June 04, 2026 |
Share on

പാറായില്‍ തരകന്മാര്‍; വീടും നാടും വിശ്വാസവും പ്രകാശനം ചെയ്തു

അഴിമുഖം ബുക്‌സാണ് പ്രസാധകര്‍

കേരള ചരിത്രത്തിലെ വിഖ്യാത ഏടുകളില്‍ ഒന്നായ പാറായില്‍ കുടുംബത്തെയും പാറായില്‍ തരകന്മാരെയും അവരിലൂടെ ഒരു നാടിനുണ്ടായ ഉയര്‍ച്ചകളെയും നേട്ടങ്ങളെയും പഠന സമഗ്രതയോടെ അവതരിപ്പിക്കുന്ന പാറായില്‍ തരകന്മാര്‍; വീടും നാടും വിശ്വാസവും എന്ന പുസ്തകം പ്രകാശനം ചെയ്തു. അഴിമുഖം ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഒന്‍പതാമത്തെ പുസ്തകമാണ്. പി. കെ മാത്യൂ തരകന്‍(പി.കെ.എം തരകന്‍) എഴുതിയ, 2014 ല്‍ ബ്ലൂംസ്ബറി പ്രസിദ്ധീകരിച്ചതും, 2019 ല്‍ പുനഃപ്രസിദ്ധീകരിച്ചതുമായ ‘Profies of Paray Tharakans’ എന്ന കൃതിയെ ആധാരമാക്കിയുള്ള മലയാളപഠനമാണ് ഇത്.

ഡിസംബര്‍ 23ന് ചേര്‍ത്തല തൈക്കാട്ടുശ്ശേരിയിലെ അയനാട്ട് ഹൗസ് ഹോംസ്റ്റേയില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രൊഫ. മോണ്‍സ്യര്‍ പയസ് മേലെക്കണ്ടത്തില്‍ ഫാദര്‍ ഇഗ്‌നേഷ്യസ് പയ്യപ്പിള്ളിക്ക് നല്‍കി പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചു. പാറായില്‍ കുടുംബാംഗങ്ങളായ ചരിത്രകാരനും കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. പി.കെ. മൈക്കിള്‍ തരകന്‍, കേരളത്തിന്റെ മുന്‍ ഡിജിപിയും ഇന്ത്യയുടെ വിദേശ സുരക്ഷാ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) മേധാവിയുമായിരുന്ന പി. കെ ഹോര്‍മിസ് തരകന്‍ മറ്റ് കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ബെല്‍ജിയത്തിലെ ആന്റ്‌വേര്‍പ്പ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസര്‍ എമെരിറ്റസ് ആയിരുന്ന പി. കെ മാത്യൂ തരകന്‍ രചിച്ച ഈ ഗ്രന്ഥം പാറായില്‍ കുടുബത്തിന്റെ ചരിത്രത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ്. അക്കൂട്ടത്തില്‍, കടന്നുപോയ യുഗത്തിന്റെ അവസാന നൂറ്റാണ്ടുകളില്‍ ഒരു പ്രദേശത്തും ഒരു സമൂഹത്തിലും ഉണ്ടായ മാറ്റങ്ങള്‍ ഈ ഗ്രന്ഥം രേഖപ്പെടുത്തുകയും ചെയ്യുന്നു.

പ്രവര്‍ത്തികളുടേയും ആശയങ്ങളുടേയും, പ്രതിബദ്ധതയുടേയും, പിന്‍വാങ്ങലിന്റേയും, സദ്കാര്യങ്ങളുടേയും അനീതികളുടേയും, വൈദഗ്ധ്യത്തിന്റേയും വിഡ്ഢിത്തത്തിന്റേയും എല്ലാം ഒരു കഥയാണിത്. അതെല്ലാം ഒന്നുചേര്‍ന്ന് ഒരു സ്ഥലത്തിന്റേയും കാലത്തിന്റേയും ചരിത്രത്തിന്റെ നിഷേധിക്കാനാവാത്ത ഭാഗമായിത്തീരുന്നു. മതപരമായ കാര്യങ്ങളില്‍ സ്വയം ഭരണാവകാശം തേടിയുള്ള ഒരു സമുദായ പോരാട്ടത്തിന്റെ നിരാശാജനകമായ ആദ്യകാല പരാജയങ്ങളുടേയും അന്തിമവിജയത്തിന്റേയും കഥ ഈ പുസ്തകത്തില്‍ വിവരിക്കുന്നു.

പാറായില്‍ തരകന്മാര്‍ ഏറെക്കാലം നാശത്തില്‍ നിന്ന് സംരക്ഷിച്ച്, 21ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സമുദായത്തിന് കൈമാറിയതും, 18-ാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതും, വായനക്കാരന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റുന്നതുമായ ‘വര്‍ത്തമാനപ്പുസ്തകം’ എന്ന യാത്രാവിവരണത്തിന്റെ വിശകലനാത്മകമായ സംഗ്രഹത്തോടെയാണ് ഈ ഗ്രന്ഥം സമാപിക്കുന്നത്.

അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകന്‍ ജോസി ജോസഫിന്റെ ‘ കഴുകന്മാരുടെ വിരുന്ന്, നിശബ്ദ അട്ടിമറികള്‍, മുതിര്‍ന്ന മാധ്യമപ്രര്‍ത്തകന്‍ ജോര്‍ജ് കള്ളിവയല്‍ രചിച്ച മണിപ്പൂര്‍ എഫ് ഐ ആര്‍, വി.ആര്‍ അജിത്കുമാര്‍ രചിച്ച അംബേദ്കറും ഇന്ത്യ വിഭജനവും, കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥിന്റെ തൃക്കാക്കര സ്‌കെച്ചസ്, കെ വി മോഹന്‍ കുമാര്‍ എഴുതിയ അഴല്‍മൂടിയ കന്യാവനങ്ങള്‍, പി രാംകുമാര്‍ രചിച്ച ‘ന്യൂസ് റൂമിലെ ഏകാകികള്‍’,  ലെഫ്. കേണല്‍ തോമസ് ജോസഫിൻ്റെ  ദി മാസ്റ്റര്‍ മറിനര്‍( ഒരു കപ്പിത്താന്റെ യാത്ര) എന്നിവയാണ് അഴിമുഖം മുന്‍പ് പ്രസിദ്ധീകരിച്ച ബുക്കുകള്‍.

പാറായില്‍ തരകന്മാര്‍; വീടും നാടും വിശ്വാസവും എന്ന പുസ്തകം ഉൾപ്പടെ അഴിമുഖം പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളും വാങ്ങാൻ ഈ ലിങ്ക് ഉപയോഗിക്കുക https://azhimukham.com/shop/

Content Summary: azhimukham books releases pk mathew tharakan’s parayil tharakanmar

Leave a Reply

Your email address will not be published. Required fields are marked *

×