June 26, 2026 |
Share on

വിസയില്ലാതെ ചൈനയിൽ പോകാം, 30 ദിവസം വരെ ഇളവ് വരുത്തി ചൈന

74 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കാണ് വിസ ഇളവ്

വിസ നയത്തിൽ ഇളവ് വരുത്തി ചൈന. 74 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഇനി 30 ദിവസം വരെ വിസയില്ലാതെ ചൈനയിൽ പ്രവേശിക്കാം. ടൂറിസം മേഖല മെച്ചപ്പെടുത്തുക, സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുക, ആഗോളതലത്തിൽ പ്രതിച്ഛായ മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് പുതിയ നീക്കത്തിലൂടെ രാജ്യം ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതിന്റെ ഭാ​ഗമായി ചൈനീസ് സർക്കാർ വിസ രഹിത പ്രവേശനം ക്രമേണ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 2024 ൽ 20 ദശലക്ഷത്തിലധികം വിദേശ സന്ദർശകർ വിസയില്ലാതെ ചൈനയിലേക്ക് പ്രവേശിച്ചിരുന്നു. ഇത് മൊത്തം വിദേശികളുടെ മൂന്നിലൊന്ന് ഭാഗവും 2023 നെ അപേക്ഷിച്ച് ഇരട്ടിയിലധികം വരുമെന്നും നാഷണൽ ഇമിഗ്രേഷൻ അഡ്മിനിസ്ട്രേഷൻ പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വിസയ്ക്ക് അപേക്ഷിക്കുന്നതും തുടർന്നുള്ള പ്രക്രിയകളുമെല്ലാം വളരെ സങ്കീർണമാണെന്നും പുതിയ വിസ നയം യാത്ര കൂടുതൽ എളുപ്പമാക്കുന്നുവെന്ന് ജോർജിയക്കാരനായ ജോർജി ഷാവാഡ്‌സെ അടുത്തിടെ ബീജിംഗിലെ ടെമ്പിൾ ഓഫ് ഹെവൻ സന്ദർശന വേളയിൽ പറഞ്ഞു. ചൈനയിലെ ഒട്ടുമിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളും നിലവിൽ വിദേശ വിനേദസഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതേസമയം, വരാനിരിക്കുന്ന വേനലവധി കണക്കിലെടുത്ത് കൂടുതൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളെ സ്വീകരിക്കാൻ യാത്രാ കമ്പനികളും ടൂർ ഗൈഡുകളും തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

കൊവിഡ് 19 ന് ശേഷം 2023 ന്റെ തുടക്കത്തിൽ ചൈന വിദേശ വിനോദസഞ്ചാരികൾക്കായി അതിർത്തികൾ വീണ്ടും തുറന്നുകൊടുത്തിരുന്നു. എന്നാൽ 2023ൽ 13.8 ദശലക്ഷം വിനോദസഞ്ചാരികൾ മാത്രമാണ് രാജ്യം സന്ദർശിച്ചത്. അതേ വർഷം തന്നെ ഡിസംബറിൽ ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലാൻഡ്‌സ്, സ്‌പെയിൻ, മലേഷ്യ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് ചൈന വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്യാൻ തുടങ്ങി. ശേഷം ഒട്ടുമിക്ക യൂറോപ്യൻ രാജ്യങ്ങളും പട്ടികയിലിടം പിടിച്ചു. അടുത്തിടെ ഉസ്‌ബെക്കിസ്ഥാൻ, നാല് മിഡിൽ ഈസ്റ്റേൺ രാജ്യങ്ങൾ എന്നിവയും യോഗ്യത നേടിയിരുന്നു. പുതിയ വിസ നയത്തോടെ യൂറോപ്പ്, ഏഷ്യ, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലുള്ളവർക്ക്
വിസയില്ലാതെ 30 ദിവസം വരെ ചൈനയിൽ താമസിക്കാൻ അനുവദാമുണ്ട്.

സമീപ മാസങ്ങളിൽ, അഞ്ച് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ, ഉസ്‌ബെക്കിസ്ഥാൻ, നാല് മിഡിൽ ഈസ്റ്റേൺ രാജ്യങ്ങൾ എന്നിവയും യോഗ്യത നേടി. ജൂലൈ 16 ന്, അസർബൈജാൻ വിസ രഹിത രാജ്യങ്ങളുടെ ആകെ എണ്ണം 75 ആയി ഉയർത്തും. ഈ വിസ ഇളവുകളിൽ ഭൂരിഭാഗവും ഒരു വർഷത്തെ പരീക്ഷണാടിസ്ഥാനത്തിലാണ് വാഗ്ദാനം ചെയ്യുന്നത്.

ആഫ്രിക്കൻ ഭൂഖണ്ഡവുമായി ചൈനയ്ക്ക് അടുത്ത നയതന്ത്ര ബന്ധമുണ്ടെങ്കിലും ഇതുവരെ ആഫ്രിക്കൻ രാജ്യങ്ങളെ വിസ രഹിത പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. 10 രാജ്യങ്ങളെ 30 ദിവസത്തെ വിസ ഇളവിൽ ഉൾപ്പെടുത്തിയിട്ടില്ല. ചെക്ക് റിപ്പബ്ലിക്, യുഎസ്, കാനഡ, യുകെ, സ്വീഡൻ, റഷ്യ, ലിത്വാനിയ, യുക്രെയ്ൻ, ഇൻഡോനേഷ്യ, മെക്സിക്കോ തുടങ്ങിയവയാണ് പത്ത് രാജ്യങ്ങൾ. വിസ ഇളവിൽ ഉൾപ്പെടാത്ത രാജ്യങ്ങൾക്ക് 10 മറ്റൊരു അവസരം ചൈന വാ​ഗ്ദാനം ചെയ്തിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്ത ശേഷം അവിടെ നിന്നും 10 ദിവസം വരെ ചൈനയിൽ പ്രവേശിക്കാൻ കഴിയും. 30 ദിവസത്തെ പട്ടികയിൽ നിന്ന് സ്വീഡൻ പുറത്തായതിനാൽ, ഉയർന്ന വരുമാനമുള്ള ഏക യൂറോപ്യൻ രാജ്യമായി ഇത് മാറി. 2020 ൽ സ്വീഡിഷ് പൗരനായ ഗുയി മിൻഹായിയെ ചൈനീസ് അധികൃതർ 10 വർഷം തടവിന് ശിക്ഷിച്ചതിനുശേഷം ചൈനയും സ്വീഡനും തമ്മിലുള്ള സംഘർഷം രൂക്ഷമാണ്.

Content Summary: china extends visa-free entry to 74 countries

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×