തമിഴന്‍ ‘അറിവുള്ള അണ്ണ’ എന്നു ബഹുമാനത്തോടെ വിളിച്ചിരുന്ന കാഞ്ചീവരം നടരാജന്‍ അണ്ണാ ദൂരെ എന്ന സി എന്‍ അണ്ണാ ദുരൈയില്‍ നിന്നാരംഭിക്കുന്നു തമിഴ്‌നാട് രൂപീകൃതമായശേഷമുള്ള ദ്രാവിഡ മുതല്‍വര്‍ ശ്രേണി. അണ്ണ വെറും രാഷ്ട്രീയക്കാരനായല്ല മക്കള്‍ മനസില്‍ കയറിയത്. തന്റെ വാഗ്മിത്വത്തിലൂടെയും സാഹിത്യവൈഭവത്തിലൂടെയുമായിരുന്നു. അണ്ണയുടെ പ്രസംഗങ്ങളും നാടകങ്ങളും തിരക്കഥകളും തമിഴനെ അത്രമേല്‍ വശീകരിച്ചൂ. ഇ വി രാമസ്വാമി നായ്ക്കരെപോലൊരാളോട് ഇടഞ്ഞ് ദ്രാവിഡ മുന്നേറ്റ കഴകം എന്ന പാര്‍ട്ടി ഉണ്ടാക്കാനും തമിഴ്നാട് ഭരിക്കാനും അണ്ണയെ സഹായിച്ചത് ജനം അദ്ദേഹത്തിനു നല്‍കിയ അന്‍പും ആദരവുമായിരുന്നു. നെടുഞ്ചഴിയാനെ മാറ്റി നിര്‍ത്തിയാല്‍ അണ്ണയില്‍ തുടങ്ങി ജയലളിത വരെ തമിഴ് മണ്ണ് ഭരിച്ചവര്‍ സിനിമാക്കാരായിരുന്നു.
സിനിമയ്ക്കും രാഷ്ട്രീയത്തിനും തമിഴ് മണ്ണില്‍ അഭേദ്യബന്ധമായിരുന്നു. തമിഴ്നാട്ടില്‍ സിനിമയെന്നത് രാഷ്ട്രീയത്തിന്റെ ഒന്നാംപകുതിയാണ്. എംജിആര്‍ ദ്രാവിഡ മണ്ണ് ഭരിച്ചതും കരുണാനിധി സെന്റ് ജോര്‍ജ് ഫോര്‍ട്ടിലെത്തിയും ജയലളിത തമിഴ്മക്കളുടെ അമ്മയായതുമെല്ലാം സിനിമയില്‍ നിന്നാണ്. താരമായി നിന്നുണ്ടാക്കുന്ന പിന്തുണയുമായാണ് അവര്‍ തേര്‍തലയ്ക്ക് ഇറങ്ങിയത്. ഒരു രസികന്‍ സമം ഒരു വോട്ട് ആയിരുന്നു.
അണ്ണ ദുരൈയില്‍ നിന്നും ജയലളിതയില്‍ അവസാനിക്കുന്നതുവരെ 47 കൊല്ലത്തോളം തമിഴനെ ഭരിച്ചവര്‍ വെറും രാഷ്ട്രീയക്കാരായിരുന്നില്ല. ഒരു തനി രാഷ്ട്രീയക്കാരനും അവരോളം തമിഴനുമേല്‍ മേധാവിത്വം സ്ഥാപിക്കാനും സാധിച്ചില്ല. മദ്രാസ് സ്‌റ്റേറ്റ് തമിഴ്നാട് ആയശേഷവും നാട് ഭരിക്കാന്‍ എന്തുകൊണ്ടും യോഗ്യനായ കുമാരവേല്‍ കാമരാജിനോ ജി കെ മൂപ്പനാര്‍ക്കോ മുഖ്യമന്ത്രി കസേര കിട്ടിയില്ല. ദ്രാവിഡ പാര്‍ട്ടികള്‍ അല്ലാതെ ഒരു ദേശീയ പാര്‍ട്ടിക്കും തമിഴ്നാട്ടില്‍ വിജയിക്കാന്‍ 1969-നു ശേഷം സാധിച്ചിട്ടില്ല. ഈ ചരിത്രം ഇന്നേവരെ തിരുത്തപ്പെട്ടിട്ടുമില്ല.
തമിഴനില്‍ അതി വൈകാരികതയുടെ ദ്രാവിഡോര്‍ജ്ജം നിറഞ്ഞുനില്‍ക്കുന്നുണ്ടെന്ന് പറയാറുണ്ട്. ഏതൊരു തമിഴ് സിനിമയെടുത്ത് നോക്കിയാലും ഒരു ഡയലോഗില്‍, അല്ലെങ്കില്‍ പാട്ടിലെ ഒരു വരിയില്‍ തമിഴ് മണ്ണിനെയും തമിഴ് മക്കളെയും കുറിച്ച് പ്രതിപാദിക്കും. വെള്ളിത്തിരയില്‍ തങ്ങളെനോക്കി, ഉടല്‍ മണ്ണുക്ക്, ഉയിര്‍ തമിഴര്‍ക്ക് എന്നു പാടുന്ന നായകന്‍ പ്രേക്ഷകരിലേക്ക് പകര്‍ത്തിവിടുന്നത് ഈ വൈകാരികതയാണ്. അവര്‍ക്കറിയാം ഇന്നത്തെ നിക്ഷേപം നാളെ തുണയ്ക്കുമെന്ന്. തമിഴ് സിനിമയിലെ പ്രമുഖരെല്ലാം തങ്ങളുടെ ജീവിതത്തിന്റെ രണ്ടാം പകുതി ആടുന്നത് രാഷ്ട്രീയത്തിലാണ്.
ഇളം മഞ്ഞ ഷാളും കറുത്ത കട്ടിക്കണ്ണടയും തമിഴ് രാഷ്ട്രീയത്തിന്റെ അടയാളമാക്കി അഞ്ചു തവണ നാട് ഭരിച്ച മുത്തുവേല്‍ കരുണാനിധി തമഴിന് അരസിയല്‍വാദിയായിരുന്നില്ല, കലൈഞ്ജര്‍ ആയിരുന്നു. മരത്തൂര്‍ ഗോപാല മേനോന്‍ രാമചന്ദ്രന് മൂന്നുവട്ടം മുഖ്യമന്ത്രിക്കസേര നല്‍കിയതും സിനിമയാണ്. ഒരു പാലക്കാടന്‍ നായര്‍ ദ്രാവിഡരാഷ്ട്രീയം പറയുന്നതിലെ പൊരുത്തക്കേടുകള്‍ അന്വേഷിക്കാതെ തലൈവരെ തലയിലേറ്റി തമിഴ് മക്കള്‍. ദ്രാവിഡ മണ്ണില്‍ കോമളവല്ലിയെന്ന അയ്യങ്കാരു പെണ്ണിന് എന്ത് അവകാശമെന്നും തമിഴ് മക്കള്‍ ചോദിച്ചില്ല.
ജയലളിതയുടെ കാലശേഷമാണ് തമിഴ് രാഷ്ട്രീയം കുറച്ചൊന്നു മാറിയിരിക്കുന്നത്. ജയയുടെ പിന്‍ഗാമികളായി എ ഐ എ ഡി എം കെ യിലെ വെറും രാഷ്ട്രീയക്കാരായ നേതാക്കള്‍ അധികാരത്തിലെത്തി. പക്ഷേ ജനം കൈവിട്ടു. സാഹചര്യം മുതലാക്കി സ്റ്റാലിന്‍ മുതല്‍വരായി. സിനിമയില്‍ തുടക്കത്തിലെ പാളിപ്പോയ സ്റ്റാലിനെ കരുണാനിധി തന്റെ പിന്‍ഗാമിയാക്കി വളര്‍ത്തിയത് തനി രാഷ്ട്രീയക്കാരനായി തന്നെയാണ്. ജയയ്ക്ക് ശേഷം ഇനിയൊരു നേതാവ് സിനിമയില്‍ നിന്നുണ്ടാകുമോയെന്ന ചോദ്യം ഉയര്‍ന്ന വേളയിലാണ് കമലും രജനിയും അജിത്തുമെല്ലാം മുന്നിലേക്കു വന്നത്. ഇവരില്‍ അജിത്തോ, രജനിയോ ജയയുടെ പിന്‍ഗാമിയായി വരുമെന്നൊരു ചര്‍ച്ച ജയയുടെ മരണത്തിനു പിന്നാലെ തമിഴകത്ത് ശക്തമായിരുന്നു. എംജിആറിനുശേഷം തമിഴകത്ത് ഏറ്റവുമധികം ആരാധകരുണ്ടായിരുന്നത് രജനികാന്തിനായിരുന്നു. രജനി കഴിഞ്ഞാല്‍ ആ സ്ഥാനം അജിത് കുമാറിനായിരുന്നു. തലൈവിക്കുശേഷം തമിഴ്നാട് ഭരിക്കാന്‍ തല വരുമോ തളപതി വരുമോ എന്ന ചര്‍ച്ച തമിഴകത്ത് ശക്തമായിരുന്നു. കാര്യങ്ങള്‍ ആ വഴിക്കല്ല പോയത്. രജനികാന്ത് രാഷ്ട്രീയ പ്രഖ്യാപനം നടത്തിയശേഷം പിന്‍വാങ്ങി. ജയലളിതയ്ക്ക് ഏറെ പ്രിയപ്പെട്ടവനെന്ന് കേട്ടിരുന്ന അജിത്ത് കുമാര്‍ പരസ്യമായൊരു വാക്ക് പോലും രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞില്ല. കമല്‍ ഹാസന്‍ ഏറ്റവും മോശം സ്‌ക്രിപ്റ്റുമായി രാഷ്ട്രീയത്തില്‍ ഇറങ്ങുകയും, മക്കള്‍ നീതം മയ്യം എന്ന പാര്‍ട്ടിയുണ്ടാക്കി വന്‍ ഫ്‌ളോപ്പ് ആവുകയും ചെയ്തു.
താരങ്ങളാകില്ല, രാഷ്ട്രീയക്കാരാകും ഇനി തമിഴ് രാഷ്ട്രീയത്തില്‍ നിലയുറപ്പിക്കുകയെന്ന സാഹചര്യമാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. പ്രാദേശിക പാര്‍ട്ടികളെ നീക്കി അധികാരം പിടിക്കാന്‍ ബിജെപിയൊക്കെ ആവുംപോലെ ശ്രമിക്കുന്നുണ്ട്. തമിഴര്‍ മാറി ചിന്തിക്കുമെന്ന വിലയിരുത്തലുണ്ട്. അതിനിടയിലേക്കാണ് വിജയ് എത്തുന്നത്. ഇതോടെ തമിഴ്‌നാട് രാഷ്ട്രീയം വീണ്ടുമൊരു സൂപ്പര്‍ താരത്തിനുമേല്‍ ആകാംക്ഷയോടെ നോക്കാന്‍ തുടങ്ങി.
തമിഴര്‍ക്ക് രജനിയായിരുന്നു തളപതി, വിജയ് ഇളയ തളപതിയും. നിലവില്‍ രജനിയെക്കാള്‍ ആരാധകര്‍ വിജയ്ക്കുണ്ടെന്നാണ് പറയുന്നത്. ഇളയ തളപതിയില്‍ നിന്നും അയാള്‍ അവര്‍ക്ക് തളപതിയായി തീര്‍ന്നിരിക്കുന്നു. സിനിമയ്ക്കുള്ളിലും പുറത്തുമായി രാഷ്ട്രീയ സൂചനകള്‍ കഴിഞ്ഞ കുറച്ചു നാളുകളായി നല്‍കിക്കൊണ്ടിരിക്കുന്ന വിജയ്, ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ പ്രകാരം സജീവ രാഷ്ട്രീയത്തിന് തയ്യാറെടുക്കുന്നതായാണ് അറിവ്. രജനിക്ക് കഴിയാതെ പോയത് വിജയ്ക്ക് ആകുമോ? എംജിആറിന് ശേഷം തമിഴ് സിനിമാലോകം കണ്ട ഏറ്റവും വലിയ ക്രൗഡ് പുള്ളറായിരുന്നു രജനികാന്ത്. എന്നിട്ടുമാ രജനികാന്തിന് പാതിവഴിയില്‍ രാഷ്ട്രീയ മോഹം ഉപേക്ഷിക്കേണ്ടി വന്നു. തലൈവരുടെ പിന്‍ഗാമിയായി തമിഴര്‍ കാണുന്നയാളാണ് വിജയ്. മാറിയ രാഷ്ട്രീയബോധത്തില്‍ അയാള്‍ക്ക് എത്രദൂരം പോകാനൊക്കും?
രസികര്‍ വോട്ട് ചെയ്തിരുന്ന കാലത്തില്‍ നിന്നും രാഷ്ട്രീയം ചര്‍ച്ച ചെയ്തു ഭരണാധികാരികളെ തെരഞ്ഞെടുക്കുന്ന തലമുറ മാറ്റം തമിഴ്‌നാട്ടില്‍ ഉണ്ടായിട്ടുണ്ട്. എംജിആറിനെയോ,കരുണാധിയെയോ,ജയലളിതയെയോ പോലൊരു ഏകഛത്രാധിപതി ഇനി തമിഴലുകത്തില്‍ ഉണ്ടാകില്ല. തന്‍ മണ്ണൈ വാഴ്വ് എന്ന പറഞ്ഞിരുന്ന സത്വബോധങ്ങള്‍ മാറിയേക്കും. തമിഴ്നാട്ടില്‍ ഇനിയൊരു സിനിമാക്കാരന്‍ മുതല്‍വര്‍ ആകുമോയെന്നത് വലിയൊരു ചോദ്യമാണ്.
51 വര്‍ഷങ്ങള്‍ക്കു മുമ്പ് എംജി രാമചന്ദ്രന്‍ സ്ഥാപിച്ച പാര്‍ട്ടി ഏതാണ്ട് തകര്‍ന്നു. കറുപ്പും വെളുപ്പും ചുവപ്പും നിറഞ്ഞ കൊടിക്കൂറ പാറുന്ന അവ്വൈ ഷണ്‍മുഖശാലയിലേക്ക് തമിഴ്‌നാടിന്റെ ഭരണാധികാരം ചെന്നെത്താന്‍ ഇനി സാധ്യത വിരളം. മു. ക സ്റ്റാലിന് ശേഷം അണ്ണാ ദ്രാവിഡ മുന്നറ്റേ കഴകത്തിന്റെ മാമന്നാകാമെന്നല്ലാതെ, നാട് ഭരിക്കാനുള്ള ഭാഗ്യമൊന്നും ഉദയനിധിക്ക് കിട്ടില്ല. വിജയകാന്ത് ക്ഷീണിച്ചതോടെ ദേസിയ മുര്‍പോക്കു ദ്രാവിഡ കഴകം ഫീല്‍ഡ് ഔട്ടായി. എസ് രാംദോസിന്റെ പട്ടാളി മക്കള്‍ കക്ഷി തുടങ്ങി അറുപതോളം വലുതും ചെറുതുമായ ദ്രാവിഡ പാര്‍ട്ടികള്‍ വേറെയുമുണ്ടെങ്കിലും ഒന്നും ചെയ്യാനാകില്ല. ഇതിനെല്ലാം പുറമെ ശങ്കര്‍ ചിത്രത്തിലെ വില്ലനെ പോലെ ബിജെപി കളത്തിലുണ്ട്. ‘ഇദയം മുരളി’ യാകാന്‍ ശ്രമിച്ച് കോണ്‍ഗ്രസും. കളത്തില്‍ പട ശക്തമാണെന്നതിനാല്‍, ആരാധന വോട്ടായി മാറുകയാണെങ്കില്‍ മാത്രമെ വിജയ്ക്ക് പ്രതീക്ഷയുള്ളൂ.