മുപ്പത്തിയെട്ട് വർഷം മുൻപ് ഒരു ക്രിസ്തുമസ് തലേനാളാണ് തമിഴകത്തെ കണ്ണീരണിയിച്ച് കൊണ്ട് പാവങ്ങളുടെ ഏഴെ തോഴനായ മുഖ്യമന്ത്രി എം.ജി.ആർ വിട പറഞ്ഞത്. ആദ്യം സെല്ലുലോയിഡ് നായകനായും, പിന്നീട് രാഷ്ട്രീയത്തിലും തമിഴ് ജനതക്ക് ആരാധനനാ വിഗ്രഹമായി മാറിയ മരുതൂർ ഗോപാലമേനോൻ രാമചന്ദ്രൻ എന്ന എം.ജി.ആർ. തന്റെ മലയാള വേരുകൾ വെളിപ്പെടുത്താൻ ഒരിക്കലും താൽപ്പര്യമില്ലാത്ത വ്യക്തിയായിരുന്നു എം.ജി.ആർ. ഒരു അന്യ സംസ്ഥാനത്തെ ഏറ്റവും ഉന്നത സ്ഥാനത്തെത്തിയ ആ മലയാളിയെ തമിഴ് ജനത ദൈവമെന്ന് വിളിച്ചു.
വെള്ളിത്തിരയിൽ ഒട്ടും ആവേശം കൊള്ളിക്കുന്ന ഒരു എം.ജി. ആർ സിനിമയല്ലായിരുന്നു അത്. മുപ്പത്തെട്ട് കൊല്ലം മുൻപ് ന്യൂയോർക്കിലെ ബ്രൂക്കിലിനിലെ ഡൗൺ സ്റ്റേറ്റ് മെഡിക്കൽ സെൻ്ററായിരുന്നു മക്കൾ തിലകം എംജിആറിൻ്റെ അപ്പോഴത്തെ ലൊക്കേഷൻ. പതിവ് സിനിമ ഷൂട്ടിംഗായിരുന്നില്ല അതെന്ന് മാത്രം. പുരട്ചി തലൈവൻ എന്നറിയപ്പെട്ട എം.ജി.ആർ, വെള്ളിത്തിരയിലെ വീരനായകൻ സിനിമയിൽ ഒരിക്കലുമഭിനയിക്കാത്ത റോളിൽ രോഗിയായി ആശുപത്രിക്കിടക്കയിൽ കിടന്നു. ഉലകനായകൻ്റെ ജീവൻ തന്നെ അങ്ങേയറ്റം അപകടാവസ്ഥയിലായിരുന്നു.
‘തലൈവർ വാഴ്ക തലൈവർ വാഴ്ക’ എന്ന മുദ്രാവാക്യം അപ്പോൾ തമിഴ് നാട്ടിൽ അലയടിക്കുന്നത് അദ്ദേഹം അറിഞ്ഞില്ല. എങ്കിലും, അത് ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിലെ അവസാന രംഗം പോലെ തോന്നിച്ചു. 1984 ഒക്ടോബർ 6 നാണ് കിഡ്‌നി തകരാറിലായ തമിഴ്‌നാട് മുഖ്യമന്ത്രി എംജി രാമചന്ദ്രനെന്ന എംജിആറിനെ അതീവ ഗുരുതരാവസ്ഥയിൽ മദ്രാസിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പ്രമേഹം ബാധിച്ച് പ്രവർത്തനരഹിതമായ കിഡ്‌നി പുനർജ്ജീവിപ്പിക്കാൻ വിദഗ്ധ ഡോക്ടർമാർ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കിഡ്‌നി മാറ്റിവെയ്ക്കണം. ഒരു ദാതാവിനെ കണ്ടെത്താനുള്ള ശ്രമമാരംഭിച്ചു. അതിനിടെ അദ്ദേഹത്തിന് പക്ഷാഘാതം വന്നു. സംസാരശേഷി നഷ്ടമാവുകയും വലതു കാലും കൈയ്യും തളരുകയും ചെയ്ത് കിടപ്പിലായി.
വാർത്തയറിഞ്ഞ് തമിഴ് മക്കൾ പരിഭ്രാന്തരായി, തങ്ങളുടെ ഏഴെ തോഴന്റെ ജീവൻ അപകടത്തിൽ. ആശുപത്രിയിലേക്ക് ജനം ഇരച്ചു കയറി. തിരക്ക് നിയന്ത്രിക്കാൻ അധികൃതർ പാടുപെട്ടു. ഒടുവിൽ കൂടുതൽ നല്ല ചികിത്സ കൊടുക്കാൻ അമേരിക്കയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നേരിട്ടുള്ള നിർദേശവും ഇതിനുണ്ടായി.
1984 നവംബർ 4 ന്, ഡൗൺ സ്റ്റേറ്റ് മെഡിക്കൽ സെന്ററിൽ എംജിആറിനെ പ്രവേശിപ്പിച്ചു. ഇന്ത്യയിലപ്പോൾ ഒരു നിർണ്ണായക രാഷ്ട്രീയ സംഭവം നടന്നു കഴിഞ്ഞിരുന്നു. തന്റെ അഭ്യുദയകാംക്ഷിയായ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നാല് നാൾ മുൻപ് സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. എം.ജി.ആർ അവസാനം വരെ ഒരിക്കലും അറിയാതെ പോയ വാർത്തയായിരുന്നു ആ സംഭവം. പിന്നീട് ആശുപത്രിയിൽ പത്രത്തിൽ അത്തരമൊരു വാർത്ത കണ്ട് എം.ജി.ആർ പൊട്ടിക്കരഞ്ഞു. ഇന്ദിരയുടെ എതിരാളികൾ പടച്ച് വിട്ട വ്യാജ വാർത്തയാണെന്ന് പറഞ്ഞ് ഡോക്ടർമാർ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയായിരുന്നു.
നാലു മാസം അമേരിക്കയിൽ ചികിത്സ നടന്നു. പഴയ നായികനടിയും മൂന്നാമത്തെ ഭാര്യയുമായ വിഎൻ ജാനകിയായിരുന്നു കൂടെ. കൂടാതെ മദ്രാസിൽ നിന്നുള്ള കാര്യനിർവഹണ സംഘം വേറെയും. ഡൗൺ സ്റ്റേറ്റ് മെഡിക്കൽ സെന്ററിൽ വെച്ച് ഡോ. എനിഫ് ഫ്രീഡ്മാൻ്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ വിജയകരമായി നടന്നു. ഒന്നല്ല രണ്ടെണ്ണം. ഒരണ്ണം ദാതാവിൽ നിന്ന് കിഡ്‌നിയെടുക്കുന്നതും മറ്റേത് രോഗിയിൽ വെച്ച് പിടിപ്പിക്കുന്നതും. ശരീരം കിഡ്‌നി സ്വീകരിച്ചതോടെ തലൈവർ അപകട നിലയിൽ നിന്ന് തിരികെ ജീവിതത്തിലേക്ക് വന്നു. പക്ഷാഘാത ചികിത്സയിലും ആരോഗ്യം ഭേദപ്പെട്ടു വന്നു. ഇടതു കൈ ഉപയോഗിച്ച് കഷ്ടിച്ച് അക്ഷരമെഴുതാനും ഒപ്പിടാനും കഴിയാമെന്നായി. കടലാസിൽ വിറയ്ക്കുന്ന ഇടത് കൈ കൊണ്ട് എപ്പോഴും എഴുതും’ അണ്ണാ നാമം വാഴ്‌കെ’. കിഡ്‌നി ദാതാവ് ആരാണെന്ന് അപ്പോഴൊന്നും വെളിപ്പെടുത്തിയിരുന്നില്ല. അത് ഒരു അജ്ഞാത ബന്ധു എന്ന് മാത്രം അറിയപ്പെട്ടു.
ആ സസ്‌പെൻസ് തൃശൂരിലെ ചേലക്കരയിൽ നിന്നു തുടങ്ങുന്നു. കിഡ്‌നി ദാതാവിനെ അടിയന്തരമായി അമേരിക്കയിലേക്ക് അയക്കാനുള്ള ശ്രമം മദ്രാസിൽ നടക്കുമ്പോൾ എംജിആറിന്റെ ചേട്ടൻ എം.ജി ചക്രപാണിയുടെ രണ്ട് മക്കൾ കിഡ്‌നി നൽകാൻ തയ്യാറായി. തിരഞ്ഞെടുക്കപ്പെട്ട മകളും തൃശൂർ ചേലക്കരയിൽ താമസിക്കുന്ന ലീലാവതിയും കൂടെ അനുജൻ രാജേന്ദ്രനും അമേരിക്കയിലേക്ക് പറന്നു.
ബി. പോസിറ്റീവായ എം.ജി.ആറിന്റെ രക്ത ഗ്രൂപ്പായിരുന്നു 35 വയസുകാരി ലീലാവതിയുടേത്. ടിഷ്യൂ മാച്ച് പരീക്ഷണത്തിലും അനുകൂലമായി ലീലാവതിയുടെ കിഡ്‌നി എം.ജി.ആറിന്റേതുമായി 92 ശതമാനം യോജിച്ചു. അതോടെ ലീലാവതിയുടെ കിഡ്‌നി മാറ്റിവെയ്ക്കാൻ തീരുമാനമായി. ശസ്ത്രക്രിയക്ക് ശേഷം ലീലാവതി ഇളയച്ഛനെ കാണാൻ ശ്രമിച്ചെങ്കിലും അവിടെയുണ്ടായിരുന്ന ഉപജാപ സംഘം സമ്മതിച്ചില്ല. ഒടുവിൽ ഡോക്ടർമാർ ഇടപ്പെട്ടാണ് എം.ജിആറിനെ കാണാൻ സാധിച്ചത്.
നാല് മാസം കഴിഞ്ഞ് ലീലാവതി തിരികെ തൃശൂർ ചേലക്കരയിൽ സ്വന്തം വീട്ടിൽ തിരിച്ചെത്തി. അവർ പോയതും വന്നതും ആരും അറിഞ്ഞില്ല. ചേലക്കര ആശുപത്രിയിൽ ഡോക്ടറായ രവീന്ദ്രനാഥാണ് അവരുടെ ഭർത്താവ്. ഒരു മലയാള ദിനപത്രത്തിൻ്റെ പ്രതിനിധിയോട് അവർ അമേരിക്കയിൽ നടന്ന കാര്യങ്ങൾ വെളിപ്പെടുത്തിയതോടെയാണ് ആ തിരനാടകങ്ങൾ പുറംലോകമറിഞ്ഞത്. കിഡ്നി മാറ്റിവെയ്ക്കുന്നത് ബന്ധത്തിലുള്ളവരുടെതായാൽ അപകടമാണെന്ന് തിരിച്ചറിഞ്ഞ ഉപജാപസംഘം പ്രവർത്തനം തുടങ്ങി. പിന്നീട് പിൻഗാമിയാവാൻ സാധ്യതയുണ്ടെന്ന് കണ്ട അവർ അത് തടയാനുള്ള കളി തുടങ്ങി. പക്ഷേ, ഡോക്ടർ ഫ്രീഡ്മാൻ രക്തബന്ധമുള്ള കിഡ്‌നിയാണ് നല്ലതെന്ന് വിധിച്ചു. ഭാര്യ വി.എൻ ജാനകിയും എംജിആറിന്റെ പിൻഗാമിയാകാനുള്ള ശ്രമമാരംഭിച്ചിരുന്ന ധനമന്ത്രി വി.ആർ നെടുഞ്ചെഴിയനുമാണ് ഉപജാപ സംഘത്തെ നിയന്ത്രിച്ചിരുന്നത്. മക്കളോ അനന്തരാവകാശികളോയില്ലാത്ത എംജിആർ തന്റെ പിൻഗാമിയെ പ്രഖ്യാപിച്ചാലോ എന്ന് ഭയന്ന ഈ രണ്ടു പേരും ഒരൊറ്റയാളേയും ആശുപത്രിയിൽ അടുപ്പിച്ചില്ല.
സംസാരശേഷി തിരികെ കിട്ടിയപ്പോൾ എം.ജി.ആർ ആദ്യം അന്വേഷിച്ചത് ലീല എവിടെ എന്നായിരുന്നു. ‘എന്നെ കണ്ടപ്പോൾ ചെറിയച്ഛൻ കരഞ്ഞു.’ ലീലാവതി പറഞ്ഞു. ന്യൂയോർക്കിലെ തമിഴ് സംഘടന എം.ജിആറിനും സംഘത്തിനും പിന്നിട് സ്വീകരണമൊരുക്കിയപ്പോൾ ഇതേ പരിപാടിയിൽ നിന്ന് ലീലാവതിയെ ഒഴിവാക്കി. പക്ഷേ ഡോ. ഫ്രീഡ്മാൻ അതിൽ ഇടപെട്ടതിനാൽ അവരെ കമ്മറ്റിക്കാർ ക്ഷണിച്ചെങ്കിലും സ്വീകരണ ചടങ്ങിൽ പങ്കെടുക്കാതെ ലീലാവതിയും സഹോദരൻ രാജേന്ദ്രനും ഇന്ത്യയിലേക്ക് വിമാനം കയറി.
അപ്പോഴേക്കും എംജിആറിന്റെ പിൻഗാമിയാകാനുള്ള രാഷ്ട്രീയ കളികൾ മദ്രാസിൽ ആരംഭിച്ചിരുന്നു. ‘ചെറിയച്ഛനോട് എനിക്ക് തീരാത്ത കടപ്പാടുണ്ട്. ആ കടപ്പാട് സന്തോഷത്തോടെ നിറവേറ്റി. എനിക്ക് അത് മാത്രം മതി. ‘ലീലാവതി അന്ന് പറഞ്ഞു. പിന്നീട് ലീലാവതി ചെന്നെയിൽ സ്ഥിര താമസമാക്കുകയും 2017 ൽ അവർ ബിജെപിയിൽ ചേർന്നു പ്രവർത്തിക്കുകയും ചെയ്തു. മുന്നു വർഷം മുൻപ് 71 കാരിയായ ലീലാവതി ചെന്നെയിൽ വെച്ച് അന്തരിച്ചു.
1985 ഫെബ്രുവരിയിൽ എം.ജി.ആർ ചെന്നെയിൽ തിരിച്ചെത്തി. വിമാനത്താവളം ജന സമുദ്രമായി മാറി. വിമാനത്തിൽ നിന്ന് ഇറക്കി ഒരു തുറന്ന വാനിൽ എം.ജി.ആറിനെ ഇരുത്തി. വിശാലമായ ഒരു പ്ലാറ്റ്‌ഫോം കെട്ടിപ്പൊക്കി വാൻ അതിലേക്ക് ഓടിച്ച് കേറ്റിയാണ് തലൈവർ തന്റെ ഏഴെത്തോഴർക്ക് ദർശനം നൽകിയത്. വെള്ളിത്തിരയിൽ എത്രയോ തവണ അണ്ണാദുരെയേയും വാഴ്ത്തി തമിഴ് മക്കളെ ആവേശം കൊള്ളിച്ച ഏഴെ തോഴൻ പ്രസംഗിക്കാൻ കഴിയാതെ, നിസ്സഹായനായി വികാരവായ്‌പ്പോടെ തന്റെ കൈ മാത്രം ഉയർത്തി വീശി. ഡയലോഗ് ഇല്ലാത്ത ഉലകനായകൻ്റെ അവസാന ഫ്രെയിമുകളിലൊന്നായിരുന്നു അത്.
‘തലൈവർ വാഴ്ക തലൈവർ വാഴ്ക’ എന്ന മുദ്രാവാക്യം അലയടിച്ചു. അത് ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിലെ അവസാന രംഗം പോലെ തോന്നിച്ചു. രണ്ട് വർഷത്തിന് ശേഷം എം.ജി.ആർ തന്റെ പടങ്ങളിൽ ഒരിക്കലും അഭിനയിക്കാത്ത വേഷമുള്ള ആ രംഗം വന്നെത്തി. 1987 ഡിസംബർ 24 ന് പുലർച്ചെ ചെന്നെയിൽ വെച്ച് അര നൂറ്റാണ്ട് കാലം ഇടവേളകളില്ലാതെ ഓടിയ എംജിആർ എന്ന വർണ ചലച്ചിത്രം അവസാനിച്ചു.
ഇതിന് മുൻപ് ഒരിക്കൽ എം.ജി.ആർ മരണത്തിനെ മുഖാമുഖം കണ്ടിരുന്നു. 20 വർഷം മുൻപ് തമിഴ് നാടിനെ നടുക്കിയ ആ സംഭവം ഒരു തമിഴ് സിനിമയിലെ ഒരു എം.ജി. ആർ അടിയിടി ശണ്ഠ പടത്തിലെ കഥ പോലെയായിരുന്നു. 1967 ജനുവരി 12 ന് മദ്രാസ് സംസ്ഥാനത്ത് കാട്ടുതീ പോലെ ഒരു വാർത്ത പടർന്നു. ഏഴെ തോഴൻ എം.ജി.ആറിനെ മറ്റൊരു തമിഴ് വില്ലൻ നടൻ എം. ആർ. രാധ വെടി വെച്ചു. ആളുകൾ വളരെ ഞെട്ടലോടെയാണ് പ്രതികരിച്ചത്. എല്ലാവരും റോയപ്പെട്ടൈ ജനറൽ ആശുപത്രിയുടെ ഗേറ്റിലേക്ക് പാഞ്ഞു. ജനപ്രവാഹം വർദ്ധിച്ചതോടെ സുരക്ഷയ്ക്കായി പോലീസ് സേന അണിനിരന്നു. എല്ലാ രാഷ്ട്രീയക്കാരും ആശുപത്രിയിലെത്തി. “ദയവായി ഞങ്ങളുടെ “തലൈവറെ രക്ഷിക്കൂ” എന്ന് ദൈവത്തോട് ഭയന്ന് പ്രാർത്ഥിക്കുന്ന തമിഴ് ജനക്കൂട്ടം ആശുപത്രിക്ക് പുറത്ത് പ്രവഹിച്ചു.
1960 കളിലെ നിരവധി സൂപ്പർഹിറ്റ് തമിഴ് സിനിമകളിൽ, എം.ജി.ആർ നായകനായപ്പോൾ വില്ലനായി അഭിനയിച്ച നടനാണ് എം.ആർ. രാധ(പ്രശസ്ത നടി രാധിക ഇദ്ദേഹത്തിൻ്റെ മകളാണ്). വാസു നിർമ്മിച്ച തമിഴ് സിനിമ ‘പെട്രൽ താൻ പിള്ളയ്യ’, എം.ജി.ആർ. നായകനും എം.ആർ. രാധ വില്ലനുമായി അഭിനയിച്ച ഒരു സൂപ്പർഹിറ്റ് പടമായിരുന്നു. ഈ സമയമായപ്പോഴേക്കും, രാഷ്ട്രീയമായി എം.ജി.ആറും എം.ആർ. രാധയും തമ്മിലുള്ള വിള്ളൽ കൂടുതൽ വർദ്ധിച്ചിരുന്നു. ഒരു ദിവസം തോമസ് മൗണ്ടിലുള്ള എം.ജി.ആറിന്റെ വീട്ടിലേക്ക് വാസുവിനൊപ്പം എത്തിയ എം.ആർ. രാധ തോക്ക് മറച്ചു വെച്ചാണ് അവിടെ വന്നത്. എം.ജി.ആർ അവരെ ഊഷ്മളമായി സ്വീകരിച്ചു. സിനിമയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെച്ചൊല്ലി രാധയും എം.ജി.ആറും തമ്മിൽ ചൂടേറിയ തർക്കം ഉടലെടുത്തു.
എം.ജി.ആർ തന്റെ അഭിനയജീവിതം മനഃപൂർവ്വം നശിപ്പിച്ചുവെന്ന് ആരോപിച്ച് രാധ ദേഷ്യത്തോടെ, തന്റെ തിരുകിവെച്ച ഒരു റിവോൾവർ പുറത്തെടുത്ത് എം.ജി.ആറിന് നേരെ വെടിയുതിർത്തു. എം.ജി.ആറിന്റെ കഴുത്തിലും ഇടതു ചെവിയുടെ താഴെ ഭാഗത്തും വെടിയേറ്റു. പെട്ടെന്നുള്ള ഈ സംഭവത്തിൽ ഞെട്ടിപ്പോയ വാസു രാധയുടെ നേരെ ചാടിവീഴുകയും വീണ്ടും വെടിവയ്ക്കുന്നത് തടയുകയും ചെയ്തു. എന്നിരുന്നാലും, എം.ആർ. രാധ കുതറിമാറി സ്വയം വെടിവച്ചു. ഉടനടി രണ്ട് അഭിനേതാക്കളെയും റോയപ്പേട്ടയിലെ സർക്കാർ ആശുപത്രിയിലും പിന്നീട് മദ്രാസിലെ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നടത്തി, ഇരുവരും അപകടനില തരണം ചെയ്തു.ഈ സംഭവം എംജിആറിനോടും ഡിഎംകെ പാർട്ടിയോടും ജനങ്ങൾക്കിടയിൽ സഹതാപം വളർത്തി. ഇത് അറിഞ്ഞുകൊണ്ട് ഡിഎംകെ പാർട്ടി അത് നന്നായി മുതലെടുത്തു.
എം. ജി.ആർ ആരാധകർ എം.ആർ.രാധയുടെ വീട് ആക്രമിച്ച് കല്ലെറിഞ്ഞു. പക്ഷേ എം.ജി.ആർ തൻ്റെ ആരാധകരോട് അഭ്യർത്ഥിച്ചതിനെത്തുടർന്ന് ആരാധകർ മാറുകയായിരുന്നു. നിരവധി മാസങ്ങൾ ആശുപത്രിയിൽ കഴിഞ്ഞതിന് ശേഷം, അതേ വർഷം നവംബറിൽ തന്നെ കൊലപാതകശ്രമത്തിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കേസ് മാസങ്ങളോളം നീണ്ടുനിന്നു. മതിയായ തെളിവുകളും ദൃക്‌സാക്ഷിയും ഉള്ളതിനാൽ എം.ആർ.രാധ കുറ്റക്കാരനാണെന്ന് തെളിഞ്ഞു. കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ചു. നിരവധി ഹർജികൾക്കും അഭ്യർത്ഥനകൾക്കും ശേഷം എം.ആർ. രാധയുടെ ശിക്ഷ 4 വർഷമായി കുറച്ചു. എം.ആർ രാധക്ക് തുടർന്ന് സിനിമാ രംഗത്ത് തിരിച്ചടികൾ നേരിടേണ്ടി വന്നു. അതിനുശേഷം അദ്ദേഹം നാടക ജീവിതത്തിൽ സജീവമായി. 60ാം വയസിൽ എം. ആർ. രാധ മരിച്ചു.
1987 ഡിസംബർ 24 തമിഴ് നാടിന്റെ ചരിത്രത്തെ സ്വാധീനിച്ച ഏറ്റവും വലിയ നേതാക്കളും വിഗ്രഹങ്ങളുമായ രാജാജി, കാമരാജ്, അണ്ണാദുരൈ എന്നീ മൂന്ന് നേതാക്കളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു പശ്ചാത്തലമായിരുന്നു എംജിആറിന്റേത്. രാജാജിയുടെ ബുദ്ധിയോ, കാമരാജിന്റെ സ്വാതന്ത്ര്യ സമര പാരമ്പര്യമോ, ആര്യ മേധാവിത്വത്തെ എതിർത്ത് ദ്രാവിഡ പാരമ്പര്യത്തിലുറച്ച് തമിഴ് ഭാഷയിലൂടെ നേടിയ സ്വാധീനത്തിലൂടെ അധികാരത്തിലേക്ക് എത്തിയ അണ്ണാ ദുരെയുടെ ധിഷണാശക്തിയോ എംജിആറിന് അവകാശപ്പെടാനുണ്ടായിരുന്നില്ല. മാത്രമല്ല, അദ്ദേഹം തമിഴനായിരുന്നില്ല മലയാളിയായിരുന്നു. എം.ജി.ആർ മരിക്കുന്നതിന് നാല് നാൾ മുൻപ് വരെ ആദ്യം മിത്രവും പിന്നീട് ആജന്മ ശത്രുവായ മുത്തുവേൽ കരുണാനിധി തന്റെ സ്ഥിരം വാദം ഉന്നയിച്ചത് ഇതിലൂന്നിയായിരുന്നു. അത് ഇങ്ങനെ: ‘തമിഴരെ ഭരിക്കാൻ മലയാളത്താൻ എംജിആർ യോഗ്യനല്ല.’
വി.എൻ. ജാനകിയൊടൊത്ത്
മലയാളിയായ ഒറ്റപ്പാലം മേനക്കത്ത് ഗോപാല മേനോന്റെയും പാലക്കാട്ട് വടവന്നൂർ, മരുതൂർ സത്യഭാമയുടെയും അഞ്ചാമത്തെ മകനാണ് 1917 ജനുവരി 17 ൽ ജനിച്ച എം.ജി രാമചന്ദ്രൻ, അഥവാ മരുതൂർ ഗോപാല മേനോൻ രാമചന്ദ്രൻ. രണ്ട് സഹോദരിമാരും രണ്ട് സഹോദരൻമാരും അദ്ദേഹത്തിനുണ്ടായിരുന്നു. ചക്രപാണിയെന്ന സഹോദരൻ ഒഴികെ എല്ലാവരും വളരെ നേരത്തെ മരിച്ചു. എം.ജി.ആറിൻ്റെ പിതാവ് ഗോപാല മേനോൻ തൃശൂരിൽ മജിസ്‌ട്രേട്ട് ആയിരുന്നു. ഒരു കേസിലെ പ്രതി അധികാരികളെ സ്വാധീനം ചെലുത്തി സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് ജോലി രാജി വെച്ച് സിലോണിൽ പോയി അവിടെ കാൻഡിയിൽ പ്രിൻസിപ്പാളായി . അവിടെയാണ് എം.ജി. രാമചന്ദ്രനും ചക്രപാണിയും ജനിച്ചത്. ചില ജീവിത ചരിത്രകാരന്മാർ എം.ജി.ആറിന്റെ ആദ്യ കാലം രേഖപ്പെടുത്തിയത് ഇതാണ്.
എന്നാൽ കേരളത്തിൽ നടന്ന ഒരു സ്മാർത്തവിചാരത്തിൽ ഭ്രഷ്ടനായ ഗോപാല മേനോൻ കേരളം വിട്ടു സിലോണിലേക്ക് പോകുകയായിരുന്നു. അവിടെ വെച്ചാണ് മരിച്ചതും. പിന്നീട് മക്കളെയും കൊണ്ട് സത്യഭാമ മദ്രാസിൽ തിരിച്ചെത്തുകയും ചെയ്തു. ഇങ്ങനെ സിനിമാ കഥ പോലുള്ള എം.ജി.ആറിന്റെ ഭൂത കാലമാണ് കുറെ കൂടി ശരിയെന്ന് എ. എം.എൻ ചാക്യാരുടെ ‘അവസാനത്തെ സ്മാർത്ത വിചാരം’ (2001)മെന്ന കൃതിയിലെ ചില പരാമർശങ്ങൾ സൂചിപ്പിക്കുന്നു.
ഇതുകൊണ്ടാക്കെയാകാം തന്റെ മലയാള വേരുകൾ ജീവിതത്തിൽ പുറത്ത് കാണിക്കാൻ ഒരിക്കലും എം.ജി.ആർ താൽപ്പര്യപ്പെട്ടിരുന്നില്ല. മലയാള സംസാരം പോലും പരിമിതമാക്കി. കുഭകോണത്ത് ഒരു പ്രൈമറി സ്‌കൂളിൽ ഏതാനും വർഷം പഠിച്ചതാണ് ആകെയുള്ള വിദ്യാഭ്യാസം. ബാക്കിയെല്ലാം ജീവിതാനുഭവങ്ങളിലൂടെ നേടിയതാണ്. മധുരാ ഒറിജിനൽ ബോയസ് എന്ന നാടക കമ്പനിയിൽ ആദ്യം നാടകങ്ങളിൽ ചെറു വേഷം. 1935 ൽ ‘സതി ലീലാവതി’ എന്ന ചിത്രത്തിലൂടെ സിനിമയിൽ.
മുത്തുവേൽ കരുണാനിധി എഴുതിയ ‘മരുതനാട്ട് ഇളവരശി’യിലൂടെ നായക പദവിയിലേക്ക് ഉയർന്നു. കരുണാനിധി സംഭാഷണം എഴുതിയ ചിത്രങ്ങളിലൂടെയാണ് എംജിആർ താരപദവിയിലേക്കുയർന്ന് മക്കൾ തിലകമാവുന്നത്. ജനപ്രിയ തമിഴ് ചിത്രങ്ങളിൽ ഏഴകളുടെ കൂടെ നിന്ന് അനീതിയോട് പൊരുതി ജയിക്കുന്ന അതിസുന്ദരനും, ധീരനും, നിത്യ കാമുകനുമായ ജയനായകൻ എന്ന പ്രതിച്ഛായ എം.ജി. ആറിന് ചാർത്തിക്കൊടുത്തത് കരുണാനിധി എഴുതിയ പടങ്ങളായിരുന്നു.
തമിഴ് മാസികയായ തുഗ്ലക്കിന്റെ എഡിറ്ററും നടനും രാഷ്ട്രീയ വിമർശകനുമായ ചോ രാമസ്വാമി എഴുതി. ‘നടനെന്ന നിലയിൽ താനൊരു പ്രതിഭാശാലിയാണെന്ന തെറ്റിദ്ധാരണയൊന്നും എംജിആറിന് ഉണ്ടായിരുന്നില്ല. തന്റെ പടത്തിന്റെ തിരക്കഥകൾ തന്നിൽ നിന്ന് വലിയ അഭിനയ വൈദഗ്ധ്യമൊന്നും ആവശ്യപ്പെടാതിരിക്കാൻ അദ്ദേഹം എന്നും ശ്രദ്ധിച്ചു. ശണ്ഠ, അടിയിടി കുത്ത്, വാൾപ്പയറ്റ്, റൊമാൻസ്, യുഗ്മഗാനങ്ങൾ, കണ്ണീരൊഴുക്കുന്ന അതിഭാവുക രംഗങ്ങൾ, അണ്ണാദുരെയുടെ മഹത്വം വർണ്ണിക്കൽ, മാതൃത്വത്തിനോടുള്ള ആരാധന’ ഇതായിരുന്നു ഒരു എംജിആർ പടം. അഭിനത്തിൻ്റെ കാര്യത്തിൽ ദുർബലനായതിനാൽ അദ്ദേഹം സിനിമയുടെ സാങ്കേതിക വശത്തിൽ മേധാവിത്വം സ്‌ഥാപിച്ചു. സ്വന്തം ചിത്രങ്ങളിലെ യുദ്ധരംഗങ്ങളുടെ പടം പിടിച്ചതും അവ എഡിറ്റ് ചെയ്തതും എം.ജി.ആർ തന്നെയായിരുന്നു.
തമിഴ് നാട്ടിലെ സിനിമാ പ്രേക്ഷകരെ കീഴടക്കാൻ ഇതുവഴി അദ്ദേഹത്തിന് കഴിഞ്ഞു. ഈ പ്രതിഛായ എം.ജി.ആർ വൈദഗ്ധ്യത്തോടെ ഉപയോഗിച്ചു. തമിഴ് മക്കളുടെ മനസ് സിനിമയിലൂടെ സമ്മൂലം കീഴടക്കിയ തമിഴനല്ലാത്ത മറ്റ് രണ്ടുപേരുണ്ട്. മലയാളിയായ പുരട്ചി തലൈവർ എംജിആറും കർണ്ണാടകക്കാരനായ സ്റ്റൈൽ മന്നൻ രജനികാന്തും. പിന്നീട് കന്നഡികക്കാരി ജയലളിതയും ഇതേ പാതയിൽ വന്നതാണ്. തമിഴ് സംസ്‌കാരം സംരക്ഷിക്കുന്നതിൽ താൽപ്പര്യവും കഴിവും എംജിആറിനുണ്ടെന്ന ധാരണ സാധാരണക്കാരായ തമിഴരുടെ ഹൃദയത്തിൽ സൃഷ്ടിച്ചു, നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. തമിഴ് സിനിമാ ലോകത്തിന്റെ താരാരാധന നേടിയ കാര്യത്തിൽ എംജിആറിനെ മറികടക്കാൻ അക്കാലത്ത് ആർക്കും കഴിഞ്ഞില്ല.
തമിഴരദ്ദേഹത്തെ ‘വാദ്ധ്യാർ’ എന്ന് വിളിച്ചു. തമിഴ്നാട്ടിൽ തിയറ്ററിൽ ഒരു എം.ജി.ആർ പടത്തിൽ വാൾപയറ്റ് നടന്നു കൊണ്ടിരിക്കെ എംജിആറിന്റെ കയ്യിൽ നിന്ന് വാൾ തെറിച്ച് പോയി. സെക്കന്റുകൾക്കുള്ളിൽ ഒരു കത്തി സ്‌ക്രീനിൽ വന്നു വീണു. പിന്നാലെ ഒരു അലർച്ചയും’വാദ്ധ്യാരെ , അറന്തിടവനെ’ കലി മൂത്ത ആരാധകൻ സ്‌ക്രീനിലേക്ക് ചാടിക്കേറിയതിനാൽ പ്രദർശനം അൽപ്പ സമയം നിറുത്തി വെയ്ക്കണ്ടി വന്നു. രാമുകാര്യാട്ടിന്റെ ചെമ്മീനിലെ പളനിയായ സത്യൻ കടലിൽ സ്രാവുമായുള്ള പോരാട്ടത്തിൽ അവസാനം കടലിൽ മറയുന്ന രംഗം കണ്ട് ഒരു തമിഴ് പ്രേക്ഷകൻ പറഞ്ഞത് ഇങ്ങനെ ‘അന്ത സീനിൽ വാദ്ധ്യാർ ഇരുന്താൽ പോട്ടു തള്ളിടും’.
ചില പ്രശസ്ത സംവിധായകർ അവരുടെ ചിത്രങ്ങളിലെ നായകൻ എംജിആർ ഫോട്ടോകൾക്ക് മുൻപിൽ കൈ കൂപ്പുന്നതും എംജിആർ പടങ്ങളിലെ ഗാനങ്ങളോ ഡയലോഗോ ഉദ്ധരിക്കുന്നതും ചിത്രത്തിൽ ഉൾപ്പെടുത്തി. ആ രംഗം വന്നാൽ സെക്കന്റിൽ തിയറ്ററിൽ കനത്ത കരഘോഷമുയരും. 1990 കൾ വരെ തമിഴ് സിനിമയെ സ്വാധീനിച്ചിരുന്നുവെന്ന് തെളിയിക്കുന്ന എംജിആർ ഇഫക്റ്റാണത്.
1973 ൽ ഈജിപ്റ്റ് സന്ദർശിച്ച എംജിആർ മണലാര്യണ്യത്തിലെ കൂറ്റൻ പൗരാണിക സ്ഫിംങ്സ് പ്രതിമയും പിരമിഡും കണ്ടപ്പോൾ പറഞ്ഞു. ‘ഇങ്കെ ഷൂട്ട് പണ്ണമാട്ടെ ! മദ്രാസിൽ സെറ്റ് പോതും’ ഇവിടെ ചിത്രീകരിച്ചാലും മദ്രാസിൽ സെറ്റിട്ട് ചെയ്താലും ഒരേ ചിലവാണ്. അതിനാൽ മദ്രാസിൽ തന്റെ സ്റ്റുഡിയോവിൽ സെറ്റ് ഇട്ട് ഷൂട്ട് ചെയ്യാം എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. സ്ഫിംങ്സ് പ്രതിമയും പിരമിഡും – ആ ലോകാത്ഭുതങ്ങൾ മറ്റൊരു വിധത്തിൽ ഒരു താൽപ്പര്യവും അദ്ദേഹത്തിൽ സൃഷ്ടിച്ചില്ല, കാരണം സിനിമ മാത്രമായിരുന്നു അദേഹത്തിന്റെ ജീവശ്വാസം.
ചലച്ചിത്ര രംഗത്ത് നിന്ന് നായകനായി രാഷ്ട്രീയത്തിൽ പ്രവേശിച്ച് അവിടെയും പ്രബലനായ ജനനായകനായ സിനിമാ ഹീറോ ആണ് എംജിആർ. ചരിത്രത്തിൽ അമേരിക്കൻ പ്രസിഡന്റായ റൊണാൾഡ് റീഗൻ മാത്രമേ ജനപ്രീതിയുടെ കാര്യത്തിൽ എംജിആറിന് മുൻപിലുള്ളൂ. എൻ.ടി. രാമറാവുവിന് പോലും ഇക്കാര്യത്തിൽ ഉലകനായകനു പിന്നിലാണ്.
1950 ലാണ് ആദ്യം കോൺഗ്രസ് അനുഭാവിയായിരുന്ന എം.ജി. ആർ അണ്ണാദുരെയുമായി അടുക്കുന്നത്. കോൺഗ്രസിനെ നിഷ്പ്രഭമാക്കി ബ്രാഹ്‌മണ മേധാവിത്വത്തിനെതിരെ ദ്രാവിഡ സ്വപ്നവുമായി സിഎൻ അണ്ണാദുരെ തമിഴ് നാട് കീഴടക്കിയ കാലം. പാർട്ടി യോഗങ്ങളിൽ എംജിആർ സ്ഥിരമായി പങ്കെടുക്കാൻ തുടങ്ങിയതോടെ വാദ്ധ്യാരെ കാണാൻ ജനം ഇരച്ചെത്തി. ബുദ്ധിമാനായ അണ്ണാദുരൈ ഇത് ഉപയോഗിച്ചു പാർട്ടിയിൽ ആളെക്കൂട്ടി. തന്റെ രണ്ട് കണ്ണുകൾ എന്നാണ് പാർട്ടി സമ്മേളനങ്ങളിൽ ഇടതും വലതും ഇരുന്ന എംജിആറിനേയും കരുണാനിധിയെയും അണ്ണാദുരെ വിശേഷിപ്പിച്ചത്.
വെള്ളിത്തിരയ്ക്ക് പുറത്ത് എംജിആറിന്റെ സാമൂഹ്യ പ്രവർത്തനങ്ങൾ ഇഷ്ടപ്പെട്ട തമിഴ് മക്കൾ അദ്ദേഹത്തെ ദൈവമായി കണക്കാക്കാൻ തുടങ്ങി. തമിഴ് നാട്ടിൽ അനാഥാലയങ്ങളും വയോജന മന്ദിരങ്ങളും ആരംഭിച്ച എംജിആർ സാധാരണ തമിഴരുടെ പ്രത്യക്ഷ ദൈവമായി മാറി. ഈ രാഷ്ട്രീയ താരോദയം ആദ്യം തന്നെ പ്രഖ്യാപിച്ചത് അണ്ണാദുരെയായിരുന്നു ‘എംജിആറിന്റെ മുഖം കണ്ടാൽ 40,000 വോട്ട് ഉങ്കൾക്ക് ജനം തരും. അവൻ സംസാരിച്ചാൽ വോട്ട് നാല് ലക്ഷമാകും’ എംജിആർ രസികർ മൻട്രങ്ങൾ വളരുന്നതുണ്ട് (ഫാൻ ക്ലബ്) അദ്ദേഹം പറഞ്ഞു. എം.ജി. ആറിൻ്റെ ഗുണം തങ്കം പോലെയാണ്. തങ്കം ഉരുക്കി ഉണ്ടാക്കുന്ന ഏതൊരു സാധനവും സുന്ദരമായിരിക്കും’ എം.ജി. ആറിനെ പ്രശംസിച്ച് കൊണ്ട് അണ്ണാ പറഞ്ഞു.
പിന്നീട് അണ്ണാ ദുരെയുടെ മരണശേഷം ഏറെ താമസിയാതെ ആത്മമിത്രങ്ങളായ എംജിആർ-കരുണാനിധി ദ്വയം എന്നെന്നേക്കുമായി വേർപിരിഞ്ഞു ആജന്മ ശത്രുക്കളായി. 1977 ൽ ഇലക്ഷനിൽ കരുണാനിധിയെയും പാർട്ടിയേയും തറപറ്റിച്ച് മുഖ്യമന്ത്രിയായ എംജിആർ അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും വിജയക്കൊടി നാട്ടി.
പാവങ്ങളുടെ കണ്ണീരൊപ്പുന്ന എഴെത്തോഴന്റെ രാഷ്ട്രീയത്തിലെ ഇമേജ് ചലചിത്രനടനായ മക്കൾ തിലകത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഏറെ വൈരുദ്ധ്യങ്ങളും ഉണ്ട്. ആർക്കും പിടികിട്ടാത്ത ഒരു വ്യക്തിത്വമായിരുന്നു രാഷ്ട്രീയക്കാരനും മുഖ്യമന്ത്രിയുമായ എജിആർ. തന്റെ മാരകമായ രോഗാവസ്ഥ അംഗീകരിക്കാൻ വിസമ്മതിച്ച എംജിആർ ആരേയും വിശ്വസിച്ചില്ല. തന്റെ മന്ത്രിമാരെയും പ്രതിപക്ഷാംഗങ്ങളെയും ഒരേ പോലെ സംശയത്തിന്റെ നിഴലിൽ നിരീക്ഷിച്ചു. രോഗാവസ്ഥയിലും പിൻഗാമിയെ പ്രഖ്യാപിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.
കരുണാനിധിയുമായുള്ള രാഷ്ട്രീയ പോരാട്ടം തമിഴ്നാട് രാഷ്ട്രീയത്തിലെ ഏറ്റവും മോശപ്പെട്ട അദ്ധ്യായങ്ങളിലൊന്നായിരുന്നു. അക്കാലത്തെ തമിഴ് പടങ്ങളിലത് പോലെ സ്റ്റണ്ടും, തമാശയും നിറഞ്ഞതാായിരുന്നു എം.ജി.യാറും കലൈഞ്ജറും തമ്മിലുള്ളള പോരാട്ടം. സിനിമാലോകത്ത് എം.ജിയാറിനെ നേരിടാൻ തന്റെ മകൻ മുത്തുവിനെ എം.ജി.യാറിന്റെ വേഷവിധാനങ്ങളോടെ അവതരിപ്പിച്ച് ഒരു സിനിമ പുറത്തിറക്കി. ഏഴകളുടെ കണ്ണീരൊപ്പാൻ ഒറിജിനൽ പുരൈച്ചിതലൈൈവൻ ഉള്ളപ്പോൾ എന്ത് പകരക്കാരൻ ? തമിഴ് മക്കൾ മുത്തുവിനെ അംഗീകരിച്ചില്ല.
മനുഷ്യൻ വലിക്കുന്ന റിക്ഷ തമിഴ് നാട്ടിൽ നിരോധിച്ച്, സൈക്കിൾ റിക്ഷകൾ നൽകിക്കൊണ്ട് മുഖ്യമന്ത്രിയായ കരുണാനിധി പുതിയൊരു കാൽവെയ്പ്പ് നടത്തി. ലക്ഷണക്കിന് വരുന്ന റിക്ഷാ തൊഴിലാളികളെ പാട്ടിലാക്കാനായിരുന്നു ഇത്. തന്റെ സുന്ദരമായ ചിത്രമുള്ള ബനിയനുകൾ റിക്ഷാക്കാർക്ക് നൽകി എം.ജിയാർ തിരിച്ചടിച്ചു. അങ്ങനെ കരുണാനിധി നൽകിയ സൈക്കിൾ റിക്ഷയിൽ എം.ജി.യാറിന്റെ പടമുള്ള ബനിയനും ധരിച്ച് റിക്ഷാക്കാർ മദ്രാസ് നഗരത്തിൽ വിലസി.
അക്കാലത്ത് മലയാളിയായ സൂപ്പർസംവിധായകൻ എം.കൃഷ്ണൻ നായർ സംവിധാനംം ചെയ്ത ‘റിക്ഷാക്കാരൻ’ എന്ന പടത്തിലെ അഭിനയത്തിന് എം.ജി.ആറിന് ഭരത് അവാർഡ് ലഭിച്ചു. തന്റെ ശുപാർശ കൊണ്ടാണ് ഭരത് അവാർഡ് കിട്ടിയത് എന്ന് കരുണാനിധി പ്രഖ്യാപിച്ചതോടെ എം.ജി.ആർ ബഹുമതി നിരസിച്ചു. അതോടെ ‘വാദ്ധ്യാർ ‘ തമിഴ് മക്കളുടെ സഹതാപം നേടി.(എം.ജിയാറിനെ തമിഴ് നാട്ടിലെ സാധാരണക്കാർ വിളിച്ചിരുന്ന പേരാണ് വാദ്ധ്യാർ)
എം.ജി.ആറിന്റെ പുതിയ ചിത്രമായ ‘ഉലകം ചുറ്റും വാലിബൻ’ എന്ന ചിത്രം റിലീസ് ചെയ്തപ്പോൾ മദ്രാസ് നഗരസഭ പോസ്റ്റർ ഒട്ടിക്കുന്നതിനുള്ള നികുതി 25 പൈസയിൽ നിന്ന് 1 രൂപയായി ഉയർത്തി. ഇതിൽ പ്രതിഷേധിച്ച എം.ജി.യാർപടത്തിന്റെ പോസ്റ്റർ ഒട്ടിക്കാതെ പടം റിലീസ് ചെയ്തു. പടം പ്രദർശിപ്പിക്കാൻ തിയറ്ററുകൾ നൽകരുത് എന്ന് കരുണാനിധി രഹസ്യമായി തിയറ്റർ ഉടമകളെെ വിളിച്ചു പറഞ്ഞു. പക്ഷേ, അതേറ്റില്ല. നടികർതിലകം ശിവാജി ഗണേേശൻ തന്റെ തിയറ്ററിൽ പടംം കളിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. എം. ജി.ആറും വെറുതെയിരുന്നില്ല. മദ്രാസിലെ തിരക്കേറിയ ജെമിനി സർക്കിളിൽ 40 അടി ഉയരത്തിൽ ഈ പടത്തിന്റെ കട്ടൗട്ട് സ്ഥാപിച്ചു. ഏറ്റവും വലിയ തമാശ, തിയറ്ററുകളിൽ ഈ പടത്തിന്റെ ടിക്കറ്റ് എടുക്കാൻ നിൽക്കുന്നവരെ പോലിസ് വന്ന് അടിച്ചോടിക്കുമായിരുന്നു എന്നതാണ്.
അക്കാലത്ത് താഷ്ക്കെൻ്റ് ഫിലിം മേളയിൽ പങ്കെടുക്കാൻ എം ജിയാറിന് ക്ഷണം ലഭിച്ചു. അദ്ദേഹം ലത എന്ന തൻ്റെ നായികയുമായാണ് താഷ്ക്കെന്റിലേക്ക് പോയത്. മേളയിൽ മലയാളത്തിൽ നിന്ന് എത്തിയത് സ്വയംവരം എന്ന തന്റെ ചിത്രവുമായി വന്ന സാക്ഷാൽ അടൂർ ഗോപാലകൃഷണനായിരുന്നു.സ്വയംവരത്തെ കുറിച്ച് മക്കൾ തിലകം പറഞ്ഞു. “സ്വയംവരത്തിന് അവിടെ നല്ല അഭിപ്രായം ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഇത്തരം ഫെസ്റ്റിവലുകൾക്ക് ഇങ്ങനെയുള്ള ചിത്രങ്ങൾ അയയ്ക്കാൻ പാടില്ലാത്തതാണ്. ഇവ വിദേശത്ത് ഇന്ത്യയെ കുറിച്ച് മോശം അഭിപ്രായം ഉണ്ടാക്കും. ഇവിടെയെല്ലാം പട്ടിണിയാണെന്ന് അവർ ധരിക്കും.”
എം.ജി. ആർ റഷ്യയിലേക്ക് ഒരു നടിയേയും കൊണ്ട് കറങ്ങാൻ പോയതിനെ വിമർശിച്ച് കൊണ്ട് കരുണാനിധിയുടെ പക്ഷക്കാർ മദ്രാസിലെ ചുമരുകളിലെല്ലാം പോസ്റ്റർ പതിച്ചു, ‘എം.ജി.ആർ എന്തിന് ലതയെ റഷ്യയിൽ കൊണ്ട് പോയി? ‘ഇതായിരുന്നു പോസ്റ്ററിലെ വാചകം. ഇതൊക്കെ നടന്നത് തമിഴ്നാട്ടിലാണെന്ന് ഓർത്താൽ ഒരു അത്ഭുതമല്ല!
ഇങ്ങനെ കരുണാനിധി എം.ജിയാറിനെ തോൽപ്പിക്കാൻ ചതുരുപായങ്ങളും പയറ്റിക്കൊണ്ടിരുന്നു. മലയാളികൾക്കെതിരെ തമിഴ് വികാരമിളക്കിവിടാനും കരുണാനിധി മറന്നില്ല.മലയാളിയായ എം.ജിയാർ തമിഴ് നാട് ഭരിക്കാൻ അർഹനല്ല എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. എം.ജിയാറിന്റെ മരണത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് 1987 ഡിസംബറിൽ, കരുണാനിധി ഈ പ്രസ്താവന ഒരിക്കൽ കൂടി ആവർത്തിച്ചു.13 കൊല്ലം, തന്റെ മരണം വരെ ( 1987 ഡിസംബർ 24)കരുണാനിധിയെ അധികാരത്തിൽ നിന്ന് അകറ്റി നിറുത്താൻ എം.ജിയാറിന് കഴിഞ്ഞു .
എം.ജി.ആർ. എ ലൈഫ് എന്ന ജീവചരിത്രത്തിൽ ആർ. കണ്ണൻ എഴുതി. തമിഴ്‌നാട്ടിൽ കൃഷിയോ വ്യവസായമോ വളർത്തുന്നതിന് തന്റെ മുൻഗാമിയായ കാമരാജ് ചെയ്ത പരിശ്രമങ്ങളൊന്നും എംജിആർ തന്റെ ഭരണത്തിൽ ചെയ്തില്ല. എന്നാൽ 1982 ൽ കുട്ടികൾക്ക് ഉച്ചഭക്ഷണമെത്തിക്കുന്ന പരിപാടി ‘സത്തുണുതിട്ടം’ എംജിആർ നടപ്പിലാക്കിയത് തമിഴരുടെ ദാരിദ്ര്യം അകറ്റാൻ കഴിഞ്ഞില്ലെങ്കിലും വിശപ്പെങ്കിലും അകറ്റി.
84 ലക്ഷം കുട്ടികൾക്ക് പ്രയോജനപ്പെട്ട, വർഷത്തിൽ 200 കോടി ചിലവിടുന്ന ഈ പദ്ധതി ഗ്രാമങ്ങളിലെ വൃദ്ധർക്കും നിരാശ്രയർക്കും ആശ്വാസം നൽകി. കൂടാതെ കർഷകത്തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ ഇൻഷുറൻസ് പദ്ധതി, സ്‌കൂൾ കുട്ടികൾക്ക് സൗജന്യമായി പാൽപ്പൊടി നൽകൽ ഇവയൊക്കെ സാധാരണക്കാരുടെ മനസിൽ എം.ജി.ആർ എന്ന ദൈവം കുടികൊള്ളുന്ന സംഭവങ്ങളായി നിലനിന്നു.
ഇന്ത്യയിലാദ്യമായി വിഘടന വാദം ഉയർന്ന പ്രദേശങ്ങളൊന്നായ തമിഴ് നാട്ടിൽ ഇന്ത്യക്ക് തലവേദനയായി. പിന്നീട് ഒരു പ്രധാനമന്ത്രിയുടെ വധത്തിന് കാരണമായ തമിഴ് തീവ്രവാദ സംഘടന എൽടിടിഇ എം.ജി.യാറിന്റെ ആശിർവാദ അനുഗ്രഹങ്ങളോടെയാണ് വേലുപ്പിള്ള പ്രഭാകരൻ ആദ്യ ഘട്ടത്തിൽ വളർത്തിയെടുത്തത്. മറ്റ് തമിഴ് തീവ്രവാദ സംഘടനകൾക്കൊന്നും കിട്ടാത്ത പരിഗണന ചെന്നെയിൽ എംജിആർ വേലുപിള്ള പ്രഭാകരന് നൽകി.1984 ൽ കോടികൾ കറൻസി നോട്ടുകളായി എം.ജി.ആർ നൽകിയത് ഉപയോഗിച്ചാണ് ആദ്യ ഘട്ടത്തിൽ സംഘടന ആയുധങ്ങളും യൂണിഫോമും വാങ്ങിയതെന്ന് എൽടിടിഇ സൈദ്ധാന്തികൻ അന്റൺ ബാല സിങ്കം വെളിപ്പെടുത്തിയിരുന്നു. തമിഴ് നാട് മുഖ്യമന്ത്രിയോടൊത്ത് പ്രാതൽ കഴിക്കുന്നതു വരെയുണ്ടായിരുന്നു പ്രഭാകരന്റെ എം.ജി.ആർ ബന്ധം.
പിന്നീട് നടന്ന സംഭവങ്ങൾ ഇന്ത്യൻ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റി മറച്ചു. അത് കാണാൻ തമ്പി പ്രഭാകരന്റെ അണ്ണൻ ജീവനോടെ ഉണ്ടായില്ലെന്ന് മാത്രം. ഒരു നോട്ടം കൊണ്ട് ലക്ഷങ്ങളെ ചലിപ്പിക്കാൻ കഴിയുന്ന എം ജി ആർ ജീവിച്ചിരിക്കുമ്പോൾ തന്നെ ഇതിഹാസമായി മാറി. ആയിരത്തിലൊരുവനല്ല ചരിത്രത്തിൽ തന്നെ വ്യത്യസ്തനായ ഒരുവനായി എംജിആർ. അതിനാൽ ‘തമിഴ് മക്കൾ അവനെ ദൈവമെന്ന് വിളിച്ചു’.
Content Summary: 108th birth anniversary of M.G. Ramachandran (MGR)
This post was last modified on December 24, 2025 12:34 pm
Leave a Comment