‘ഏറ്റവും പ്രിയപ്പെട്ട എന്നോട്” എന്നൊരു പെണ്‍കുട്ടി എഴുതുമ്പോള്‍, നിങ്ങളെന്തിനാണതിനെ പൈങ്കിളി എന്ന് വിളിക്കുന്നത്?

ഒരു പുസ്തകം ജനപ്രിയമായാല്‍ അതെങ്ങനെയാണ് സാഹിത്യമല്ലാതായിത്തീരുക

ഇഷ്ടമുള്ള രണ്ടുപേരുടെ പേര് പറയാന്‍ ആവശ്യപ്പെട്ടാല്‍ സ്വന്തം പേര് പറയുന്ന എത്ര പേരുണ്ടാകും? എത്ര പേരുകള്‍ താണ്ടിയാണ് സ്വന്തം ജീവിതത്തില്‍ നിങ്ങള്‍ നിങ്ങള്‍ക്ക് ഇടംകൊടുക്കുന്നത്?

പുതുതലമുറയിലെ എഴുത്തുകാരി നിമ്ന വിജയ് നമ്മളോട് ചോദിക്കുന്നതാണ്. നമ്മള്‍ ഓരോരുത്തരും നമ്മളോട് തന്നെ ചോദിക്കേണ്ടുന്ന ചോദ്യം.സത്യത്തില്‍, സ്വയം സ്‌നേഹിക്കാന്‍ പാടില്ല എന്ന് ആരാണ് നമ്മളെ പറഞ്ഞു പഠിപ്പിച്ചത്? ഗ്രീക്ക് പുരാണത്തില്‍, സ്വന്തം പ്രതിബിംബത്തോട് പ്രണയത്തിലാവുകയും അവസാനം ജീവന്‍ നഷ്ടമാവുകയും ചെയ്യുന്ന നാര്‍സിസസ്സ് എന്നൊരു കഥാപാത്രമുണ്ട്. അവസാനം ദുരന്തമാണ്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ തന്നെ, നമ്മള്‍ പറഞ്ഞു പഠിപ്പിക്കപ്പെട്ട കാര്യങ്ങള്‍ ഇതായിരുന്നു. നാഗരികതയുടെ കളിത്തൊട്ടില്‍ എന്നൊക്കെ വിളിക്കപ്പെടുന്ന, പിന്നീടിങ്ങോട്ട്, പാശ്ചാത്യ തത്വചിന്തയെയും, സാഹിത്യത്തേയുമൊക്കെ സ്വാധീനിച്ച, ഗ്രീസിലെ കാര്യമാണെന്നോര്‍ക്കണം. ഇന്ത്യന്‍ തത്വശാസ്ത്രവും, അഹം ബ്രഹ്‌മാസ്മി എന്നും അദ്വൈത എന്നൊക്കെ പ്രശ്‌നവല്‍ക്കരിക്കുകയല്ലാതെ അവനവന് ഏറെ പ്രാധാന്യം നല്‍കുന്ന ധാരകള്‍ക്ക് പ്രാധാന്യം നല്‍കിയില്ല. ജോലിക്ക് വേണ്ടി ബാംഗ്ലൂരില്‍ എത്തിപ്പെടുന്ന അതിഥിയിലൂടെ, ഇത് മാത്രമല്ല, നിമ്ന നമ്മുടെ മുന്നിലേക്ക് വയ്ക്കുന്ന ചോദ്യങ്ങള്‍. ടോക്‌സിക് ആയിട്ടുള്ള മാതാപിതാക്കള്‍ ഒരു ഭാഗത്തും, ടോക്‌സിക് പങ്കാളി മറുഭാഗത്തും നില്‍ക്കുന്ന ഒരാള്‍ക്ക് എങ്ങനെ സ്വയം സ്‌നേഹിക്കാനാകും എന്നൊരു ഡിലെമ്മയും, പ്രണയത്തിന്റെ വേദനയും, സൗഹൃദത്തിന്റെ അഴവുമെല്ലാം, ഏറ്റവും പ്രിയപ്പെട്ട എന്നോട് എന്ന നോവലില്‍ എഴുത്തുകാരി നമ്മുടെ മുന്നിലേക്ക് വയ്ക്കുന്നുണ്ട്.

പുതിയൊരു നഗരത്തിലേക്ക് എത്തുന്ന അതിഥിയെപ്പോലെ തന്നെ ആദ്യമൊരു അപരിചിതത്വം തോന്നുമെങ്കിലും, വായിച്ചു മുന്നോട്ട് പോകുമ്പോള്‍ എവിടെയൊക്കെയോ നമ്മളൊരിക്കല്‍ തീരുമാനമെടുക്കാന്‍ കഴിയാതെ നിന്നിരുന്ന നാല്‍ക്കൂട്ടപെരുവഴികളില്‍ നമുക്ക് അതിഥിയെ കാണാനാകും. പിന്നെ, പതിയെപ്പതിയെ ആദിയും, സാക്ഷിയും ദേവികയുമെല്ലാം നമ്മുടെയും കൂട്ടുകാരാകും. ഒരിക്കലും ഉണ്ടാവില്ല എന്ന് കരുതിയ, സുരക്ഷിതമാണെന്ന് കരുതിയ ഇടങ്ങളില്‍ നിന്ന്, ആസക്തിയുടെ വഷളന്‍ വാക്കുകള്‍ വരുമ്പോള്‍ അവളോടൊപ്പം നമ്മളും ഞെട്ടും. പിന്മാറിയപ്പോള്‍ ആസിഡ് ഒഴിക്കുമെന്ന് പറഞ്ഞവനില്‍ നിന്ന് അവള്‍ രക്ഷപെട്ടതോര്‍ത്ത് നമ്മളും ആശ്വസിക്കും. പ്രണയത്തിന്റെ വേദന ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളവര്‍ക്ക്, അതിഥിയുടെ തീരുമാനങ്ങള്‍ ചിലപ്പോഴെങ്കിലും തെറ്റിയെങ്കിലും, അവളെ കുറ്റംപറയാതെ മനസ്സിലാക്കാനാവും. ഏതിരുട്ടിലും കൂട്ടുവരുന്ന ലയയെപ്പോലെ ഒരു കൂട്ടുകാരി ഉള്ളതോര്‍ക്കുമ്പോള്‍ നമുക്ക് അതിഥിയോട് കുറച്ചു കുശുമ്പ് പോലും തോന്നും. കണ്ണനെ ചേര്‍ത്ത് പിടിക്കുമ്പോള്‍ അവള്‍ നമ്മുടെയും ചേച്ചി ആയിരുന്നെങ്കിലെന്ന് ആഗ്രഹിക്കും.

”ശരിയാണ്, വീട്ടുകാരെന്നെ സ്‌നേഹിക്കണം മനസിലാക്കണം എന്ന വാശി ഇപ്പോള്‍ എനിക്കില്ല. അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാനും എനിക്കുവയ്യ. എല്ലാവരെയും സന്തോഷപ്പെടുത്തി സ്വയം നഷ്ടപ്പെടുത്തി ജീവിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്ന് എനിക്കറിയാം. എന്നെ മനസിലാക്കാന്‍ അവര്‍ക്ക് കഴിയുന്നില്ലെങ്കില്‍ ആ സ്‌നേഹം എനിക്കിനി വേണ്ട, ഇനി എന്റെ ജീവിതത്തില്‍ എന്ത് സംഭവിക്കണമെന്ന് ഞാന്‍ തന്നെ തീരുമാനിക്കും.”

എന്ന് പറയുന്ന അതിഥിയോട് നമുക്ക് വല്ലാത്തൊരിഷ്ടം തോന്നും.അതിഥിയെ പോലെയാവാന്‍ സാധിച്ചിരുന്നെങ്കിലെന്ന് നമ്മള്‍ ആശിക്കും. അപ്പോള്‍, പ്രസ് അക്കാദമിയില്‍ നിന്നിറങ്ങിയിട്ട്, പതിറ്റാണ്ടല്ല കഴിഞ്ഞതെന്നും, പ്രായം നാല്‍പതിലേക്കടുക്കുന്നുവെന്നും, നെറ്റിയിലേക്ക്വീണുകിടക്കുന്ന വെള്ളിമുടിനാരുകള്‍ എന്നെ വെറുതെയോര്‍മിപ്പിക്കും.

പുതിയ കാലത്ത്, റൂസ്സോയാണ് ആദ്യമായി സെല്‍ഫ് ലവ് എന്നതിന് ഒരു നിര്‍വചനം നല്‍കിയത്. എന്നാല്‍ 1956-ല്‍ മനഃശാസ്ത്രജ്ഞനായ എറിക് ഫ്രേമാണ് ആര്‍ട്ട് ഓഫ് ലവിങ്എന്ന തന്റെ പുസ്തകത്തിലൂടെ, മറ്റൊരു വ്യക്തിയെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കാന്‍ കഴിയണമെങ്കില്‍, ഒരു വ്യക്തി ആദ്യം തന്നെത്തന്നെ ബഹുമാനിക്കുകയും സ്വയം അറിയുകയും ചെയ്യുന്നതിലൂടെ സ്വയം സ്‌നേഹിക്കണമെന്ന് പറഞ്ഞ് നിലനിന്നിരുന്ന ബോദ്ധ്യത്തെ പുനര്‍നിര്‍വചിച്ചത്. ഒരു സ്റ്റാറ്റസ് കോയെ എടുത്ത് ശീര്‍ഷാസനത്തില്‍ നിര്‍ത്തുന്ന പണിയാണ് എറിക് ഫ്രേം ചെയ്തതെന്ന് പറയാം.

എല്ലാ ദിവസവും മുടങ്ങാതെ, താന്‍ സൃഷ്ടിച്ച മഹാദേവുമായി ഡയറിയിലൂടെ സംസാരിക്കുന്നയാളാണ് അതിഥി. എല്ലാം, ഏതു സമയവും തുറന്നു പറയാനാവുന്ന, നമ്മളെ ജഡ്ജ് ചെയ്യാനായൊരാള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഏതെങ്കിലും സമയത്ത്, ഒരിക്കലെങ്കിലും നമ്മളോരോരുത്തരും ആലോചിച്ചിട്ടുണ്ടാവില്ലേ, അതായിരിക്കണം അതിഥിക്ക് മഹാദേവ്.സെല്‍ഫ് ടോക്ക് എന്നതിന്റെ മറ്റൊരു രൂപം. അതിഥി അറിഞ്ഞു ചെയ്യുന്നതാണോ എന്നറിയില്ല, എന്തായാലും അതിനൊരു തെറാപ്യൂട്ടിക് വശമുണ്ട്.

അത്രയധികം പ്രാധാന്യമുള്ള ഒന്നാണോ ഈ സെല്‍ഫ് ലവ് എന്ന് പലരും ആലോചിക്കുന്നുണ്ടാകും. അതേ, അതിന് ചിലപ്പോള്‍ നമ്മുടെ ജീവനോളം തന്നെ പ്രാധാന്യമുണ്ടാകും. സ്വയം സ്‌നേഹിക്കാനുള്ള സന്നദ്ധത ഇല്ലായ്മ, ആത്മഹത്യാ സാധ്യത കൂട്ടുന്നുവെന്ന് അമേരിക്കന്‍ അസോസിയേഷന്‍ സൂയിസൈഡോളജി പറയുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളനുസരിച്ച്, 2022 ല്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം 1,71,000 ആണ്. ഇത് 2021 ല്‍ നിന്ന് 4.2% കൂടുതലും, 2018 ല്‍ നിന്ന് 27% കൂടുതലുമാണ്. ”ലോകത്തെ പത്തു ആയുധ ശക്തികളില്‍ ഒന്നാവാന്‍ മത്സരിക്കുന്ന മോഡിഫൈഡ് ഇന്ത്യയില്‍” ഓരോ ദിവസവും 468 പേര്‍ ആത്മഹത്യ ചെയ്യുന്നു. 2024 ല്‍ എന്‍ സി ആര്‍ ബി പബ്ലിഷ് ചെയ്ത ‘Student suicides: An epidemic sweeping India’ എന്ന റിപ്പോര്‍ട്ട് അനുസരിച്ചു, ഒരു ദശാബ്ദത്തിനിടയില്‍, 58.2 കോടി ആയിരുന്ന കുട്ടികളുടെ ജനസംഖ്യ (024 വയസ്സ്) 57.1 കോടി ആയപ്പോള്‍ ആത്മഹത്യചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം 6,654 ല്‍ നിന്ന് 13,044 ആയി ഉയര്‍ന്നു. 2024ല്‍ ബി എം സി സൈക്യാട്രി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഇന്ത്യയിലെ കൗമാരക്കാരെ ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങള്‍ ഇങ്ങനെ തരം തിരിച്ചിരിക്കുന്നു; മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ (54.28%), നെഗറ്റീവ് അല്ലെങ്കില്‍ ട്രൗമാറ്റിക് കുടുംബ പ്രശ്‌നങ്ങള്‍ (34.28%), അക്കാദമിക് സമ്മര്‍ദ്ദം (22.85%), സാമൂഹിക/ജീവിതശൈലി ഘടകങ്ങള്‍ (20%), അക്രമം (22.85%), സാമ്പത്തിക ബുദ്ധിമുട്ടുകള്‍ (8.75%), റിലേഷന്‍ഷിപ് ഘടകങ്ങള്‍ (8.75%. നമ്മുടെ രാജ്യത്ത് 30 ശതമാനത്തിലധികം യുവാക്കളാണ് ഒരു വര്‍ഷം മരണത്തിലേക്ക് നടന്നുകയറുന്നത്.

”നമ്മളീ വിശ്വാസവഞ്ചനകളൊക്കെ ആദ്യം നേരിടുന്നത് സ്വന്തം കുടുംബത്തില്‍ നിന്നുതന്നെയാണ്. അച്ഛനും അമ്മയും നമ്മുടെ സംരക്ഷകരാണെന്നുള്ള വലിയ നുണയൊക്കെ ദേ ഇങ്ങനെ ചില കാര്യങ്ങള്‍ വരുമ്പോള്‍ പൊളിഞ്ഞുവീഴും. വീണ്ടുമെപ്പോഴോ ഞാന്‍ ഈ കാര്യം സംസാരിച്ചിട്ടുണ്ട്. അപ്പോള്‍, ഞാന്‍ ശ്രദ്ധപിടിച്ചുപറ്റാന്‍ വേണ്ടി ആവശ്യമില്ലാതെ ഉണ്ടാക്കുന്ന ബഹളങ്ങളായെ അവര്‍ക്കതിനെ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. ഉള്ള് അത്രമേല്‍ ഉടഞ്ഞുപോയിട്ടാണ്,
മനസിന് അത്രമേല്‍ മുറിവേറ്റതുകൊണ്ടാണ് അവരോട് ഒന്ന് മനസ്സിലാക്കി ചേര്‍ത്തുപിടിക്കാന്‍ ആവശ്യപ്പെടുന്നതെന്ന് അവര്‍ ഒരിക്കലും മനസിലാക്കാന്‍ ശ്രമിച്ചിട്ടില്ല.”

ടോക്‌സിക് പേരെന്റിങ്ങനെക്കുറിച്ച് നിമ്‌നയുടെ നായിക അതിഥി പറയുന്നതാണ്. ഇപ്പറഞ്ഞ കാരണങ്ങളൊക്കെയുണ്ടെങ്കിലും ഒരു സപ്പോര്‍ട്ട് സിസ്റ്റം ഉണ്ടെങ്കില്‍ നമ്മള്‍ രക്ഷപെട്ടു പോരും, ഇനി അങ്ങിനെയൊന്നില്ലെങ്കിലോ, നമ്മള്‍ മേല്‍പ്പറഞ്ഞ 30 ശതമാനത്തില്‍ എത്തിയേക്കാം! നോവലില്‍ ഭാഗ്യവശാല്‍ അതിഥിക്ക് അങ്ങനെയൊരു കരവലയമുണ്ട്. നമ്മള്‍ ലാസ്റ്റ് റിസോര്‍ട്ട് എന്നൊക്കെപ്പറയില്ലേ, അങ്ങനെയൊന്ന്. ഓരോ ആത്മഹത്യയ്ക്കും ഏകദേശം 20 ആത്മഹത്യാ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുമ്പോള്‍, നീയാണെന്റെ ലൈഫ് ലൈന്‍ എന്ന് അതിഥി ലയയോട് പറയുന്ന പോലെ പറയാന്‍ നമുക്കൊരാളെങ്കിലുമുണ്ടോ ജീവിതത്തില്‍? സുഹൃത്തായോ, പങ്കാളിയായോ, മാതാപിതാക്കളായോ, അങ്ങനെ ഒരേ ഒരാള്‍ എങ്കിലും നമുക്കുണ്ടെങ്കില്‍, അവര്‍ കാവലാകും, വീണിടത്തു നിന്നും നമ്മള്‍ ഉയിര്‍ക്കും. കഥയില്‍ മാത്രമല്ല ഇത് ജീവിതത്തിലും സംഭവിക്കുന്ന ഒന്നാണ്.

‘ഇഷിത മെഹ്റ വിഷാദരോഗത്തിന് ഇരയായത്, ആദ്യം 2012 ല്‍ 17 വയസ്സുള്ളപ്പോഴായിരുന്നു, പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷം ഡല്‍ഹിയിലെ ഒരു ഡിസൈന്‍ സ്‌കൂളില്‍ പോയപ്പോള്‍ ചിന്തകള്‍ തിരിച്ചുവന്നു: ‘ചിലപ്പോള്‍ തലച്ചോര്‍ വളരെ മങ്ങിയതായി തോന്നി, ഒരു കാര്യവും മനസ്സിലാക്കാനായില്ല ‘ മനസ്സിലാക്കുന്ന അമ്മയിലും അച്ഛനിലും മെഹ്റ ആശ്വാസം കണ്ടെത്തി. മെഹ്റ പറഞ്ഞു, ‘എന്റെ അച്ഛന്‍ എന്റെ തെറാപ്പിസ്റ്റും കൂടിയായി മാറി. ചെറുപ്പത്തില്‍ അദ്ദേഹം വിഷാദത്തിലൂടെ കടന്നുപോയിരുന്നു, തന്റെ അനുഭവം ഉപയോഗിച്ച് ‘നീ അത് മറികടക്കും’ എന്ന് എന്നോട് പറഞ്ഞു.’

എട്ടോ പത്തോ വയസ്സ് മുതല്‍ ആത്മഹത്യാ പ്രവണതകളുമായി മല്ലിടുന്ന 28 കാരിയായ ഇഷിത മെഹ്റ മാതാപിതാക്കളുടെ പിന്തുണയില്‍ ജീവിതം തിരികെപ്പിടിച്ചതിന്റെ സാക്ഷ്യമാണ്. (sept 21, 2023. ഫ്രന്റ്‌ലൈന്‍)

തല്ലിയെങ്കില്‍ ഒഴിവാക്കിപ്പോയ്ക്കൂടെ എന്ന് ചോദിക്കുമ്പോള്‍, നിമ്‌നയുടെ ആന്റി പറയുന്നത് ശ്രദ്ധിക്കുക,’പുറത്തുനിന്ന് നോക്കുന്നവര്‍ക്കെല്ലാം പറയാന്‍ എളുപ്പമാണ്. പക്ഷേ, ഒരിക്കല്‍ പെട്ടുകഴിഞ്ഞാല്‍ തിരിച്ചുനടക്കാനാവാതെ ജീവിതം തീര്‍ക്കുന്നവരാണ് ഏറെയും.’

”ആന്റിക്ക് അപ്പോള്‍ ഈ കല്യാണം ഇഷ്ടമില്ലായിരുന്നോ?”

”എന്നോട് ഇഷ്ടമാണോ അല്ലയോ എന്നൊന്നും ആരും ചോദിച്ചില്ല.”

നമ്മള്‍ കൊട്ടിഘോഷിക്കുന്ന കുടുംബം എന്ന സംവിധാനം,എത്രയെത്ര സ്ത്രീകളുടെ കണ്ണീരിനും സഹനത്തിനും മുകളിലാണ് കെട്ടി ഉയര്‍ത്തപ്പെട്ടിട്ടുള്ളതെന്നും, പലപ്പോളും ആണിന്, ഒരു ശമ്പളവും കൊടുക്കാതെ ഒരു ജോലിക്കാരിയെ കിട്ടുന്ന ഒരു ചൂഷണസംവിധാനമായി അത് മാറുന്നുവെന്നും തിരിച്ചറിയുന്ന അതിഥി, താനടക്കമുള്ള മനുഷ്യര്‍ എത്രത്തോളം നിസ്സഹായരാണെന്ന് മനസ്സിലാക്കുകയും, എല്ലാവരും കുറച്ചുകൂടെ മനസ്സിലാക്കിയാല്‍, പരസ്പരം സ്‌നേഹിച്ചാല്‍ ഈ ലോകം എത്ര മനോഹരമായേനെ എന്ന് മഹാദേവിനോട് പറയുകയും ചെയ്യുന്നുണ്ട്.അതിഥിയുടെ ആന്റിയെപ്പോലുള്ള എത്ര പേരുണ്ടാകും നമ്മുടെയൊക്കെ വീടകങ്ങളില്‍?

1884 ല്‍ എംഗല്‍സ് The Origin of the Family, Private Property, and the State എന്ന തന്റെ വിഖ്യാത കൃതിയില്‍, തൊഴില്‍ ശക്തിയെ പുനരുല്‍പ്പാദിപ്പിക്കുന്നതിനും കുടുംബം നിലനിര്‍ത്തുന്നതിനും സ്ത്രീകളുടെ അധ്വാനം നിര്‍ണായകമാണെങ്കിലും, പൊതു ഉല്‍പാദനത്തില്‍ പുരുഷന്മാര്‍ ചെയ്യുന്ന ജോലിയുടെ അതേ രീതിയില്‍ സ്ത്രീകളുടെ അധ്വാനം വിലമതിക്കപ്പെടുന്നില്ല എന്ന് നിരീക്ഷിക്കുന്നുണ്ട്. അത് പ്രതിഫലമില്ലാത്ത ജോലിയായി മാറുന്നു. അടുത്ത നൂറ്റാണ്ടിലും അതേ രീതിയില്‍ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുമ്പോള്‍, കമലാ സുരയ്യക്ക് 1969 ല്‍ കോലാട് എഴുതേണ്ടി വരുന്നു. അതിനും പതിറ്റാണ്ടുകള്‍ക്ക് ശേഷം നിമ്ന എഴുതുമ്പോഴും ചൂഷണവ്യവസ്ഥ നിലനില്‍ക്കുന്നു എന്നതാണ് ശ്രദ്ധേയം. എങ്കിലും അതിന്റെ അനിവാര്യമായ തകര്‍ച്ച, അതിഥിയുടെ ആന്റിയുടെ ഉറച്ച തീരുമാനങ്ങളിലൂടെ എഴുത്തുകാരി കാണിച്ചു തരുന്നുണ്ട്. ഒരാളെ അനുസരിപ്പിച്ച് നിറുത്തുമ്പോള്‍ എന്ത് സന്തോഷമാണ് മറ്റൊരാള്‍ക്ക് ലഭിക്കുന്നതെന്ന് ചോദിക്കുന്ന അതിഥി, കുടുംബമെന്ന, അധികാരത്താല്‍ നിയന്ത്രിതമായ സംവിധാനത്തെ തിരിച്ചറിയുന്നുണ്ട്.

സ്‌നേഹമില്ലായ്മയൊന്നുമല്ല, പക്ഷെ അങ്ങോട്ടുമിങ്ങോട്ടും തിരിച്ചറിയാനാവാതെ, പലപ്പോഴും പരസ്പരം മനസ്സിലാക്കാനാവാതെ പോകുന്ന അമ്മ/മകള്‍, അച്ഛന്‍ /മകള്‍/ മകന്‍ എന്നിങ്ങനെയുള്ള, ജനറേഷന്‍ ഗ്യാപ് എന്ന് വിളിക്കപ്പെടുന്ന കാര്യങ്ങള്‍ നമുക്കൊക്കെ ഒരുപക്ഷെ നമ്മുടെ അനുഭവത്തില്‍ തന്നെയുണ്ടാകും. അതിനൊരു നല്ല ഉദാഹരണമാണ്, അതിഥിയും അമ്മയും. അവര്‍ പറയുന്നതത്രയും മകളുടെ നന്മയ്ക്കു വേണ്ടിയാണെന്ന് അത്രമേല്‍ വിശ്വസിക്കുന്ന ഒരമ്മ. എന്നാല്‍ അതെല്ലാം പലപ്പോഴും, സാമ്പ്രദായികമായ കുടുംബ സംവിധാനങ്ങളിലേക്കാണ് തന്നെ കൊണ്ടെയെത്തിക്കുക എന്ന് തിരിച്ചറിയുന്നുണ്ട് അതിഥി. പലപ്പോഴും ഈ ക്രമത്തില്‍ നമ്മളൊക്കെ കണ്ണികളാകുന്നത്, മാതാപിതാക്കള്‍ വഴിയാകും. അവര്‍ പോലുമറിയാതെ അവര്‍ നമ്മളെയതില്‍ ബന്ധിക്കുന്നു. അതിഥിയെപ്പോലെ തിരിച്ചറിയുന്നവര്‍ പുറത്ത് കടക്കുന്നു.

”സ്വയം നല്‍കുന്ന സ്‌നേഹംകൊണ്ട് ഞാനാദ്യം പൂര്‍ണമാകേണ്ടതുണ്ട്. ആ പൂര്‍ണതയില്‍ മാത്രമേ ചുറ്റുമുള്ള എല്ലാത്തിനെയും അതേ സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കാന്‍ കഴിയുകയുള്ളൂ.”

എന്ന തിരിച്ചറിവിലാണ് ഒട്ടേറെ അനുഭവങ്ങള്‍ താണ്ടി അവസാനം അതിഥിയെത്തിച്ചേരുന്നത്. അതിഥി എന്നാല്‍ തിഥി തികയ്ക്കാത്ത, അഥവാ ഒരു നാള്‍ തികച്ചു താമസിക്കാത്തയാള്‍ എന്നാണര്‍ത്ഥം. പക്ഷെ നിമ്‌നയുടെ അതിഥി നമ്മുടെ മനസ്സിലേക്ക് മെല്ലെ നടന്നു കയറുന്നയാളാണ്, ഒരു തിഥിയിലേക്കല്ല, അവളവിടെ ഒരിക്കലും മായാതെ നില്‍ക്കുകയും ചെയ്യുന്നു.

അഖില്‍ പി ധര്‍മ്മജന്റെ റാം c/o ആനന്ദിയും, നിമ്ന വിജയുടെ ഏറ്റവും പ്രിയപ്പെട്ട എന്നോടും സത്യത്തില്‍, ഖസാക്കിന്റെ ഇതിഹാസമൊക്കെ ചെയ്തത് പോലെ നമ്മുടെ സാഹിത്യത്തെ പകുത്ത പുസ്തകങ്ങളായി തന്നെ അടയാളപ്പെടുത്തേണ്ടതുണ്ടെന്നു തോന്നുന്നു. നിങ്ങളതിനോട് യോജിച്ചാലും വിയോജിച്ചാലും ഒരു ഷിഫ്റ്റ് സംഭവിച്ചിട്ടുണ്ട്. നമ്മുടെ ബുദ്ധിജീവികളും, സാഹിത്യലോകത്തെ മേസ്തിരിമാരും അംഗീകരിക്കുന്നില്ല, എന്നേയുള്ളൂ. ഖസാക്കിന്റെ ഇതിഹാസവും അന്നത്തെ കാലത്ത് എതിര്‍പ്പ് കൂടാതെ സ്വീകരിക്കപ്പെട്ടില്ല എന്നതും ഓര്‍ക്കേണ്ടതാണ്. അതുവരെ പ്രതാപിയും, ഗുണവാനുമൊക്കെയായിരുന്ന നായകന്റെ സ്ഥാനത്തേക്ക്, രവി എന്ന ‘തോന്നിയവാസിയെ’ കൈപിടിച്ച് കൊണ്ടുവന്ന ഒ വി വിജയനെ അന്നത്തെ സാമ്പ്രദായിക സാഹിത്യകാരില്‍ പലരും അംഗീകരിച്ചില്ല എന്നതാണ് വാസ്തവം. അഖില്‍ പി ധര്‍മജനേയും, നിമ്ന വിജയേയും ഒരു ഭാഗത്തും ഒ വി വിജയനെ മറുഭാഗത്തും നിറുത്തിയുള്ള സാഹിത്യത്തേക്കുറിച്ചും, ഭാഷയെക്കുറിച്ചും പറയുകയല്ല. മറിച്ച്, ഒ വി വിജയനെയെന്ന പോലെ, പുതിയൊരു തലമുറയോട് സംവദിക്കുന്ന ഭാഷയെ എഴുത്തിലേക്ക് കൊണ്ടുവന്ന, ജന്‍ സീയെന്നും, ജന്‍ ആല്‍ഫയെന്നും നമ്മള്‍ വിളിക്കുന്ന കുട്ടികളെ, പുസ്തകവായനക്കാരാക്കിയ എഴുത്തുകാര്‍ എന്ന നിലയിലായിലായിരിക്കും നാളെ കാലം ഇവരെ അടയാളപ്പെടുത്തുക.

‘അഖില്‍ പി. ധര്‍മ്മജനും നിമ്‌ന വിജയുമൊക്കെ കൈനിറയെ കാശു കിട്ടുന്നതില്‍ സന്തോഷമേയുള്ളൂ. അവരെഴുതുന്നതാണ് സാഹിത്യം എന്ന് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസാധകരുടെ കുബുദ്ധിയെ വിചാരണ ചെയ്യാതെ വയ്യ.”

”ഞങ്ങള്‍ അന്ന് പൈങ്കിളിക്ക് പാലും ഗോതമ്പും കൊടുത്തത് മറ്റ് പുസ്തകങ്ങള്‍ കിട്ടാതിരുന്നത് കൊണ്ടാണ്. പക്ഷേ ഇന്ന് ആമസോണും നൂറുകണക്കിന് പ്രസാധകരും ലൈബ്രറികളും ഒക്കെയുള്ളപ്പോള്‍ വായനക്കാരെ ഇത്തരം ഇന്‍സ്റ്റാഗ്രാം എഴുത്തുകാരിലേക്ക് മാത്രം തളച്ചിടുന്നത് ശരിയാണോ?” കഥാകൃത്തും തിരക്കഥാകൃത്തും ഒക്കെയായ സന്തോഷ് ഏച്ചിക്കാനത്തിന്റെ ചോദ്യമാണ്.

ഒന്നും, അതൊരാശയമമോ, പുസ്തകമോ, വ്യക്തിയോ ആയിക്കൊള്ളട്ടെ വിമര്‍ശനത്തിനതീതമല്ല. പക്ഷെ ഈ പൈങ്കിളി പ്രയോഗമൊക്കെ വിമര്‍ശനമല്ല, ഒരു തരം ചാപ്പയടിക്കലാണ്.ഒന്നാമതായി, സ്വയം നല്‍കുന്ന സ്‌നേഹംകൊണ്ട് ഞാനാദ്യം പൂര്‍ണമാകേണ്ടതുണ്ടെന്നും എങ്കിലേ, മറ്റെന്തിനേയും സ്‌നേഹത്തോടെ ചേര്‍ത്ത് പിടിക്കാനാവുകയുള്ളൂ എന്നുമുള്ള അതിഥിയുടെ പറച്ചില്‍,ഒരു പുതുതലമുറയുടെ സ്വാതന്ത്ര്യപ്രഖ്യാപനമായിട്ട് കൂടി കാണേണ്ടതുണ്ട്.മറ്റുള്ളവര്‍ക്കായി ഉരുകിത്തീര്‍ക്കണമെന്നൊക്കെ, സമൂഹത്താല്‍ പറഞ്ഞു പഠിപ്പിക്കപ്പെടുന്ന, നമ്മുടെ നാട്ടിലെ ഒരു പെണ്‍കുട്ടി, സ്വയം സ്‌നേഹം ഒരു ടാബൂവും, സ്വാര്‍ത്ഥതയുമായി കരുതിയിരുന്ന ഒരു ഇടത്തേക്ക് വന്ന്, എനിക്ക് എന്നെ സ്‌നേഹിക്കേണ്ടതുണ്ടെന്ന് പറയുമ്പോള്‍, അവര്‍ക്ക് നേരെ വ്യവസ്ഥാപിത, സാംമ്പ്രദായിക ജീവികളുടെ ആക്രമണം സ്വഭാവികമാണ്. സ്‌നേഹത്തിന് വേണ്ടി ദാഹിക്കുന്നു എന്ന് പറഞ്ഞതിന് കമലാ സുരയ്യയും സമാനമായി ആക്രമിക്കപ്പെട്ടിരുന്നതോര്‍ക്കുക.

രണ്ടാമതായി, ഇതൊരു ഹെഗിമണിയുടെ, അധീശത്വത്തിന്റെ ചോദ്യമായി മാറുന്നുണ്ട്. ആരാണ് സാഹിത്യത്തെ നിര്‍വചിക്കുക എന്നുള്ളതാണ്. ചിലരെഴുതുന്നത് സാഹിത്യവും, മറ്റ് ചിലരെഴുതുന്നത് പൈങ്കിളിയുമായിത്തീരുന്നു എന്ന് പറയുമ്പോള്‍, വിസ്മരിക്കപ്പെടുന്ന ഒരു പാഠം, ഒരെഴുത്തുകാരന്‍ ഉണ്ടായിത്തീരുന്നത് വായനക്കാരനിലൂടെയാണ് എന്നും അധ്യാപകനല്ല വിദ്യാര്‍ത്ഥിയെ സൃഷ്ടിക്കുന്നത് മറിച്ച്, വിദ്യാര്‍ത്ഥികളാണ് ഒരു അധ്യാപകനെ ഉണ്ടാക്കിത്തീര്‍ക്കുന്നത് എന്നുമുള്ളതാണ്. ധൈര്യവും പരാക്രമവുമുളള ഗുണവാനും പ്രതാപവാനും രാജാവുമായ നായകന്‍ എന്നൊക്കെ പറഞ്ഞിരുന്നതില്‍ നിന്ന് നമ്മളെത്രയോ മുന്നോട്ട് പോയിരിക്കുന്നു. ഒരു പുസ്തകം ജനപ്രിയമായാല്‍ അതെങ്ങനെയാണ് സാഹിത്യമല്ലാതായിത്തീരുക എന്നതാണ്. പുതിയ കാലത്തിന്റെ ഭാഷയുമായി, പുതുതലമുറയ്ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥകളൊരാള്‍ പറഞ്ഞു തുടങ്ങുമ്പോള്‍ സ്വാഭാവികമായും അയാള്‍ക്ക് വായനക്കാര്‍ കൂടും. അയാളൊരുപക്ഷെ പുതിയൊരു വഴി തന്നെ ഉണ്ടാക്കിയെന്നും വരാം. അതുകൊണ്ട് നമ്മള്‍ മനസ്സിലാക്കേണ്ട കാര്യം, നമ്മള്‍ വായനക്കാരാണ് ഒരെഴുത്തുകാരനെ ഉണ്ടാക്കിത്തീര്‍ക്കുന്നതെന്നും, പ്രശസ്തരായ ചിലര്‍ സാഹിത്യം എന്ന് നിര്‍വചിക്കുന്നതായിരിക്കില്ല നമുക്ക് സാഹിത്യമായി തോന്നുന്നത് എന്നുമാണ്. സാഹിത്യവാരഫലം എം കൃഷ്ണന്‍ നായര്‍ ഈ ദ്രോഹം മലയാളത്തിലെ എഴുത്തുകാരോട് ചെയ്തിരുന്നു, ഒരുപാട് കാലം.

ഒ വി വിജയനെത്തന്നെ പറഞ്ഞവസാനിപ്പിക്കാമെന്ന് തോന്നുന്നു. ഖസാക്കിലെ ഓത്തുപള്ളിയിലിരുന്നുകൊണ്ട് അള്ളാപ്പിച്ചാമൊല്ലാക്ക രാവുത്തന്മാരുടെ കുട്ടികള്‍ക്ക് ആ കഥ പറഞ്ഞുകൊടുത്തു. പണ്ടു പണ്ട്, വളരെ പണ്ട്, ഒരു പൗര്‍ണ്ണമിരാത്രിയില്‍ ആയിരത്തിയൊന്നു കുതിരകളുടെ ഒരു പട ഖസാക്കിലേയ്ക്കു വന്നു. റബ്ബല്‍ ആലമിനായ തമ്പുരാന്റെയും മുത്തുനബിയുടെയും ബദരീങ്ങളുടെയും ഉടയവനായ സെയ്യദ് മിയാന്‍ ഷെയ്ഖും തങ്ങന്മാരുമായിരുന്നു അത്. ആയിരം കുതിരകളും കേടറ്റ വെള്ളക്കുതിരകളായിരുന്നു. എന്നാല്‍ ഷെയ്ഖ് തങ്ങളാകട്ടെ, ചടച്ചു കിഴവനായ ഒരു പാണ്ടന്‍കുതിരപ്പുറത്താണ് സവാരി ചെയ്തത്.

ഇതിഹാസം ചെവിക്കൊണ്ട ഓരോ തലമുറയും ചോദിച്ചിട്ടുണ്ട്, ”അതെത്ക്ക്, മൊല്ലാക്ക?’

”അന്ത കുതരിയ്ക്കി ആര് തൊണ്?” മൊല്ലാക്ക പറഞ്ഞു. ”അത്ത് തൊണ് പടച്ചവന്‍. സെയ്യദ് മിയാന്‍ ഷെയ്ഖ്.

ആ പാണ്ടന്‍ കുതിരയെ കുടി വെച്ച പനങ്കാട്ടിലാണ്, തങ്ങന്മാര്‍ പാളയമടിച്ചത്. അവരുടെ സന്തതികളായ ഖസാക്കുകാരിലൂടെയാണ് ഒ വി വിജയന്‍ സാഹിത്യത്തെ പകുത്തത്. ഇന്ന് അക്ഷരങ്ങളുടെ പട നയിച്ചു വരുന്നത് നിമ്‌നയും അഖിലുമാണെന്ന് തോന്നുന്നു, അവര്‍ വരുന്നതോ, സാഹിത്യമല്ലെന്ന് നിങ്ങളീ അപഹസിക്കുന്ന പാണ്ടന്‍ കുതിരപ്പുറത്തേറിയും.

ഓര്‍ക്കുക അതുക്കു തുണ പടച്ച തമ്പുരാന്‍…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Content Summary: Why do you say there’s no literature in modern writings?

അരുൺ എയ്ഞ്ചല

മുന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ്, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌

More Posts

അരുൺ എയ്ഞ്ചല: മുന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ്, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌
Related Post
Leave a Comment