June 03, 2026 |

ജനാധിപത്യത്തെ അംഗീകരിക്കാത്ത ജമാഅത്തെക്കാരുമായുള്ള ആശയസംവാദം ആര്യാടന്‍ ഷൗക്കത്ത് അവസാനിപ്പിച്ചോ?

ഷൗക്കത്ത് ഇപ്പോള്‍ അതേ മതാശയക്കാരുടെ പിന്തുണ സ്വീകരിക്കുന്നത് കൗതുകമാണ്

ജനാധിപത്യത്തെ അംഗീകരിക്കാത്ത ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ആര്യാടന്‍ ഷൗക്കത്ത് സ്വീകരിക്കുമോ? അതോ, തിരഞ്ഞെടുപ്പ് ജയിക്കാന്‍ തന്റെ നിലപാടുകള്‍ ഉപേക്ഷിക്കുമോ? സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യമാണ്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ വലതുപക്ഷ മുന്നണിയില്‍ തങ്ങളെ അസോഷ്യേറ്റ് അംഗമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

തിരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ ആരുടെ പിന്തുണയും സ്വീകരിക്കുകയെന്നത് രാഷ്ട്രീയ തന്ത്രമാണെങ്കിലും, ആശയപരമായി അങ്ങേയറ്റം എതിര്‍ത്തിട്ടുള്ള ഒരു മത സംഘടനയുടെ സഹായം തന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് ആര്യാടന്‍ ഷൗക്കത്ത് ഉപയോഗപ്പെടുത്തുമോ എന്ന ചോദ്യത്തിന് ഒരു തിരഞ്ഞെടുപ്പ് വിജയത്തിന് അപ്പുറം മാനങ്ങളുണ്ട്. അപ്പുറത്തേക്കുമുണ്ട് ചോദ്യം, വെല്‍ഫെയര്‍ പാര്‍ട്ടിയോട്; ആര്യാടന്‍ ഷൗക്കത്ത് ജമാഅത്തെ ഇസ്ലാമിക്കെതിരേ ഉയര്‍ത്തിയ ഗുരുതരമായ ആക്ഷേപങ്ങള്‍ നിങ്ങള്‍ പൊറുത്തു കൊടുത്തോ?

ഷൗക്കത്തിനെ പിന്തുണയ്ക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ടു വയ്ക്കുന്നത്, എല്‍ഡിഎഫ് സര്‍ക്കാരിന്റെ ‘ജനാധിപത്യ വിരുദ്ധത’യാണ്. ഒട്ടേറെ ആരോപണങ്ങള്‍ അവരുടെ സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നിലമ്പൂരില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെതിരേ ഉയര്‍ത്തിയിട്ടുണ്ട്. പ്രധാനമായും ജനകീയ പ്രശ്‌നങ്ങളോടുള്ള ജനാധിപത്യവിരുദ്ധ നിലപാടാണ് സര്‍ക്കാരിനെതിരേയും യുഡിഎഫിന് അനുകൂലമായും നിലപാട് സ്വീകരിക്കാന്‍ തങ്ങള്‍ക്ക് കാരണമായതെന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി പറയുന്നത്.

എന്നാല്‍, വെല്‍ഫെയര്‍ പാര്‍ട്ടിയിലൂടെ ജമാഅത്തെ ഇസ്ലാമി പറയുന്ന ജനാധിപത്യം അവര്‍ക്ക് താത്പര്യമില്ലാത്ത വിഷയമാണെന്ന് വെല്ലുവിളിയോടെ പറഞ്ഞയാള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് തന്നെയാണ്. ഷൗക്കത്തും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ നടന്ന പരസ്യമായ ആരോപണ-പ്രത്യാരോപണങ്ങള്‍ കേരളം കേട്ടതും വായിച്ചതുമാണ്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷൗക്കത്ത് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അതിനിശിതമായി തന്നെ ജമാഅത്തെയുടെ മതമൗലികതയും ജനാധിപത്യ വിരുദ്ധതയും വിളിച്ചു പറഞ്ഞിട്ടുണ്ട്. ഇന്നത്തെ മതഭീകര സംഘടനകള്‍ക്ക് ആശയബലം നല്‍കുന്നത് ജമാഅത്തെ ഇസ്ലാമി സ്ഥാപകനായ അബുല്‍ അഹ്ലാ മൗദൂദിയുടെ പുസ്തകങ്ങളാണ് എന്നു പറയാന്‍ ധൈര്യം കാണിച്ച രാഷ്ട്രീയ നേതാവായിരുന്നു ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ആര്യാടന്‍ ഷൗക്കത്ത് എന്നതിന് അദ്ദേഹത്തിന്റെ തന്നെ വാക്കുകളാണ് സാക്ഷ്യം. ഈ വിളിച്ചു പറച്ചിലുകള്‍ക്ക് ജമാഅത്തെ നേതാക്കളില്‍ നിന്നും അണികളില്‍ നിന്നും ഷൗക്കത്തിന് നേരിടേണ്ടിവന്നതെന്തൊക്കെയാണെന്ന് അദ്ദേഹം മറന്നു കളയാന്‍ സാധ്യതയില്ല.

മൗദൂദി പുസ്തകങ്ങള്‍ ആസ്പദമാക്കി തന്നെയായിരുന്നു ഷൗക്കത്ത് ജമാഅത്തെ ഇസ്ലാമിയുടെ ‘യാഥാര്‍ത്ഥ്യത്തെ’ തുറന്നു കാണിക്കാന്‍ രംഗത്തിറങ്ങിയത്. ജനാധിപത്യം എന്നത് മൗദൂദി എതിര്‍ത്ത ആശയമാണ്. ജനാധിപത്യമല്ല, മതാധിപത്യമാണ് തങ്ങളുടെ മാര്‍ഗമെന്ന് സമ്മതിച്ചിരുന്നവരും അതിനായി തയ്യാറെടുപ്പുകള്‍ നടത്തുന്നവരുമാണ് ജമാഅത്തെക്കാര്‍ എന്ന ഉറച്ച ബോധ്യം കൊണ്ടുനടന്നിരുന്ന ഷൗക്കത്ത് ഇപ്പോള്‍ അതേ മതാശയക്കാരുടെ പിന്തുണ സ്വീകരിക്കുന്നത് കൗതുകമാണ്.

അബുല്‍ അഹ്ലാ മൗദൂദി തന്റെ പുസ്തകങ്ങളായ ‘ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം’, ‘മതേതരത്വം ദേശീയത്വം ജനാധിപത്യം ഒരു താത്വിക വിശകലനം’ തുടങ്ങി നിരവധി പുസ്തകങ്ങളിലൂടെ ഭീകരവാദ പ്രസ്ഥാനങ്ങളെ ആശയപരമായി ആയുധമണിയിക്കുന്ന തത്വസംഹിതയാണ് അവതരിപ്പിക്കുന്നതെന്ന് പറഞ്ഞത് ഷൗക്കത്ത് തന്നെയാണ്. ആധുനിക മതേതര ദേശീയ ജനാധിപത്യം ഇസ്ലാമിനും ഈമാനും കടകവിരുദ്ധമാണെന്നും, ജനാധിപത്യ സങ്കല്‍പ്പത്തോടോ യോജിക്കുന്നത് കടുത്ത മതവിരുദ്ധതയാണെന്നും എഴുതിയ മൗദൂദിയുടെ അനുയായികള്‍, ഇപ്പോള്‍ പറയുന്ന ജനാധിപത്യത്തില്‍ എന്ത് വിശ്വാസ്യതയുണ്ടെന്നാണ് ഷൗക്കത്ത് കരുതുന്നത്, സമൂഹ മാധ്യമങ്ങളിലെ ഈ ചോദ്യം അവഗണിക്കേണ്ടതില്ല.

ജനാധിപത്യ മതേതര സംവിധാനത്തെ നിരാകരിക്കുക മാത്രമല്ല അതിനെ നിഷ്‌കാസനം നടത്തി പകരം മതഭരണകൂടം കൊണ്ടു വരണം എന്നുകൂടി മൗദൂദി പറയുന്നുണെന്ന് അദ്ദേഹത്തിന്റെ തന്നെ പുസ്‌കത്തിലെ ആഹ്വാനം എടുത്തെഴുതിയ ഷൗക്കത്ത് ഒരിക്കല്‍ ജമാഅത്തെക്കാരെ ഓര്‍മിപ്പിച്ചതാണ്. ആ ഓര്‍മപ്പെടുത്തല്‍ ഇന്നും ഷൗക്കത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഉണ്ട് (ആര്യാടന്‍ ഷൗക്കത്തിന്റെ 2016 ലെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഈ ആര്‍ട്ടിക്കിളിന്റെ താഴെ
ചേര്‍ക്കുന്നുണ്ട്).

ബഹുജനങ്ങള്‍ക്ക് ആധിപത്യവും നിയമനിര്‍മ്മാണാധികാരവുമുള്ള ഒരു രാഷ്ട്രമാണ് ജനാധിപത്യ രാഷ്ട്രമെന്നിരിക്കെ, അത്തരമൊരു സമ്പ്രദായം ഇസ്ലാമിലില്ലാത്തതുകൊണ്ട് ജനാധിപത്യത്തെ രാഷ്ട്ര സങ്കല്‍പ്പം അംഗീകരിക്കാനാകില്ല ജമാത്തെ ഇസ്ലാമിക്കാര്‍ക്ക്. ജനായത്തത്തെ(ഡെമോക്രസി) അല്ല, ഥിയോക്രസി(Theocracy) എന്ന ദൈവിക രാഷ്ട്രത്തെയാണ് മൗദൂദിസ്റ്റുകള്‍ ആഗ്രഹിക്കുന്നത്, എന്നാണ്, മൗദൂദി പുസ്തകത്തെ തന്നെ അടിസ്ഥാനമാക്കി ഷൗക്കത്ത് ആരോപിച്ചിട്ടുള്ളത്.

മൗദൂദിയുടെ പുസ്തകങ്ങള്‍ എല്ലാം തന്നെ ജമാഅത്തെക്കാര്‍ അവരുടെ അടിസ്ഥാന മതഗ്രന്ഥങ്ങളാക്കിയിരിക്കുകയാണ്. ആ പുസ്തകങ്ങളിലെ പരാമര്‍ശങ്ങളാകട്ടെ രാജ്യത്തിന്റെ ജനാധിപത്യ മതേതരത്വ സംവിധാനങ്ങള്‍ക്ക് വിരുദ്ധവും, അവയെയെല്ലാം പൂര്‍ണമായും നിരാകരിക്കുന്നതുമാണെന്നാണ് ഷൗക്കത്ത് കണ്ടെത്തിയിട്ടുള്ളത്.

കൃത്യമായ രീതിയില്‍, സംശയലേശമന്യേ തികച്ചും മതാധിഷ്ഠിത സങ്കല്‍പ്പത്തിലൂന്നി, ജനാധിപത്യവിരുദ്ധമായ ആശയങ്ങളിലൂടെ ഒരു മതരാഷ്ട്രം ആഗ്രഹിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനയുടെ രാഷ്ട്രീയ പിന്തുണ, മുന്നണിയായ യുഡിഎഫോ, സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസോ സ്വീകരിച്ചാലും, ആര്യാടന്‍ ഷൗക്കത്ത് അതിനായി തലകുനിക്കുന്നത് ഇത്രനാളും അദ്ദേഹം പുലര്‍ത്തിയിരുന്നതെന്നു പറയപ്പെടുന്ന ആശയബോധ്യങ്ങളെ തള്ളിക്കളയുന്നതിന് തുല്യമല്ലേ എന്ന ചോദ്യം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് അപ്പുറവും പ്രസക്തമായി തന്നെ നിലനില്‍ക്കും.

Content Summary: will Aryadan shoukath accept the support of Jamaat-e-Islami, which does not accept democracy?

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×