യുഎസ്സിലെ കാലിഫോർണിയയിൽ വൻ കാട്ടുതീ. വടക്കൻ പ്രദേശങ്ങളിലാണ് കാട്ടുതീ പടർന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം 9 പേർ മരിച്ചിട്ടുണ്ട്. ഒന്നര ലക്ഷത്തോളം പേരെ സ്ഥലത്തു നിന്നും ഒഴിപ്പിച്ചതായും അറിയുന്നു.
ഇരുപതിനായിരത്തോളം ഏക്കർ സ്ഥലം ഇതിനകം കാട്ടുതീയിൽ പെട്ടിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങളെല്ലാം പ്രായോഗിക പ്രശ്നങ്ങൾ മൂലം നിറുത്തി വെച്ചിരിക്കുകയാണ്. പകരം ആളുകളെ ഒഴിപ്പിക്കുന്നതിനും മറ്റ് ദുരിതാശ്വാസ പ്രർത്തനങ്ങൾക്കുമാണ് അഗ്നിശമന സേന മുൻതൂക്കം നൽകുന്നത്.
മരണസംഖ്യ ഇനിയും കൂടുമെന്ന് ബറ്റ് കൗണ്ടി സാമാധാനപാലന ചുമതലയുള്ള കോറി ഹോനിയ പറയുന്നു.
ഇതുവരെ ആകെ 157,000 പേരെ ഒഴിപ്പിച്ചതായി അധികൃതർ അറിയിക്കുന്നു. മാലിബു നഗരത്തിലുള്ള മുഴുവൻ പേരെയും ഒഴിപ്പിച്ചു കഴിഞ്ഞു. 13,000 പേർ ഇവിടെ നിന്നുള്ളവരാണ്. ഇവരിൽ പ്രശസ്തരായ ചില ഹോളിവുഡ് താരങ്ങളുമുണ്ട്.
കഴിഞ്ഞദിവസം വെടിവെപ്പുണ്ടായ തൗസന്റ് ഓക്സ് നഗരത്തെയും കാട്ടുതീ ബാധിച്ചിട്ടുണ്ട്. ശക്തമായ കാറ്റിൽ തീ ആളിപ്പടരുകയാണ്. എങ്ങനെയാണ് തീപ്പിടിത്തം തുടങ്ങിയതെന്ന കാര്യം വ്യക്തമായിട്ടില്ല.