February 19, 2025 |
Avatar
അമർനാഥ്‌
Share on

‘വാ താജ്…’ സാക്കിര്‍ ഹുസൈന്‍ അനശ്വരമാക്കിയ പരസ്യത്തിന്റെ കഥ

അന്താരാഷ്ട്ര പ്രസിദ്ധിയുണ്ടെങ്കിലും അത് വരെ ഇന്ത്യക്കാര്‍ക്ക് അധികം പരിചയമില്ലാത്ത ഉസ്താദ് സാക്കിര്‍ ഹുസൈന്‍ ഇതോടെ ഇന്ത്യന്‍ ടി വി പരസ്യത്തിലെ ഒരു ഐക്കണായി

സാക്കിര്‍ ഹുസൈന്റെ മാന്ത്രിക വിരല്‍ത്തുമ്പിന്റെ തബല സ്പര്‍ശം കഴിഞ്ഞ് അദ്ദേഹം ഒരു കപ്പ് ചായ നുകര്‍ന്ന് പറയുന്ന ‘വാ താജ്’എന്ന ടാഗ് ലൈനും താജ് മഹല്‍ ചായയും, ഷാജഹാന്റെ പ്രണയിനിയുടെ അനശ്വര സ്മാരകം താജ് മഹല്‍ പോലെ രണ്ടേ രണ്ട് വാക്കില്‍ അനശ്വരമായി മാറി! 90 കളില്‍ ഇന്ത്യന്‍ പ്രേക്ഷകരുടെ ഓമനയായിരുന്ന ദൂരദര്‍ശനില്‍ ലക്ഷങ്ങളെ ആകര്‍ഷിച്ച പരസ്യമായിരുന്നു താജ് മഹല്‍ ചായയുടേത്.

ഉസ്താദ് സാക്കിര്‍ ഹുസൈന്റെ മാന്ത്രിക വിരലുകളിലൂടെയുള്ള തബല വായനയും താജ് മഹല്‍ ചായയും ഇന്ത്യന്‍ പരസ്യരംഗത്ത് പുതിയൊരു തരംഗം സൃഷ്ടിച്ചു. അന്ന് വരെ സിനിമാ താരങ്ങളും ക്രിക്കറ്റ് കളിക്കാരും അടക്കിവാണ പരസ്യ മേഖലയിലേക്ക് കുറെക്കൂടി സാംസ്‌കാരിക പ്രതീകമെന്ന രീതിയില്‍ ഇന്ത്യയിലെ വാദ്യ-നൃത്ത കലാകാരന്മാര്‍ രംഗത്ത് വന്നു. അതോടെ പുതിയൊരു പരസ്യ സംസ്‌കാരം ഇന്ത്യയില്‍ ഉയര്‍ന്നു വന്നു.

Zakir Hussain

യമുനാ നദിക്ക് അക്കരെ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ താജ് മഹലിന്റെ മുന്നില്‍ ഇരുന്ന് തബല വായിച്ചശേഷം താജ്മഹല്‍ ചായ കുടിച്ചുകൊണ്ട് നടത്തുന്ന പ്രതികരണം ഇന്ത്യന്‍ പരസ്യ രംഗത്തെ ഏറ്റവും പ്രസിദ്ധമായ ടാഗ് ലൈനായി മാറി. 1966ലാണ് കൊല്‍ക്കത്തയില്‍ ബ്രൂക്ക് ബോണ്ട് താജ് മഹല്‍ ചായ പുറത്തിറക്കിയത്. മികച്ച തേയിലയില്‍ നിര്‍മ്മിച്ച, ആ ചായപ്പൊടി അവരുടെ പ്രീമിയം ഉല്‍പ്പന്നവും ഇന്ത്യയിലെ മികച്ച ചായകളിലൊന്നും സമൂഹത്തിലെ മധ്യവര്‍ഗത്തിന്റെ ഇഷ്ട പാനീയവുമായിരുന്നു. പക്ഷേ, കൂടുതല്‍ ഇന്ത്യക്കാരെ ആകര്‍ഷിക്കാന്‍ ഈ ചായ വീണ്ടും പരിഷ്‌ക്കരിച്ച് പുറത്തിറക്കാന്‍ കമ്പനി തീരുമാനിച്ചു. പരസ്യം പ്രധാനമായിരുന്നു. ടെലിവിഷന്‍ പരസ്യങ്ങള്‍ ലോകം കീഴടക്കാന്‍ ആരംഭിച്ചിരുന്ന സമയം.

ഹിന്ദുസ്ഥാന്‍ തോംസണ്‍ അസോസിയേറ്റ് എന്ന പരസ്യ കമ്പനി (HTA, ഇപ്പോഴത് JWT എന്നറിയപ്പെടുന്നു). ആദ്യത്തെ പരസ്യം അന്നത്തെ പ്രശസ്ത മോഡലായ മാളവിക തീവാരിയെ വെച്ച് ചെയ്തു. എയറോബിക്‌സും, സൈക്കിള്‍ എക്‌സസൈസും കഴിഞ്ഞ് താജ് മഹല്‍ ചായ നുകരുന്ന മാളവികാ തീവാരി പറയുന്ന ആ ‘താജ്’ എന്ന വാചകം ഒട്ടും ആകര്‍ഷകമായില്ല. 1985 ല്‍ ദൂരദര്‍ശനിലൂടെ എത്തിയ ഇത് ഏതൊരു ചായയുടെ പരസ്യം പോലെ ഒരു സാധാരണ പരസ്യം മാത്രമായി അനുഭവപ്പെട്ടു.

Malavika tiwari

മാളവിക തിവാരിയും താജിന്റെ ആദ്യ പരസ്യവും

താജ് മഹല്‍ ചായ പരിഷ്‌കരിച്ച്‌ മാര്‍ക്കറ്റ് പിടിക്കാന്‍ വീണ്ടും കമ്പനി തയ്യാറായി. പുതിയ ചായക്ക് പുതിയ പരസ്യം തന്നെ വേണം. സംവിധായകനായ ചലച്ചിത്ര നിര്‍മ്മാതാവ് സുമന്ത്ര ഘോഷായിരുന്നു പുതിയ പരസ്യം സംവിധാനം ചെയ്യാനെത്തിയത്. സംഗീതോപകരണങ്ങളോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം, പ്രത്യേകിച്ച് തബല, ഉപയോഗിച്ച് ഒരു പരസ്യം അദ്ദേഹം മനസ്സില്‍ കണ്ടു. പാശ്ചാത്യവും ഇന്ത്യന്‍ മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്ന സാക്കിര്‍ ഹുസൈന്‍ മികച്ച ബ്രാന്‍ഡ് മോഡലായിരിക്കുമെന്ന് അദ്ദേഹം കരുതി. തബല ഇതിഹാസമായ, ഉസ്താദ് അള്ളാരഖ ഖാന്റെ മകന്‍, സക്കീര്‍ ഹുസൈന്‍ യുഎസിലാണ് താമസിച്ചിരുന്നത്. അദ്ദേഹം, ഭൂമിയില്‍ ജീവിച്ചിരിക്കുന്ന, തബല കൈകാര്യം ചെയ്യുന്ന ഏറ്റവും വലിയ പ്രതിഭയായിരുന്നു. ലോകമെമ്പാടുമുള്ള മികച്ച സംഗീതജ്ഞരുടെ ശ്രേണിയിലെ ഒരു ഇന്ത്യന്‍ സെലിബ്രിറ്റി.

ഉസ്താദ് സാക്കിര്‍ ഈ ആശയം ഇഷ്ടപ്പെട്ടു, അദ്ദേഹം പരസ്യത്തെ കുറിച്ച് പറഞ്ഞു, ‘മികച്ചത്’! കാലിഫോര്‍ണിയയില്‍ നിന്ന് സ്വന്തം ചെലവില്‍ രണ്ട് ദിവസത്തെ ഷൂട്ട് ചെയ്യാന്‍ അദ്ദേഹം ഇന്ത്യയില്‍ പറന്നെത്തി.

കോപ്പിറ്റൈര്‍ കെ. എസ്. ചാക്‌സ് ചക്രവര്‍ത്തി സാക്കിര്‍ ഹുസൈനെ മുംബൈ വിമാനത്താവളത്തില്‍ സ്വീകരിച്ചു, അവര്‍ ഡല്‍ഹിയിലേക്കുള്ള വിമാനം കയറി. ആഗ്രയിലേക്ക് റോഡ് മാര്‍ഗം യാത്ര ചെയ്യവേ, ഉസ്താദ് എത്ര മണിക്കൂര്‍ തബല പ്രാക്ടീസ് ചെയ്യാറുണ്ടെന്ന് ചക്രവര്‍ത്തി ചോദിച്ചു. ഉസ്താദ് എത്ര മണിക്കൂര്‍ തബല പ്രാക്റ്റീസിനായി ചെലവഴിച്ചു, ഇടവേളകളില്‍ അദ്ദേഹം എത്ര കപ്പ് ചായ കുടിച്ചു എന്നതിനെ ആശയമാക്കി പരസ്യം തുടങ്ങുക എന്നതായിരുന്നു ചക്രവര്‍ത്തി ആദ്യം ആലോചിച്ചത്.

k s Chakravarthy and sumantra ghosh lal

ചാക്‌സ് ചക്രവര്‍ത്തിയും സുമന്ത്ര ഘോഷ് ലാലും

താന്‍ നിരന്തരം പരിശീലിക്കാറുണ്ടെന്ന് ഹുസ്സെന്‍ പറഞ്ഞു. കലാസംവിധായകനായിരുന്ന ശ്രീധറാണ് പരസ്യത്തിന്റെ സ്റ്റോറി ബോര്‍സ് ലേഔട്ട് തയ്യാറാക്കിയത്. അതില്‍ ഹുസൈന്റെ മുഴുവന്‍ പേരും വലിയ അക്ഷരങ്ങളില്‍ അച്ചടിച്ചിരുന്നു. അതുകൊണ്ടാണ് പരസ്യം തുടങ്ങുന്നത്, ‘സംഗീത് മേ ഐസാ ജാദൂ ലേന്‍ കേ ലിയേ, ഘണ്ടോണ്‍ റിയാസ് കര്‍തേ ഹേ ഉസ്താദ് സാക്കിര്‍ ഹുസൈന്‍’. പരസ്യത്തില്‍ തബല വായിക്കാന്‍ ഹുസൈന് നല്‍കിയ സമയം 30 സെക്കന്‍ഡാണ്.

പരസ്യചിത്രത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയത് സുമന്ത്ര ഘോഷാലാണ്. താജ്മഹലിന് മുന്നില്‍ പരസ്യം ചിത്രീകരിക്കാന്‍ അന്ന് അനുവാദമില്ലാത്തതിനാല്‍, നദിക്ക് കുറുകെയുള്ള താജ്മഹലിന്റെ പിന്‍വശത്ത് അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തി അവിടെ ഒരു സ്റ്റേജ് തയാറാക്കി. എങ്കിലും പരസ്യം ചിത്രീകരിച്ചത് താജ് മഹലിന്റെ മുന്നില്‍ നിന്നാണോ പിന്നില്‍ നിന്നാണോ എന്ന് ആര്‍ക്കും മനസിലാവില്ല.

1988 ജൂലൈ 26 ന് യമുന നദിക്ക് അക്കരെ തയാറാക്കിയ സ്റ്റേജില്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ തബല വായനയുടെ വൈവിധ്യമാര്‍ന്ന ശൈലികള്‍ അവതരിപ്പിക്കുന്നത് ചിത്രീകരിച്ചു. ഷൂട്ടിംഗിന് ഒരു ദിവസം മുമ്പ് ഹുസൈന് അസുഖം വന്നെങ്കിലും, അദ്ദേഹത്തിന്റെ ആരോഗ്യനില വകവയ്ക്കാതെ, രണ്ട് ദിവസം മുഴുവന്‍ ചിത്രീകരിച്ചു.

താജ് മഹലിന്റെ പശ്ചാത്തലത്തില്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ തന്റെ വിരലുകളാല്‍ മാന്ത്രിക സ്പര്‍ശത്തിലൂടെ തബല വായിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഊര്‍ജ്ജസ്വലമായ തല കുലുക്കുകളും സ്വതസിദ്ധമായ പുഞ്ചിരിയും ഉള്‍ക്കൊണ്ട് പരസ്യം അതി മനോഹരമായി ചിത്രീകരിച്ചു. തബല വായിക്കുന്നതില്‍ മുഴുകിയിരിക്കുന്ന ഉസ്താദ് ഒരു കപ്പ് താജ് മഹല്‍ ചായ കുടിക്കുന്നു. അപ്പോള്‍ പശ്ചാത്തലത്തില്‍ വോയ്‌സ് ഓവര്‍ ഉയരുന്നു.

‘വാ ഉസ്താദ് വാ’, പ്രതികരണമായി ഉസ്താദ് പറയുന്നു,

‘അരേ ഹുസൂര്‍, വാ താജ് ബോലിയെ’ ഇതായിരുന്നു ലക്ഷകണക്കിനാളുകളെ ആകര്‍ഷിച്ച താജ് മഹല്‍ ചായയുടെ ടി.വി പരസ്യം. ഒരു വര്‍ഷത്തിന് ശേഷം മറ്റൊരു കുട്ടിയോടൊപ്പം തബല വായിക്കുന്ന ഉസ്താദ് സാക്കിറിന്റെ മറ്റൊരു പരസ്യവും പ്രത്യക്ഷപെട്ടു(ആദിത്യ കല്യാണ്‍പൂര്‍ എന്ന ഇന്നത്തെ പ്രഗത്ഭനായ തബല വിദഗ്ധനാണ് അന്ന് സാക്കിറിനോടൊപ്പം പരസ്യത്തില്‍ തബല വായിച്ച കുട്ടി).

Zakir Hussain

സാക്കിര്‍ ഹുസൈനും ആദിത്യ കല്യാണ്‍പൂറും

10 വര്‍ഷത്തോളം മാറ്റങ്ങളോടെ ഉസ്താദ് സാക്കിര്‍ ഹുസൈന്റെ വിവിധ രംഗങ്ങള്‍ പരസ്യമായി വന്നു. ‘തബല എന്നാല്‍ താജ്’ എന്ന് ഈ പരസ്യത്തിലൂടെ ജനങ്ങളുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞു, ഒപ്പം താജ് മഹല്‍ ചായയും.

അന്താരാഷ്ട്ര പ്രസിദ്ധിയുണ്ടെങ്കിലും അത് വരെ ഇന്ത്യക്കാര്‍ക്ക് അധികം പരിചയമില്ലാത്ത ഉസ്താദ് സാക്കിര്‍ ഹുസൈന്‍ ഇതോടെ ഇന്ത്യന്‍ ടി വി പരസ്യത്തിലെ ഒരു ഐക്കണായി. വിമാന യാത്രകളില്‍ എയര്‍ ഹോസ്റ്റസുമാര്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞ് പുഞ്ചിരിയോടെ സ്വീകരിച്ചു. ഉസ്താദ് സാക്കിര്‍ ഹുസൈന്‍ പരസ്യത്തിന് ലഭിച്ച സ്വീകാര്യത പിന്നിട് പരസ്യങ്ങളില്‍ മറ്റ് കലാകാരമാരെ അവതരിപ്പിക്കാന്‍ കാരണമായി. സിത്താറുമായി പണ്ഡിറ്റ് നിലാദ്രി കുമാര്‍, സന്തൂറുമായി രാഹുല്‍ ശര്‍മ്മ എന്നിവര്‍ ടെലിവിഷനില്‍ പരസ്യത്തില്‍ പ്രതൃക്ഷപ്പെട്ടു. പരസ്യരംഗത്ത് പുതിയൊരു ഇന്ത്യ ഉയര്‍ന്നു വരാന്‍ താജ് മഹല്‍ ചായയുടെ പരസ്യം ഇടയാക്കി. പരസ്യ ചരിത്രത്തിലും ആശയവിനിമയത്തിലും താജ് മഹല്‍ ചായ പരസ്യത്തിന്റെ പ്രസക്തിയും പ്രാധാന്യവും അതാണ്.  Zakir Hussain acted Taj Mahal tea advertisement

Content Summary; Zakir Hussain acted Taj Mahal tea advertisement

×