നെറ്റ്ഫ്ലിക്സ്, സ്ട്രീമിംഗ് സേവനങ്ങളുടെ പ്രധാന എതിരാളി; ടെലിവിഷൻ ലോകത്തെ ‘യൂട്യൂബ്’ കാലം

യൂട്യൂബ് എടുക്കുന്ന ചെറിയ തീരുമാനങ്ങൾ പോലും ആഗോള തലത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും

മനുഷ്യൻ കണ്ടുപിടിച്ച ഏറ്റവും വലിയ വിനോദോപാധികളിൽ ഒന്നാണ് ടെലിവിഷൻ. എന്നാൽ ഇന്ന് ടെലിവിഷൻ ഭരിക്കുന്നത് യൂട്യൂബ് എന്ന വീഡിയോ പ്ലാറ്റ്‌ഫോമാണ്. മൊബൈലിലും കമ്പ്യൂട്ടറിലും മാത്രം ഒതുങ്ങിയിരുന്ന ഒരു സാധാരണ വീഡിയോ ആപ്പായിരുന്നു യൂട്യൂബ്. ആളുകൾ ഒറ്റയ്ക്കിരുന്ന്, ആസ്വദിച്ചിരുന്ന ഒരു വിനോദം. സ്മാർട്ട് ടിവികളും മറ്റ് സ്ട്രീമിംഗ് ഉപകരണങ്ങളും വന്നതോടെ ആ കഥ മാറി. ചെറിയ സ്ക്രീനിന്റെ അതിരുകൾ ഭേദിച്ച്, യൂട്യൂബ് നമ്മുടെ സ്വീകരണമുറിയിലേക്ക് കൂടി കടന്നുവന്നു. ഒറ്റയ്ക്കുള്ള കാഴ്ച, കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ആസ്വദിക്കാനും അവസരവും അത് നൽകി.

യൂട്യൂബിന് പരമ്പരാഗത ടിവി ലോകത്തിലെ താരങ്ങളോ, വലിയ സ്റ്റുഡിയോകളോ ആവശ്യമില്ല. ഇവിടെ സാധാരണക്കാരായ വീഡിയോ സ്രഷ്ടാക്കളാണ് രാജാക്കന്മാർ. അവരുടെ ഉള്ളടക്കം ഹോളിവുഡ് നിലവാരത്തിലുള്ള ഷോകളോടുപോലും കിടപിടിക്കുന്നതാണ്‌. ഇത് അവർക്ക് മികച്ച വരുമാനം നേടാനും, സ്വന്തമായി വളരാനുമുള്ള വേദിയൊരുക്കി. ഒരു യൂട്യൂബ് വീഡിയോ കൊണ്ട് മാത്രം ജീവിതം മാറിമറിഞ്ഞ എത്രയോ ഉദാഹരണങ്ങളാണ് നമുക്ക് മുന്നിലുള്ളത്. ടിവി നെറ്റ്‌വർക്കുകൾക്കും നെറ്റ്ഫ്ലിക്സ് പോലുള്ള സ്ട്രീമിംഗ് സേവനങ്ങൾക്കും യൂട്യൂബ് ഒരു പ്രധാന എതിരാളിയാണ് യൂട്യൂബ്.

നീൽസൺ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, യുഎസിലെ ടെലിവിഷനുകളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന വീഡിയോ പ്ലാറ്റ്‌ഫോം യൂട്യൂബാണ്. യൂട്യൂബ് കാണാനായി ഫോണുകളോ മറ്റ് ഉപകരണങ്ങളോ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ടിവി സെറ്റുകളാണ് ആളുകൾ ഇപ്പോൾ ഉപയോഗിക്കുന്നത്.

പ്രതിദിനം ശരാശരി ഒരു ബില്ല്യൺ മണിക്കൂറിലധികം ആളുകൾ യൂട്യൂബ് ടിവിയിൽ കാണുന്നുണ്ട്. ഡിസ്നിയുടെ പ്രക്ഷേപണ ശൃംഖല, ഡസനിലധികം കേബിൾ ചാനലുകൾ, മൂന്ന് സ്ട്രീമിംഗ് സേവനങ്ങൾ എന്നിവയെല്ലാം ചേർന്നുള്ള കാഴ്ചക്കാരേക്കാൾ കൂടുതലാണ് യൂട്യൂബിന് ഇപ്പോൾ ടിവിയിൽ ലഭിക്കുന്നത്. യൂട്യൂബിന്റെ ഈ വളർച്ച എത്ര വലുതാണെന്ന് മനസ്സിലാക്കാൻ ഇതൊക്കെ തന്നെ ധാരാളം.

മാറുന്ന യൂട്യൂബ്, വളരുന്ന സ്വാധീനം

യൂട്യൂബ് അതിന്റെ ടിവി ആപ്പിൽ പുതിയ ഫീച്ചറുകൾ കൊണ്ടുവരാറുണ്ട്. ഇതിലൂടെ, ആളുകൾക്ക് സൗജന്യ വീഡിയോകൾ കൂടുതൽ നേരം ആസ്വദിക്കാൻ സാധിക്കുന്നു. കൂടാതെ, കേബിൾ ടിവിക്ക് പകരമായി, വിവിധ ചാനലുകൾ ഒരുമിച്ച് ലഭിക്കുന്ന ‘യൂട്യൂബ് ടിവി’ എന്ന പെയ്ഡ് സർവീസും അവർ നൽകുന്നുണ്ട്. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബിന്റെ ലക്ഷ്യം വെറും ഒരു വീഡിയോ പ്ലാറ്റ്‌ഫോം എന്നതിലുപരി, വിനോദത്തിന്റെ ഭാവി തന്നെ നിയന്ത്രിക്കുക എന്നതാണ്.

ഇതിനായി, യൂട്യൂബ് അതിന്റെ ടിവി ആപ്പ് ഉപയോക്താക്കൾക്ക് കൂടുതൽ ഇഷ്ടപ്പെട്ട ഉള്ളടക്കങ്ങൾ നിർദ്ദേശിക്കുന്ന രീതിയിൽ മെച്ചപ്പെടുത്തി. ആളുകൾക്ക് റിമോട്ട് ഉപയോഗിച്ച് എളുപ്പത്തിൽ ഇഷ്ടമുള്ള വീഡിയോകൾ കണ്ടെത്താനും, കൂടുതൽ സമയം കണ്ടുകൊണ്ടിരിക്കാനുമുള്ള രീതിയിൽ അൽഗോരിതം മാറ്റിയെടുത്തു. ‘ഷോകൾ’ എന്ന പുതിയ ഫീച്ചറിലൂടെ, നെറ്റ്ഫ്ലിക്സിൽ കാണുന്നതുപോലെ ഒരു പരമ്പരയിലെ എല്ലാ എപ്പിസോഡുകളും തുടർച്ചയായി കാണാൻ സാധിക്കും.

മാധ്യമ ഭീമനായി യൂട്യൂബ്

കഴിഞ്ഞ 20 വർഷമായി, യൂട്യൂബിനെ ആളുകൾ ഹ്രസ്വവും നിലവാരം കുറഞ്ഞതുമായ വീഡിയോകൾ കാണാനുള്ള ഒരു പ്ലാറ്റ്‌ഫോമായി മാത്രമാണ് കണ്ടിരുന്നത്. ടിവി ഷോകളിൽ നിന്ന് ശ്രദ്ധ മാറ്റുന്ന ഒന്നായാണ് ഹോളിവുഡ് പോലും ഇതിനെ കരുതിയിരുന്നത്. എന്നാൽ, ഇപ്പോൾ യൂട്യൂബ് ഒരു മാധ്യമ ഭീമനായി മാറിയിരിക്കുന്നു. കഴിഞ്ഞ വർഷം 54.2 ബില്യൺ ഡോളർ വരുമാനം നേടി, ഡിസ്നിക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ വിനോദ കമ്പനിയായി ഇത് വളർന്നു.

ഇപ്പോൾ, യൂട്യൂബ് എടുക്കുന്ന ചെറിയ തീരുമാനങ്ങൾ പോലും ആഗോള തലത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിവുള്ളതാണ്. യുവതലമുറ ടിവിയിൽ യൂട്യൂബ് കാണുമ്പോൾ, അവർ പരമ്പരാഗത ടോക്ക് ഷോകളെക്കാൾ ‘ഗുഡ് മിത്തിക്കൽ മോർണിംഗ്’ പോലുള്ള ഓൺലൈൻ ഷോകൾക്ക് പ്രാധാന്യം നൽകുന്നു. ഇത്, വിനോദത്തിന്റെ ഭാവി യൂട്യൂബ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലാണെന്ന് സൂചിപ്പിക്കുന്നു.

‘ഗുഡ് മിത്തിക്കൽ മോർണിംഗ്’

ഏകദേശം 20 വർഷങ്ങൾക്ക് മുൻപ് വെറും രണ്ട് സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയ ‘ഗുഡ് മിത്തിക്കൽ മോർണിംഗ്’ എന്ന യൂട്യൂബ് ചാനൽ ഇന്ന് 19.3 ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുള്ള ഒരു വലിയ സംരംഭമായി വളർന്നു കഴിഞ്ഞു. ഹോളിവുഡ് സ്റ്റുഡിയോയെപ്പോലെ പ്രവർത്തിക്കുന്ന അവരുടെ ലോസ് ഏഞ്ചൽസിലെ ഓഫീസിൽ 100-ലധികം ജീവനക്കാരുണ്ട്. എഴുത്തുകാർ, പ്രോപ് നിർമ്മാതാക്കൾ എന്നിവരുൾപ്പെടെയുള്ള വലിയൊരു ടീമാണ് ഇപ്പോൾ ഈ ഷോയ്ക്ക് പിന്നിലുള്ളത്.

ആളുകൾ ടിവിയിൽ യൂട്യൂബ് കാണാൻ തുടങ്ങിയതാണ്, ഈ ഷോയുടെ പ്രധാന വളർച്ചാ ഘടകം. അവരുടെ മൊത്തം കാഴ്ചയുടെ 53% ഇപ്പോൾ ടിവികളിലൂടെയാണ്. ‘ഗുഡ് മിത്തിക്കൽ മോർണിംഗ്’ എന്ന യൂട്യൂബ് ഷോയുടെ വളർച്ച, യൂട്യൂബ് ടിവിയിൽ നേടിയ ആധിപത്യത്തിന് ഏറ്റവും മികച്ച ഉദാഹരണമാണ്. ഈ മാറ്റം മനസ്സിലാക്കി, യൂട്യൂബ് സ്രഷ്ടാക്കളും ദൈർഘ്യമേറിയ വീഡിയോകൾ നിർമ്മിക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കുന്നു. ഇത് കാഴ്ചക്കാരെ തങ്ങളുടെ ചാനലിൽ കൂടുതൽ നേരം നിലനിർത്താനും അതുവഴി കൂടുതൽ വരുമാനം നേടാനും അവരെ സഹായിക്കുന്നു.

അൽഗോരിതത്തിന്റെ ശക്തി

യൂട്യൂബിലെ വീഡിയോകൾ ആർക്കൊക്കെ കാണിക്കണം, എങ്ങനെ കാണിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് ഗൂഗിളിന്റെ അൽഗോരിതമാണ്. യൂട്യൂബ് എക്സിക്യൂട്ടീവുകൾ പറയുന്നത്, അവർ ഏത് വീഡിയോ നിർമ്മിക്കണം അല്ലെങ്കിൽ എങ്ങനെ പ്രമോട്ട് ചെയ്യണം എന്നതിൽ നേരിട്ട് ഇടപെടാറില്ല എന്നാണ്. ഹോളിവുഡ് പോലുള്ള കമ്പനികൾക്ക് തങ്ങളുടെ ഷോകൾ യൂട്യൂബ് വഴി ആളുകളിലേക്ക് എത്തിക്കാൻ സാധിക്കുന്നു.

വാർണർ ബ്രദേഴ്‌സ് ഡിസ്‌കവറി, പാരാമൗണ്ട് തുടങ്ങിയവർ യൂട്യൂബുമായി സഹകരിച്ച്, തങ്ങളുടെ സ്ട്രീമിംഗ് സേവനങ്ങളിലേക്ക് പ്രേക്ഷകരെ ആകർഷിക്കാൻ ശ്രമിക്കുന്നു. ഉദാഹരണത്തിന്, ‘The White Lotus’ എന്ന് യൂട്യൂബിൽ തിരഞ്ഞാൽ, എച്ച്ബിഒ മാക്സിലേക്ക് പണം നൽകി സബ്സ്ക്രൈബ് ചെയ്യുന്നതിനുള്ള ഓപ്ഷൻ കാണിക്കും. ഇത് ഹോളിവുഡ് കമ്പനികൾക്ക് യൂട്യൂബിലെ വലിയ യുവ പ്രേക്ഷകരിലേക്ക് എത്തിപ്പെടാനുള്ള അവസരം നൽകുന്നു.

യൂട്യൂബിന്റെ പുതിയ തട്ടകം

യൂട്യൂബ് നേരിട്ട് ഇടപെടുന്ന ചുരുക്കം ചില മേഖലകളിൽ ഒന്നാണ് സ്പോർട്സ്. ലൈവ് ഗെയിമുകൾ സ്ട്രീം ചെയ്യാനുള്ള അവകാശം വാങ്ങുന്നതിലൂടെ യൂട്യൂബ് ഈ രംഗത്ത് വലിയ നേട്ടം ഉണ്ടാക്കുന്നു. 2023-ൽ യൂട്യൂബിൽ സ്പോർട്സ് വീഡിയോകളുടെ കാഴ്ച 45% വർധിച്ചു. 2023 മുതൽ NFL സൺ‌ഡേ ടിക്കറ്റിന്റെ എക്സ്ക്ലൂസീവ് ലൈവ് സ്ട്രീമിംഗ് അവകാശം യൂട്യൂബിനാണ്. ഇതിനായി അവർ വർഷം തോറും 2 ബില്യൺ ഡോളർ ചെലവഴിക്കുന്നു. ഇത് യൂട്യൂബിന് വലിയ വരുമാനം നൽകുന്നുണ്ട്.

ഒരേ സമയം നിരവധി ഗെയിമുകൾ കാണാൻ പ്രേക്ഷകരെ സഹായിക്കുന്ന ‘മൾട്ടി-വ്യൂ’ പോലുള്ള പുതിയ ഫീച്ചറുകളും യൂട്യൂബ് അവതരിപ്പിക്കുന്നുണ്ട്. യൂട്യൂബിലെ സ്വാധീനമുള്ള വ്യക്തികളെ (influencers) ഉപയോഗിച്ച് ഗെയിമുകൾ പ്രഖ്യാപിക്കാൻ പോലും അവർ ശ്രമിക്കുന്നു. യൂട്യൂബിലെ പ്രമുഖരായ MrBeast, Ms Rachel പോലുള്ളവർ ആമസോൺ പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ് പോലുള്ളവരുമായി സഹകരിക്കുന്നുണ്ടെങ്കിലും,അവർക്ക് യൂട്യൂബിലെ തങ്ങളുടെ ചാനലുകൾ ഉപേക്ഷിക്കാൻ താൽപര്യമില്ല. കാരണം, യൂട്യൂബിൽ അവർക്ക് വലിയ പ്രേക്ഷക പിന്തുണയും സാമ്പത്തിക സ്വാതന്ത്ര്യവുമുണ്ട്. യൂട്യൂബിന്റെ ഈ വളർച്ച വെറുമൊരു സാങ്കേതിക മുന്നേറ്റം മാത്രമല്ല, നമ്മുടെ കാഴ്ചാശീലങ്ങളിൽ വന്ന ഒരു വിപ്ലവം കൂടിയാണ്.

content summary: YouTube Won the Battle for TV Viewers

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment