കേരള രാഷ്ട്രീയത്തില്‍ ജാതി-സമുദായ സമവാക്യങ്ങള്‍ എന്നും നിര്‍ണ്ണായകമാണ്. പ്രത്യയശാസ്ത്രങ്ങള്‍ക്കപ്പുറം സമുദായ സംഘടനകളുടെ നിലപാടുകള്‍ ഭരണമാറ്റങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. എന്നാല്‍ അധികാരം കിട്ടുന്നതിന് മുമ്പേ ആഭ്യന്തര കലഹങ്ങളാല്‍ പുകയുകയാണ് കോണ്‍ഗ്രസ് ക്യാമ്പ്. കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ കാല്‍നൂറ്റാണ്ടിന് ശേഷം കേരളത്തില്‍ ഒരു നായര്‍ സമുദായാംഗം മുഖ്യമന്ത്രി കസേരയിലേക്ക് എത്തും. 1996 മുതല്‍ 2001 വരെ ഭരിച്ച ഇ.കെ. നായനാര്‍ക്ക് ശേഷം കേരള രാഷ്ട്രീയത്തില്‍ ഒരു നായര്‍ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല.
വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍ എന്നിങ്ങനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന ഒരു നീണ്ട നിര തന്നെ നിലവില്‍ കോണ്‍ഗ്രസിനുണ്ട്. മുഖ്യമന്ത്രി കസേര ആർക്ക് എന്ന തർക്കം മുറുകുമ്പോൾ, കോൺഗ്രസിനുള്ളിലെ നായർ സമുദായത്തിന്റെ ശക്തമായ സ്വാധീനം മറ്റ് രാഷ്ട്രീയ പാർട്ടികളിൽ ഇല്ലാത്ത വിധം തെളിഞ്ഞു വരികയാണ്.
കേരളത്തിലെ ജനസംഖ്യയുടെ 15 ശതമാനത്തില്‍ താഴെ മാത്രമാണ് നായര്‍ സമുദായമെങ്കിലും, രാഷ്ട്രീയ അധികാര കേന്ദ്രങ്ങളില്‍ വലിയ സ്വാധീനമുള്ള സമുദായമാണ് നായര്‍ വിഭാഗം. പാരമ്പര്യമായി യുഡിഎഫിനോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഈ വോട്ട് ബാങ്ക് ഇപ്പോള്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയും കോണ്‍ഗ്രസും തമ്മിലുള്ള വലിയ പോരാട്ടത്തിന് വേദിയായിരിക്കുകയാണ്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ശേഷം രാജീവ് ചന്ദ്രശേഖര്‍, സുരേഷ് ഗോപി എംപി തുടങ്ങിയ നായര്‍ മുഖങ്ങളെ മുന്‍നിര്‍ത്തി ബിജെപി നായര്‍ വോട്ടുകളില്‍ വിള്ളലുണ്ടാക്കി കഴിഞ്ഞു. നായര്‍ സമുദായത്തിലെ വലിയൊരു വിഭാഗം ബിജെപിയിലേക്ക് ചേക്കേറുന്നുവെന്ന കോണ്‍ഗ്രസിന്റെ ആഭ്യന്തര സര്‍വേ റിപ്പോര്‍ട്ടുകള്‍ യുഡിഎഫിനെ ആശങ്കപ്പെടുത്തുന്നുണ്ട്.
മെയ് നാലിന് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫ് അധികാരത്തില്‍ വരുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇതിന് തിരികൊളുത്തിയത് കെ. സുധാകരന്റെ പ്രസ്താവനയാണ്.
” നേതാവെന്ന നിലയില്‍ മാത്രമല്ല, പ്രവര്‍ത്തകരുടെ ഇടയില്‍ നിലകൊള്ളാന്‍ കഴിയുന്ന നേതാവാണ് കെസി വേണുഗോപാല്‍. അത്തരം നേതാക്കളാണ് പ്രസ്ഥാനത്തിന്റെ കരുത്ത്” എന്നായിരുന്നു സുധാകരന്‍ പറഞ്ഞത്്. കുറച്ചുനാള്‍ മുമ്പ് രമേശ് ചെന്നിത്തലയെ പിന്തുണച്ചിരുന്ന സുധാകരന്‍ ഇപ്പോള്‍ കെ.സി. വേണുഗോപാലിനായി കളം മാറ്റി ചവിട്ടിയിരിക്കുകയാണ്. വി.ഡി. സതീശനുമായുള്ള ശീതയുദ്ധമാണ് ഇതിന് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. നിയമസഭയില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ സതീശന്‍ നടത്തിയ മികച്ച പ്രകടനങ്ങള്‍ അദ്ദേഹത്തിന് വലിയ സ്വീകാര്യത നല്‍കിയിട്ടുണ്ട്. എന്നാല്‍ സതീശനെ വെട്ടാന്‍ കെ.സിയെ പുകഴ്ത്തുന്ന സുധാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും വലിയ ചര്‍ച്ചയായി.
അതിനിടെ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന കെ.സി. വേണുഗോപാലിന്റെ പ്രതികരണം മുഖ്യമന്ത്രി കസേരയ്ക്കുള്ള തമ്മില്‍ തല്ല് ഇപ്പോഴേ തുറന്നുകാട്ടുന്നു. കെസിക്ക് വഴിയൊരുക്കാന്‍ ഇരിക്കൂറില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ പോലുള്ള വിശ്വസ്തര്‍ സീറ്റ് ഒഴിയുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. കൂടാതെ, ഹൈക്കമാന്‍ഡിലുള്ള സ്വാധീനവും കെ.സിക്ക് മുന്‍തൂക്കം നല്‍കുന്നു. എന്നാല്‍, സതീശന്‍ പക്ഷവും ചെന്നിത്തല പക്ഷവും ഇതിനെ അത്ര എളുപ്പത്തില്‍ അംഗീകരിക്കാന്‍ സാധ്യതയില്ല.
പരമ്പരാഗതമായി ഈഴവ വോട്ടുകള്‍ എല്‍ഡിഎഫിനും, നായര്‍ വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും യുഡിഎഫിനുമാണെന്ന് വിശ്വസിക്കുമ്പോഴും, നായര്‍ വോട്ടുകള്‍ രണ്ട് മുന്നണികളിലുമായി വിഭജിക്കപ്പെടുകയായിരുന്നു പതിവ്. എന്നാല്‍, നായര്‍ സര്‍വീസ് സൊസൈറ്റി സ്വീകരിക്കുന്ന സമദൂര നിലപാടില്‍ മാറ്റം വരുമോ എന്നതാണ് നിര്‍ണ്ണായകം. എസ്എന്‍ഡിപിയുമായുള്ള ‘ഹിന്ദു ഐക്യ’ നീക്കത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറിയത് ബിജെപിയുടെ തന്ത്രങ്ങള്‍ക്ക് തിരിച്ചടിയായി. ഈ വിടവ് മുതലെടുത്ത് സമുദായത്തെ കൂടെ നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
തുടര്‍ഭരണത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഇടതുപക്ഷം കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി തര്‍ക്കത്തെ മലര്‍പ്പൊടിക്കാരന്റെ സ്വപ്നം എന്നാണ് വിശേഷിപ്പിക്കുന്നത്. ഭരണം കിട്ടിയാല്‍ മാത്രം നടക്കേണ്ട ചര്‍ച്ചകളാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്നതെന്നും, മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള തര്‍ക്കം യുഡിഎഫിന് വിനയാകുമെന്നും ഇടതുപക്ഷം വിലയിരുത്തുന്നു.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍, സമുദായങ്ങള്‍ ഒന്നിച്ച് നില്‍ക്കുമ്പോള്‍ മാത്രമേ ഭരണമാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളൂ. 25 വര്‍ഷത്തിന് ശേഷം ഒരു നായര്‍ മുഖ്യമന്ത്രി എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമാണുള്ളത്. എന്നാല്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് വൈരവും നേതാക്കള്‍ തമ്മിലുള്ള പരസ്യമായ പോരും ഈ അവസരത്തെ നഷ്ടപ്പെടുത്തുമോ എന്നത് കണ്ട് തന്നെ അറിയണം. വോട്ട് വിഹിതത്തിലെ ചെറിയൊരു മാറ്റം പോലും ഭരണത്തെ ബാധിക്കുമെന്നിരിക്കെ, മെയ് നാലിന് ജനവിധി വരുമ്പോള്‍ മാത്രമേ ഈ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഇനി അന്ത്യമുണ്ടാകൂ.
Content Summary: Why the Nair community has become the battleground for UDF and NDA