ഇന്ന് വൈകീട്ട് ലണ്ടനിലെ വിംബിൾഡൺ സെൻട്രൽ കോർട്ടിൽ ലോക നാലാം നമ്പർ കളിക്കാരി പോളിഷ് താരം ഈഗ ഷ്യാങ്‌തെക് അമേരിക്കയിൽ നിന്നുള്ള റഷ്യൻ വംശജയും ലോക പന്ത്രണ്ടാം നമ്പർ താരവുമായ അമാൻഡ അനിസിമോവയെ ഫൈനലിൽ നേരിടുമ്പോൾ ഒരു പുതിയ വിംബിൾഡൺ വനിതാ ചാമ്പ്യൻ ജനിക്കും. 2016-ൽ സെറീന വില്യംസ് തന്റെ ഏഴാമത് വിംബിൾഡൺ കിരീടം ഉയർത്തിയത് ശേഷം ഉണ്ടാകുന്ന എട്ടാമത്തെ ചാമ്പ്യനാകും ഇന്ന് കിരീടമുയർത്തുക. കഴിഞ്ഞ ഒൻപത് വർഷത്തിനുള്ളിൽ ഒരാൾ പോലും കിരീട നേട്ടം ആവർത്തിച്ചിട്ടില്ല എന്നല്ല, ഇപ്പോൾ ലോകത്ത് വനിത ടെന്നീസിലെ ആദ്യ പത്ത് റാങ്കിൽ പെട്ട ഒരാൾ പോലും ഇതുവരെ വിംബിൾഡൺ നേടിയിട്ടില്ല. നാല് ഗ്രാൻഡ്സ്ലാമും നേടിയ ഒരാളും ഈ കൂട്ടത്തിലില്ല.
ടെന്നീസ് ലോകത്ത് ഓപൺ ഇറ എന്നറിയപ്പെടുന്ന ആധുനിക കാലത്തിന്റെ ആരംഭത്തിന് ശേഷം പുതു താരോദയങ്ങൾക്ക് ഇത്രയേറെ കാലതാമസമുണ്ടാകുന്നത് ഇതാദ്യം. അറുപതുകളുടെ ഒടുവിൽ മുതൽ വിംബിൾഡൺ, യു.എസ്.ഓപൺ, ഓസ്‌ട്രേല്യൻ ഓപൺ, ഫ്രഞ്ച് ഓപൺ എന്ന നാല് ഗ്രാൻഡ് സ്ലാമുകളെ കേന്ദ്രീകരിച്ചായിരുന്നു ടെന്നീസ് ലോകത്തിന്റെ ഗ്ലാമർ നിർമ്മിക്കപ്പെട്ടത്. റൊളാന്റ് ഗാരോസ് എന്ന് കൂടി അറിയപ്പെടുന്ന ഫ്രഞ്ച് ഓപണിലെ കണിമൺ കോർട്ടും വിംബിൾഡണിലെ പുൽ കോർട്ടും യു.എസ്, ഓസ്‌ട്രേല്യൻ ഓപണുകളിലെ ഹാർഡ് കോർട്ടുകളും ഒരു പോലെ വഴങ്ങുന്ന വലിയ താരങ്ങൾ പുരുഷ, ടെന്നീസ് ലോകത്ത് നിറഞ്ഞു. നാല് ഗ്രാൻഡ്സ്ലാം ഒളിമ്പിക് മെഡലും ഒരേ വർഷം നേടി ഗോൾഡൻ സ്ലാം നേടിയ താരങ്ങൽ വരെ നമ്മുടെ ചരിത്രത്തിന്റെ ഭാഗമായി.
ഈഗ ഷ്യാങ്‌തെക്
ആറുവട്ടം വിംബിൾഡൺ ചാമ്പ്യനായിട്ടുള്ള ബില്ലീ ജീൻ കിങ്ങാണ് ഓപൺ ഇറയിലെ ആദ്യത്തെ വനിതാ താരം. പതിനൊന്ന് വട്ടം ഓസ്‌ട്രേല്യൺ ഓപൺ നേടിയിട്ടുള്ള മാർഗരറ്റ് കോർട്ട്, അടുപ്പിച്ച് ആറ് തവണയടക്കം ഒൻപത് വട്ടം വിംബിൾഡൺ ഉയർത്തിയിട്ടുള്ള മാർട്ടീന നരവത്‌ലോവ, ക്രിസ് എവർട്ട്, ഇവോന്ന ഗൂലഗോങ് എന്നിവരെ പുറകെ സ്റ്റെഫി ഗ്രാഫ് വനിത ടെന്നീസ് ലോകം അടക്കി ഭരിച്ചു. ഏഴ് തവണയാണ് സ്റ്റെഫി വിംബിൾഡൺ സ്വന്തമാക്കിയത്. ഇടക്ക് കൊഞ്ചിത മാർട്ടീനസ്, മാർട്ടിന ഹിംഗിസ്, ഗാബ്രിയേല സബാട്ടിനി, യാന നവോത്‌ന, മോണിക സെലസ്, അരാന്റ സാഞ്ചസ്, മാർട്ടീന ഹിഞ്ചിസ്, ലിൻഡ്‌സേ ഡാവൻപോർട് തുടങ്ങി ഒട്ടേറെ താരങ്ങൾ ഉണ്ടാവുകയും അവർ ലോകവനിത ടെന്നീസിനെ അതിന്റെ മനോഹാരിതയോടെ നിലനിർത്തുകയും ചെയ്തു. എൺപതുകളുടെ അവസാനം ആരംഭിച്ച സ്റ്റെഫി ഗ്രാഫിന്റെ പടയോട്ടം 1999-ൽ വിംബിൾഡൺ ഫൈനൽ വരെ തുടർന്നു. തന്റെ ഒൻപതാമത് വിംബിൾഡൺ ഫൈനലിൽ അക്കാലത്തെ ലോക മൂന്നാം നമ്പർ താരം ഡാവൻപോർട്ടിനോട് നേരിട്ടുള്ള സെറ്റുകളിൽ പരാജയപ്പെട്ടതിന് ശേഷം ഏതാനും മാസങ്ങൾക്കുള്ളിൽ സ്റ്റെഫിഗ്രാഫ് ടെന്നീസിൽ നിന്ന് വിമരിച്ചു. മുപ്പത് വയസിനുള്ളിൽ ടെന്നീസിലെ സകല കിരീടങ്ങളും നേടി മൂന്നാം റാങ്കിൽ നിലനിൽക്കെ തന്നെ.
1999-ലെ വിംബിൾഡണിൽ ക്വാർട്ടർ ഫൈനലിൽ സ്റ്റെഫി പരാജയപ്പെടുത്തിയത് വീനസ് വില്യംസിനെയായിരുന്നു. 2000-ത്തിലെ വിംബിൾഡൺ നേടിയതും വീനസ് തന്നെ. ഏതാണ്ട് രണ്ട് പതിറ്റാണ്ട് നീണ്ടു നിന്ന വില്യംസ് സഹോദരിമാരുടെ ലോക വനിത ടെന്നീസിലെ തേർവാഴ്ചയുടെ തുടക്കമായിരുന്നു അത്. 2016 വരെ ഏതാണ്ട് മിക്കവാറും വിംബിൾഡൺ വനിത കിരീടങ്ങൾ വീനസും സെറീനയും മാറി മാറി വിജയിച്ചു. മരിയ ഷെറപോവ, അമീലി മൗറെസ്‌മോ, പെട്രാ കറ്റോവ, മരിയൻ ബാർറ്റോലി എന്നിവർ ഇടയ്ക്ക് വന്ന് പോയി. 2016-ൽ സെറീന വില്യംസ് കിരീടം നേടിയ ശേഷം വിംബിൾഡണിൽ ഇന്നേ വരെ ഒരു വനിത ചാംപ്യനും കിരീട നേട്ടം ആവർത്തിച്ചിട്ടില്ല. കിരീടം നേടിയിട്ടില്ല എന്നല്ല, ഫൈനലിൽ പോലും പിന്നീടെത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല.
2017-ൽ വിംബിൾഡൺ നേടിയ ഗബ്രീന മുറുഗൂസ (സപെയ്ൻ) , 2018-ൽ കിരീടം നേടിയ ഏഞ്ചലീഖ് കെർബർ (ജർമനി) , 2019-ൽ കപ്പെടുത്ത സിമോന ഹാലെപ് (റൊമാനിയ)തുടങ്ങിയവർ അധികം വൈകാതെ വിമരിച്ചു. ഈ മൂന്ന് വർഷങ്ങളിൽ 2017-ൽ വീനസും 18, 19 വർഷങ്ങളിൽ സെറീനയുമായിരുന്നു ഫൈനലിൽ പരാജയപ്പെട്ടത്.
2020 കോവിഡ് അപഹരിച്ചതിന് ശേഷം 2021-ൽ ഓസ്‌ട്രേല്യയിൽ നിന്നുള്ള ആഷ്‌ലി ബാർട്ടി കിരീടം നേടിയപ്പോൾ വനിത ടെന്നീസിൽ പുതിയ താരോദയം എന്ന് ഏതാണ്ടുറപ്പിച്ചതായിരുന്നു. യു.എസ് ഓപൺ നേടായായിട്ടില്ലെങ്കിലും മറ്റ് മൂന്ന് ഗ്ലാൻഡ്സ്ലാമും നേടിയിരുന്ന ആഷ്‌ലി പക്ഷേ 2022-ൽ തന്റെ 26-ാം വയസിൽ ലോക ഒന്നാം നമ്പർ താരമായിരിക്കേ തന്നെ പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിച്ചു. 2022-ൽ വിംബിൾഡൺ നേടിയ കസാകിസ്ഥാനിൽ നിന്നുള്ള ഇലേന റൈബാകിനയും 2023-ൽ കിരീടം നേടിയ ചെക്ക് താരം മാർകെറ്റാ വോണ്ടറസോവ, കഴിഞ്ഞ വർഷത്തെ ചാംപ്യൻ ബാർബെറ കെസികോവ (ചെക്ക്) എന്നിവർ ഇത്തവണ രണ്ടാം റൗണ്ട് പോലും പിന്നിട്ടില്ല. ഇത്തവണ അവസാന പതിനാറിൽ എത്തിയ ആരും തന്നെ മുമ്പ് കിരീടം നേടിയർ ആയിരുന്നില്ല.
ഇത് വിംബിൾഡണിന്റെ കാര്യം മാത്രമല്ല, നിലവിൽ ലോക വനിത ടെന്നീസ് റാങ്കിങ്ങിൽ ഒന്ന് മുതൽ പത്ത് വരെ സ്ഥാനമുള്ളവരിൽ ആരും തന്നെ നാല് ഗ്രാൻഡ്സ്ലാം കിരീടങ്ങളും നേടിയവരല്ല. ഇവരിൽ ആരും തന്നെ വിംബിൾഡൺ നേടിയിട്ടുമില്ല. ഒന്നാം റാങ്കുകാരിയായ ബെലൂറസ് താരം ആര്യ സബേലൻക ഇത്തവണ വിംബിൾഡൺ സെമിയിൽ അമാൻഡ അനിസ്‌മോവയോട് പരാജയപ്പെട്ടു. രണ്ട് ഓസ്‌ട്രേല്യൻ ഓപണും ഒരു യു.എസ് ഓപണും നേടിയിട്ടുള്ള സബേലൻക ആദ്യമായാണ് വിംബിൾഡൺ സെമിഫൈനിൽ എത്തുന്നത്. ഈ വർഷം ഫ്രഞ്ച് ഓപൺ ഫൈനിലിൽ അമേരിക്കൻ താരമായ ലോക രണ്ടാം നമ്പർ കൊകോ ഗൗഫിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് സബെലൻക പരാജയപ്പെട്ടത്. ലോകരണ്ടാം നമ്പർ താരമായ കൊകോ ഗൗഫിന്റെ കരിയർ നേട്ടം ഒരു ഫ്രഞ്ച് ഓപണും ഒരു യു.എസ് ഓപണുമാണ്. വിംബിൾഡണിൽ ഒരിക്കൽ ക്വാർട്ടർ ഫൈനിൽ കടക്കാൻ പോലും കൊകോ ഗൗഫിനായിട്ടില്ല. മൂന്നാം റാങ്കുകാരിയായ ജെസീക പെഗൂലയുടെ കരിയർ നേട്ടം 2024-ലെ യു.എസ് ഓപൺ ഫൈനലാണ്. വിംബിൾഡണിലോ, ഓസ്‌ട്രേല്യൻ ഓപണിലോ, ഫ്രഞ്ച് ഓപണിലോ ക്വാർട്ടർ ഫൈനിലിനപ്പുറം ജെസീക കടന്നിട്ടില്ല.
അമാൻഡ അനിസിമോവ
നാലാം സീഡ് ഈഗ ഷ്യാങ്‌തെക് ആകട്ടെ ഇത്തവണ വിംബിൾഡണിൽ കിരീടം നേടാൻ ഏറ്റവും സാധ്യത നൽകിപ്പിക്കുന്ന താരമാണ്. നാല് തവണ ഫ്രഞ്ച് ഓപൺ ചാമ്പ്യനായ, 2022-ൽ യു.എസ് ഓപൺ നേടിയ പോളിഷ് താരമായ ഈഗ ഷ്യാങ്‌തെക് ആദ്യ റാങ്കിങ്ങുകാരിൽ ഏറ്റവും വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ആൾ. അഞ്ചാം നമ്പർ താരമായ ജാസ്മിൻ പൗളിനി കഴിഞ്ഞ വർഷം, 2024-ൽ, വിംബിൾഡണിന്റേയും ഫ്രഞ്ച് ഓപണിന്റേയും ഫൈനിലിൽ എത്തിയിട്ടുണ്ട്. ആദ്യ പത്ത് റാങ്കുകളിൽ ഏഷ്യയിൽ നിന്നുള്ള ഒരേയൊരു ടെന്നീസ് താരമായ ചിൻവെൻചാങിന്റെ നിലവിലുള്ള റാങ്ക് ആറാണ്. 2024-ൽ ഓസ്‌ട്രേല്യൻ ഓപണിന്റെ ഫൈനലിലും ഈ വർഷം ഫ്രഞ്ച് ഓപൺ സെമിയിലും എത്തിയതാണ് ചിൻവെൻ ചാങിന്റെ കരിയർ നേട്ടം. ഏഴാം റാങ്കുകാരിയായ റഷ്യൻ സ്വദേശി മിറ ആൺഡ്രീവ ആദ്യ പത്തുറാങ്കുകാരിൽ ഏറ്റവും ചെറുപ്പക്കാരിയാണ്. 18 കാരിയായ മിറ.
ലോകറാങ്കിങിൽ നിലവിൽ പന്ത്രണ്ടാം സ്ഥാനത്തുള്ള അമാൻഡ അനിസിമോവയാണ് ഇത്തവണ വിംബിൾഡൺ ഫൈനലിൽ ഈഗ ഷ്യാങ്‌തെകിനെ നേരിടുന്നത്. സെറീന വില്യംസിന് ശേഷം അമേരിക്കയിലേയ്ക്ക് വിംബിൾഡൺ വനിത കിരീടം തിരിച്ചെത്തുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. പ്രത്യേകിച്ചും ലോക ഒന്നാം നമ്പർ താരമായ ആര്യ സബേലൻകയെ വാശിയേറിയ മത്സരത്തിൽ തോൽപ്പിച്ച് അനിസിമോവ ഫൈനലിൽ എത്തിയത് കൊണ്ട് തന്നെ. അതിശക്തമായ പവർ ഗെയിമുകൾ കൊണ്ടും മോണിക്ക സെലസിനെ ഓർമ്മിപ്പിക്കുന്ന മുരൾച്ചകൾ കൊണ്ടും കോർട്ടിന്റെ അധീശത്വം എളുപ്പത്തിൽ നേടുന്ന സബേലൻകയെ മനശാസ്ത്രപരമായി വരെ കീഴടക്കിയാണ് അനിസിമോവ സെമി കടന്നത്. മനോഹരമായ റിട്ടേണുകളും കണിശമായ ഡ്രോപ് ഷോട്ടുകളും ശക്തമായ സർവ്വുകളുമായി അനിസിമോവ ഇത്തവണത്തെ അതിശയ താരമാകുമോ എന്നതാണ് ഇനി കാണേണ്ടത്. wimbledon women’s final; Is the glamour of starless women’s tennis diminishing after the Williams sisters?
Content summary: wimbledon women’s final; Is the glamour of starless women’s tennis diminishing after the Williams sisters?
This post was last modified on July 12, 2025 7:13 am
Leave a Comment