അയിത്തവും തൊട്ടുകൂടായ്മയും അരാജകത്വവും നിറഞ്ഞ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഇരുള്‍മൂടിയ ചരിത്രത്തിന്റെ നടുവില്‍ തിളങ്ങുന്ന തെളിനീരൊഴുക്കായി കമ്മന്‍കുളം. ഉടലില്‍ അടിമത്വത്തിന്റെ ചോരചത്ത പാടുകള്‍ തീര്‍ത്ത ജാതിയടയാളങ്ങള്‍ ഊരിയെറിഞ്ഞ് അടിമപ്പെണ്ണുങ്ങള്‍. ചരിത്രത്തില്‍ കല്ല് കൊണ്ട് കോറിയിട്ട പ്രശസ്തമായ കല്ല് മാല സമരത്തിന്റെ മായാത്ത അടയാളമാണ് കമ്മന്‍കുളം. ഇതുപോലെ ചരിത്ര ഗ്രന്ഥങ്ങളിലോ മഹത്തായ സാഹിത്യസൃഷ്ടികളിലോ കണ്ടെത്താന്‍ കഴിയാത്ത പൊയ്കയില്‍ അപ്പച്ചന്റെ വംശത്തിന്റെ ചരിത്രം കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഭൂമിശാസ്ത്രത്തില്‍ നിറയെയുണ്ടാകുമെന്നതില്‍ സംശയമില്ല. 105th anniversary of Kallumala struggle
കേരളത്തിലെ ഏറ്റവും വലിയ സ്ത്രീമുന്നേറ്റമേതാണെന്ന് ചോദിച്ചാല്‍ സംശയമില്ലാതെ പറയാം അത് കല്ലുമാല സമരം ആണെന്ന്. അയ്യങ്കാളിയുടെ ആഹ്വാനമനുസരിച്ച് ചങ്കുറപ്പുള്ളൊരു പെണ്ണ് മേല്‍വസ്ത്രം ധരിച്ച് പെരിനാട് ചന്തയില്‍ പോയതോടെയാണ് കലാപം ആരംഭിക്കുന്നത്. അവള്‍ക്ക് നേരെ മേലാളന്റെ ജാതിവൈരം ആക്രോശിച്ചു. വസ്ത്രം വലിച്ചുകീറിയും മര്‍ദിച്ചും അവര്‍ തങ്ങളുടെ ജാതിയധികാരം കാണിച്ചു. ഇതേത്തുടര്‍ന്ന് ദളിതരും ജന്മികളും തമ്മില്‍ കലാപം ആരംഭിച്ചു. സാധുജന പരിപാലന സംഘത്തിന്റെ നേതാവും അയ്യങ്കാളിയുടെ ഏറ്റവും അടുത്ത സുഹൃത്തുമായ ഗോപാല ദാസനാണ് പോരാടാന്‍ ശക്തി പകര്‍ന്ന് ദളിതര്‍ക്കൊപ്പം നിന്നത്. ചെറുത്തുനില്‍പ്പിന്റെ ആദ്യഘട്ടമായി എല്ലാവരെയും ഒരുമിച്ച് കൂട്ടിയത് ഗോപാല ദാസന്‍ ആയിരുന്നു.
1915 ഒക്ടോബര്‍ 15 നാണ് കൊല്ലം ജില്ലയിലെ പേരിനാട് എന്ന കായലോര ഗ്രാമത്തില്‍ അവര്‍ ഒത്തുചേര്‍ന്നത്. മാറ് മറയ്ക്കാന്‍, പൊതുവഴി ഉപയോഗിക്കാന്‍, ന്യായമായ കൂലി ലഭിക്കാന്‍, വൃത്തിയുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കാന്‍ എന്നിങ്ങനെ മനുഷ്യരായി ജീവിക്കാനുള്ള അവരുടെ ആവശ്യങ്ങള്‍ പണവും സ്വാധീനവും അധികാരവും ഉപയോഗിച്ച് ജാതിക്കോമരങ്ങള്‍ അടിച്ചമര്‍ത്തി. ദളിതരുടെ യോഗത്തിലേക്ക് ഇടിച്ചുകയറിയ നായര്‍ വിഭാഗക്കാര്‍ അവിടെ കൂടിയിരുന്ന അടിയാളരെ ആക്രമിച്ചു. കൂരിമാതു, കണ്ണന്‍ പിള്ള തുടങ്ങിയ ജന്മിമാരുടെ നേതൃത്വത്തില്‍ ആയിരുന്നു ആക്രമണം. തങ്ങള്‍ക്ക് നേരെയുണ്ടായ മനുഷ്യത്വരഹിതമായ ആക്രമണത്തില്‍ കീഴാളരും പ്രതികരിച്ച് തുടങ്ങി. പ്രദേശത്ത് ജന്മി – കുടിയാന്‍ സംഘര്‍ഷം രൂക്ഷമായി. ഒടുവില്‍ പ്രശ്‌ന പരിഹാരത്തിന് ഇരുകൂട്ടരേയും ഒരുമിച്ചിരുത്തി ഒരു യോഗം ചേര്‍ന്നു.
അയ്യങ്കാളിയും ചങ്ങനാശേരി പരമേശ്വരന്‍ പിള്ളയും നേതൃത്വം നല്‍കിയ യോഗത്തില്‍ നിരവധി ജന്മികളും പങ്കെടുത്തു. കൊല്ലം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി ഏകദേശം നാലായിരത്തോളം ആളുകള്‍ സമരത്തില്‍ പങ്കെടുത്തിരുന്നു. സമരത്തില്‍ വെച്ച് തങ്ങളുടെ ഉടലില്‍ നിന്ന് കല്ലും തടിയും നിറം മങ്ങിയ മുത്തുകളും കൊണ്ടുള്ള ആഭരണങ്ങള്‍ പുലയ സ്ത്രീകള്‍ ഊരിയെറിഞ്ഞു. 1915 ഡിസംബര്‍ 21ന് കൊല്ലം പീരങ്കി മൈതാനത്തിന് സമീപത്തു വെച്ച് നടന്ന സമരത്തില്‍ പങ്കെടുത്ത ഓരോ സ്ത്രീയും ഇത് ചെയ്തു. ഇനി കല്ലുമാലകള്‍ ധരിക്കുകയില്ലെന്നും സ്വര്‍ണ്ണമോ വെള്ളിയോ കൊണ്ടുള്ള ആഭരണങ്ങള്‍ മാത്രമേ അണിയൂ എന്നും അവര്‍ അവിടെയൊരു പ്രതിജ്ഞയും ചെയ്തു. മേലാളരെ ഈ പ്രതിഷേധം പ്രകോപിപ്പിച്ചതിന്റെ ഫലമായി അനേകം കേസുകള്‍ സമരക്കാര്‍ക്കെതിരെ ഫയല്‍ ചെയ്യപ്പെട്ടു. ഈ സമയത്ത് സമരം ചെയ്ത ദളിതര്‍ക്ക് വേണ്ടി കോടതിയില്‍ വാദിച്ചത് അന്നത്തെ പ്രഗത്ഭനായ അഭിഭാഷകന്‍ ഇലഞ്ഞിക്കല്‍ ജോണ്‍ വര്‍ഗീസ് ആയിരുന്നു. അടിമപ്പണിയെടുക്കുന്ന പാവപ്പെട്ട ദളിതര്‍ക്കാവട്ടെ വക്കീലിന് ഫീസ് കൊടുക്കാന്‍ കാലണ കൈയ്യിലുമില്ല. കൈക്കരുത്തും അധ്വാനിച്ച് തഴമ്പിച്ച ശരീരവുമാണ് അവരുടെ ആകെയുണ്ടായിരുന്ന സമ്പാദ്യം. അങ്ങനെയാണ് കേരള ചരിത്രത്തിലേക്ക് കമ്മന്‍കുളം പിറന്ന് വീണത്.
വക്കീലിന്റെ ആവശ്യപ്രകാരം വക്കീല്‍ ഫീസായി കൊല്ലം പഞ്ചായത്തോഫീസിന് സമീപം അവര്‍ ഒരു കുളം കുത്തിക്കൊടുത്തു. ഇന്നിപ്പോള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി കൊല്ലം ജില്ലയുടെ ഹൃദയത്തില്‍ അതിങ്ങനെ കുളിരുറവയായി നിലകൊള്ളുമ്പോള്‍ ഒരു സമൂഹത്തിന്റെ ചോരയും വിയര്‍പ്പും പറ്റിയ ചരിത്രം പേറുന്ന ഈ നാടിനെ എങ്ങനെയാണ് പണം കൊണ്ടും വര്‍ഗീയത കൊണ്ടും ചിലര്‍ക്ക് വിലയ്‌ക്കെടുക്കാന്‍ കഴിയുന്നത്. മാറ് മറയ്ക്കാനും നിവര്‍ന്നു നടക്കാനും വസ്ത്രം ധരിക്കാനും വരെ പോരാടി ജയിച്ച മനുഷ്യരെ എങ്ങനെയാണ് നിങ്ങള്‍ക്ക് വെറുപ്പിന്റെ തത്വശാസ്ത്രം കൊണ്ട് തോല്‍പ്പിക്കാമെന്ന് കരുതാനാകുന്നത്.105th anniversary of Kallumala struggle
Content Summary: 105th anniversary of Kallumala struggle
Kallumala struggle Ayyankali kamman kulam Landlord-tenant conflict Untouchability latest news