June 26, 2026 |
സുമ സണ്ണി
സുമ സണ്ണി
Share on

ചൈന ലോകം ഭരിക്കുമോ? വില കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ മുതല്‍ പെട്രോ യുവാന്‍ വരെ

ഡോളറിന്റെ നില വീണ്ടും പരുങ്ങലിലാക്കും

ചൈന ലോകം ഭരിക്കുമോ എന്ന കാര്യം വര്‍ഷങ്ങളായി നയതന്ത്രജ്ഞരുടെയും, സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടെയും ഒരു ചര്‍ച്ചാ വിഷയമാണ്. ഷി ജിങ് പിംഗ് വര്‍ഷങ്ങളായി രഹസ്യമായി അത്തരമൊരു ദൗത്യത്തിന് പിന്നിലാണ് എന്ന് കരുതുന്നവരുണ്ട്. ട്രംപ് അധികാരത്തില്‍ വീണ്ടും വന്നതോടെ, ഈ കാര്യങ്ങള്‍ക്ക് കൂടുതല്‍ വേഗം വച്ചു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. തന്ത്രപരമായ സാങ്കേതിക വിദ്യയിലൂടെയാണ് ചൈന ഈ ലക്ഷ്യത്തിലേക്ക് നീങ്ങുന്നത് എന്നാണ് സൂചന. 2018 മുതലാണ് ചൈനയെ ആശ്രയിക്കുന്നത് പ്രശ്‌നമാകുമോ എന്ന കടുത്ത പേടി അമേരിക്കയ്ക്ക് വന്നു തുടങ്ങിയത്. എന്നാല്‍ ഇതിനൊക്കെ വളരെ മുന്‍പ് തന്നെ അമേരിക്ക തങ്ങളെ തള്ളിയാലും നിലനില്‍ക്കാനുള്ള ബദല്‍ മാര്‍ഗങ്ങള്‍ വികസിപ്പിക്കാന്‍ ചൈന ഒരുങ്ങി കഴിഞ്ഞിരുന്നു.

1990 കള്‍ മുതല്‍ 2020 വരെ ചൈനയുടെ സമ്പദ് വ്യവസ്ഥ പ്രതിവര്‍ഷം 10 ശതമാനത്തിലധികമായിരുന്നു വളര്‍ന്നിരുന്നത്. 1990 കള്‍ മുതല്‍ ലോകത്തിന്റെ ഫാക്ടറി ആയിരുന്ന ചൈനയുടെ ജി ഡി പി വളര്‍ച്ച മറ്റു രാജ്യങ്ങളെ അമ്പരപ്പിച്ചിരുന്നു. ഈ വളര്‍ച്ച രാജ്യത്തിനകത്തും മാത്രമായിരുന്നില്ല, മറ്റു രാജ്യങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാന്‍ ചൈന ശ്രദ്ധിച്ചിരുന്നു. ചൈനീസ് കമ്പനികളുടെ കയറ്റുമതി മൂലം അമേരിക്കയില്‍ ലക്ഷക്കണക്കിന് തൊഴിലുകള്‍ ആണ് നഷ്ടപ്പെട്ടത്. മറ്റു രാജ്യങ്ങള്‍ക്ക് സ്വപ്നം കാണാന്‍ കഴിയാത്ത വിധത്തില്‍ കുറഞ്ഞ വിലക്ക് സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുക ചൈനയുടെ ആദ്യ തന്ത്രമായിരുന്നു. കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പാദനം നടത്തി ആഗോള തലത്തില്‍ തന്നെ വിപണികള്‍ പിടിച്ചടക്കാന്‍ ചൈനീസ് കമ്പനികള്‍ക്ക് എങ്ങനെയാണ് സാധിച്ചത്?

കമ്പനികള്‍ വെറും പാവകള്‍ – പിന്നില്‍ കളിക്കുന്നത് സര്‍ക്കാര്‍

ചൈനീസ് സര്‍ക്കാരിന്റെ മറഞ്ഞിരിക്കുന്ന പങ്കാണ് ചുളു വിലയില്‍ സാധങ്ങള്‍ വിറ്റഴിക്കാന്‍ ചൈനീസ് കമ്പനികള്‍ക്ക് കഴിഞ്ഞതിന് പിന്നിലുള്ള രഹസ്യം എന്നാണ് കരുതുന്നത്. സര്‍ക്കാര്‍ കൈ അയച്ചു കമ്പനികളെ സഹായിച്ച്, കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ പ്രേരിപ്പിക്കുകയും അവരുടെ നഷ്ടം നികത്തുമായിരുന്നു എന്നും സാരം. എത്ര വില കുറച്ചു കൊടുത്തും വിപണികള്‍ കീഴടക്കല്‍ മാത്രമായിരുന്നു ചൈനയുടെ ലക്ഷ്യം. ഇതില്‍ ഇവര്‍ ഏറെക്കുറെ വിജയിച്ചു എന്നും പറയേണ്ടി വരും. ചൈനീസ് കമ്പനികളെ ഏതു വിധേനയും സംരക്ഷിക്കാന്‍ ‘ആന്റി കോമ്പിറ്റീഷന്‍ നിയമങ്ങളും’ ചൈനയില്‍ നടപ്പിലാക്കിയിരുന്നു. ചൈനീസ് കമ്പനികളിലൂടെ ലോക വിപണികളെ പിടിച്ചടക്കാനുള്ള ചൈനയുടെ ഈ തന്ത്രം അതുപോലെ തന്നെ നടപ്പിലാക്കാന്‍ മറ്റു രാജ്യങ്ങള്‍ക്ക് സാധിച്ചില്ല.

എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് ആദ്യ ഊഴത്തില്‍ അധികാരം ഏറ്റെടുത്തതോടെ ചൈനയ്ക്ക് മേല്‍ പല തരത്തിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് ശ്രമം ആരംഭിച്ചു. വിലക്കുറവില്‍ ചൈനീസ് സാധനങ്ങള്‍ ലഭിച്ചിരുന്നത് ഒരു ചൈനീസ് അടിമത്വ മനോഭാവത്തിലേക്ക് അമേരിക്കന്‍ ജനതയെ വളര്‍ത്തി എന്ന തോന്നല്‍ ട്രംപിനുണ്ടായിരുന്നു. വീണ്ടും ഈ വര്‍ഷം അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് രണ്ടാം പ്രാവിശ്യം എത്തിയതോടെ താരിഫ് യുദ്ധങ്ങള്‍ ശക്തി ആര്‍ജ്ജിച്ചു. എന്നാല്‍ തങ്ങള്‍ക്ക് ചുമത്തിയ അതേ നിരക്കില്‍ തിരിച്ചടിക്കാന്‍ മറ്റു രാജ്യങ്ങള്‍ തീരുമാനിച്ചതോടെ ട്രംപിന്റെ പല തീരുമാനങ്ങളിലും മലക്കം മറിച്ചില്‍ ഉണ്ടായി. അമേരിക്ക ചുങ്കം കൂട്ടാന്‍ തീരുമാനമെടുത്തിട്ടും, ചൈനീസ് സര്‍ക്കാരിന് ഒരു കുലുക്കവും ഉണ്ടായില്ല. എങ്ങനെയാണ് ഈ പ്രതിസന്ധി അതിജീവിക്കാന്‍ ചൈന തയ്യാറെടുത്തത് ?

ചെലവ് ചെയ്യുന്നതിന് പകരം നിക്ഷേപം

വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു രഹസ്യ പദ്ധതി ചൈന തയ്യാറാക്കിയിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ വരുമാനത്തിന്റെ 40 ശതമാനത്തോളം തുക, ചെലവാക്കുന്നതിന് പകരം വര്‍ഷങ്ങളോളം ചൈന നിക്ഷേപിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന അമേരിക്കന്‍ ചുങ്ക തിരിച്ചടി ചൈനയെ ഒരു രീതിയിലും ഏശിയില്ല എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. അമേരിക്ക പല ചൈനീസ് കമ്പനികളെ ബ്ലാക് ലിസ്റ്റില്‍ പെടുത്തിയിട്ടും, ഈ കമ്പനികള്‍ക്കും ആഗോളതലത്തില്‍ വളരുന്നതിന് പ്രശ്‌നമുണ്ടായില്ല. ചൈനീസ് സര്‍ക്കാരിന്റെ പിന്തുണയായിരുന്നു ഇതിന് പിന്നിലെല്ലാം പ്രവര്‍ത്തിച്ചിരുന്നത്. അമേരിക്കന്‍ കമ്പനികളെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്താനും ചൈനയ്ക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. അമേരിക്ക ഇല്ലെങ്കിലും തങ്ങളുടെ സമ്പദ് വ്യവസ്ഥയെ നടത്തിക്കൊണ്ട് പോകാന്‍ ചൈനയ്ക്ക് ആകുമെന്ന ശക്തമായ സന്ദേശം ഷി ജിങ് പിംഗ് പല വേദികളിലും ഒളിഞ്ഞും, തെളിഞ്ഞും പറഞ്ഞുകൊണ്ടിരുന്നു.

രഹസ്യ അജണ്ട

അമേരിക്കയുടെ ഡിമാന്‍ഡ് ഇല്ലെങ്കിലും കാര്യങ്ങള്‍ ബാക്കിയായി നടത്തുന്നതിന് ആഭ്യന്തരവും, രാജ്യാന്തരവുമായ രഹസ്യ നീക്കങ്ങള്‍ ചൈന നാളുകളായി നടത്തുന്നുണ്ടായിരുന്നു. ആഭ്യന്തര ഡിമാന്‍ഡ് കൂട്ടുന്നതിന് പല വിധത്തിലുള്ള പദ്ധതികളാണ് ചൈനയില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. അതുപോലെ രാജ്യാന്തര ഡിമാന്‍ഡ് കൂട്ടുന്നതിന് ഏഷ്യന്‍ രാജ്യങ്ങളിലും, ആഫ്രിക്കന്‍ രാജ്യങ്ങളിലും, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും മിഡില്‍ ഈസ്റ്റിലും ചൈന ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. അമേരിക്കയും, യൂറോപ്പും ഇല്ലെങ്കിലും തങ്ങള്‍ക്ക് മറ്റു വിപണികള്‍ ഉണ്ടെന്ന ചൈനീസ് അജണ്ട യഥാര്‍ത്ഥത്തില്‍ ഈ ചുങ്ക പോരിലും തല ഉയര്‍ത്തിപ്പിടിച്ചു നില്ക്കാന്‍ സഹായിച്ചു. സമ്പദ് വ്യവസ്ഥയ്ക്ക് വളരാനും സുസ്ഥിരമായി നിലനില്‍ക്കാനും സ്ഥിരമായി ഒരു വ്യാപാര പങ്കാളിയുടെ ആവശ്യമില്ല എന്ന രഹസ്യനയം നാളുകളായി ചൈന നടപ്പിലാക്കിയതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ വീഴാതെ പിടിച്ചുനില്ക്കാന്‍ ചൈനയെ സഹായിച്ചത്. വര്‍ഷങ്ങളായി നടപ്പിലാക്കുന്ന ‘ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി’ ആണ് ചൈനയുടെ ഈ രഹസ്യ അജണ്ട നടപ്പിലാക്കുന്നതിന് ഇപ്പോള്‍ ഏറ്റവും ഗുണകരമായിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ അത്ര ശ്രദ്ധ കേന്ദ്രീകരിക്കാത്ത-നിക്ഷേപം നടത്താത്ത രാജ്യങ്ങള്‍ തന്നെ തിരഞ്ഞെടുത്ത് ഇത് നടപ്പിലാക്കാന്‍ കഴിഞ്ഞതാണ് ചൈനയുടെ മറ്റൊരു നേട്ടം. ‘ബെല്‍റ്റ് ആന്‍ഡ് റോഡ്’ പദ്ധതി കടന്നുപോകുന്ന രാജ്യങ്ങളില്‍ എല്ലാം തന്നെ വ്യാപാര പങ്കാളികളെ സൃഷ്ടിക്കാന്‍ സാധിച്ചത് ചൈനയ്ക്ക് മറ്റൊരു നേട്ടമാണ്. ലോകത്തെ ജനസംഖ്യയുടെ 45 ശതമാനവും ഈ രാജ്യങ്ങളില്‍ ആണെന്ന് ചൈന മുന്‍കൂട്ടി കണ്ടുകൊണ്ടു തന്നെയാണ് ഇത്തരമൊരു തന്ത്രം പുറത്തെടുത്തത്. യൂറോപ്പിലും മറ്റും ജനസംഖ്യ കുത്തനെ കുറയുമ്പോള്‍ അത്തരം രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കുറച്ച്, ജനസംഖ്യ കുത്തനെ വളരുന്ന രാജ്യങ്ങളുടെ വിപണികളെ കേന്ദ്രീകരിച്ച് നിക്ഷേപങ്ങള്‍ നടത്തി അവിടങ്ങളില്‍ ചൈനീസ് സാധനങ്ങള്‍ എത്തിക്കാനാണ് ഇപ്പോഴത്തെ ശ്രമം. ചൈനീസ് നിക്ഷേപം നടത്തുമ്പോള്‍ ആ രാജ്യങ്ങളിലെ സര്‍ക്കാരിന് ഒരു ചൈനീസ് അടിമത്വ മനോഭാവം വളരുന്നത് യുദ്ധകാലങ്ങളിലും സഹായകരമാകും എന്ന നേട്ടവും ഇതിനു പിന്നിലുണ്ട്. വ്യാപാരം മാത്രമല്ല ചൈനീസ് അധികാരവും, ശക്തിയും വളരുന്ന കാര്യത്തിനും പ്രാധാന്യം കൊടുക്കുന്നുണ്ട് എന്ന് ചുരുക്കം. വര്‍ഷങ്ങളായി, നിശബ്ദമായി നടത്തുന്ന സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെയുള്ള നിക്ഷേപം ചൈനയെ, അമേരിക്കയെക്കാള്‍ ശക്തമായ രാജ്യമായി വളര്‍ത്തുവാന്‍ കെല്പുള്ളതാണ്.

മാനത്ത് കാണുന്ന സാങ്കേതിക വിദ്യ

കൃത്രിമബുദ്ധി, റോബോട്ടിക്‌സ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, 6G ടെലികമ്മ്യൂണിക്കേഷന്‍സ്, ഡ്രോണുകള്‍, പുനരുപയോഗ ഊര്‍ജ്ജം, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയുടെ സാങ്കേതിക വിദ്യയില്‍ ചൈനയെ കടത്തിവെട്ടാന്‍ രാജ്യങ്ങളില്ല എന്ന അവസ്ഥയാണ് ഇപ്പോള്‍. ചൈനീസ് കമ്പനികള്‍ സര്‍ക്കാര്‍ പിന്തുണയോടെ സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് മുതല്‍ സാമ്പത്തിക സേവന ആപ്ലിക്കേഷനുകള്‍ക്ക് വരെ ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ പരിഹാരങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ കാര്യക്ഷമതയ്ക്ക് വേണ്ടി വിവിധ തരത്തിലുള്ള ‘ഫെയ്സ് റെക്കഗ്‌നിഷന്‍’ സാങ്കേതിക വിദ്യയും മൊബൈല്‍ പേയ്മെന്റ്റില്‍ ചൈന നിലവില്‍ നടപ്പിലാക്കിയിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ചിന്തിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള മാറ്റങ്ങളാണ് ഇതിലൂടെ ചൈനയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പൊതുഗതാഗത രംഗത്ത് യൂറോപ്പിനോ, അമേരിക്കയ്‌ക്കോ എത്തിപ്പിടിക്കാനാകാത്ത പല നേട്ടങ്ങളും ചൈനയ്ക്ക് സ്വന്തമാണ്. ബുള്ളറ്റ് ട്രെയിന്‍ പോലുള്ളവ കാര്യക്ഷമത കൂട്ടുക മാത്രമല്ല, ചൈനീസ് നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരം കൂട്ടാനും സഹായിക്കുന്നുണ്ട്. ബഹിരാകാശ രംഗത്തും മറ്റു രാജ്യങ്ങളെ കടത്തിവെട്ടിയുള്ള നേട്ടങ്ങള്‍ ചൈനയ്ക്ക് സ്വന്തമാണ്. കൃത്രിമ ബുദ്ധിയുടെ സാധ്യതകള്‍ വിദ്യാഭ്യാസ രംഗം മുതല്‍ ആതുര സേവനം വരെ എല്ലാ രംഗത്തും ചൈന ഫലപ്രദമായി നടപ്പിലാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ ഉല്‍പ്പാദകരും, ഉപഭോക്താക്കളും ചൈനക്കാര്‍ തന്നെയാണ്. ഫോസില്‍ ഇന്ധനങ്ങള്‍ ആശ്രയിക്കുന്നത് കുറയ്ക്കാനും, വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും, സൗരോര്‍ജത്തില്‍ ചൈന വന്‍ നിക്ഷേപ പദ്ധതികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ക്വാണ്ടം കമ്പ്യൂട്ടിങ് മേഖലയിലും ചൈനയ്ക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മേല്‍കൈ ഉണ്ട്.

പെട്രോ യുവാന്‍ സ്വാധീനം

ഡോളറിനെ ഒഴിവാക്കി സമ്പാദ്യമെല്ലാം സ്വര്‍ണത്തിലേക്ക് വഴിമാറ്റിയും, ചൈനീസ് കറന്‍സിയായ യുവാനെ ശക്തനാക്കിയും കളം പിടിക്കാനുള്ള ശ്രമങ്ങള്‍ നാളുകളായി ചൈന നടത്തുന്നുണ്ട്. ക്രൂഡ് ഓയില്‍ കയറ്റുമതിക്കായി കൈമാറ്റം ചെയ്യപ്പെടുന്ന യുഎസ് ഡോളറുകളാണ് പെട്രോ ഡോളറുകള്‍ എന്നറിയപ്പെടുന്നത്. അമേരിക്കയും അസംസ്‌കൃത എണ്ണ ഉല്‍പ്പാദകരും തമ്മില്‍ പരസ്പരാശ്രയം വര്‍ധിച്ച് വന്നപ്പോള്‍ ആയിരുന്നു പെട്രോ ഡോളറുകള്‍ ഉദയം ചെയ്തത്. അതിനു ശേഷം പെട്രോ ഡോളറുകള്‍ക്ക് സാമ്പത്തികമായും, രാഷ്ട്രീയമായും ഒരുപാടു പ്രാധാന്യം കൈവന്നു. അസംസ്‌കൃത എണ്ണ കൈമാറ്റത്തിന് രാജ്യങ്ങള്‍ യുഎസ് ഡോളര്‍ കൈവശം വയ്‌ക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു. ഇത് യു എസ് ഡോളറിന് സ്ഥിരമായ ഡിമാന്‍ഡ് ഉണ്ടാക്കിക്കൊണ്ടിരുന്നു. ഇങ്ങനെ യു എസ് ഡോളര്‍ പിടികിട്ടാതെ ഉയരാനും, വളരാനും തുടങ്ങി. എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ അവരുടെ അധിക യുഎസ് ഡോളര്‍, പലപ്പോഴും യുഎസ് ട്രഷറി സെക്യൂരിറ്റികളിലും ഡോളര്‍ മൂല്യമുള്ള മറ്റ് ആസ്തികളിലും ആയിരുന്നു നിക്ഷേപിച്ചിരുന്നത്. വരുമാനം നേടുമ്പോള്‍ അവ സുരക്ഷിതമായി സൂക്ഷിക്കാന്‍ പെട്രോഡോളര്‍ റീസൈക്ലിംഗ് എന്നറിയപ്പെടുന്ന ഈ പ്രക്രിയയിലൂടെ, യുഎസ് ഗവണ്‍മെന്റിന്റെ ബജറ്റിനും, വ്യാപാര കമ്മികള്‍ക്കും ധനസഹായം അങ്ങനെയും ലഭിച്ചിരുന്നു. പെട്രോഡോളര്‍ സംവിധാനം യുഎസിന് എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ മേല്‍ ഒരു പരിധിവരെ സ്വാധീനവും നല്‍കിയിരുന്നു. കാരണം ഈ രാജ്യങ്ങള്‍ യുഎസ് ഡോളറിന്റെ സ്ഥിരതയെ ആശ്രയിക്കുകയും, കറന്‍സിയുടെ ശക്തി നിലനിര്‍ത്തുന്നതില്‍ നിക്ഷിപ്ത താല്‍പ്പര്യമുള്ളവരുമാണ് എന്നതുകൊണ്ടായിരുന്നു.

ഇങ്ങനെ ഡോളര്‍ അരങ്ങുവാണിരുന്ന സമയത്താണ് ക്രിപ്‌റ്റോ കറന്‍സികളും, സി ബി ഡി സി കളും രംഗത്തെത്തിയത്. അമേരിക്കയുടെ ആധിപത്യം തകര്‍ക്കാന്‍ താല്പര്യമുള്ള രാജ്യങ്ങള്‍ അപ്പോഴാണ് ഡോളറിന് ഒരു ബദലിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. റഷ്യ, യുക്രൈന്‍ യുദ്ധം തുടങ്ങിയതോടെ, ചൈനയ്ക്കും, ഇന്ത്യയ്ക്കും കൂടുതല്‍ ശക്തരാകാന്‍ വഴിയൊരുങ്ങി. അസംസ്‌കൃത എണ്ണ ഇറക്കുമതിയാണ് കാര്യങ്ങള്‍ മാറ്റിമറിച്ചത്.

2023 ഒക്ടോബറില്‍ തന്നെ രാജ്യാന്തര അസംസ്‌കൃത എണ്ണ വ്യാപാരത്തില്‍ ചൈന, യുവാന്‍ ഉപയോഗിച്ച് തുടങ്ങിയിരുന്നു. ‘പെട്രോ യുവാന്‍’ കളത്തിലിറങ്ങിയത് ഒരു സുപ്രഭാതത്തിലല്ല, മറിച്ച് നാളുകളോളം പല ചര്‍ച്ചകള്‍ക്കും, വിലപേശലുകള്‍ക്കും ശേഷമാണ് കളി തുടങ്ങിയിരിക്കുന്നത്.

ഡി ഡോളറൈസേഷന്‍ വളരെ പതുക്കെയുള്ള ഒരു മാറ്റമായിരിക്കും എന്നാലും വരും വര്‍ഷങ്ങളില്‍ ഇതിനു ആക്കം കൂടും എന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്ര ബാങ്കുകള്‍ മത്സരിച്ചു ഡിജിറ്റല്‍ കറന്‍സികളിലേക്ക് മാറുന്നതും, ബിറ്റ് കോയിന്‍ പോലുള്ള ക്രിപ്‌റ്റോകറന്‍സികള്‍ ലീഗല്‍ ടെന്‍ഡര്‍ ആയി സ്വീകാര്യമാകുന്നതും സാമ്പത്തിക ലോകത്തില്‍ ഡോളറിന്റെ നില വീണ്ടും പരുങ്ങലിലാക്കും. ഇതൊക്കെ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് യുവാന്‍ ഇറക്കി കളിക്കാന്‍ ചൈന തീരുമാനിച്ചിരിക്കുന്നത്.

അമേരിക്കയ്ക്കും യൂറോപ്പിനും ആലോചന-ചൈനയ്ക്ക് നടപ്പിലാക്കല്‍

ചൈനയിലെ നിക്ഷേപത്തെക്കുറിച്ച് വിദേശ രാജ്യങ്ങള്‍ 2020 നു ശേഷം ഗൗരവമായി ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയില്‍ നിലവിലുള്ള നിക്ഷേപം തുടരണോ, പുതിയ നിക്ഷേപം നടത്തണോ എന്ന കാര്യത്തില്‍ അമേരിക്കയും യൂറോപ്പും വേണ്ട എന്ന അഭിപ്രായക്കാരാണ്. ചൈനയെ അമിതമായി ആശ്രയിക്കുന്നത് കുറക്കാന്‍ ‘ചൈന പ്ലസ് വണ്‍ പോളിസി’ സഹായിക്കുമെന്നാണ് ഇവര്‍ കരുതുന്നത്. കമ്പനികള്‍ ചൈനയില്‍ മാത്രം നിക്ഷേപം നടത്തുന്നത് ഒഴിവാക്കുകയും തങ്ങളുടെ ബിസിനസുകള്‍ മറ്റ് രാജ്യങ്ങളിലും തുടങ്ങുകയും വൈവിധ്യവത്കരിക്കുകയും ചെയ്യുന്ന ഒരു തന്ത്രത്തെയാണ് ചൈന പ്ലസ് വണ്‍ എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്. ചൈനയില്‍ ഒരു ഫാക്ടറി തുടങ്ങുകയാണെങ്കില്‍ മറ്റൊരു രാജ്യത്തും ഒരു ഫാക്റ്ററി തുടങ്ങണമെന്നാണ് ഈ നയത്തിന്റെ ചുരുക്കം. അമിതമായ ചൈന ആശ്രയം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇത് നടപ്പിലാക്കുന്നത്.

ഉല്‍പ്പാദന ചെലവ് കുറവായതിനാലാണ് ചൈനയെ പാശ്ചാത്യ രാജ്യങ്ങള്‍ കണ്ണുമടച്ച് ഇത്രയും നാള്‍ ആശ്രയിച്ചിരുന്നത്. യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും കൂടി ചൈനയെ ഒതുക്കാന്‍ ഇത്തരത്തില്‍ ചിന്തിക്കുകയും നയങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമ്പോള്‍ ഇതിനെയൊക്കെ കടത്തിവെട്ടി ചൈന തന്ത്രപരമായി സാങ്കേതിക വിദ്യ സഹായത്തോടെ ലോകം ഭരിക്കാന്‍ പല കാര്യങ്ങളും നടപ്പിലാക്കി കഴിഞ്ഞു. ചൈനയെ ഉപേക്ഷിച്ച് മറ്റു രാജ്യങ്ങളിലേക്ക് അമേരിക്കന്‍ കമ്പനികള്‍ കുടിയേറുന്നതിന്റെ പിന്നില്‍ ചൈനീസ് സര്‍ക്കാര്‍ നയങ്ങളുടെ സ്വാധീനവും ഉണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഡാറ്റ സ്വകാര്യ നിയമം

വിദേശ സാങ്കേതിക കമ്പനികള്‍ ചൈനയിലെ ഡാറ്റ ശേഖരിക്കുന്നതും സംഭരിക്കുന്നതും എങ്ങനെയെന്ന് വ്യക്തമാക്കുന്ന കര്‍ശനമായ ഡാറ്റാ സ്വകാര്യതാ നിയമം ചൈന കൊണ്ടുവന്നതോടെ വിദേശ കമ്പനികള്‍ക്ക് ചൈനയെ അധികം താല്പര്യമില്ലാതായി എന്ന ഒരു കാര്യവും ഇതിന് പിന്നിലുണ്ട്. 2022 നവംബറില്‍ ചൈനയുടെ വ്യക്തിഗത വിവര സംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്നു. മറ്റ് ആവശ്യകതകള്‍ക്കൊപ്പം, വ്യക്തിഗത ഉപയോക്തൃ വിവരങ്ങള്‍ വിദേശത്തേക്ക് അയയ്ക്കുന്നതിന് കമ്പനികള്‍ ഇപ്പോള്‍ അനുമതി നേടിയിരിക്കണം. പുതിയ നിയന്ത്രണം പാലിക്കല്‍ ചെലവ് ഉയര്‍ത്തുകയും അനിശ്ചിതത്വം സൃഷ്ടിക്കുകയും ചെയ്തു. കൂടാതെ, നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന കമ്പനികള്‍ക്ക് കനത്ത പിഴ ചുമത്തും. പാശ്ചാത്യ കമ്പനികള്‍ ചൈന വിട്ടുപോകാന്‍ ഇതും കാരണമായി.

ലോകം എങ്ങനെ പ്രവര്‍ത്തിക്കണമെന്ന കൃത്യമായ അജന്‍ഡയോട് കൂടിയാണ് ചൈന വിദഗ്ധമായി ഓരോ പദ്ധതികളും നടപ്പിലാക്കുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. കൃത്രിമ ബുദ്ധിയുടെ പുതിയ യുഗത്തില്‍ ചൈനയ്ക്ക് ഒരു മേല്‍കൈ ഉള്ളത് പുതിയൊരു ഗെയിം പ്ലാന്‍ അനാവരണം ചെയ്യുമെന്നും കരുതുന്നവരുണ്ട്. പുതുതലമുറ AI സിദ്ധാന്തത്തിലും സാങ്കേതിക സംവിധാനങ്ങളിലും പുരോഗതി കൈവരിക്കുന്നതിലൂടെ, ഇന്റലിജന്റ് മാനുഫാക്ചറിംഗ്, ഇന്റലിജന്റ് മെഡിസിന്‍, പ്രതിരോധം, നിര്‍മ്മാണം തുടങ്ങിയ മേഖലകളിലെ AI ആപ്ലിക്കേഷനുകള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ഒരു നയമാണ് ചൈന വികസിപ്പിക്കുന്നത്. AI ഉപയോഗിച്ചുള്ള ഗെയിം പ്ലാനുകള്‍ ആഗോള വിപണികളിലെ തങ്ങളുടെ സ്വാധീനം ശക്തമാക്കുമെന്നും ചൈന പ്രതീക്ഷിക്കുന്നു.

Content Summary: Will China rule the world? from low-cost products to the Petroyuan

സുമ സണ്ണി

സുമ സണ്ണി

സാമ്പത്തിക വിദഗ്ധയും, എന്‍ ഐ എസ് എം & ക്രിസില്‍ സര്‍ട്ടിഫൈഡ് വെല്‍ത്ത് മനേജറുമാണ്

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×