ഈ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീം ഏതെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഫ്രാന്‍സ്. മൊറോക്കോയെ ആധികാരികമായി പരാജയപ്പെടുത്തി ഫ്രാന്‍സ് തുടര്‍ച്ചയായ മൂന്നാം തവണയും ലോകകപ്പിന്റെ സെമിഫൈനലിലേക്ക് മാര്‍ച്ച് ചെയ്തിരിക്കുന്നു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ലഭിച്ച പെനാല്‍റ്റി നഷ്ടപ്പെടുത്തിയെങ്കിലും, രണ്ടാം പകുതിയില്‍ നേടിയ അതിമനോഹരമായ ഗോളിലൂടെ ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെ തന്റെ പിഴവിന് പ്രായശ്ചിത്തം ചെയ്തു. തുടര്‍ന്ന് മുന്‍ പിഎസ്ജി സഹതാരം ഔസ്മാന്‍ ഡെംബെലെയും ഗോള്‍ നേടിയതോടെ ഫ്രാന്‍സിന്റെ വിജയം സുരക്ഷിതമായി. വെള്ളിയാഴ്ച നടക്കുന്ന സ്‌പെയിന്‍-ബെല്‍ജിയം മത്സരത്തിലെ വിജയികളെയാകും സെമി ഫൈനലില്‍ ഫ്രാന്‍സ് നേരിടുക. ഇത്തവണ ടൂര്‍ണമെന്റില്‍ ഒരു മത്സരത്തില്‍ പോലും ഫ്രാന്‍സ് പിന്നിലായിട്ടില്ല എന്നത് അവരുടെ കരുത്തിന്റെ തെളിവാണ്.
മത്സരത്തിന്റെ ആദ്യ പകുതിയിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. എംബാപ്പെയെ ബോക്‌സില്‍ വീഴ്ത്തിയതിന് ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും കിക്ക് എടുക്കാന്‍ മൂന്ന് മിനിറ്റിലധികം വൈകി. വാര്‍ പരിശോധനയും എതിര്‍ ടീം ബോക്‌സിലേക്ക് കയറി നില്‍ക്കുന്നതിനെതിരേയുള്ള റഫറിയുടെ മുന്നറിയിപ്പുകളും കാരണം എംബാപ്പെക്ക് രണ്ടുതവണ പന്ത് റീ-സ്‌പോട്ട് ചെയ്യേണ്ടി വന്നിരുന്നു. സമയം വൈകിയത് താരത്തിന്റെ ശ്രദ്ധ തിരിച്ചിരിക്കാം. ഒടുവില്‍ എംബാപ്പെ എടുത്ത ദുര്‍ബലമായ കിക്ക് മൊറോക്കന്‍ ഗോള്‍കീപ്പര്‍ യാസിന്‍ ബോണോ അനായാസേന തടുത്തിട്ടു. എന്നാല്‍ രണ്ടാം പകുതിയില്‍ ഡെസിറെ ദൂവെയുടെ പാസില്‍ നിന്നും മൊറോക്കന്‍ പ്രതിരോധനിരയെ കബളിപ്പിച്ച് എംബാപ്പെ തൊടുത്ത മനോഹരമായ കേളിംഗ് ഷോട്ട് ഗോള്‍കീപ്പര്‍ ബോണോയ്ക്ക് യാതൊരു അവസരവും നല്‍കാതെ വലതുമൂലയിലേക്ക് തുളച്ചുകയറി. ഈ ഗോളോടെ ടൂര്‍ണമെന്റില്‍ എട്ട് ഗോളുകളുമായി എംബാപ്പെ ലയണല്‍ മെസ്സിക്കൊപ്പം എത്തി. 1958-ല്‍ ജസ്റ്റ് ഫോണ്ടെയ്ന്‍ സ്ഥാപിച്ച 13 ഗോളുകളുടെ റെക്കോര്‍ഡിന് അഞ്ച് ഗോള്‍ മാത്രം അകലെയാണ് എംബാപ്പെ ഇപ്പോള്‍. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ വലതുകാലിന് നേരിയ പരിക്കേറ്റതിനെ തുടര്‍ന്ന് ഐസ് പാക്കുമായി എംബാപ്പെ ബെഞ്ചിലേക്ക് മാറിയെങ്കിലും, ഫൈനല്‍ വിസിലിന് ശേഷം അദ്ദേഹം സഹതാരങ്ങള്‍ക്കൊപ്പം വിജയം ആഘോഷിച്ചതോടെ ആരാധകര്‍ക്ക് ആശ്വാസമായി.
മൊറോക്കന്‍ ഗോള്‍കീപ്പര്‍ യാസിന്‍ ബോണോ വീണ്ടും ലോകത്തിന് മുന്നില്‍ തന്റെ കരുത്തുകാട്ടി. പെനാല്‍റ്റി തടുക്കാനുള്ള ബോണുയുടെ അസാധാരണമായ മികവ് ഈ മത്സരത്തിലും പ്രകടമായി. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പെനാല്‍റ്റികള്‍ തടുത്തിട്ട ഗോള്‍കീപ്പറെന്ന റെക്കോര്‍ഡ് ഇപ്പോള്‍ ബോണോയ്ക്കാണ്. കിക്കെടുക്കുന്ന കളിക്കാരുടെ ശ്രദ്ധ തിരിക്കാന്‍ ബോണോ നടത്തുന്ന വിചിത്രമായ ശരീരചലനങ്ങളും തന്ത്രങ്ങളും എംബാപ്പെയെയും ബാധിച്ചു എന്നുവേണം കരുതാന്‍. മുന്‍പ് ഇവാന്‍ ടോണി, എര്‍ലിങ് ഹാലാന്‍ഡ്, ക്ലൂവര്‍ട്ട് പോലുള്ള പ്രമുഖരെയും ബോണോ ഇത്തരത്തില്‍ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.
എംബാപ്പെ മാത്രമല്ല ഫ്രാന്‍സിന്റെ കരുത്തെന്ന് ഈ മത്സരം അടിവരയിടുന്നു. ടൂര്‍ണമെന്റിലെ തന്റെ അഞ്ചാം ഗോള്‍ നേടിയ ഔസ്മാന്‍ ഡെംബെലെയും എതിര്‍ ടീം ഭയക്കേണ്ട ഫ്രഞ്ച് നിരയിലെ മറ്റൊരു വിനാശകാരിയാണ്. 2002-ലെ ബ്രസീല്‍ ടീമിന് ശേഷം (റൊണാള്‍ഡോ, റിവാള്‍ഡോ) ഒരു ലോകകപ്പില്‍ രണ്ട് കളിക്കാര്‍ അഞ്ചോ അതിലധികമോ ഗോളുകള്‍ നേടുന്ന ആദ്യ ടീമായി ഫ്രാന്‍സ് മാറി. അര്‍ജന്റീന മെസ്സിയെയും, നോര്‍വേ ഹാലാന്‍ഡിനെയും അമിതമായി ആശ്രയിക്കുമ്പോള്‍ ഫ്രാന്‍സിന് ബാര്‍ക്കോള, ദൂവെ, ഒലീസ് തുടങ്ങിയ പ്രതിഭകളുടെ വലിയൊരു നിര തന്നെയുണ്ട്.
അതേസമയം, ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ബ്രസീലിനെപ്പോലുള്ള വമ്പന്മാരെ അട്ടിമറിച്ച മൊറോക്കോയുടെ വീര്യം ഈ മത്സരത്തില്‍ കണ്ടില്ല. പ്രമുഖ സ്‌ട്രൈക്കര്‍ ഇസ്മായില്‍ സൈബാരി പരിക്കേറ്റ് പുറത്തായതും, സ്‌ട്രൈക്കര്‍മാരില്ലാത്ത ഒരു പ്രതിരോധ തന്ത്രം കോച്ച് പയറ്റിയതും അവര്‍ക്ക് തിരിച്ചടിയായി. കളിയിലുടനീളം പ്രതിരോധത്തിലൂന്നി നിന്ന മൊറോക്കോയ്ക്ക് ഫ്രഞ്ച് മുന്നേറ്റങ്ങളെ തടയാനോ സ്വന്തമായി ഗോളവസരങ്ങള്‍ സൃഷ്ടിക്കാനോ സാധിച്ചില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ കാഴ്ചവെച്ച മികച്ച പ്രകടനത്തിന്റെ നിഴല്‍ മാത്രമായിരുന്നു ഈ മത്സരത്തില്‍ മൊറോക്കോ.
Content Summary; Kylian Mbappe and Ousmane Dembele strike as France defeat Morocco to secure a spot in the World Cup semi-finals for the third consecutive tournament
This post was last modified on July 10, 2026 8:51 am
Leave a Comment