July 17, 2026 |
Share on

പ്രപഞ്ചത്തിന്റെ ആഴങ്ങളില്‍ ജീവന്റെ തുടിപ്പ്; ശാസ്ത്രലോകത്തിന് പുത്തന്‍ വഴിത്തിരിവ്

മറ്റൊരു ആകാശവും ഭൂമിയും! പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ ജീവന്റെ പുതിയ കവാടം

മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതയ്ക്കുള്ള ഉത്തരം തേടിയുള്ള ശാസ്ത്രലോകത്തിന്റെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഭൂമിക്ക് പുറത്ത് പ്രപഞ്ചത്തില്‍ എവിടെയെങ്കിലും ജീവന്റെ സാന്നിധ്യമുണ്ടോയെന്ന കാലങ്ങളായുള്ള തിരച്ചിലിനാണ് ഉത്തരം ലഭിച്ചിരിക്കുന്നത്. ഭൂമിയില്‍ നിന്ന് 49 പ്രകാശവര്‍ഷം അകലെയുള്ള, ഭൂമിയോട് സദൃശ്യമായ പാറക്കെട്ടുകള്‍ നിറഞ്ഞ ഗ്രഹത്തിന് ചുറ്റും അന്തരീക്ഷം നിലനില്‍ക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ജീവന്റെ ആധാരമായ ജലവും അതിനെ കാത്തുസൂക്ഷിക്കാന്‍ ഒരു അന്തരീക്ഷവും ഈ ഗ്രഹത്തിനുണ്ടെന്ന കണ്ടെത്തല്‍ ശാസ്ത്രലോകത്തിന് പുത്തന്‍ വഴിത്തിരിവാണ്. ഉപരിതലത്തില്‍ ദ്രാവകരൂപത്തില്‍ ജലമുണ്ടാകാന്‍ സാധ്യതയുള്ള ഗ്രഹമാണിതെന്നത് കണ്ടെത്തലിന്റെ പ്രാധാന്യം ഇരട്ടിയാക്കുന്നന്നതാണ്. ‘എല്‍.എച്ച്.എസ് 1140ബി’ (LHS 1140b) എന്ന ഗ്രഹത്തിന് ചുറ്റുമാണ് അന്തരീക്ഷം നിലനില്‍ക്കുന്നതായി ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചത്. ലൂഥര്‍ സര്‍വകലാശാലയിലെയും പ്രമുഖ അന്താരാഷ്ട്ര ലാബുകളിലെയും ഗവേഷകര്‍ ഉള്‍പ്പെട്ട സംഘമാണ് കണ്ടെത്തലുകള്‍ക്ക് പിറകില്‍.

സൗരയൂഥത്തിന് പുറത്ത് ജീവന്‍ നിലനില്‍ക്കാന്‍ ഏറ്റവും അനുയോജ്യമായ മേഖലയില്‍ (Habitable Zone) സ്ഥിതി ചെയ്യുന്ന പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഗ്രഹത്തില്‍ (Rocky Planet) അന്തരീക്ഷത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. വ്യാഴത്തെപ്പോലെയുള്ള ഭീമന്‍ വാതക ഗ്രഹങ്ങളിലോ (Gas Giants), നെപ്റ്റ്യൂണിനേക്കാള്‍ അല്‍പ്പം ചെറുതായ ‘സബ് നെപ്റ്റ്യൂണ്‍’ ഗ്രഹങ്ങളിലും മുന്‍പും അന്തരീക്ഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ജീവന്‍ നിലനില്‍ക്കാന്‍ അനുയോജ്യമല്ലാത്ത, അതായത് സ്വന്തം നക്ഷത്രത്തില്‍ നിന്ന് വളരെ അകലെയോ അടുത്തോ സ്ഥിതി ചെയ്യുന്ന പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഗ്രഹങ്ങളില്‍ മാത്രമാണ് നേരിയ അന്തരീക്ഷ കണികകള്‍ മുന്‍പ് കാണാനായിട്ടുള്ളത്.

പക്ഷെ പുതിയ കണ്ടെത്തല്‍ മറ്റുള്ളവയില്‍ നിന്ന് വിത്യസ്ഥമാണ്. സ്വന്തം നക്ഷത്രത്തില്‍ നിന്നും കൃത്യമായ അകലം പാലിച്ച്, ജീവന്‍ നിലനില്‍ക്കാന്‍ ഏറ്റവും അനുയോജ്യമായ ‘ഹാബിറ്റബിള്‍ സോണ്‍’ എന്ന പരിധിക്കുള്ളില്‍ വരുന്ന ഒരു ഗ്രഹത്തിലാണ് നിലവില്‍ അന്തരീക്ഷമുള്ളതായി സ്ഥിരീകരിച്ചിരിക്കുന്നത്. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഗ്രഹത്തില്‍ ഏതെങ്കിലും തരത്തിലുള്ള അന്തരീക്ഷ വാതകങ്ങള്‍ നേരിട്ട് തിരിച്ചറിയുന്ന ആദ്യ സംഭവം കൂടിയാണിത്.

സൗരയൂഥത്തിന് പുറത്ത് ജീവന്റെ സാന്നിധ്യത്തെക്കുറിച്ചും (Astrobiology) മനുഷ്യവാസത്തിനുള്ള സാധ്യതകളെക്കുറിച്ചും പഠിക്കാന്‍ ഏറ്റവും മികച്ച പരീക്ഷണശാലയായി എല്‍.എച്ച്.എസ് 1140ബി മാറിയിയതായി പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുന്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാല ഗവേഷകന്‍ ഡോ. കോളിന്‍ ചെറൂബിം വ്യക്തമാക്കി. ഭൂമിയുമായി ചില സാമ്യതകളുണ്ടെങ്കിലും, ഈ ഗ്രഹം ഭൂമിയേക്കാള്‍ വളരെ വലുതാണ്. ഭൂമിയേക്കാള്‍ 5.6 മടങ്ങ് മാസ്സും 70 ശതമാനം റേഡിയസും എല്‍.എച്ച്.എസ് 1140ബിക്കുണ്ട് . ഘടനയിലും താപനിലയിലും ഭൂമിയോട് സാമ്യം പുലര്‍ത്തുന്നുണ്ടെങ്കിലും ചില വ്യത്യാസങ്ങളുമുണ്ട്. മാതൃ നക്ഷത്രവുമായി ‘ടൈഡലി ലോക്ക്ഡ്’ (Tidally locked) അവസ്ഥയിലാണ് ഗ്രഹമുള്ളത് അതായത് ഗ്രഹത്തിന്റെ ഒരു ഭാഗം എപ്പോഴും മാതൃ നക്ഷത്രത്തിന് അഭിമുഖമായിരിക്കും സ്ഥിതിചെയ്യുക, അതിനാല്‍ തന്നെ ഈ ഭാഗത്ത് എപ്പോഴും പകലായിരിക്കും. കൂടാതെ ഭൂമിയിലുള്ളതിനേക്കാള്‍ കൂടുതല്‍ ജലം ഈ ഗ്രഹത്തില്‍ ഉണ്ടാകാമെന്നും ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു.

2017-ലാണ് ഈ ഗ്രഹത്തെ ആദ്യമായി ശാസ്ത്രലോകം കണ്ടെത്തുന്നത്. തിമിംഗലത്തിന്റെ ആകൃതിയിലുള്ള ‘സീറ്റസ്’ (Cetus) നക്ഷത്രസമൂഹത്തിലെ ഒരു ചെറിയ ചുവന്ന കുള്ളന്‍ നക്ഷത്രത്തെയാണ് (Red Dwarf) ഗ്രഹം വലംവെക്കുന്നത്. നമ്മുടെ സൂര്യനേക്കാള്‍ ചെറുതും പ്രകാശം കുറഞ്ഞതുമാണ് ഈ മാതൃനക്ഷത്രം. ചിലിയിലെ ലാ കാമ്പനാസ് ഒബ്‌സര്‍വേറ്ററിയിലെ മഗല്ലന്‍ ക്ലേ ടെലിസ്‌കോപ്പില്‍ ഘടിപ്പിച്ച ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോഗ്രാഫ് ഉപയോഗിച്ചായിരുന്നു ഗവേഷകര്‍ നിരീക്ഷണം. ഗ്രഹം അതിന്റെ മാതൃ നക്ഷത്രത്തിന് മുന്നിലൂടെ കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന പ്രകാശവ്യതിയാനങ്ങള്‍ സൂക്ഷമമായി നിരീക്ഷിച്ച ശേഷമാണ് കണ്ടെത്തലുകള്‍. തുടര്‍ന്ന് 2024-ല്‍ ലഭിച്ച വിവരങ്ങളില്‍ നിന്ന് ഈ ഗ്രഹത്തില്‍ നിന്നും ഹീലിയം വാതകം ബഹിരാകാശത്തേക്ക് പടരുന്നതായി കണ്ടെത്തി. ഭൂമിയുടെ അന്തരീക്ഷത്തില്‍ നിന്നുള്ള തടസ്സങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ തെറ്റായ സൂചനകളെയും (False Positives) കൃത്യമായി പഠിച്ച ശേഷമാണ് ശാസ്ത്രജ്ഞര്‍ അന്തരീക്ഷത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. എന്നാല്‍ 2025-ല്‍ നടത്തിയ നിരീക്ഷണങ്ങളില്‍ ഹീലിയത്തിന്റെ സാന്നിധ്യം കണ്ടെത്താനാകാത്തത് ശാസ്ത്രജ്ഞരെ ആദ്യം കുഴപ്പിച്ചെങ്കിലും, തുടര്‍ന്നുള്ള വിശദമായ പുനഃപരിശോധനകളില്‍ തങ്ങളുടെ ആദ്യ കണ്ടെത്തല്‍ ശരിയാണെന്ന് ഉറപ്പിക്കുകയായിരുന്നു. മാതൃ നക്ഷത്രത്തില്‍ നിന്ന് വമിക്കുന്ന തീവ്രമായ അള്‍ട്രാവയലറ്റ് രശ്മികളോട് ഗ്രഹത്തിന്റെ അന്തരീക്ഷം എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ മാറ്റം.

ഈ കണ്ടെത്തല്‍ ഒരു നിര്‍ണായക ചുവടുവെപ്പാണ്, സാധാരണയായി ഇത്തരം ചുവന്ന കുള്ളന്‍ നക്ഷത്രങ്ങള്‍ക്ക് ചുറ്റുമുള്ള ഗ്രഹങ്ങളുടെ അന്തരീക്ഷം നക്ഷത്രവികിരണങ്ങള്‍ മൂലം നഷ്ടപ്പെടാറുണ്ട്. എന്നാല്‍ ഇവിടെ അന്തരീക്ഷം നിലനില്‍ക്കുന്നത് അത്ഭുതകരമാണെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ആസ്‌ട്രോഫിസിക്‌സ് പ്രൊഫസര്‍ ജെയ്ന്‍ ബിര്‍ക്കബി പറഞ്ഞു.


Earth-like exoplanet found to have an atmosphere

Leave a Reply

Your email address will not be published. Required fields are marked *

×