April 20, 2025 |

ദിവസേന നടക്കുന്നത് മൂന്ന് വിവാഹങ്ങള്‍, ഒഡീഷ ശൈശവ വിവാഹങ്ങളില്‍ ഒന്നാമത്

ഗോത്രപരമായ ആചാരം, സ്ത്രീധനം, എന്നിവയാണ് ഇതിന് പ്രധാന കാരണം

ശൈശവ വിവാഹങ്ങൾ കൂടുതൽ നടക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഒഡീഷയെന്ന് റിപ്പോർട്ട്. ദിനംപ്രതി 3 ശൈശവ വിവാഹങ്ങളാണ് ഒഡീഷയിൽ നടക്കുന്നത്. സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് വേണ്ട നടപടികൾ ഉണ്ടായിട്ടും 6 വർഷങ്ങളായി ഇതേ കണക്കാണ് തുടരുന്നതെന്നാണ് സർക്കാർ വ്യക്തമാക്കിയത്. ​ഗോത്രപരമായ ആചാരം, സ്ത്രീധനം, എന്നിവയാണ് ഇതിന് പ്രധാന കാരണമെന്ന് ശൈശവ വിവാഹം നിർത്തലാക്കാൻ  പ്രവർത്തിക്കുന്ന സംഘടനകൾ വ്യക്തമാക്കി.

2019 മുതൽ 2025 വരെയുള്ള കാലഘട്ടത്തിൽ ഒഡീഷയിൽ മാത്രമായി 8159 ശൈശവ വിവാഹങ്ങളാണ് നടന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. നബരം​ഗ്പൂർ എന്ന സ്ഥലത്താണ് ഇതിൽ 1347 കേസുകളും റിപ്പോർട്ട് ചെയ്തത്. 966 കേസുകളുമായി ​ഗഞ്ചം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. കോരാപുട്ടിൽ 636 കേസുകളും, മയൂർഭഞ്ചിൽ 594 കേസുകളും, രായ​ഗഡയിൽ 408 കേസുകളും, ബാലസോറിൽ 361 കേസുകളും, കിയോ‍ഞ്ജറിൽ 328 കേസുകളും, കാണ്ഡമൽ നയാ​ഗർ എന്നിവിടങ്ങളിൽ 308 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ഒരു രാത്രി കൊണ്ട് ബാലവിവാഹങ്ങൾ നമുക്ക് നിർത്തലാക്കാൻ പറ്റില്ലെന്നും ആദ്യം പെൺകുട്ടികൾക്കും അവരുടെ മാതാപിതാക്കളും ജീവിക്കാൻ ആവശ്യമായ അന്തരീക്ഷം സൃഷ്ടിക്കണമെന്നും ആക്ടിവിസ്റ്റായ നമ്രദ ചദ്ദ്ര പറഞ്ഞു. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ വിവാഹം കഴിക്കുന്നത് ആദിവാസി വിഭാ​ഗങ്ങളിലെ പ്രാചീന ആചാരമാണെന്ന് നമ്രദ വ്യക്തമാക്കി. സ്വന്തം നാട്ടിൽ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറ്റം നടത്തുന്ന കർഷക കുടുംബത്തിലെ അം​ഗങ്ങളായ പെൺകുട്ടികളെയും നേരത്തെ വിവാഹം കഴിച്ചയക്കാറുണ്ട്. പെൺകുട്ടികൾ മറ്റാരുടെയെങ്കിലും കൂടെ ഒളിച്ചോടി കുടുംബത്തിന് മാനക്കേടുണ്ടാക്കുമെന്ന് കരുതുന്നതാണ് ഇങ്ങനെ ചെയ്യാൻ ഇവരെ പ്രേരിപ്പിക്കുന്നത്. പെൺകുട്ടിയ്ക്ക് പ്രായം കൂടുന്തോറും കൂടുതൽ സ്ത്രീധനം നൽകേണ്ടി വരുമെന്ന മാതാപിതാക്കളുടെ ചിന്തയും ഇതിന് കാരണമാണ്.

ശൈശവ വിവാഹങ്ങൾ നിർത്തലാക്കാൻ വേണ്ടി വിവിധ തലങ്ങളിലായി ഒഡീഷ സർക്കാർ പല പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. ശിശുക്ഷേമ വികസന വകുപ്പ് ഓഫീസർ, പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ, എന്നിവരെ ശൈശവ വിവാഹ നിരോധിത പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ നിയമിച്ചിട്ടുണ്ട്. കൂടാതെ കോളേജുകളിലെയും സ്കൂളുകളിലെയും പ്രധാന അധ്യാപകരെ ശൈശവ വിവാഹം നടന്നാൽ ശ്രദ്ധയിൽപ്പെടുത്താൻ നിയമിച്ചിട്ടുണ്ട്. ശൈശവ വിവാഹ നിരോധന നിയമപ്രകാരം രൂപീകരിച്ച കമ്മിറ്റികളുടെ നേതൃത്വത്തിൽ ആറു മാസം കൂടുമ്പേോൾ യോ​ഗങ്ങൾ സംഘടിപ്പിക്കാറുണ്ട്. ശൈശവ വിവാഹത്തിനൊപ്പം തന്നെ ബാലവേലയും സംസ്ഥാനത്തെ പ്രധാന പ്രതിസന്ധികളിൽ ഒന്നാണ്.

content summary: Odisha sees an average of three child marriages every day, with Nabarangpur district leading the way, recording 1,347 cases.

Leave a Reply

Your email address will not be published. Required fields are marked *

×