വരാന്‍ പോകുന്ന ഇരുളടഞ്ഞ ഭാവിയുടെ ലക്ഷണങ്ങള്‍ നമുക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരിക്കുന്നു. ഈ ചിത്രം നോക്കൂ. ഡെന്മാര്‍ക്കിലെ ഭൂശാസ്ത്ര സര്‍വേയിലെ വില്യം കോള്‍ഗന്‍ പകര്‍ത്തിയ ചിത്രമാണിത്. ഉത്തരധ്രുവത്തിനടുത്ത് മധ്യപശ്ചിമ ഗ്രീന്‍ലാന്റിലെ യക്കോബ്‌ഷോന്‍ ഇസ്‌ബ്രെ ഹിമാനിയുടെ ഏറ്റവും പുതിയ ചിത്രം. നമ്മുടെ ഭൂമി കടന്നുപോയ അവസാനത്തെ മഹാഹിമയുഗത്തിന്റെ ബാക്കിപത്രമാണ് ഈ യക്കോബ്‌ഷോന്‍ ഇസ്‌ബ്രേ.
ആര്‍ട്ടിക് മഞ്ഞുപുതപ്പിന്റെ നെടുംതൂണായ ഈ വമ്പന്‍ ഹിമാനിയില്‍ നീണ്ടുകാണുന്നതെല്ലാം പിളര്‍പ്പുകളാണ്. ആഴത്തില്‍ അങ്ങോളം താഴുന്ന അഗാധവിടവുകള്‍. സഹസ്രാബ്ദങ്ങള്‍ നിലനിന്ന ഈ ഹിമാനികള്‍ നമ്മളോടു വിട പറയുന്നതിന്റെ ആദ്യതെളിവുകളാണത്. ഭൂമിയില്‍ സംഭവിക്കാന്‍ പോകുന്ന കാലാവസ്ഥാദുരന്തത്തിന്റെ നേര്‍സാക്ഷ്യം.
പുതുതായി ഈ ഹിമാനികളില്‍ നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത് ഈ ഹിമവിടവുകള്‍ അതിവേഗത്തില്‍ അകന്നു കൊണ്ടിരിക്കുകയാണെന്നാണ്. ആഗോളതാപനം വെറും വാക്കല്ല എന്ന് ഇനിയെങ്കിലും മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചു. എന്നിട്ടും, ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യ രാഷ്ട്രത്തിന്റെ തലവന് സൂര്യനുദിച്ചിട്ടില്ല എന്നതു മറ്റൊരു കാര്യം.
സത്യത്തില്‍, ധ്രുവങ്ങളില്‍ എന്നേ മഞ്ഞുരുകിത്തുടങ്ങിയിരിക്കുന്നു. ഇന്നതിന്റെ വേഗത വല്ലാതെ വര്‍ദ്ധിച്ചും വരുന്നു. ഈ ധ്രുവഹിമപാളികള്‍ വെറുതെ ഇല്ലാതാവുകയല്ല. മഞ്ഞുരുകിയാല്‍ വെള്ളമാകും. അപ്പോള്‍ സമുദ്രനിരപ്പിന് ഉയരാതെ വയ്യ. ഈ ലോകമെങ്ങും അതു സംഭവിച്ചേ തീരൂ. കടല്‍ത്തീര ഗ്രാമങ്ങളും പട്ടണങ്ങളും താമസിയാതെ കടലിനടിയിലാവും. ഈ നൂറ്റാണ്ടു തീരുന്നതിനു മുമ്പേ തൃശൂരിനടുത്തെത്തും കടല്‍ത്തീരമെന്ന പ്രവചനത്തെ ഗൗരവത്തോടെ തന്നെ നമ്മള്‍ കാണേണ്ടിയിരിക്കുന്നു.
നേരത്തെ കരുതിയിരുന്നതിനേക്കാള്‍ 50 മുതല്‍ 90% വരെ വെള്ളം ഇപ്പോള്‍ ഈ വിടവുകളിലേക്കൊഴുകിയിറങ്ങുകയാണ്. അത് ഹിമാനിയെ ആഴത്തില്‍ ഒന്നുകൂടി ഉരുക്കും. ഹിമാനിയെ അതിന്റെ അടിസ്ഥാനഭൂശിലയില്‍ നിന്നുതന്നെ അടര്‍ത്തിമാറ്റാന്‍ പര്യാപ്തമാണത്. ഹിമപ്രവാഹത്തിന്റെ അവസാനനാളുകള്‍ എന്നു പറഞ്ഞാലും തെറ്റില്ല. ഈ ഹിമാനിയുടെ പഠനങ്ങള്‍ നമുക്കു പറഞ്ഞു തരുന്നതാകട്ടെ, ഇരുപത്തൊന്നാം നൂറ്റാണ്ടിലേയും അതിനു ശേഷകാലത്തേയും ഭൂമിയെക്കുറിച്ചുള്ള വ്യക്തമായ മുന്നറിയിപ്പുകളും.
വില്യം കോള്‍ഗന്‍ പകര്‍ത്തിയ യക്കോബ്‌ഷോന്‍ ഇസ്‌ബ്രെ ഹിമാനിയുടെ ഏറ്റവും പുതിയ ചിത്രം
സമുദ്രം ചൂടുപിടിക്കുന്നതോടെ കൂടുതല്‍ വലിയ വിടവുകള്‍ പ്രത്യക്ഷപ്പെടുന്നു. കൂടുതല്‍ മഞ്ഞുരുകുന്നു. ഇതൊരു ദുരന്തവൃത്തമാണ്. ആര്‍ക്കും തടുക്കാനാവാത്ത നാശത്തിലേക്കുള്ള വീഴ്ച. ഇതെല്ലാം പ്രവചിക്കപ്പെട്ടിരുന്നെങ്കിലും ഇത്രയും കൃത്യമായ തെളിവുകള്‍ ഇപ്പോഴാണ് നേരെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. അതാണ് ഈ ചിത്രത്തിന്റെ പ്രാധാന്യം. എത്ര വേഗതയിലാണ് നാം ഇരുളിലേക്കു നീങ്ങുന്നത് എന്നും ഈ ചിത്രം നമുക്ക് കാണിച്ചു തരുന്നു.
1985-നും 2022-നും ഇടയിലായി 9700 കോടി ടണ്‍ മഞ്ഞാണ് ഇവിടെ ഉരുകിത്തീര്‍ന്നതത്രെ. നാസയുടെ ഉപഗ്രഹചിത്രങ്ങളുടെ താരതമ്യത്തില്‍ നിന്നാണ് ഈ വസ്തുത വെളിപ്പെട്ടത്. വടക്കു കിഴക്കന്‍ ഗ്രീന്‍ലാന്റിലുള്ള സക്കാറിയ ഇസ്‌ട്രോം എന്ന ഹിമാനിയിലെ ഹിമനഷ്ടം ഇതിനേക്കാള്‍ ഭീകരമാണെന്നു കൂടി മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള 207 ഹിമാനികളെ ഉപഗ്രഹകാമറകള്‍ ഉപയോഗിച്ചു പഠിച്ചതിന്റെ ഫലങ്ങള്‍ വരാതിരിക്കവേയാണ് ഈ വിവരങ്ങള്‍ നമ്മെ നടുക്കുന്നത് എന്നോര്‍ക്കണം. മാത്രമല്ല, ഈ പഠനത്തിന്റെ പ്രാരംഭ റിപ്പോര്‍ട്ടുകള്‍ പറയുന്നത് 207 ഹിമാനികളില്‍ 179-ഉം കനത്ത ഹിമനഷ്ടത്തെ നേരിടുന്നുവെന്നാണ്.
ഈ ചിത്രത്തിലേക്കു ഒന്നുകൂടി നോക്കിയാല്‍ ആയിരക്കണക്കിന് ചതുരശ്രകിലോമീറ്റര്‍ ഹിമവിടവുകളാണ് ഈ ചിത്രത്തില്‍ ഭാവിയിലേക്കുള്ള ചൂണ്ടുപലകകളായി നമ്മെ നോക്കി നില്ക്കുന്നത് എന്നു മനസ്സിലാവാന്‍ പ്രയാസമില്ല. 2016-നും 2021-നും ഇടയിലുള്ള കാലത്താണത്രെ ഈ വിടവുകള്‍ ഏറ്റവും അകന്നത്. നേരത്തെ പറഞ്ഞ കണക്കിനേക്കാള്‍ എത്രയോ വേഗത്തിലാണ് ഇപ്പോള്‍ ഹിമമുരുകിത്തീരുന്നത്. 2020-ല്‍ തയ്യാറാക്കിയ ഒരു കണക്കു പ്രകാരം ഗ്രീന്‍ലാന്റിലെ ഹിമപാളിക്കു സംഭവിച്ചു കൊണ്ടിരിക്കുന്ന നഷ്ടം ഇപ്പോള്‍ മണിക്കൂറില്‍ 900 കോടി ടണ്‍ വെള്ളത്തിന്റേതാണെന്നാണ്. അതിഭീകരമായ ഒരു കണക്കാണിത്. നടുങ്ങിപ്പോവുന്ന ഒന്ന്. എന്നിട്ടും ട്രംപ് എന്ന നേതാവ് ഗ്രീന്‍ലാന്റിനെ എങ്ങനെയങ്കിലും കൈവശമാക്കി സൈനികാവശ്യങ്ങള്‍ക്കും ഖനനാവശ്യങ്ങള്‍ക്കും ചൂഷണം ചെയ്യാനാണ് വെമ്പല്‍ കൊള്ളുന്നത്. വിനാശകാലേ വിപരീതബുദ്ധി. ദുരിതകാലത്ത് ദുഷ്ടരും വിഡ്ഢികളും നാടുവാഴുമെന്നത് വെറും ചൊല്ലല്ല.
ഗ്രീന്‍ലാന്റിലെ വാര്‍ഷിക ശുദ്ധജലപ്രവാഹം ആമസോണ്‍ നദിയുടേതിനു തുല്യമാണെന്നാണ് വെപ്പ്. അതായത് വര്‍ഷത്തില്‍ ഏതാണ്ട് ആയിരം ഗീഗാടണ്‍! ഈ ഹിമപാളി അപ്പാടെ ഉരുകിത്തീര്‍ന്നാല്‍ ഭൂമിയിലെ സമുദ്രനിരപ്പ് ഏഴുമീറ്റര്‍ അഥവാ 23 അടി ഉയരും. നമ്മള്‍ നില്ക്കുന്നിടത്തിനു മുകളില്‍ മൂന്നുനിലക്കെട്ടിടത്തിന്റെ പൊക്കത്തില്‍ കടല്‍ വന്നുനില്ക്കുന്നതൊന്നു സങ്കല്പിച്ചാല്‍ മതി അതിന്റെ ഭീഷണാവസ്ഥ മനസ്സിലാവാന്‍.
ഇതെല്ലാം ഉരുകിത്തീരാന്‍ ആയിരം വര്‍ഷങ്ങളെടുത്തേക്കാം എന്നൊരു കണക്കു മുമ്പേയുണ്ടായിരുന്നു. പക്ഷെ അതിനെ അസ്ഥാനത്താക്കാന്‍ പോന്ന വിധം വേഗതയിലാണ് കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നത്. മൂന്നു നില കടലെന്തിന്, ഒരു നില മതിയല്ലോ നമ്മുടെ അന്ത്യവിധിയെഴുതാന്‍.
ഇപ്പോഴത്തെ മറ്റൊരു കണക്കു പറയുന്നത് ഈ അതിവേഗതാപവ്യതിയാനം കാരണം പതിമൂന്നടിപ്പൊക്കത്തില്‍ കടലുയരാന്‍ നൂറേ നൂറു വര്‍ഷങ്ങള്‍ മതിയെന്നാണ്. ദുരന്തം തൊട്ടുമുന്നിലാണ് നില്ക്കുന്നതെന്നു സ്പഷ്ടം. ഇനി ഹിമമുരുകലിനു വേഗത കൂടിയില്ലെങ്കില്‍പ്പോലും 2100 ആവുമ്പോഴേക്കും സമുദ്രം ഒരു മീറ്ററെങ്കിലും പൊങ്ങിക്കഴിഞ്ഞിരിക്കും.
കോടിക്കണക്കിനു ജനങ്ങളാണ് കടല്‍ത്തീരങ്ങളില്‍ ഭൂമിയും ജീവിത മാര്‍ഗ്ഗവും ഇല്ലാതെ അനാഥരാവാന്‍ പോകുന്നത്. കാരണം, സമുദ്രനിരപ്പുയരുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന ഈ ഗ്രീന്‍ലാന്റില്‍ നിന്നാണ് എന്നതുതന്നെ. ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഇതറിയേണ്ടതും തയ്യാറാവേണ്ടതുമാണ്. നമ്മുടെ രാഷ്ട്രീയക്കാരോ ഭരണാധികാരികളോ ഇക്കാര്യം ചിന്തിക്കുന്നില്ലെങ്കില്‍ അവരെക്കൊണ്ടതു ചിന്തിപ്പിക്കേണ്ട സമയവും അതിക്രമിച്ചു എന്നു പറയാതെ വയ്യ. നമ്മള്‍ ഉണരേണ്ടിയിരിക്കുന്നു. വലിയൊരു മാറ്റിപ്പാര്‍പ്പിക്കലിനു അരങ്ങൊരുങ്ങാതെ വയ്യ. William Colgan’s photo of Jakobshavn Glacier in west central greenland
Content summary; William Colgan’s photo of Jakobshavn Glacier in west central greenland