അവിശ്വസനീയമെന്ന് തോന്നുമെങ്കിലും, ഇത് തീര്‍ത്തും സത്യമാണ്! ലോകം കണ്ട ഏറ്റവും മികച്ച ഭൗതികശാസ്ത്രജ്ഞനും നോബല്‍ സമ്മാന ജേതാവുമായ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്റെ തലച്ചോര്‍, അദ്ദേഹത്തിന്റെ അസാധാരണ ബുദ്ധിയുടെ രഹസ്യം മറച്ചുവെച്ച ഒരു അത്ഭുതമായി കണക്കാക്കപ്പെട്ടിരുന്നു. 1955 ഏപ്രില്‍ 18 ന് പ്രിന്‍സ്റ്റണ്‍ ആശുപത്രിയില്‍ വച്ച് ഐന്‍സ്‌റ്റൈന്‍ മരിച്ചപ്പോള്‍, പാത്തോളജിസ്റ്റ് തോമസ് ഹാര്‍വി ആരുമറിയാതെ അത് മോഷ്ടിച്ചു!
രാത്രി 1:15 നാണ് ഐന്‍സ്റ്റീന്‍ അന്ത്യശ്വാസം വലിച്ചത്. മരണസമയത്ത് അദ്ദേഹം ജര്‍മ്മന്‍ ഭാഷയില്‍ എന്തോ പറഞ്ഞിരുന്നു. എന്നാല്‍, അപ്പോള്‍ അടുത്തുണ്ടായിരുന്ന നഴ്‌സിന് ജര്‍മ്മന്‍ അറിയാതിരുന്നതിനാല്‍, ആ മഹാമനീഷിയുടെ അവസാന വാക്കുകള്‍ ലോകത്തിന് നഷ്ടമായി. മരണശേഷം താന്‍ പുണ്യാളനാക്കപ്പെടുന്നതിനോ വിഗ്രഹവല്‍ക്കരിക്കപ്പെടുന്നതിനോ ഐന്‍സ്റ്റീന്‍ എതിരായിരുന്നു. അതുകൊണ്ട് തന്നെ തന്റെ ശവസംസ്‌കാരത്തിന് ശേഷം ചിതാഭസ്മം രഹസ്യമായി വിതറണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാല്‍, ഓട്ടോപ്‌സി നടത്തിയ പാത്തോളജിസ്റ്റ് ഡോ. തോമസ് സ്റ്റോള്‍സ് ഹാര്‍വി, ഐന്‍സ്‌റ്റൈന്റെയോ കുടുംബത്തിന്റെയോ അനുവാദമില്ലാതെ മൃതശരീരത്തില്‍നിന്നും തലച്ചോര്‍ എടുത്തുമാറ്റുകയായിരുന്നു.
ഐന്‍സ്‌റ്റൈന്റെ അസാധാരണ ബുദ്ധിശക്തിയുടെ രഹസ്യം മനസിലാക്കാനുള്ള ശാസ്ത്രീയ ആകാംക്ഷയാണ് ഹാര്‍വിയെ ഈ മോഷണത്തിന് പ്രേരിപ്പിച്ചത്. മസ്തിഷ്‌കം 1,230 ഗ്രാം ഭാരമുള്ളതായിരുന്നു. ഐന്‍സ്‌റ്റൈന്റെ പ്രായത്തിലുള്ള പുരുഷന്മാരുടെ ശരാശരിയേക്കാള്‍ അല്പം കുറവ്. ഹാര്‍വി അതിനെ 240 ബ്ലോക്കുകളായി മുറിച്ച്, കൊളോഡിയനില്‍ സംരക്ഷിച്ച്, 12 സെറ്റ് 200 സ്ലൈഡുകള്‍ സൃഷ്ടിച്ചു.
‘ആപേക്ഷികതാ സിദ്ധാന്തം വികസിപ്പിക്കുകയും ന്യൂക്ലിയര്‍ വിഭജനത്തിന്റെ വികസനം സാധ്യമാക്കുകയും ചെയ്ത മസ്തിഷ്‌കം’ ശാസ്ത്രീയ പഠനത്തിനായി നീക്കംചെയ്യപ്പെട്ടതായുള്ള വിവരം ഐന്‍സ്റ്റീന്റെ ശവസംസ്‌കാരം നടന്നതിന്റെ പിറ്റേദിവസം തന്നെ ന്യൂയോര്‍ക്ക് ടൈംസ് പത്രത്തില്‍ ഒന്നാം പേജില്‍ വാര്‍ത്തയായി.
ഐന്‍സ്‌റ്റൈന്റെ മകന്‍ ഹാന്‍സ് ആല്‍ബര്‍ട്ട് ആദ്യം ക്ഷുഭിതനായെങ്കിലും, ശാസ്ത്രീയ ഗവേഷണത്തിനായി ഉപയോഗിക്കുമെന്ന ഉറപ്പിന്മേല്‍ ഹാര്‍വിക്ക് മസ്തിഷ്‌കം സൂക്ഷിക്കാന്‍ അനുവാദം നല്‍കി. ശാസ്ത്രത്തിന്റെ താല്പര്യത്തിന് വേണ്ടിയുള്ള പഠനത്തിന് വേണ്ടി മാത്രമേ ഐന്‍സ്റ്റീന്റെ തലച്ചോര്‍ ഉപയോഗപ്പെടുത്തുകയുള്ളൂ എന്നായിരുന്നു ഹാര്‍വി നല്‍കിയ ഉറപ്പ്. എന്നിട്ടും, ഹാര്‍വിയുടെ പ്രവൃത്തി അയാളുടെ ജോലിയും വിവാഹ ജീവിതവും തകരാന്‍ കാരണമായി. വൈദ്യസമൂഹത്തില്‍ അയാള്‍ ഒറ്റപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് ശേഷവും ഹാര്‍വിയില്‍നിന്ന് ശാസ്ത്രീയ പഠനറിപ്പോര്‍ട്ടൊന്നും പുറത്തു വന്നില്ല. അങ്ങനെ ഐന്‍സ്റ്റീന്റെ തലച്ചോറിനെ ചൊല്ലിയുള്ള വിവാദവും ജനം മറന്നു.
പിന്നീട് 1978 -ലാണ് സ്റ്റീവന്‍ ലെവി എന്ന് പേരുള്ള ഒരു യുവ പത്രപ്രവര്‍ത്തകന്‍ ‘ന്യൂ ജെഴ്‌സി’മാസികയുടെ പത്രാധിപര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഐന്‍സ്റ്റീന്റെ തലച്ചോര്‍ എവിടെയാണെന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വീണ്ടും ഈ വിഷയം പുറത്തെടുക്കുന്നത്. എന്നാല്‍ ഐന്‍സ്റ്റീന്റെ മരണം നടന്ന പ്രിന്‍സ്റ്റന്‍ ഹോസ്പിറ്റലില്‍ അന്വേഷിച്ചപ്പോള്‍ അത് സംബന്ധിച്ച യാതൊരു വിവരവും കണ്ടെത്താനായില്ല. ഐന്‍സ്റ്റീന്റെ തലച്ചോര്‍ തേടിയുള്ള സ്റ്റീവന്‍ ലേവിയുടെ അന്വേഷണം ഒടുവില്‍ തോമസ് ഹാര്‍വിയിലെത്തി .താന്‍ ഐന്‍സ്റ്റീന്റെ തലച്ചോറിനെക്കുറിച്ച് ഒരു സ്റ്റോറി ചെയ്യുകയാണെന്ന് തോമസ് ഹാര്‍വിയോട് സ്റ്റീവന്‍ ലെവി പറഞ്ഞു. എന്നാല്‍ തോമസ് ഹാര്‍വി യാതൊരു താല്പര്യവും കാണിച്ചില്ലെന്ന് മാത്രമല്ല തനിക്ക് ഈ കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ലെന്ന് കൂടി പറഞ്ഞു. അന്നത്തെ കൂടിക്കാഴ്ചയുടെ ഒടുവില്‍, തോമസ് ഹാര്‍വി റിപ്പോര്‍ട്ടറെ തന്റെ ചെറിയ മെഡിക്കല്‍ ലാബിലെ ഓഫീസില്‍ കണ്ടുമുട്ടാന്‍ സമ്മതിച്ചു. ഐന്‍സ്റ്റീന്റെ തലച്ചോറുമായി ബന്ധപ്പെട്ട് ഒരു ശാസ്ത്രീയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനുള്ള ശ്രമം ഹാര്‍വി അപ്പോഴും ഉപേക്ഷിച്ചിരുന്നില്ലെന്ന കാര്യം സ്റ്റീവന്‍ ലെവിയെ അത്ഭുതപ്പെടുത്തി.
തോമസ് ഹാര്‍വി അല്‍പ്പം അന്തര്‍മുഖനായ ഒരു വ്യക്തിയായിരുന്നു എന്നാണ് സ്റ്റീവന്‍ പിന്നീടയാളെ കുറിച്ചെഴുതിയത്. ‘മര്യാദയുള്ള ആളായിരുന്നു,’ ലെവി ഓര്‍മ്മിക്കുന്നു. ‘എന്നാല്‍ സംഭാഷണം തുടരുന്നതിനിടയില്‍, താന്‍ ഈ പഠനം നടത്തുന്നുവെന്ന് അദ്ദേഹത്തിന് അഭിമാനമുണ്ടായിരുന്നു, പക്ഷേ എന്തുകൊണ്ടാണെന്നതിന് അദ്ദേഹത്തിന് നല്ല ഉത്തരങ്ങളുണ്ടായിരുന്നില്ല, മാത്രമല്ല അന്ന് ഏതാണ്ട് 25 വര്‍ഷങ്ങള്‍ക്ക് ശേഷവും, ഈ വിഷയത്തില്‍ ഒന്നും തന്നെ ഹാര്‍വി പ്രസിദ്ധീകരിച്ചിരുന്നുമില്ല.
തലച്ചോറിന്റെ ചില ചിത്രങ്ങള്‍ കാണാന്‍ ലെവി ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഹാര്‍വിയുടെ മുഖം ഒരു വിചിത്രരൂപം കൈവന്നു എന്നാണ് ലെവി പിന്നീട് ആ സംഭവത്തെ കുറിച്ചെഴുതിയത്. ചെമ്മരിയാടിനേപ്പോലെ ചിരിച്ചുകൊണ്ട് അയാള്‍ എഴുന്നേറ്റു, മുറിയുടെ മൂലയിലേക്ക് നടന്നുചെന്ന്, കടലാസു പെട്ടികളുടെ ഒരു ശേഖരത്തില്‍ നിന്ന് ഒരു ബിയര്‍ കൂളര്‍ പുറത്തെടുത്തു. അതില്‍നിന്നും ‘കോസ്റ്റ സൈഡര്‍’ എന്ന് ലേബല്‍ നല്‍കിയിരുന്ന ഒരു ബോക്‌സ് പുറത്തെടുക്കുകയായിരുന്നു. അതിലുള്ള ജാര്‍ കണ്ടപ്പോള്‍ ലെവി അതിശയിച്ചു പോയി. ജാറിനുള്ളില്‍ ഐന്‍സ്റ്റീന്റെ തലച്ചോര്‍ ഉണ്ടായിരുന്നു ! കഴിഞ്ഞ 30 വര്‍ഷത്തോളമായ്, അത് ഒരു കുക്കി ജാറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
1994-ലെ ഒരു ബിബിസി ഡോക്യുമെന്ററിയില്‍, ഹാര്‍വി ഒരു ജാപ്പനീസ് ഗവേഷകനായ കെഞ്ചി സുഗിമോട്ടോയ്ക്ക് വേണ്ടി മസ്തിഷ്‌കത്തിന്റെ ഒരു ഭാഗം ചീസ്‌ബോര്‍ഡില്‍ മുറിക്കുന്ന രംഗം ചിത്രീകരിച്ചിരുന്നു. 2007-ല്‍ മരണപ്പെട്ട ഹാര്‍വി, മരിക്കുന്നതിന് മുമ്പ് ഐന്‍സ്‌റ്റൈന്റെ തലച്ചോറിന്റെ ശേഷിക്കുന്ന ഭാഗങ്ങള്‍ മ്യൂസിയങ്ങള്‍ക്ക് സംഭാവന ചെയ്തു, അതോടെ അഞ്ച് പതിറ്റാണ്ടുകളിലേറെ നീണ്ട ഒരു വിചിത്ര കഥയ്ക്ക് അന്ത്യം കുറിച്ചു.
ഐന്‍സ്റ്റീന്റെ തലച്ചോര്‍ സാംസ്‌കാരിക ലോകത്തും വലിയ ചലനം സൃഷ്ടിച്ചു. തലച്ചോര്‍ മോഷണം മാര്‍ക്ക് ഓള്‍ഷേക്കറുടെ Einstein’s Brain എന്ന നോവല്‍, പിയറി-ഹെന്റി ഗോമോന്റിന്റെ Brain Drain എന്ന കോമിക് ബുക്ക്, ന്യൂയോര്‍ക്കില്‍ അവതരിപ്പിച്ച നിക്ക് പെയ്നിന്റെ Incognito എന്ന നാടകം എന്നിവയ്ക്ക് പ്രചോദനമായി. ഈ കലാസൃഷ്ടികള്‍, ശാസ്ത്രീയ ആകാംക്ഷയും നൈതിക ഉത്തരവാദിത്തവും തമ്മിലുള്ള പിരിമുറുക്കത്തെ വ്യത്യസ്ത കോണുകളിലൂടെ അവതരിപ്പിച്ചെങ്കിലും, ഐന്‍സ്റ്റീന്റെ തലച്ചോര്‍ ഇന്നും ശാസ്ത്ര ചരിത്രത്തിലെ ഒരു ആകര്‍ഷകമായ അധ്യായമായി തുടരുന്നു. why was Einstein’s brain stolen
Content Summary: why was Einstein’s brain stolen