ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് ജൂലൈ ഒന്നിന് രണ്ട് പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ചിരുന്നു. ഒരു പുസ്തകത്തിന്റെ പേര് ‘ മേരാ പപ്പാ പരംവീര്‍’ എന്നായിരുന്നു, അടുത്തത്,’ ഭാരത് കാ മുസല്‍മാന്‍’. ഉത്തര്‍പ്രദേശിലെ ധമുപൂര്‍ എന്ന ഗ്രാമത്തിലെത്തിയായിരുന്നു മോഹന്‍ ഭഗവത് പുസ്തക പ്രകാശനം നിര്‍വഹിച്ചത്.
ആരെക്കുറിച്ചായിരുന്നു ആ പുസ്തകങ്ങള്‍? മോഹന്‍ ഭഗവത് എത്തിയ ധമുപൂറിന്റെ പ്രത്യേകയെന്താണ്? ഈ രണ്ടു ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമാണ് അബ്ദുള്‍ ഹമീദ്. ഒന്നുകൂടി വിശദീകരിച്ചാല്‍, കമ്പനി ക്വാര്‍ട്ടര്‍ മാസ്റ്റര്‍ ഹവില്‍ദാര്‍ അബ്ദുല്‍ ഹമീദ്. ഇന്ത്യ മരണാനന്തര ബഹുമതിയായി പരംവീര്‍ ചക്ര നല്‍കി ആദരിച്ച മഹാനായ സൈനികന്‍. അദ്ദേഹത്തെ കുറിച്ചുള്ള പുസ്തകങ്ങളാണ് ഹമീദിന്റെ ജന്മനാടായ ധമുപൂരില്‍ വച്ച് മോഹന്‍ ഭഗവത് പ്രകാശം ചെയ്തത്.
1965 ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തില്‍ അസല്‍ ഉത്തറില്‍ നടന്ന ഘോരമായ പാറ്റണ്‍ ടാങ്ക് പോരാട്ടത്തിലാണ് സ്വന്തം രാജ്യത്തിന് വേണ്ടി ഹമീദ് വീരമൃത്യു വരിച്ചത്.
അസല്‍ ഉത്തര്‍ യുദ്ധം
പഞ്ചാബില്‍ ഖേം കരന്‍ പട്ടണത്തില്‍ നിന്നും ഏഴ് കിലോമീറ്റര്‍ മാറി പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് അസല്‍ ഉത്തര്‍. യുദ്ധം തുടങ്ങി ഒരു മാസം കഴിയുമ്പോഴാണ്-1965 സെപ്തംബറില്‍- പാകിസ്താന്‍ ആര്‍മിയുടെ ഒന്നാം കവചിത ഡിവിഷന്‍ അതിര്‍ത്തിയില്‍ ആക്രമണം ശക്തമാക്കിയത്. അവര്‍ അതിര്‍ത്തി ഭേദിച്ച് ഖേം കരന്റെ പല സ്ഥലങ്ങളും പിടിച്ചെടുത്തു. ബിയാസ് നദിക്കു കുറുകെയുള്ള പാലം ലക്ഷ്യം വച്ചായിരുന്നു പാകിസ്താന്റെ മുന്നേറ്റം. ലക്ഷ്യ സ്ഥാനത്ത് വിജയകരമായി എത്തിയാല്‍ അമൃത്സര്‍ ഉള്‍പ്പെടെ പഞ്ചാബിന്റെ നല്ലൊരു ഭാഗം അവര്‍ക്ക് ഇന്ത്യയില്‍ നിന്നും വെട്ടിമാറ്റാന്‍ കഴിയുമായിരുന്നു. പാകിസ്താന്റെ അപ്രതീക്ഷ ആക്രമണം ഖേം കരന് സമീപം വിന്യസിച്ചിരുന്ന ഇന്ത്യയുടെ നാലാം മൗണ്ടന്‍ ഡിവിഷനെ ഞെട്ടിച്ചു. ശത്രുവിന്റെ മുന്നേറ്റത്തില്‍ പകച്ച സൈനികര്‍ പ്രദേശത്ത് നിന്നും പിന്‍വാങ്ങുന്നതിനെ കുറിച്ച് ആലോചിച്ചു. എന്നാല്‍ കാര്യങ്ങള്‍ പെട്ടെന്ന് തന്നെ മറ്റൊരു വഴിക്ക് തിരിഞ്ഞു. വെസ്‌റ്റേണ്‍ ആര്‍മി കമാണ്ടര്‍ ലഫ്റ്റന്റ് ജനറല്‍ ഹര്‍ബക്ഷ് സിംഗ് നാലാം മൗണ്ടന്‍ ഡിവിഷന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് സന്ദര്‍ശിച്ചതിനു പിന്നാലെയാണ് പുതിയ ചില തീരുമാനങ്ങള്‍ ഉണ്ടാകുന്നത്. അസല്‍ ഉത്തറിലെ റോഡ് ജംഗ്ഷനില്‍ പ്രതിരോധം തീര്‍ക്കാന്‍ ലഫ്റ്റനന്റ് ജനറല്‍ ഹര്‍ബക്ഷ് സിംഗ് ഉപദേശിച്ചു. പാകിസ്താന്റെ ടാങ്ക് ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇന്ത്യയുടെ രണ്ടാം കവചിത ബ്രിഗേഡിനെ പ്രദേശത്ത് നിയോഗിക്കാനും തീരുമാനമായി. സെപ്തംബര്‍ എട്ടിനും പത്തിനും ഇടയില്‍ പ്രദേശത്ത് ഏറ്റുമുട്ടല്‍ നടന്നു. ഇന്ത്യയുടെ പ്രതിരോധം തകര്‍ക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടു. 97 ടാങ്കുകളാണ് യുദ്ധത്തില്‍ പാകിസ്താന് നഷ്ടമായത്. കമാന്‍ഡിംഗ് ഓഫിസര്‍ അടക്കം അവരുടെ ഒരു മുഴുവന്‍ കവചിത സൈനിക റെജിമെന്റും ഇന്ത്യക്ക് മുന്നില്‍ കീഴടങ്ങേണ്ടിയും വന്നു. എങ്കിലും വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നതു വരെ ഖേം കരന്‍ പട്ടണം പാകിസ്താന്റെ അധിനീതയില്‍ തന്നെയായിരുന്നു. ഇന്ത്യ പിടിച്ചെടുത്ത പാക് പ്രദേശങ്ങള്‍ വിട്ടുകൊടുത്തതിന്റെ ഭാഗമായാണ് ഖേം കരനില്‍ നിന്നും പാക് പട്ടാളവും ഒഴിഞ്ഞു പോകുന്നത്.
ഹമീദിന്റെ വീരമൃത്യു
അസല്‍ ഉത്തറിലെ ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ നാലാം ഗ്രനേഡിയേഴ്‌സ് ബറ്റാലിയന്റെ ഭാഗമായി ചിമ ഗ്രാമത്തിന്റെ പ്രാന്തപ്രദേശമായ അമൃത്സര്‍-ഖേം കരന്‍ റോഡില്‍ മാതൃരാജ്യത്തെ സംരക്ഷിക്കാനുള്ള നിയോഗത്തിലായിരുന്നു അബ്ദുള്‍ ഹമീദ്. റികോയിലെസ് തോക്കുകളുമായി, അസല്‍ ഉത്തറിലെ വയലുകളില്‍ മറഞ്ഞു കിടക്കുന്ന ശത്രു ടാങ്കുകള്‍ കണ്ടെത്താനുള്ള സംഘത്തെ നയിക്കുകയായിരുന്നു ഹമീദ്.
സെപ്തംബര്‍ പത്ത്, നാല് പാക് ടാങ്കുകള്‍ ഹമീദിന്റെ കണ്ണില്‍പ്പെട്ടു. മറ്റൊന്നും ആലോചിക്കാനില്ലായിരുന്നു ആ വീരന്. പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ നിന്ന് തന്നെ ശത്രുവിന്റെ ടാങ്കുകള്‍ ലക്ഷ്യമായി ഹമീദ് ആക്രമിച്ചു. മൂന്നു ടാങ്കുകള്‍ അദ്ദേഹം തകര്‍ത്തു. ഒരെണ്ണം നിര്‍വീര്യമാക്കി. എന്നാല്‍ ഇതേ സമയം തന്നെ മറ്റൊരു ശത്രു ടാങ്കില്‍ നിന്നും വന്ന വെടിയുണ്ടകള്‍ ആ ധീര സൈനികനെ ഇന്ത്യക്ക് നഷ്ടമാക്കി.
ആ വീരനുള്ള നാടിന്റെ ആദരമായി രാജ്യം അദ്ദേഹത്തിന് പരമോന്നത യുദ്ധ ബഹുമതിയായ പരംവീര്‍ ചക്ര സമ്മാനിച്ചു. ഹമീദ് മരിച്ചു വീണ മണ്ണ് ഇന്നൊരു യുദ്ധ സ്മാരകമാണ്. അദ്ദേഹം പിടിച്ചെടുത്ത ഒരു പാകിസ്താനി പാറ്റണ്‍ ടാങ്ക് ഈ സ്മാരകത്തിന്റെ പ്രവേശന കവാടത്തിലായി ഇന്നും നിലനിര്‍ത്തിയിട്ടുണ്ട്. മാതൃരാജ്യത്തിനു വേണ്ടി പൊരുതി മരിച്ച ഇന്ത്യന്‍ സൈനികര്‍ക്കുള്ള ആദരാഞ്ജലിയാണത്. 1965 india-pakistan war hero abdul hamid, rss chief mohan bhagwat releases book about him
Content Summary; 1965 india-pakistan war hero abdul hamid, rss chief mohan bhagwat releases book about him