എക്‌സിറ്റ് പോളുകള്‍ക്ക് എക്‌സിറ്റ് അടിക്കാന്‍ സമയമായോ?

ഹരിയാന, ജമ്മു കശ്മീര്‍ ഫലങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ചോദ്യത്തിന് പ്രസക്തി കൂടുന്നു

exit poll

വോട്ടര്‍മാരുടെ വികാരം മനസിലാക്കുക, അതുവഴി തെരഞ്ഞെടുപ്പ് ഫല പ്രവചിക്കുക; ഇതാണ് എക്‌സിറ്റ് പോളുകളുടെ ലക്ഷ്യം. എന്നാല്‍ അവ പലപ്പോഴും ലക്ഷ്യത്തിലെത്തുന്നില്ല. ഏറ്റവുമൊടുവിലായി പുറത്തു വന്ന ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലങ്ങള്‍ എകിസ്റ്റ് പോളുകളുടെ ക്യത്യതയില്ലായ്മയുടെ ആഴം കൂടുതല്‍ വ്യക്തമാക്കുകയാണ്.

ഹരിയാനയില്‍ കോണ്‍ഗ്രസിന് വ്യക്തമായ ആധിപത്യവും ജമ്മു കശ്മീരില്‍ തൂക്കുസഭയുമായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. യഥാര്‍ത്ഥ ഫലങ്ങള്‍ ഇതിന് നേര്‍ വിപരീതമായി. ബിജെപി ഹരിയാനയില്‍ ഹാട്രിക് വിജയം നേടി ചരിത്രം കുറിച്ചു. തൂക്കു സഭ പ്രവചിച്ച ജമ്മു കശ്മീരിലാകട്ടെ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യം വ്യക്തമായ ഭൂരിപക്ഷം നേടുകയും ചെയ്തു.

ബഹുഭൂരിപക്ഷം എകിസ്റ്റ് പോളുകളും പറഞ്ഞത് 90 അംഗ ഹരിയാന നിയമസഭയില്‍ 50 ന് മുകളില്‍ സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നായിരുന്നു. ബിജെപിയെ അവര്‍ 30 സീറ്റുകളില്‍ ഒതുക്കുകയും ചെയ്തു. സി-വോട്ടര്‍ ഇന്ത്യ ടുഡെ എകിസ്റ്റ് പോള്‍ പറഞ്ഞത് 50 മുതല്‍ 58 വരെ സീറ്റുകള്‍ കോണ്‍ഗ്രസിനും 20-28 വരെ സീറ്റുകള്‍ ബിജെപിക്കും കിട്ടുമെന്നാണ്. പക്ഷേ കണ്ടത് ബിജെപി 48 സീറ്റുകള്‍ നേടുന്നതാണ്. കോണ്‍ഗ്രസിന് കിട്ടിയതാകട്ടെ 37 സീറ്റുകളും.

ജമ്മു കശ്മീരില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ചൂണ്ടിക്കാണിച്ചത് നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യം 40-48 സീറ്റുകളില്‍ വിജയിക്കുമ്പോള്‍, ബിജെപി 27-32 സീറ്റുകള്‍ നേടുമെന്നാണ്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍, നാഷണല്‍ കോണ്‍ഫറന്‍സ് ഒറ്റയ്ക്ക് 42 സീറ്റുകളില്‍ വിജയിച്ചു, കോണ്‍ഗ്രസ് ആകട്ടെ ആറ് സീറ്റുകളിലും.

എക്‌സിറ്റ് പോളുകള്‍ പ്രവചനങ്ങളുടെ കൃത്യതയില്ലായ്മ കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ തന്നെ ജനത്തിന് മനസിലായതാണ്. ബിജെപിയുടെ സമ്പൂര്‍ണ ആധിപത്യമായിരുന്നു എല്ലാ എക്‌സിറ്റ് പോളുകളും പറഞ്ഞു നടന്നത്. ബിജെപി 350 ല്‍ അധികം സീറ്റുകള്‍ സ്വന്തമാക്കുമെന്നുമായിരുന്നു സംശയലേശമന്യേ പ്രവചിച്ചത്. ഫലം വന്നപ്പോള്‍ ബിജെപിക്ക് കിട്ടിയത് 240 സീറ്റുകള്‍.

വോട്ടര്‍മാരുടെ വികാരത്തെ പരിഗണിക്കുന്നതിലും, അതെങ്ങനെ വോട്ടുകളായി പരിണമിക്കുന്നുവെന്നു വിലയിരുത്തുന്നതിലും വരുന്ന പിഴവാണ് ഈ അപാകതയ്ക്ക് കാരണം. തങ്ങളോട് സംസാരിക്കുന്നവര്‍ സത്യമാണോ പറയുന്നത്, അതോ തെറ്റിദ്ധരിപ്പിക്കുകയാണോ എന്ന് മനസിലാക്കാനാകാതെ പോകുന്നു.

ഹരിയാന തെരഞ്ഞെടുപ്പില്‍ 40% വോട്ട് വിഹിതം വരുന്ന കോണ്‍ഗ്രസിനോട് ഏതാണ്ട് തുല്യമായ വോട്ട് വിഹിതമുള്ള ബി.ജെ.പിയെ പലരും കുറച്ചു കാണിച്ചു. ഇഞ്ചോടിഞ്ച് നടക്കുന്ന മത്സരങ്ങളില്‍ നിര്‍ണായകമായേക്കാവുന്ന സ്ത്രീകളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളും ചേര്‍ന്ന ‘നിശബ്ദ വോട്ടിന്റെ’ ചായ്‌വ് എങ്ങോട്ടായിരിക്കുമെന്നു സര്‍വേക്കാര്‍ക്ക് പലപ്പോഴും പിടികിട്ടാതെ പോകുന്നു.

ഹരിയാനയില്‍, ജാട്ട് വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമാകുമെന്നായിരുന്നു സര്‍വേക്കാരുടെ അനുമാനം. അതു തെറ്റാണെന്ന് തെളിഞ്ഞു. ജാട്ട് വോട്ട് കോണ്‍ഗ്രസിനും സ്വതന്ത്രര്‍ക്കുമിടയില്‍ ഭിന്നിച്ചു പോയപ്പോള്‍, ജാട്ട് ഇതര വോട്ടുകള്‍ ഏകീകരിക്കാന്‍ ബിജെപിക്ക് സാധിക്കുകയും ചെയ്തു.

വോട്ട്-ടു-സീറ്റ് പരിവര്‍ത്തനവും വോട്ടര്‍മാര്‍ എന്തിനാണ് മുന്‍ഗണന കൊടുക്കുന്നതെന്നുമുള്ള വിശദാംശങ്ങള്‍ വിലയിരുത്തുന്നതില്‍ സര്‍വേക്കാരുടെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്നുണ്ടെന്നും ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുണ്ട്.

കൂടാതെ, ഡല്‍ഹി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ തങ്ങളുടെ ആധിപത്യം വ്യക്തമാക്കിയ ബിജെപിക്ക് ഹിന്ദി ഹൃദയഭൂമിയില്‍ സ്വാധീനം നഷ്ടപ്പെട്ടുവെന്ന സിദ്ധാന്തം അമ്പേ പരാജയമായിരുന്നു. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും തിരിച്ചടികള്‍ ഉണ്ടിട്ടുണ്ടെങ്കിലും, മറ്റിടങ്ങളില്‍ ഉണ്ടായ പരാജയം ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിയെ തളര്‍ത്തിയിരിക്കുന്നു എന്ന ആഖ്യാനം ശരിയായതായിരുന്നില്ല.

രാജ്യത്തെ തൊഴിലില്ലായ്മയും വിലക്കയറ്റവും സംബന്ധിച്ച ആശങ്കകള്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ ഈ അതൃപ്തി ഒഡീഷ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ബിജെപിയുടെ പ്രകടനത്തെ കാര്യമായി ബാധിച്ചിരുന്നില്ല എന്നത് കാണേണ്ടതായിരുന്നു.

ഹിന്ദുത്വ രാഷ്ട്രീയം തളര്‍ന്നു എന്ന ആഖ്യാനവും യാഥാര്‍ത്ഥ്യവുമായി പൊരുത്തമില്ലാത്തതായിരുന്നു. ബിജെപിയുടെ ഈ തന്ത്രം പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കിയില്ലെന്നാണ് ചിലര്‍ അവകാശപ്പെടുന്നത്. ചില സംസ്ഥാനങ്ങളില്‍ ഇത് പ്രവര്‍ത്തിച്ചില്ല എന്നത് യാഥാര്‍ത്ഥ്യമാണ്, എന്നാല്‍ എല്ലായിടത്തും അങ്ങനെയാണ് എന്നുള്ള അനുമാനം തെറ്റിപ്പോയി.

വിശാലമായ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ പല ഛിന്നഭിന്നതകളും കാണാം. പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥികളില്‍ പലരും ഒന്നുകില്‍ പ്രാദേശികമായി അത്ര അറിയപ്പെടുന്നവരായിരുന്നില്ല, അല്ലെങ്കില്‍ അവര്‍ പുറത്തു നിന്നു വന്നവരായിരുന്നു. അവര്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ വലിയൊരു അകലം ഉണ്ടായിരുന്നു. മോദിക്ക് വോട്ട് ചെയ്യുക എന്ന പ്രചാരണങ്ങള്‍ക്കു പോലും പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരിലുള്ള അതൃപ്തി മറികടക്കാന്‍ സാധിച്ചുമില്ല.

തിരഞ്ഞെടുപ്പ് ഫലങ്ങളുടെ വിശകലനം കാര്യമായ പ്രാദേശിക വ്യതിയാനങ്ങളെ വെളിപ്പെടുത്തുന്നുണ്ട്. ഉദ്ദാഹരണത്തിന്, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ സീറ്റ് 62 ല്‍ നിന്ന് 36 ആയി കുറഞ്ഞപ്പോള്‍, മധ്യപ്രദേശില്‍ അവര്‍ ആകെയുള്ള 29 സീറ്റുകളും തൂത്തുവാരി. ഹരിയാനയിലെ അഞ്ചു സീറ്റുകളും നിലനിര്‍ത്തുകയും ചെയ്തു.

വിദ്യാഭ്യാസം, ലിംഗഭേദം, വംശീയ സ്വത്വം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങള്‍ക്കു വോട്ടര്‍മാര്‍ മുന്‍ഗണന കൊടുക്കുന്നുണ്ട്. അതുകൊണ്ട് കാര്യങ്ങള്‍ ഒരൊറ്റ ദേശീയ വിവരണം കൊണ്ട് അടയാളപ്പെടുത്താന്‍ സാധിക്കില്ല. കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത ഫലങ്ങള്‍ വന്നതും അതുകൊണ്ടാണ്.

പ്രധാന ചോദ്യം ഇപ്പോഴും ബാക്കി നില്‍ക്കുകയാണ്; എങ്ങനെയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പിഴച്ചത്? ഭൂരിഭാഗം പ്രവചനങ്ങളും എന്‍ഡിഎ 350 സീറ്റുകളിലേക്ക് എത്തുമെന്നായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഇതില്‍ നിന്നും വളരെ താഴെയായിരുന്നു. ഫലങ്ങളിലെ ഏകതാനതയില്ലായ്മ പ്രവചനങ്ങളെ സങ്കീര്‍ണ്ണമാക്കുന്നു.

ഉപസംഹരിച്ചാല്‍, രണ്ട് പ്രാഥമിക കാരണങ്ങള്‍ ബിജെപിയുടെ പ്രത്യക്ഷമായ ‘ പരാജയ’ത്തെ വിശദീകരിക്കുന്നു. രണ്ട് ടേമുകള്‍ക്ക് ശേഷവും ഏകദേശം 244 സീറ്റുകള്‍ നേടുകയെന്നത് സാധാരണയായി ആഘോഷിക്കപ്പെടും, അതേസമയം പാര്‍ട്ടിയെ ചുറ്റിപ്പറ്റിയുള്ള ഊതിപ്പെരുപ്പിച്ച പ്രതീക്ഷകള്‍ അതിന്റെ പ്രകടനത്തെക്കുറിച്ചുള്ള ധാരണകളെ വികലമാക്കുകയും ചെയ്യും, വ്യക്തമായ വിജയത്തെ പരാജയമായി രൂപപ്പെടുത്തുകയും ചെയ്യുന്നു. പ്രതീക്ഷകളും യാഥാര്‍ത്ഥ്യവും തമ്മിലുള്ള ഈ ബന്ധമില്ലായ്മ എക്സിറ്റ് പോള്‍ വഴി തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കൃത്യമായി പ്രവചിക്കുന്നതിലെ അന്തര്‍ലീനമായ വെല്ലുവിളികളെയാണ് വെളിപ്പെടുത്തുന്നത്.  Why Exit polls go horribly wrong? 

Content Summary; Why Exit polls go horribly wrong?

അഴിമുഖം പ്രതിനിധി:
Leave a Comment