ട്രംപിന് നൊബേൽ സമ്മാനം ലഭിക്കുമോ ? സമാധാനത്തിനുള്ള നൊബേൽ പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന ചോദ്യമിതാണ്. പ്രഖ്യാപനം അടുക്കുമ്പോൾ സാധ്യതാ പട്ടികയിലുള്ളവരെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്. ലോകത്തിന്റെ കണ്ണുകൾ മുഴുവൻ ആ ഒരാളിലേക്ക് മാത്രം ഒതുങ്ങുകയാണ്. അതെ, യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ഒന്നിലധികം ആഗോള സംഘർഷങ്ങൾ തടയുന്നതിലും അവസാനിപ്പിക്കുന്നതിലും താൻ പങ്കുവഹിച്ചിട്ടുണ്ടെന്ന് ട്രംപ് ആവർത്തിച്ച് അവകാശപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ നൊബേൽ പുരസ്കാരം ലഭിക്കാൻ എന്തുകൊണ്ടും താൻ അർഹനാണെന്ന് ട്രംപ് പലയാവർത്തി പറഞ്ഞിട്ടുണ്ട്.
ഇസ്രായേലും ഹമാസും ഗാസയിലെ പോരാട്ടം അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും വിട്ടയക്കാനും സമ്മതം മൂളിയതോടെ വൈറ്റ് ഹൗസ് അദ്ദേഹത്തെ സമാധാനത്തിൻ്റെ പ്രസിഡന്റ് എന്ന് വിശേഷിപ്പിച്ചിരുന്നു. 2025ലെ നോബൽ സമാധാന സമ്മാനം പ്രഖ്യാപിക്കുന്നതിന് തലേദിവസം തന്നെ ട്രംപിന്റെ ഗാസ കരാർ സംബന്ധിച്ച പ്രഖ്യാപനം വന്നത്, ഈ അവസരം വൈറ്റ് ഹൗസ് സമയോചിതമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്
2025ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരത്തിനായി 244 വ്യക്തികളും 94 സംഘടനകളും ഉൾപ്പെടെ 338 സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്തിട്ടുണ്ടെന്ന് നോർവീജിയൻ നോബൽ കമ്മിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. നിയമാവലി അനുസരിച്ച് നാമനിർദ്ദേശം ചെയ്യപ്പെട്ടവരുടെ പേരുകൾ 50 വർഷത്തേക്ക് രഹസ്യമായി സൂക്ഷിക്കുമെങ്കിലും നാമനിർദ്ദേശം ചെയ്യുന്നവർ ഇത് സ്വയം വെളിപ്പെടുത്തുന്നതിലൂടെ പല പേരുകളും പൊതുജനമധ്യത്തിൽ വരാറുണ്ട്.
ലോകത്തിലെ ഏറ്റവും അഭിമാനകരമായ അന്താരാഷ്ട്ര ബഹുമതികളിൽ ഒന്നാണ് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം. സ്വീഡിഷ് വ്യവസായിയായ ആൽഫ്രഡ് നോബലിന്റെ വിൽപത്രമനുസരിച്ചാണ് ഇത് സ്ഥാപിക്കപ്പെട്ടത്. 1901ലാണ് ആദ്യമായി പുരസ്കാരം നൽകുന്നത്.
നോബലിന്റെ വിൽപത്രപ്രകാരം, രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തിനും, നിലവിലുള്ള സൈന്യങ്ങളെ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതിനും, സമാധാന സമ്മേളനങ്ങൾ രൂപീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി ഏറ്റവും മികച്ച കാര്യങ്ങൾ ചെയ്ത വ്യക്തിയ്ക്ക് ആണ് സമാധാന സമ്മാനം നൽകേണ്ടത്.
നോർവീജിയൻ പാർലമെന്റ് നിയമിക്കുന്ന അഞ്ചംഗ സമിതിയാണ് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന്റെ ചുമതല വഹിക്കുന്നത്. നാമനിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞാൽ, സമിതി ഏറ്റവും യോഗ്യരുമായ സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തി ഒരു പട്ടിക തയ്യാറാക്കും. അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ്, ഈ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട പേരുകൾ സമിതി അംഗങ്ങൾ വിലയിരുത്തും ശേഷം ഭൂരിപക്ഷ വോട്ടിലൂടെയാണ് അന്തിമ തീരുമാനം എടുക്കുന്നത്. സ്വീഡനിൽ നൽകുന്ന മറ്റ് നോബൽ പുരസ്കാരങ്ങളിൽ നിന്ന് വ്യത്യസ്തമായി, സമാധാനത്തിനുള്ള നൊബേൽ എല്ലാ വർഷവും ഡിസംബർ 10ന് നോർവേയിലെ ഓസ്ലോയിൽ വെച്ചാണ് സമ്മാനിക്കുന്നത്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പാകിസ്ഥാൻ ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീർ, കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റ്, യു.എസ്. കോൺഗ്രസ് അംഗം ബഡ്ഡി കാർട്ടർ, സ്വീഡനിലെയും നോർവേയിലെയും നിയമനിർമ്മാതാക്കൾ എന്നിവരാണ് ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാര നേട്ടത്തിനായി നാമനിർദ്ദേശം ചെയ്തവർ. എന്നാൽ ഈ വർഷത്തെ സമ്മാനത്തിന് പരിഗണിക്കുന്നതിനായി 2025 ഫെബ്രുവരി 1ന് മുൻപ് നോമിനേഷനുകൾ സമർപ്പിക്കണമെന്ന് നോബൽ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നെതന്യാഹുവും പാകിസ്ഥാൻ സർക്കാരും നൽകിയ നാമനിർദ്ദേശങ്ങൾ ഈ സമയപരിധിക്ക് ശേഷമാണ് കമ്മിറ്റിക്ക് ലഭിച്ചത്. അതിനാൽ, ഈ നോമിനേഷനുകൾ പരിഗണിക്കാൻ സാധിക്കില്ല. നാമനിർദ്ദേശങ്ങൾ പരസ്യപ്പെടുത്താനുള്ള ശ്രമങ്ങളെ കമ്മിറ്റി അംഗങ്ങൾ പലപ്പോഴും സ്വാധീനം ചെലുത്താനുള്ള നീക്കമായി കാണാറുണ്ട്.
പ്രമുഖരുടെ പിന്തുണയും ഉണ്ടായിരുന്നിട്ടും, 2025ലെ നോബൽ സമ്മാനം ട്രംപിന് ലഭിക്കാൻ സാധ്യതയില്ലെന്നാണ് നോബൽ വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. ട്രംപിന്റെ മുൻകാല പ്രവർത്തനങ്ങൾ ആൽഫ്രഡ് നോബലിന്റെ ലക്ഷ്യങ്ങളുമായി യോജിക്കുന്നില്ലെന്ന് പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓസ്‌ലോയുടെ ഡയറക്ടർ നിന ഗ്രേഗർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ട്രംപ് ലോകാരോഗ്യ സംഘടനയിൽ നിന്നും കാലാവസ്ഥാ ഉടമ്പടിയായ പാരിസ് കരാറിൽ നിന്നും യു.എസിനെ പിൻവലിച്ചു പഴയ സുഹൃത്തുക്കൾക്കും സഖ്യകക്ഷികൾക്കുമെതിരെ വ്യാപാര യുദ്ധം ആരംഭിച്ചു, സമാധാനം പ്രോത്സാഹിപ്പിക്കാൻ ശരിക്കും താൽപ്പര്യമുള്ള ഒരു പ്രസിഡന്റിന്റെ പ്രവർത്തിയല്ലെന്ന് ഗ്രേഗർ കൂട്ടിച്ചേർത്തു.
ഈ വർഷം നോബൽ പുര്സ്കാരത്തിനുള്ള നോമിനേഷനുകളിൽ മുൻനിര സ്ഥാനാർത്ഥി ഇല്ലെങ്കിലും, ലോകമെമ്പാടുമുള്ള പ്രശസ്ത സ്ഥാപനങ്ങളും വ്യക്തികളും ചർച്ചയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. യുദ്ധത്തിനിടയിലും ക്ഷാമത്തിനിടയിലും സാധാരണ പൗരന്മാരെ സഹായിക്കുന്ന സന്നദ്ധപ്രവർത്തകരുടെ ഒരു പ്രാദേശിക ശൃംഖലയായ സുഡാനിലെ എമർജൻസി റെസ്‌പോൺസ് റൂമുകൾ. റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ ഭാര്യ യൂലിയ നവൽനായ. ഓഫീസ് ഫോർ ഡെമോക്രാറ്റിക് ഇൻസ്റ്റിറ്റ്യൂഷൻസ് ആൻഡ് ഹ്യൂമൻ റൈറ്റ്സ്. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. പലസ്തീൻ അഭയാർത്ഥികളെ സഹായിക്കുന്ന യു.എൻ. ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എ , കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ് എന്നിവയാണ് അവയിൽ ചിലത്.
content summary: Will Trump receive the Nobel Peace Prize? Who are the prominent nominees?