ഒട്ടേറെ പുതുമകള്‍ എന്നെന്നും നിലനിര്‍ത്തുന്ന മനോഹരമായ ഭൂമികയാണ് ദുബൈ. അവിടെ മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള കര്‍ശനമായ നിയന്ത്രണങ്ങളെകുറിച്ച് അറിയാത്തവരുണ്ടാകില്ല. എന്നാലിപ്പോള്‍ ദുബായിലെത്തുന്ന മുസ്ലിം ഇതര വിനോദസഞ്ചാരികള്‍ക്ക് മദ്യം വാങ്ങാന്‍ ലൈസന്‍സ് അനുവദിച്ചിരിക്കുകയാണ് ദുബൈ ഭരണകൂടം. 30 ദിവസത്തേക്കുള്ള ലൈസന്‍സിന് ഫീസ് ഈടാക്കില്ല. അപേക്ഷ നല്‍കിയാലുടന്‍ മെര്‍ക്കന്റൈല്‍ ആന്‍ഡ് മാര്‍ക്കറ്റിങ് ഇന്റര്‍നാഷനല്‍ (എംഎംഐ) ഷോറൂമുകളില്‍ നിന്നു മദ്യം വാങ്ങാനുള്ള ലൈസന്‍സ് ലഭിക്കും.
അപേക്ഷകന് 21 വയസ് പൂര്‍ത്തിയായിരിക്കണം എന്നതാണ് പ്രധാന നിബന്ധന. കൂടാതെ യു.എ.ഇ പൗരന്‍ ആവുകയുമരുത്. എംഎംഐയുടെ 17 ഔട് ലെറ്റുകളില്‍ ഏതിലെങ്കിലും പാസ്‌പോര്‍ട്ടുമായി ചെന്ന് അപേക്ഷ വാങ്ങി പൂരിപ്പിച്ചു നല്‍കണം. അപേക്ഷയിലെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും എന്‍ട്രി സ്റ്റാമ്പും സ്റ്റോറില്‍ കോപ്പി എടുക്കുകയും ഓരോ സന്ദര്‍ശകര്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. മദ്യം വാങ്ങുന്നവര്‍ ദുബായില്‍ മദ്യ നിയങ്ങളും ചട്ടങ്ങളും പൂര്‍ണ്ണമായും അംഗീകരിക്കാന്‍ ബാധ്യസ്ഥരാണ്.
30 ദിവസത്തേക്കാണ് ലൈസന്‍സ് അനുവദിക്കുന്നതെങ്കിലും സന്ദര്‍ശകര്‍ അതില്‍കൂടുതല്‍ കാലം അവിടെ താമസിക്കുകയാണെങ്കില്‍ അത് പുതുക്കി നല്‍കും. നിലവില്‍, ദുബായ് റസിഡന്റ് വിസ ഉടമകള്‍ക്ക് മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള ചട്ടങ്ങളില്‍ കാര്യമായ വിട്ടുവീഴ്ച ചെയ്തിരുന്നു. ഇപ്പോള്‍ അവര്‍ക്ക് രണ്ട് വര്‍ഷത്തെ ലൈസന്‍സിന് അര്‍ഹതയുണ്ട്, അതുപയോഗിച്ച് കടകളില്‍ നിന്ന് മദ്യം വാങ്ങാനും വീട്ടില്‍ സൂക്ഷിക്കാനും കഴിയും.