March 20, 2025 |
Share on

“എന്തുകൊണ്ട് ഞാന്‍ അംബാനിയോട് ‘നോ’ പറഞ്ഞു!”

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ കാവ്യ കര്‍ണാടക് എടുത്ത നിലപാട്

മുകേഷ് അംബാനി നിങ്ങള്‍ക്കൊരു ഓഫര്‍ തന്നാല്‍ എന്തു ചെയ്യും? വച്ച് നീട്ടുന്നത് നിങ്ങള്‍ പ്രതീക്ഷിക്കാത്ത തുകയാണെങ്കില്‍! ഇരു കൈയും നീട്ടി സ്വീകരിക്കുമോ?

പ്രലോഭിപ്പിക്കുന്നൊരു ഓഫര്‍ അംബാനി കുടുംബം മുന്നോട്ടു വച്ചപ്പോള്‍ കാവ്യ കര്‍ണാടക് എന്ന യുവതി അംബാനിയോട് ‘ നോ’ എന്നാണ് പറഞ്ഞത്.

കാവ്യ കര്‍ണാടകിനെ നിങ്ങള്‍ക്ക് അറിയാമായിരിക്കും. ഇന്‍സ്റ്റഗ്രാമില്‍ ആക്ടീവ് ആയവരാണെങ്കില്‍ ഒരിക്കലെങ്കിലും കാവ്യയുടെ പേജ് സന്ദര്‍ശിക്കുകയോ വീഡിയോ കാണുകയോ ചെയ്തിട്ടുണ്ടാകും. കാവ്യയെ അറിയാത്തവര്‍ക്കു ചെറിയൊരു വിവരണം തരാം.

സോഷ്യല്‍ മീഡിയയില്‍ പ്രശസ്തയാണ് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ കാവ്യ കര്‍ണാടക്. 1.6 മില്യണ്‍ ഫോളോവേഴ്‌സാണ് ഇന്‍സ്റ്റയില്‍ കാവ്യക്കുള്ളത്. യൂട്യൂബ് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 7 ലക്ഷവും. ഇന്ത്യയുടെ വൈവിധ്യങ്ങളെയും സാംസ്‌കാരിക ഭൂമികയെയും പകര്‍ത്തുന്ന കാവ്യയുടെ ഭൂമിശാസ്ത്രപരമായ വീഡിയോകള്‍ക്ക് യൂട്യൂബിലും ഇന്‍സ്റ്റയിലും ലക്ഷക്കണക്കിന് കാഴ്ച്ചക്കാരാണ്. കര്‍ണാടക സ്വദേശിയായ കാവ്യയുടെ അവതരണവും പങ്കുവയ്ക്കുന്ന അറിവുമാണ് അവരെ പിന്തുടരാന്‍ കാഴ്ച്ചക്കാരെ പ്രേരിപ്പിക്കുന്നത്. ലളിതമായും വ്യക്തമായും കാവ്യ നടത്തുന്ന ഭൂമിശാസ്ത്ര വിവരണത്തിന് മാതാപിതാക്കളും കുട്ടികളും അവരുടെ വീഡിയോകള്‍ ആശ്രയിക്കുന്നുണ്ട്. വ്യക്തമായ വിവരങ്ങളോടെ ഓരോ സ്ഥലങ്ങളും കണ്ടെത്താനുള്ള അവരുടെ കഴിവ് കൊണ്ട് വിനോദസഞ്ചാരികളും കാവ്യയുടെ ഫോളോവര്‍മാരാണ്.

kavya karnatac instagram influencer

കാവ്യ കര്‍ണാടക്

ഇനി അംബാനിയിയിലേക്ക് വരാം.

3.6 ലക്ഷം രൂപയുടെ ഓഫറാണ് അംബാനി കുടുംബം കാവ്യക്ക് മുന്നില്‍ വച്ചത്. ജോലി, മറ്റൊന്നുമല്ല; പി ആര്‍ വര്‍ക്ക്.

ആനന്ദ് അംബാനിയുടെ വിവാഹം ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജ്ജമേകിയതായി ഒരു വീഡിയോ ചെയ്യണം. ഇതിനായിരുന്നു പ്രതിഫലം നിശ്ചയിച്ചത്.

സാധാരണ കാവ്യ ഒരു വീഡിയോ ചെയ്യുന്നതിന് വാങ്ങുന്നത് മൂന്നു ലക്ഷമാണ്. ഇത് അതിനേക്കാള്‍ കൂടിയ തുകയാണ്. വിവരമറിഞ്ഞ മാതാപിതാക്കളും ആ ഓഫര്‍ സ്വീകരിക്കാന്‍ കാവ്യയെ നിര്‍ബന്ധിച്ചു.

എന്നാല്‍, കാവ്യ ചെയ്തത് അംബാനിയുടെ ഓഫര്‍ നിരസിക്കുകയായിരുന്നു.

അതെന്തുകൊണ്ടാണെന്ന് കാവ്യ തന്നെ ലിങ്ക്ഡ് ഇന്‍-ല്‍ പങ്കുവച്ച പോസ്റ്റിലൂടെ വിശദമാക്കുന്നുണ്ട്.

വൈവിധ്യത്തിലും മൗലികതയിലും അടിസ്ഥാനമാക്കിയുള്ള കാര്യങ്ങളാണ് ഞാന്‍ ചെയ്യുന്നത്. ഉള്ളടക്കത്തിന്റെ വ്യതിരക്തതയിലും മൂല്യത്തിലുമാണ് വിശ്വസിക്കുന്നത്. ആള്‍ക്കൂട്ടമുണ്ടാക്കുന്ന ബഹളത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ല. വ്യക്തിഗതമായ ബ്രാന്‍ഡിംഗിലും താത്പര്യമില്ല. അംബാനിയുടെ കല്യാണം പോലെ അമിതമായി കൊണ്ടാടപ്പെടുന്നൊരു വിഷയത്തിനു പിന്നാലെ പോയാല്‍ അത് എന്റെ ബ്രാന്‍ഡിനെ ബാധിക്കുമെന്നാണ് കാവ്യ പറയുന്നത്.

ജനങ്ങളോടുള്ള വിശ്വാസം നിലനിര്‍ത്തേണ്ടതുണ്ടെന്നാണ് കാവ്യ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യം. ജിയോ അതിന്റെ ഇന്റര്‍നെറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച സമയത്ത് അംബാനിയെ പോലൊരു കോര്‍പ്പറേറ്റ് ഭീമനെ പ്രോത്സാഹിപ്പിക്കുന്നത് ആത്മാര്‍ത്ഥയില്ലാത്ത പ്രവര്‍ത്തിയായി പോകും. ജനങ്ങള്‍ തന്റെ മേല്‍ വച്ചിരിക്കുന്ന വിശ്വാസം സത്യസന്ധമായ പ്രവര്‍ത്തിയിലൂടെ കാലക്രമേണ ഉണ്ടാക്കിയെടുത്തതാണെന്നാണ് കാവ്യ ചൂണ്ടിക്കാണിക്കുന്നത്. തന്നെ പിന്തുടരുന്നവര്‍ വിവേചന ബുദ്ധിയുള്ളവരാണ്, അവര്‍ക്ക് പെയ്ഡ് പ്രമോഷനുകളും അല്ലാത്തവയും തിരിച്ചറിയാന്‍ കഴിയും. അതുകൊണ്ട് അവരുടെ വിശ്വാസം സംരക്ഷിക്കുകയെന്നത് തന്നെ സംബന്ധിച്ച് പ്രധാനമാണെന്നും കാവ്യ പറയുന്നു.

മറ്റ് ചില നൈതിക പ്രശ്‌നം കൂടി കാവ്യ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജാതി, കുലം, ലിംഗഭേദം മതം തുടങ്ങി പല കാരണങ്ങള്‍ കൊണ്ട് കല്യാണങ്ങള്‍ മുടങ്ങിപ്പോകുന്ന ഈ രാജ്യത്ത് ഒരു ഹൈ പ്രൊഫൈല്‍ വിവാഹം പ്രമോട്ട് ചെയ്യുന്നത് എന്റെ മൂല്യങ്ങളുമായി പൊരുത്തപ്പെടില്ലെന്നാണ് കാവ്യ പറയുന്നത്. ഒരു അധ്യാപിക, ക്രിയേറ്റര്‍ എന്ന നിലകളില്‍ നിന്നുകൊണ്ട് ഇത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് തെറ്റിദ്ധാരണകളുണ്ടാക്കും. എന്നെക്കാള്‍ ഇത്തരം കാര്യങ്ങള്‍ക്ക് നല്ലത്, ഫാഷന്‍, ലൈഫ് സ്റ്റൈല്‍ ഇന്‍ഫ്‌ളുവന്‍സര്‍മാരെയാണെന്നും കാവ്യ അഭിപ്രായപ്പെടുന്നു.

Anand ambani wedding

‘വന്‍താര’യക്ക് വേണ്ടു മുമ്പ് താന്‍ അംബാനിയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് കാവ്യ പറയുന്നു. എന്നാല്‍ ഒരു വിവാഹം ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ അഭിവൃദ്ധിപ്പെടുത്തുമെന്ന് അവകാശപ്പെടുന്നത് വസ്തുതാപരമായി ശരിയാകില്ലെന്നാണ് ഇത്തരമൊരു നിലപാടിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

എല്ലാത്തിലുമപരി തന്നോട് തന്നെ കാണിക്കേണ്ട സത്യസന്ധതയും ഇത്തരമൊരു വാഗ്ദാനം നിരസിക്കാന്‍ കാരണമായിട്ടുണ്ടെന്നു കാവ്യ പറയുന്നു. 3.6 ലക്ഷം എന്നത് പ്രലോഭിപ്പിക്കുന്ന തുകയാണ്. എന്നാല്‍ ഇപ്പോള്‍ കിട്ടുന്ന ഈ സാമ്പത്തിക നേട്ടത്തെക്കാള്‍ വലുതാണ് ആളുകള്‍ക്ക് മേല്‍ നിലനിര്‍ത്തേണ്ടതായ തന്റെ സത്യസന്ധത എന്നാണ് കാവ്യ പറയുന്നത്. സത്യസന്ധതകൊണ്ടാണ് വിശ്വസ്തതയുള്ള അനുയായികളെ ഉണ്ടാക്കുന്നത്. അത്തരം അനുയായികള്‍ വിലമതിക്കാനാകാത്തതാണെന്നും കാവ്യ നിലപാടെടുക്കുന്നു.

ഇത്തരം ഇടപാടുകളോട് ‘ഇല്ല’ എന്നു പറയുക വെല്ലുവിളിയാണ്. ഭാഗ്യവശാല്‍, എന്റെ കരിയറില്‍ ഇത്തരം തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ കഴിയുന്ന ഒരു ഘട്ടത്തിലാണ് ഞാനിപ്പോഴുള്ളത്. എല്ലാവര്‍ക്കും ഇതുപോലെ നോ പറയാന്‍ കഴിയണമെന്നില്ല. അത് സാഹചര്യങ്ങളെ ആശ്രയിച്ചുള്ള വ്യക്തിപരമായ തീരുമാനമാണെന്നു പറഞ്ഞാണ് കാവ്യ തന്റെ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

ഏകദേശം 6,000 കോടി മുടക്കിയാണ് ആനന്ദ് അംബാനിയുടെ വിവാഹം നടത്തിയതെന്നാണ് വിവരം. ഗോവ, മണിപ്പൂര്‍ തുടങ്ങിയ ചെറിയ സംസ്ഥാനങ്ങള്‍ അവരുടെ വിദ്യാഭ്യാസ, സാംസ്‌കാരിക, കായിക മേഖലകള്‍ക്കായി മാറ്റി വയ്ക്കുന്ന ബഡ്ജറ്റ് തുകയെക്കാള്‍ കൂടുതലാണ് മുകേഷ് അംബാനി തന്റെ മകന്റെ വിവാഹത്തിനു വേണ്ടി ചെലവിട്ടത്. ഇങ്ങനെയൊരു കല്യാണം എങ്ങനെയാണ് ഇന്ത്യയുടെ സാമ്പത്തിക മേഖലയെ അഭിവൃദ്ധിപ്പെടുത്തിയതെന്നാണ് കാവ്യ പോലുള്ളവര്‍ ഉയര്‍ത്തുന്ന ചോദ്യം.  why instagram influencer kavya karnatac said no to ambani families offer for promoting anant ambani wedding promotion

Content Summary; why instagram influencer kavya karnatac said no to ambani families offer for promoting anant ambani wedding promotion

×