മലപ്പുറം അരീക്കോട്ടെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ പോലീസ് ക്യാമ്പില്‍ പോലീസുകാരന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് സേനയിലെ ചില മേല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുകയാണ്. ശാരീരികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ നിരാശയിലാണ് ആത്മഹത്യയെന്ന് മലപ്പുറം പോലീസ് മേധാവി ആര്‍ വിശ്വനാഥ് പറയുന്നത്. വിനീതിന്റെ ആത്മഹത്യ ചര്‍ച്ചയായതിനെതുടര്‍ന്ന്,റിഫ്രഷര്‍ കോഴ്‌സുകള്‍ നിര്‍ത്തിയിരുന്നു. പോലീസ് സേനയില്‍ വീണ്ടും ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. എറണാകുളം പിറവം പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വ്യക്തിപരമായ പ്രശ്‌നങ്ങളാണെന്നും അസ്വാഭാവികതകള്‍ ഇല്ലെന്നുമാണ് സൂചന.
വയനാട് കോട്ടത്തറ മൈലാടി സ്വദേശിയും സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് കമാന്‍ഡോയുമായ വിനീത് ആണ് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്.തലയ്ക്ക് വെടിയുതിര്‍ത്താണ് മരണം. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറയുന്നുണ്ട്. വിനീതിന്റെ ഭാര്യ ഗര്‍ഭിണിയായതിനാലാണ് വിനീത് അവധിക്ക് അപേക്ഷിച്ചതെന്നും എന്നാല്‍ ഉന്നത ഉദ്യോഗസ്ഥന്‍ അത് അനുവദിച്ചില്ലെന്നും വിനീതിന്റെ വാട്‌സ്ആപ്പ് ചാറ്റുകള്‍ ഉദ്ധരിച്ച് സിദ്ദിഖ് വയനാട്ടിലെ കല്‍പ്പറ്റയില്‍ മാധ്യമങ്ങളോട് പറഞ്ഞു
അദ്ദേഹത്തിന്റെ ആത്മഹത്യാകുറിപ്പില്‍ തന്റെ മരണത്തിന് ഉത്തരവാദികളായ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പേരുകള്‍ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്.
ആത്മഹത്യയല്ല, കൊലപാതകമായാണ് ഇതിനെ കണക്കാക്കേണ്ടത്. മൂന്ന് തവണ അവധിക്ക് അപേക്ഷിച്ചെങ്കിലും ഉന്നതര്‍ അനുവദിച്ചില്ല. വിനീതിന്റെ മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുതെന്ന് സിദ്ദിഖ് പറഞ്ഞു.
ശാരീരികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടിതനെ തുടര്‍ന്ന് വിനീത് മാനസിക ആഘാതത്തിലായിരുന്നുവെന്ന് അടുത്ത ബന്ധു പറഞ്ഞു.
മേലുദ്യോഗസ്ഥരുടെ പീഡനവും ലീവ് നിഷേധവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് എസ് പി മാധ്യമങ്ങളെ കണ്ട് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയത്. മേലുദ്യോഗസ്ഥനായ എ.സി. അജിത്തിനെതിരെ വിനീത് സുഹൃത്തിനയച്ച വാട്‌സ്ആപ്പ് സന്ദേശത്തില്‍ സൂചനയുണ്ട്. ഇക്കാര്യവും അന്വേഷണത്തിന്റെ പരിഗണനയില്‍ വരുത്തും. വിനീതിന്റെ ഫോണും പരിശോധിക്കും.
കടുത്ത ശാരീരികക്ഷമത ആവശ്യമുള്ള സേനാവിഭാഗത്തിലാണ് വിനീത് ജോലിചെയ്യുന്നത്. 2011 ല്‍ ജോലിയില്‍ ചേര്‍ന്ന വിനീത് ഒട്ടേറെ മുന്നേറ്റങ്ങളുടെ ഭാഗമായിട്ടുണ്ട്. ഇവര്‍ക്ക് ഇടക്കിടെ റിഫ്രഷര്‍ കോഴ്‌സ് നല്‍കാറുണ്ട്. അതിലെ ശാരീരികക്ഷമതാ പരീക്ഷയില്‍ അഞ്ചുകിലോമീറ്റര്‍ 25 മിനിറ്റുകൊണ്ട് ഓടിയെത്തേണ്ടതുണ്ട്. അതില്‍ 30 സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ വിനീത് പരാജയപ്പെട്ടിരുന്നു. ഇതേതുടര്‍ന്നുണ്ടായ മാനസിക വിഷമം ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് എസ് പി പറയുന്നത്. സംഭവത്തെ കുറിച്ച്, വിശദമായ അന്വേഷണം നടത്താന്‍ കൊണ്ടോട്ടി ഡിവൈഎസ്പി സേതുവിനെ ചുമതലപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് സേനയിലെ ഉദ്യോഗസ്ഥനാണ് ഇത്തരത്തില്‍ ജീവന്‍ വെടിയേണ്ടി വന്നത്.
പോലീസ് ഉദ്യോഗസ്ഥനെ ഈ നിലയിലേക്കെത്തിക്കുന്ന സാഹചര്യങ്ങളെന്തൊക്കെയാണ്.സേനയിലെ ഉദ്യോഗസ്ഥര്‍ കീഴ് ഉദ്യോഗസ്ഥരോട് പെരുമാറുന്ന രീതി മോശമാണോ. നിലവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗികജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടോ ഉണ്ടെങ്കില്‍ തന്നെ പരാതി സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ടോ എന്നുള്ളതും ഇത്തരം മരണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധാനമര്‍ഹിക്കുന്നതാണ്.
പോലീസ് സേനയിലെ ആത്മഹത്യയെക്കുറിച്ച് മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് പറയുന്നതിങ്ങനെയാണ്. ‘പോലീസ് സേനയില്‍ ആത്മഹത്യകളുണ്ടാകാറുണ്ട്. അതിന് നിരവധി കാരണങ്ങളുണ്ട്. സമയം നോക്കാതെ, ജോലിയില്‍ വ്യാപൃതാനാകേണ്ടി വരുന്ന പോലീസുകാര്‍ക്ക് വ്യക്തിജീവിതത്തിന് സമയം കണ്ടെത്താന്‍ കഴിയാതെ വരും. ഒരുവര്‍ഷം 18 ല്‍ കൂടുതല്‍ മരണങ്ങളാണ് ഉണ്ടാകുന്നതെങ്കില്‍ പഠനം അനിവാര്യമാണ്. 97,000 പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യമാകേണ്ട കേരളത്തില്‍ 46,000 പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളത്. ഉദ്യോഗസ്ഥര്‍ ലീവ് ചോദിച്ചാല്‍ അനുവദിക്കാന്‍ കഴിയാത്തത് മതിയായ പോലീസ് ഫോഴ്‌സ് കേരളത്തിലില്ലാത്തതുകൊണ്ടാണ്.
കുടുംബജീവിതം ശരിയായ രീതിയില്‍ മുന്നോട്ടുപോയില്ലെങ്കില്‍ ഉണ്ടാകുന്ന മാനസികസമ്മര്‍ദ്ദവും ആത്മഹത്യയിലേക്ക് നയിക്കും. കേരളം മുഴുവന്‍ ആഘോഷവേളകളില്‍ ആനന്ദിക്കുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലായിരിക്കും. ആവശ്യമായ ലീവോ,ആനുകൂല്യങ്ങളോ ഇവര്‍ ലഭിക്കുന്നില്ല. സങ്കീര്‍ണമായ സന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കുന്നതിനോടൊപ്പം ജീവിതത്തെ ലളിതമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ ജോലിയ്ക്ക് എടുക്കാനും ഇപ്പോള്‍ കേരളത്തിന്റെ നിലവിലെ അവസ്ഥയില്‍ സാധിക്കില്ല. ഓരോ സര്‍ക്കാര്‍ മാറി വരുമ്പോള്‍ കടം ഇരട്ടിയായി വര്‍ദ്ധിക്കുകയാണ്. ഏത് പാര്‍ട്ടി വന്നാലും ഇത്തരത്തിലുളള ആത്മഹത്യകളുണ്ടാകുന്നുണ്ട്. 20ല്‍ കൂടുതല്‍ പേര്‍ മരിക്കുന്നുണ്ടെങ്കില്‍ അതില്‍ അന്വേഷണം ആവശ്യമാണെന്നും മുന്‍ ഡിജിപി അഴിമുഖത്തോട് പ്രതികരിച്ചു.
പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍, അത്തരം നടപടിക്ക് പിന്നാലെ കാരണങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാനസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പോലീസ് അക്കാദമിയിലെ ഗവേഷണ വിഭാഗത്തെ വിശദമായി പഠനത്തിന് നിയോഗിച്ചിരുന്നു. തുടര്‍പഠനങ്ങള്‍ നടക്കുന്നുണ്ടോ എന്നുള്ളതും ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.
കേരള പോലീസ് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് ചന്ദ്രാനന്ദന്‍ പറയുന്നതിങ്ങനെയാണ്. ‘അമിതജോലിഭാരം, ശകാരം,സമ്മര്‍ദ്ദം ഇവയാണ് ആത്മഹത്യയ്ക്ക് കാരണമായി കാണുന്നത്. കടുത്ത മാനസികസമ്മര്‍ദ്ദം കാരണം പോലീസുകാര്‍ ജീവനൊടുക്കുന്നത് തുടര്‍ക്കഥയാകുകയാണ്.ഗര്‍ഭിണിയായ ഭാര്യയെ പരിചരിക്കാനും മരണക്കിടക്കയിലുള്ള മാതാപിതാക്കളെ ശുശ്രൂഷിക്കാനും വിവാഹവാര്‍ഷികത്തിന് കുടുംബത്തോട് ഒപ്പം ഒത്തുകൂടാനും കഴിയാത്ത സ്ഥിതിയാണ് പോലീസ് സേനയിലുള്ളത്. പോലീസുകാര്‍ക്ക് ജന്മനാളില്‍ അവധിയെന്നുള്ള ഓര്‍ഡര്‍ ഡിജിപിയുടെ സര്‍ക്കുലര്‍ ഉണ്ടായിരുന്നിട്ടും അത് പാലിക്കപ്പെടുന്നില്ല. ക്യാമ്പുകളിലെ മേലുദ്യോഗസ്ഥരുടെ പീഡനത്തിന്റെ ഒടുവിലത്തെ ഉദാഹരമാണ് അരീക്കോട് പോലീസ് ക്യാമ്പിലെ സിപിഒ വിനീതിന്റെ ആത്മഹത്യ.ഗര്‍ഭിണിയായ ഭാര്യയെ പരിചരിക്കാന്‍ പോലും ലീവ് നല്‍കാതെ മാനസികമായി പീഡിപ്പിച്ച വിനോദിനെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് മേലുദ്യോഗസ്ഥര്‍ ചെയ്തത്.
2016 മെയ് മുതല്‍ 2024 ജൂണ്‍ വരെ സംസ്ഥാനത്ത് 130 പോലീസ് ഉദ്യോഗസ്ഥരാണ് ആത്മഹത്യ ചെയ്തത്. 300 ഓളം ആത്മഹത്യാശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. ഇതേ കാലയളവില്‍ 1082 പേരോളം വിആര്‍എസ് എടുത്തിട്ടുണ്ട്. ഇതെല്ലാം ജോലി ഭാരവും മാനസിക സമ്മര്‍ദ്ദവും മേല്‍ ഉദ്യോഗസ്ഥരുടെ പീഡനസ്വഭാവത്തിലുള്ള പ്രവൃത്തികളുമാണ് കാരണം. ഇതിനെല്ലാം കുടുംബം, സാമ്പത്തികപ്രശ്‌നങ്ങള്‍ എന്നീ കാരണങ്ങളാണെന്ന് സര്‍ക്കാര്‍ പറയുന്നത്. അത് ശരിയല്ല. 2016 ല്‍ 15 പേര്‍, 2017ല്‍ 14പേര്‍, 2018 13പേര്‍, 2019ല്‍ 18പേര്‍, 2020ല്‍ 12പേര്‍, 2021ല്‍ 10പേര്‍, 2022ല്‍ 20പേര്‍, 2023ല്‍ 16പേര്‍, 2024 ഇതുവരെ 12 പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. സേനാംഗങ്ങളുടെ മാനസിക കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സൈക്കോളജിസ്റ്റുകളുടെ സമിതി രൂപീകരിച്ചിരുന്നു. മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ കൗണ്‍സിലിങിന് അയക്കാനും ആ കാലയളവിലെ ഡ്യൂട്ടി കണക്കാക്കാനും ഡിജിപി ഉത്തരവിട്ടിരുന്നു. ഇത്രയും നടപടികളുണ്ടായിരുന്നിട്ടും ഇതൊന്നും തന്നെ മേലുദ്യോഗസ്ഥര്‍ നടപ്പിലാക്കുന്നില്ല. മേലുദ്യോഗസ്ഥരുടെ പീഡനവും സേനയില്‍ അംഗങ്ങളെ വര്‍ദ്ധിപ്പിക്കാത്തതും പോലീസ് സേനയിലെ ആത്മഹത്യയ്ക്ക് രണ്ട് പ്രധാന കാരണങ്ങളാണ്.
മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി ഫിസിക്കല്‍ ട്രെയിനിങ്ങുകളും യോഗ ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്. ജോലിഭാരം കൂടിയ സാഹചര്യത്തില്‍ ഇതിനിടയില്‍ ഈ ക്ലാസുകളും അറ്റന്‍ഡ് ചെയ്യേണ്ട സാഹചര്യമാണുളളത്. മാനസിക സമ്മര്‍ദം കൂടാനുമിത് കാരണമാകുന്നുണ്ട്. ഇത്രയും ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ശാശ്വതപരിഹാരം കാണാന്‍ സര്‍ക്കാരിനും പോലീസ് ഡിപ്പാര്‍ട്ടുമെന്റിനും സാധിച്ചിട്ടില്ല. സാധാരണ പോലീസ് ഉദ്യോഗസ്ഥരുടെ വിഷമതകള്‍ മനസിലാക്കാനും പരിഹാരം കാണാനും പോലീസ് സംഘടനയ്ക്ക് കഴിയുന്നില്ല. സംഘടന നിര്‍ജ്ജീവമായി തുടരുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇത്തരത്തിലുള്ള ജോലിഭാരമോ ആത്മഹത്യയോ ഉണ്ടാകുന്നില്ല. ഔദ്യോഗിക ജീവിതത്തിന്റെ വ്യക്തമായ സ്വാധീനമാണ് പോലീസ് ഉദ്യോഗസ്ഥരുടെ വ്യക്തിജീവിതത്തെ സംഘര്‍ഷഭരിതമാക്കുന്നതെന്നും ചന്ദ്രാനന്ദന്‍ അഴിമുഖത്തോട് പ്രതികരിച്ചു.