൂടെ നടത്താനുള്ള ഉപദേശകസമിതിയാണ് എന്നൊക്കെ ഭംഗിവാക്കു പറയാമെങ്കിലും അതൊന്നും ഒരു കാലത്തും നടന്നിട്ടില്ല, നടപ്പില്ല. മുഖ്യമന്ത്രി തനിച്ചോ ചിലപ്പോള്‍ മുഖ്യമന്ത്രിയും പ്രധാന പാര്‍ട്ടിയുടെ (ചിലപ്പോള്‍ രണ്ടും മൂന്നും സ്ഥാനത്തുള്ള പാര്‍ട്ടികളുടെ) നേതാക്കളുമാണ് തീരുമാനങ്ങളെടുക്കുക. പിന്നെ അല്ലറ ചില്ലറ പിണക്കങ്ങളും പരാതികളും പരിഭവങ്ങളുമൊക്കെ ചര്‍ച്ച ചെയ്തു വെള്ളം കുടഞ്ഞു തീയണയ്ക്കാനുള്ള ചുമതല മാത്രമേ മുന്നണി നേതൃത്വത്തിനുള്ളു. അക്കാര്യം നിറവേറ്റാന്‍ ആരോഗ്യപ്രശ്നത്തിന്റെ വിലങ്ങുതടിയൊന്നുമില്ല. പ്രത്യേകിച്ചു, കെറുവിച്ചു വിമാനയാത്ര പോലും ഒഴിവാക്കി പതിവായി ട്രെയിന്‍യാത്ര നടത്തുന്ന ഇ.പിയെപ്പോലൊരാള്‍ക്ക്.
അപ്പോള്‍ ഇ.പിയെ കണ്‍വീനര്‍ സ്ഥാനത്തു നിന്നു പുറത്താക്കിയത് മനുഷ്യത്വമില്ലായ്മയാണെന്നാണോ പറഞ്ഞുവരുന്നത്?
അല്ലേയല്ല.
ഇ.പിയെ മാറ്റണമെന്നത് സി.പി.എമ്മിന്റെ മാത്രം ആവശ്യമല്ല. അദ്ദേഹം പ്രകാശ് ജാവ്ദേക്കറെ കണ്ടെടന്നു പരസ്യമായി പറഞ്ഞപ്പോള്‍ ആ നടപടി മുന്നണിക്കു വലിയ ക്ഷീണമുണ്ടാക്കിയെന്നു പരസ്യമായി തന്നെ പ്രതികരിച്ചത് ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ രണ്ടാംകക്ഷിയായ സി.പി.ഐയാണ്. അവര്‍ക്കു പ്രതീക്ഷയേറെയുണ്ടായിരുന്ന രണ്ടു ലോക്സഭാ മണ്ഡലങ്ങളിലെ തോല്‍വിക്കു പിന്നിലെ പല കാരണങ്ങളില്‍ ഒന്ന് എല്‍.ഡി.എഫ് കണ്‍വീനറാണെന്ന് അവര്‍ അന്നും ഇന്നും വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ ഇ.പിയെ മുന്നണിയുടെ നായകനാക്കി കൊണ്ടുപോകുന്നതില്‍ കടുത്ത അമര്‍ഷം അവര്‍ക്കുണ്ടായിരുന്നു. അദ്ദേഹത്തെ മാറ്റണമെന്ന് സി.പി.ഐ നേതാക്കള്‍ മുഖ്യമന്ത്രിയോടും സി.പി.എം സംസ്ഥാന സെക്രട്ടറിയോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു. മറ്റു ഘടകകക്ഷികള്‍ക്കും ഇക്കാര്യത്തില്‍ കടുത്ത പ്രതിഷേധമുണ്ട്.
തുടക്കത്തില്‍ പറഞ്ഞപോലെ ബി.ജെ.പി നേതാവായ ജാവ്ദേക്കറെ സി.പി.എം നേതാവായ ഇ.പി ജയരാജന്‍ കണ്ടുവെന്നതല്ല പ്രശ്നം. ആ കൂടിക്കാഴ്ച ഇ.പിക്കു ബി.ജെ.പിയിലേയ്ക്കു പ്രവേശനം കിട്ടാനുള്ള ആഗ്രഹപ്രകടനത്തിന്റെ ഭാഗമായിട്ടായിരുന്നുവെന്ന വെളിപ്പെടുത്തലാണ് ഇ.പിക്കും സി.പി.എമ്മിനും എല്‍.ഡി.എഫിനും കുരുക്കായത്.
വെളിപ്പെടുത്തിയ വ്യക്തിയും വെളിപ്പെടുത്തപ്പെട്ട ദിവസവും ഏറെ ശ്രദ്ധേയമാണ്. വെളിപ്പെടുത്തല്‍ നടത്തിയ ബി.ജെ.പിയുടെ കേരളത്തിലെ തീപ്പൊരി നേതാവായ ശോഭാ സുരേന്ദ്രന്‍. പറഞ്ഞതാവട്ടെ എല്‍.ഡി.എഫ് ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണമൂര്‍ദ്ധന്യത്തിലും. കോണ്‍ഗ്രസ്സിലെ രണ്ടു സമുന്നത നേതാക്കളുടെ മക്കള്‍ ബി.ജെ.പിയിലേയ്ക്കു പോകുകയും അത് ബി.ജെ.പി-കോണ്‍ഗ്രസ് ബാന്ധവത്തിന്റെ കഥയായി എല്‍.ഡി.എഫ് കൊണ്ടുപിടിച്ചു പ്രചരിപ്പിക്കുകയും കെ.പി.സി.സി പ്രസിഡന്റുള്‍പ്പെടെ ഒട്ടേറെ നേതാക്കള്‍ ബി.ജെ.പിയിലേയ്ക്കു കാലെടുത്തുവയ്ക്കാന്‍ വെമ്പിനില്‍ക്കുകയാണെന്ന് ആവര്‍ത്തിച്ചു പറയുകയും ചെയ്തപ്പോളായിരുന്നു ശോഭയുടെ ഈ വെളിപ്പെടുത്തല്‍. അതോടെ, ന്യൂനപക്ഷ വോട്ടുകള്‍ കൂട്ടത്തോടെ തങ്ങളുടെ പെട്ടിയില്‍ വീഴുമെന്ന എല്‍.ഡി.എഫ് മോഹം വീണുടഞ്ഞു.
കാര്യമായ പരിക്കുണ്ടാകുമായിരുന്നില്ല, ഇ.പി ജയരാജന്‍ ശ്രദ്ധയോടെ പ്രതികരിച്ചിരുന്നെങ്കില്‍. ‘എന്റെ പട്ടി പോകും ബി.ജെ.പിയില്‍’ എന്നു സ്വരം കടുപ്പിച്ചു പറയുകയോ മിണ്ടാതിരിക്കുകയോ ചെയ്താല്‍ ഇത്രയും വലിയ പരിക്കു പാര്‍ട്ടിക്കും മുന്നണിക്കും ഉണ്ടാകുമായിരുന്നില്ല.
ഇ.പി പ്രതികരിച്ചു. എന്നാല്‍, അതിന്റെ രീതിയും സമയവും അപകടകരമായിരുന്നു. ജാവ്ദേക്കറെ കണ്ടിരുന്നു എന്നു സമ്മതിക്കുകയായിരുന്നു ഇ.പി. വഴിയില്‍ വച്ചൊന്നുമല്ല തന്റെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ചയെന്നും പറഞ്ഞു. രാഷ്ട്രീയമൊന്നും സംസാരിച്ചില്ലെന്നു പറഞ്ഞുവെന്നത് സത്യം. അങ്ങനെ പറഞ്ഞതുകൊണ്ടെന്തു കാര്യം? വീട്ടില്‍ വച്ചു കുടുംബവിശേഷം പറയാന്‍ അവര്‍ നേരത്തേ മുതല്‍ ഉറ്റസുഹൃത്തുക്കളൊന്നുമല്ലായിരുന്നല്ലോ. മാത്രവുമല്ല, ദല്ലാള്‍ നന്ദകുമാറിന്റെ കൂടെയാണ് ജാവ്ദേക്കര്‍ അവിടെ ചെന്നത്. തൊട്ടടുത്ത് എന്തെങ്കിലും പരിപാടിക്കു വന്നപ്പോള്‍ അവിചാരിതമായി കണ്ടു വീട്ടില്‍ കയറിയതുമല്ല. അപ്പോള്‍ രാഷ്ട്രീയം പറഞ്ഞില്ല എന്നു മാത്രം സംഭവം ബി.ജെ.പി നേതാവ് വിവാദമാക്കിയ ശേഷം പറഞ്ഞാല്‍, അതു സത്യമാണെങ്കില്‍ പോലും, ജനം വിശ്വസിക്കുമോ? വിശ്വസിച്ചില്ല. അതു ബാലറ്റ് പെട്ടിയില്‍ പ്രതിഫലിച്ചു.ഇനി അദ്ദേഹം പറഞ്ഞ സമയം. അത് തെരഞ്ഞെടുപ്പു കഴിഞ്ഞായിരുന്നെങ്കില്‍ ഇത്രയും പരിക്കുണ്ടാകുമായിരുന്നില്ല. ഇ.പി പറഞ്ഞത് ജനം വോട്ടുചെയ്യാന്‍ ബൂത്തിലേയ്ക്കു പോകുന്ന ദിവസം രാവിലെ. പണ്ട്, വോട്ടു ചെയ്തു പുറത്തിറങ്ങിയ വി.എസ് മാധ്യമങ്ങളോടു പറഞ്ഞില്ലേ, ജനം വോട്ടു ചെയ്തവര്‍ ജയിക്കുമെന്ന്. അതുപോലെ. പ്രതികരണം, ഒരു ദിവസമെങ്കിലും വൈകിക്കാനോ ആരോപണം നിഷേധിക്കാനോ ഇ.പി തയ്യാറായിരുന്നെങ്കില്‍ എന്നു വിചാരിക്കാത്ത എല്‍.ഡി.എഫ് പ്രവര്‍ത്തരും നേതാക്കളുമുണ്ടാകില്ല.
ഒരിക്കല്‍ തെറ്റുപറ്റാം. അത് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നാലാണ് സ്വയംകൃതാനര്‍ത്ഥമാകുക. ഒന്നാം പിണറായി സര്‍ക്കാരില്‍ രണ്ടാംസ്ഥാനക്കാരനായിരുന്നല്ലോ ഇ.പി. അന്നു അടുത്ത ബന്ധുക്കളെ പൊതുമേഖലാ സ്ഥാപനങ്ങളിലെ താക്കോല്‍സ്ഥാനത്തു നിയമവിരുദ്ധമായി പ്രതിഷ്ഠിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തിനൊടുവില്‍ കസേര തെറിച്ചയാളാണ് ഇ.പി. ഭാഗ്യത്തിന് വീണ്ടും മന്ത്രിയായി. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുന്നണി കണ്‍വീനറായി. പക്ഷേ, അപ്പോഴും അദ്ദേഹം പാര്‍ട്ടിയുമായി പലപ്പോഴും പരസ്യമായി തന്നെ ഇടഞ്ഞു. വൈദേഹം റിസോര്‍ട്ട് വിവാദത്തോടെ, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തും പി.ബിയിലും തന്നേക്കാള്‍ ജൂനിയറായ നേതാവിനെ പ്രതിഷ്ഠിച്ചതോടെ ഇ.പി തനിക്കു തന്റെ വഴി, പാര്‍ട്ടിക്കു പാര്‍ട്ടിയുടെ വഴിയെന്ന നിലപാടിലേയ്ക്കു മാറിയെന്നു വേണം വിചാരിക്കാന്‍.
അതല്ലായിരുന്നെങ്കില്‍ പാര്‍ട്ടി എടുക്കുന്ന നടപടികളിലും തീരുമാനങ്ങളിലും പ്രതിഷേധിക്കാന്‍ അദ്ദേഹം തയ്യാറാവില്ലായിരുന്നു. ഇ.എം.എസ് മുതല്‍ പ്രമുഖര്‍ക്കെതിരേ പാര്‍ട്ടി നടപടി കൈക്കൊണ്ട ചരിത്രമുണ്ട് സി.പി.എമ്മിന്. വ്യക്തി പാര്‍ട്ടിക്കു കീഴ്പ്പെടണമെന്നതാണ് കമ്യൂണിസ്റ്റ് തത്വം. ഇ.പി അതു ചെയ്തോ എന്നതാണ് സുപ്രധാന ചോദ്യം. Why did CPM remove EP Jayarajan from the LDF convener post
Content Summary; Why did CPM remove EP Jayarajan from the LDF convener post