ഒഡീഷയിലെ പുരിയിൽ പതിനഞ്ചു വയസുകാരിയെ തീ കൊളുത്തി യുവാക്കൾ. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പുരി സ്വദേശി സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴിയാണ് ആക്രമണം നടന്നത്. ഇന്ന് രാവിലെ എട്ടരയോടെയാണ് മൂന്ന് യുവാക്കൾ ചേർന്ന് പെൺകുട്ടിയെ തീകൊളുത്തിയത്. പെൺകുട്ടി നിലവിൽ ഭുവനേശ്വർ എയിംസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ബാലസോറിൽ അധ്യാപികയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ നടപടിയെടുക്കാത്തതിനെ തുടർന്ന് കോളേജ് വിദ്യാർത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം.
സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ബയാബർ ഗ്രാമത്തിൽ ഭാര്‍ഗവി നദിക്ക് സമീപം വിജനമായ പ്രദേശത്ത് മൂന്ന് അക്രമാരികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തടഞ്ഞ് നിര്‍ത്തി തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. തുടര്‍ന്ന് മൂവരും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ദൃക്‌സാക്ഷി പറഞ്ഞു. പെണ്‍കുട്ടിയുടെ അലര്‍ച്ചയും പുകയും കണ്ടതിന് പിന്നാലെ സമീപവാസികള്‍ ഓടിയെത്തി പെണ്‍കുട്ടിയെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് എത്തിക്കുകയും തുടര്‍ന്ന് ഭുവനേശ്വര്‍ എയിംസിലേക്ക് എത്തിക്കുകയുമായിരുന്നു. വനിതാ ശിശു വികസന വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി പ്രവതി പരിദ ഒരു എക്സ് പോസ്റ്റിൽ സംഭവം സ്ഥിരീകരിച്ചു. പുരി ജില്ലയിലെ ബലംഗയിൽ ചില അക്രമികൾ പതിനഞ്ചു വയസ്സുള്ള ഒരു പെൺകുട്ടിയെ റോഡിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ വാർത്ത കേട്ടപ്പോൾ എനിക്ക് ദുഃഖവും ഞെട്ടലും തോന്നിയെന്ന് പ്രവതി പരിദ എക്സിൽ കുറിച്ചു.
പെൺകുട്ടിയെ ഉടൻ തന്നെ എയിംസ് ഭുവനേശ്വറിലേക്ക് മാറ്റി, അവളുടെ ചികിത്സയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തുവരികയാണ്. ചികിത്സയുടെ എല്ലാ ചെലവുകളും സർക്കാർ വഹിക്കും. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്ത് കർശന നടപടിയെടുക്കാൻ പോലീസ് ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട് ഉപമുഖ്യമന്ത്രി പറഞ്ഞു. കുട്ടിയുടെ കൈകളിലും കാലുകളിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വ്യക്തിപരമായ പക കുട്ടിയോട് ആര്‍ക്കുമില്ലെന്നാണ് കുടുംബം അറിയിക്കുന്നത്. കുറ്റവാളികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്.
ഒഡീഷയിലെ ബാലസോറിൽ ബിഎഡ് ബാലസോറിൽ ബിഎഡ് വിദ്യാർത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാവുകയാണ്. വകുപ്പ് മേധാവി ലൈംഗികാതിക്രമം നടത്തിയെന്ന് കാണിച്ച് പെൺകുട്ടി കോളേജ് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. ആരോപണ വിധേയനായ അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് കോളേജ് സ്വീകരിച്ചത്. 90 ശതമാനം പൊള്ളലേറ്റ് ബാലസോറില്‍ ചികിത്സയിലാണ് വിദ്യാര്‍ഥിനി.
കോളേജിനെതിരെ രൂക്ഷ ആരോപണവുമായി കുടുംബവും രംഗത്തെത്തിയിരുന്നു. മകൾ പരാതി നൽകിയിട്ടും കോളേജ് പ്രിൻസിപ്പൽ നടപടിയെടുത്തില്ലെന്ന് വിദ്യാര്‍ത്ഥിനിയുടെ പിതാവ് വ്യക്തമാക്കിയിരുന്നു. ആരോപണ വിധേയനായ പ്രൊഫസർക്കെതിരെ വേറെയും പരാതികൾ ലഭിച്ചിരുന്നു. കോളേജ് അധികൃതരെ ബന്ധപ്പെട്ടപ്പോൾ ഇന്റേണൽ കമ്മിറ്റി റിപ്പോർട്ടിന് കാത്തിരിക്കാനാണ് നിർദ്ദേശിച്ചതെന്നും നടപടിയെടുത്തിരുന്നെങ്കിൽ മകൾക്ക് ഈ അപകടം സംഭവിക്കില്ലായിരുന്നു എന്നും പിതാവ് വ്യക്തമാക്കിയിരുന്നു.
content summary: 15-year-old girl set on fire by three men in Odisha’s Puri, days after Balasore student’s self-immolation incident
Leave a Comment