January 21, 2025 |

1991 ലെ ആരാധനാലയ നിയമം; സുപ്രിം കോടതി വിലക്കും, കാരണവും

കേസിന്റെ വിവിധ വശങ്ങള്‍ വിശദീകരിക്കുന്നു

ഏതെങ്കിലും ആരാധനാലയത്തിന്റെ നിയമപരമായ അവകാശവും, ഉടമസ്ഥതയും ചോദ്യം ചെയ്യുന്ന പുതിയ ഹര്‍ജികള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നും, ആരാധനാലയങ്ങളില്‍ സര്‍വേ നടത്തുന്നതിന് ഉത്തരവിടുന്നതില്‍ നിന്നും, രാജ്യത്തെ സിവില്‍ കോടതികളെ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സുപ്രിം കോടതി വ്യാഴാഴ്ച വിലക്കിയിരിക്കുകയാണ്. ‘വിഷയം കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍, ഈ കോടതിയുടെ അടുത്ത ഉത്തരവുകള്‍ ഉണ്ടാകുന്നതുവരെ പുതിയ കേസുകള്‍ ഫയല്‍ ചെയ്യുകയോ രജിസ്റ്റര്‍ ചെയ്യുകയോ നടപടികളെടുക്കുകയോ ചെയ്യരുതെന്ന് നിര്‍ദ്ദേശിക്കുന്നത് ഉചിതമാണെന്ന് ഞങ്ങള്‍ കരുതുന്നു… തീര്‍പ്പുകല്‍പ്പിക്കാത്ത ഹര്‍ജികളില്‍, അടുത്ത ഹിയറിംഗ് തീയതി വരെ, ഇടക്കാല ഉത്തരവുകളോ സര്‍വേകളുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ ഉള്‍പ്പെടെയുള്ള അന്തിമ ഉത്തരവുകളോ കോടതികള്‍ പുറപ്പെടുവിക്കരുത്’ എന്നാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്.

കേസിന്റെ വിവിധ വശങ്ങളെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാം

സുപ്രിം കോടതിയിലെ കേസ്
ചീഫ് ജസ്റ്റീസിനെ കൂടാതെ, ജസ്റ്റിസുമാരായ പി വി സഞ്ജയ് കുമാര്‍, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് 1991ലെ ആരാധനാലയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത്. അയോധ്യാ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ കൊണ്ടുവന്ന നിയമം ഒരു ആരാധനാലയം പരിവര്‍ത്തനം ചെയ്യുന്നത് നിരോധിക്കുകയും 1947 ഓഗസ്റ്റ് 15 വരെ എങ്ങനെയാണോ ഒരു ആരാധാനാലയം നിലനിന്നിരുന്നത്, അതേ രീതിയില്‍ ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം നിലനിര്‍ത്താന്‍ വ്യവസ്ഥ ചെയ്യുകയും ചെയ്യുന്നു.

രാമജന്മഭൂമി-ബാബറി മസ്ജിദ് തര്‍ക്കം നേരത്തെ തന്നെ സബ് ജുഡീഷ്യല്‍ ആയതിനാല്‍ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി. ഇതിനകം തീര്‍പ്പുകല്‍പ്പിക്കാത്ത സിവില്‍ സ്യൂട്ടുകള്‍ക്കും (അവയെക്കുറിച്ച് താഴെ കൊടുത്തിട്ടുണ്ട്) ഭാവിയില്‍ ഫയല്‍ ചെയ്‌തേക്കാവുന്നവയ്ക്കും ഈ ഉത്തരവ് ബാധകമാണ്. സിവില്‍ കോടതികളുടെ കേസുകളുടെ ‘രജിസ്ട്രേഷന്‍’ തടയുന്നതാണ് ഉത്തരവ്. തല്‍ഫലമായി, സമീപകാല പല സന്ദര്‍ഭങ്ങളിലും സിവില്‍ കോടതികള്‍ ചെയ്തതുപോലെ, ഒരു സര്‍വേയ്ക്ക് ഉത്തരവിടാനോ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) യില്‍ നിന്ന് റിപ്പോര്‍ട്ട് തേടാനോ കഴിയില്ല. ഈ സിവില്‍ കേസുകളെല്ലാം മസ്ജിദുകളുടെ അവകാശത്തെ ചോദ്യം ചെയ്തുള്ളവയാണ്. നിലവിലുള്ള മുസ്ലിം ആരാധനാലയങ്ങളെല്ലാം മധ്യകാല ഭരണാധികാരികള്‍ തകര്‍ത്ത ഹിന്ദു ക്ഷേത്രങ്ങള്‍ രൂപമാറ്റം നടത്തി നിര്‍മ്മിച്ചതാണെന്നാണ് ഹര്‍ജിക്കാര്‍ വാദിക്കുന്നത്.

ഈ സിവില്‍ സ്യൂട്ടുകളിലെ കോടതി ഉത്തരവുകള്‍ ആരാധനാലയ നിയമം പരിഗണിക്കാതെ, മതേതരത്വത്തവും നിയമവാഴ്ചയും സംബന്ധിച്ച ഭരണഘടനാ തത്ത്വങ്ങള്‍ ലംഘിക്കുകയാണെനന് കാരണത്താല്‍ ചോദ്യം ചെയ്യപ്പെടാമെന്നാണ് സുപ്രിം കോടതി നിരീക്ഷിച്ചത്.

അതേസമയം, 1991ലെ നിയമത്തെ ഭരണഘടനാപരമായി സുപ്രിം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം. ഇത്തരം ഹര്‍ജികള്‍ 2020 മുതല്‍ കെട്ടിക്കിടക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടും നിര്‍ണായമാകും. സര്‍ക്കാര്‍ നിയമത്തെ സംരക്ഷിക്കുമോ അതോ അതിനെതിരെ വാദിക്കുമോ എന്ന് കണ്ടറിയണം.

രണ്ട് പ്രധാന കാരണങ്ങളാല്‍ ഹര്‍ജിക്കാര്‍ 1991 ലെ നിയമത്തെ ചോദ്യം ചെയ്തിട്ടുണ്ട്. ഒന്ന്, ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിശോധിക്കുന്നതിലും തീരുമാനമെടുക്കുന്നതിലും ജുഡീഷ്യറിയുടെ പങ്കിനെ ഈ നിയമം ദുര്‍ബലപ്പെടുത്തുന്നുവെന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു. രണ്ടാമതായി, ഒരു ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം നിര്‍ണ്ണയിക്കുന്നതിനുള്ള തീയതിയായി 1947 ഓഗസ്റ്റ് 15 എന്ന് നിശ്ചയിച്ചത് ഏകപക്ഷീയമാണ്.

Post Thumbnail
ഭജന്‍ ലാല്‍ ഞെട്ടിയപോലെ ഹൂഡ ഞെട്ടുമോ?വായിക്കുക

2019ല്‍, അയോധ്യ കേസിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍, 1991 ലെ നിയമം ‘ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ’ ഭാഗമാണെന്ന് സുപ്രിം കോടതി പരാമര്‍ശിച്ചിരുന്നു.

അതിനാല്‍, 1991ലെ നിയമം നേരിട്ട് വെല്ലുവിളി നേരിടുന്നില്ലെങ്കിലും, നിയമത്തിന്റെ ഭരണഘടനാ സാധുത നിര്‍ണയിക്കുന്നതില്‍ സുപ്രിം കോടതി നിരീക്ഷണങ്ങള്‍ ഇപ്പോഴും പ്രസക്തമാണ്.

ആരാധനാലയ നിയമം: നാള്‍ വഴികള്‍
1991: ആരാധനാലയ(പ്രത്യേക വ്യവസ്ഥകള്‍) നിയമം നിലവില്‍ വന്നു; ഒരു ആരാധനാലയത്തിന്റെ ‘മത സ്വഭാവം’ 1947 ആഗസ്ത് 15-ലെ പോലെ തന്നെ നിലനില്‍ക്കുമെന്ന് നിയമത്തില്‍ പറയുന്നു. ഈ നിയമത്തിന് പറയാവുന്ന ഒരേയൊരു അപവാദം: ‘രാമ ജന്മഭൂമി-ബാബറി മസ്ജിദ്’ കേസാണ്. അയോധ്യാ സമരം കൊടുമ്പിരികൊണ്ടിരുക്കുമ്പോള്‍ ബാബറി മസ്ജിദ് അപ്പോഴും നിലക്കുകയായിരുന്നു.

ഒക്ടോബര്‍ 2020: നിയമത്തെ ചോദ്യം ചെയ്ത് ആദ്യ ഹര്‍ജി സമര്‍പ്പിച്ചു. പിന്നീട് അഞ്ച് പേര്‍ കൂടി പിന്നീട് ഹര്‍ജികള്‍ ഫയല്‍ ചെയ്തു. തീയതി നിശ്ചയിച്ചത് (1947 ഓഗസ്റ്റ് 15) ഏകപക്ഷീയമാണെന്നും, ആരാധനാലയങ്ങള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ അവലോകനം ചെയ്യാനും തീരുമാനം എടുക്കാനുമുള്ള കോടതികളുടെ കഴിവിനെ ദുര്‍ബലപ്പെടുത്തുകയാണ് നിയമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജികള്‍.

ഓഗസ്റ്റ് 2021: വരാണാസിയില്‍ ഗ്യാന്‍വാപി പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകള്‍ കേസ് ഫയല്‍ ചെയ്തു.

മെയ് 2022: സര്‍വേ നടത്തുന്നത് ആരാധനാലയ നിയമത്തിന്റെ ലംഘനമാകില്ലെന്ന് സിജെഐ ഡി വൈ ചന്ദ്രചൂഡ് വാക്കാല്‍ നിരീക്ഷണം നടത്തി.

2022-2024: മുസ്ലീം പള്ളിയോ ദര്‍ഗയോ ഉള്ള സ്ഥലത്ത് ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നതായി അവകാശപ്പെട്ട് കുറഞ്ഞത് ആറ് ഹര്‍ജികളെങ്കിലും കോടതികളില്‍ ഫയല്‍ ചെയ്തു. ഇതില്‍ മൂന്നെണ്ണത്തില്‍ സര്‍വേ നടത്താന്‍ ഉത്തരവിട്ടു.

ഡിസംബര്‍ 2024: കൂടുതല്‍ സര്‍വേ ഉത്തരവുകള്‍, കൂടുതല്‍ ”ഇടക്കാല-അന്തിമ വിധികള്‍, പുതിയ ഹര്‍ജികള്‍ സ്വീകരിക്കല്‍ എന്നിവ തടഞ്ഞുകൊണ്ട് സുപ്രിം കോടതി ഉത്തരവ് വരുന്നു.

പള്ളി-ക്ഷേത്ര തര്‍ക്കങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാത്ത ഹര്‍ജികള്‍

ഷാഹി ജുമാ മസ്ജിദ്, സംഭാല്‍

കേസ്: കല്‍ക്കി ഭഗവാന്റെ പ്രതിഷ്ഠയുള്ള പുരാതന ക്ഷേത്രമാണ് മസ്ജിദ് ആക്കിയതെന്ന് അവകാശപ്പെട്ട് നവംബര്‍ 19 ന് കേസ് ഫയല്‍ ചെയ്തു.

കേസിന്റെ സ്ഥിതി: നവംബര്‍ 24-ന് സര്‍വേയ്ക്ക് സംഭാല്‍ സിവില്‍ ജഡ്ജി (സീനിയര്‍ ഡിവിഷന്‍) ഉത്തരവിട്ടു. സര്‍വേ നടപടികള്‍ക്ക് പിന്നാലെ പൊലീസും ആള്‍ക്കൂട്ടവും തമ്മില്‍ ഏറ്റുമുട്ടുകയും മൂന്നു പേര്‍ കൊല്ലപ്പെടുകയും ചെയ്തു. നവംബര്‍ 29 ന്, കേസുമായി മുന്നോട്ട് പോകരുതെന്ന് സുപ്രിം കോടതി, സംഭാല്‍ കോടതിയോട് ആവശ്യപ്പെട്ടു.

അടാല മസ്ജിദ്, ജൗന്‍പൂര്‍
കേസ്
: 2024 മെയ് മാസത്തില്‍ അടല ദേവി ക്ഷേത്രം നിന്നിരുന്ന സ്ഥലത്താണ് മസ്ജിദ് ഉള്ളതെന്നു പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തു; ആരാധാനാലയത്തിന്റെ സ്വത്തവകാശം ഹിന്ദുക്കള്‍ക്ക് കൈമാറണമെന്നും അഹിന്ദുക്കള്‍ അവിടേയ്ക്ക് പ്രവേശിക്കാതെ നിരോധന ഉത്തരവ് പുറപ്പെടുവിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

Post Thumbnail
ഫാന്‍സ് ക്ലബ്ബിനെ പാര്‍ട്ടിയാക്കി മാറ്റിയതുകൊണ്ടു മാത്രം ദ്രാവിഡ രാഷ്ട്രീയത്തെ നേരിടാന്‍ വിജയ്ക്ക് കഴിയുമോ?വായിക്കുക

കേസിന്റെ സ്ഥിതി: സര്‍വേയ്ക്ക് ഉത്തരവിട്ടു. സര്‍വ്വേയര്‍മാരുടെ സുരക്ഷ സംബന്ധിച്ച ഹര്‍ജി ഡിസംബര്‍ 16ന് ജൗന്‍പൂര്‍ കോടതി പരിഗണിക്കാനിരിക്കെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനെ ചോദ്യം ചെയ്ത് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

കമല്‍ മൗല മസ്ജിദ്, ഭോജ്ശാല കോംപ്ലക്‌സ്, ധാര്‍
കേസ്
: മുസ്ലിംകള്‍ക്ക് വെള്ളിയാഴ്ചകളില്‍ നമസ്‌കരിക്കാന്‍ അനുമതി നല്‍കിയ 2003ലെ എഎസ്‌ഐ ഉത്തരവിനെ ചോദ്യം ചെയ്ത് 2022ല്‍ എംപി എച്ച്സിക്ക് മുമ്പാകെ ഹര്‍ജി സമര്‍പ്പിച്ചു.

കേസിന്റെ സ്ഥിതി: 2024 മാര്‍ച്ചില്‍, ഹൈക്കോടതി ‘ശാസ്ത്രീയ സര്‍വേ’യ്ക്ക് ഉത്തരവിട്ടു. ഏപ്രിലില്‍, തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശിച്ച് സുപ്രിം കോടതി ഉത്തരവിട്ടു.

ഗ്യാന്‍വാപി മസ്ജിദ്, വാരണാസി
കേസ്
: 1991-ല്‍ ആദി വിശ്വേശ്വര ക്ഷേത്രമാണതെന്ന്് വാദിച്ചു കേസ് ഫയല്‍ ചെയ്തു. 2021-ല്‍ അഞ്ച് ഹിന്ദു സ്ത്രീകള്‍ അവിടെ ആരാധന നടത്താന്‍ അനുമതി തേടി.

കേസിന്റെ സ്ഥിതി: എഎസ്‌ഐ സര്‍വേ നടത്താന്‍ സെഷന്‍സ് ജഡ്ജി ഉത്തരവിട്ടു. 1991 മുതല്‍ 2021 വരെയുള്ള രണ്ട് ഹര്‍ജികളുമായി മുന്നോട്ടു പോകാന്‍ അനുമതി കൊടുക്കുകയും ചെയ്തു.

ഷംസി ജുമാമസ്ജിദ്, ബുദൗണ്‍
കേസ്
: നീലകണ്ഠ മഹാദേവന്റെ ക്ഷേത്രത്തിന് അവകാശവാദമുന്നയിച്ച് അഖില ഭാരത ഹിന്ദു മഹാസഭ 2022-ല്‍ ഹര്‍ജി ഫയല്‍ ചെയ്തു. പ്രാര്‍ത്ഥിക്കാന്‍ അനുമതി തേടിയായിരുന്നു ഹര്‍ജി.

കേസിന്റെ സ്ഥിതി; ബുദൗണിലെ ഫാസ്റ്റ് ട്രാക്ക് കോടതി നിലവില്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയാണ്.

ഖുവ്വത്ത്-ഉല്‍-ഇസ്ലാം മസ്ജിദ്, ഡല്‍ഹി
കേസ്
: 2020-ല്‍, കുത്തബ് മിനാര്‍ സമുച്ചയത്തിലെ പള്ളിക്കുള്ളില്‍ ഹിന്ദു, ജൈന ദേവതകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഫയല്‍ ചെയ്തു.

കേസിന്റെ സ്ഥിതി: 1991-ലെ ആരാധനാലയ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതായി ചൂണ്ടിക്കാണിച്ച് 2021-ല്‍ സിവില്‍ ജഡ്ജി ഹര്‍ജി നിരസിച്ചു. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് ഇതുവരെ എതിര്‍ ഹര്‍ജികള്‍ വന്നിട്ടില്ല.

ഷാഹി ഈദ്ഗാ മസ്ജിദ്, മഥുര
കേസ്
: മസ്ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2020 മുതല്‍ ഹിന്ദു വിഭാഗത്തില്‍ നിന്ന് നിരവധി ഹര്‍ജികള്‍ ഫയല്‍ ചെയ്തു; 1968-ലെ മസ്ജിദും ഒരു പുതിയ ക്ഷേത്രവും ഒന്നിച്ച് നിലനില്‍ക്കാന്‍ അനുവദിച്ച ”കരാറിന്റെ” സാധുതയെ ചോദ്യം ചെയ്യുന്നതായിരുന്നു ഹര്‍ജികള്‍.

കേസിന്റെ സ്ഥിതി: 2024 ഓഗസ്റ്റില്‍, ഹിന്ദു ഹര്‍ജികളുടെ നിലനില്‍പ്പ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ അലഹബാദ് ഹൈക്കോടതി നിരസിച്ചു. തുടര്‍ന്ന് മസ്ജിദ് കമ്മിറ്റി സുപ്രിം കോടതിയെ സമര്‍പ്പിച്ചു.

ടീലെ വാലി മസ്ജിദ്, ലഖ്‌നൗ
കേസ്:
2013-ല്‍, ഔറംഗസേബ് ക്ഷേത്രം തകര്‍ത്ത് നിര്‍മ്മിച്ചതായി ആരോപിക്കപ്പെടുന്ന മസ്ജിദില്‍ സര്‍വേ നടത്തണമെന്നാവശ്യപ്പെട്ട് ഹിന്ദുക്കള്‍ കേസ് ഫയല്‍ ചെയ്തു.

കേസിന്റെ സ്ഥിതി: തീര്‍പ്പ് കല്‍പ്പിക്കാത്ത ഹര്‍ജി ഇപ്പോള്‍ അലഹബാദ് ഹൈക്കോടതിയുടെ മുമ്പാകെയാണ്. കൂടാതെ ഹിന്ദു ഭക്തര്‍ക്ക് ഇവിടെ പ്രാര്‍ത്ഥിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സിവില്‍ ജഡ്ജിയുടെ മുമ്പാകെയും തീര്‍പ്പുകല്‍പ്പിക്കാതെ കിടപ്പുണ്ട്.

Post Thumbnail
അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപി സഖ്യത്തില്‍ ചേരുംവായിക്കുക

അജ്മീര്‍ ഷരീഫ് ദര്‍ഗ, അജ്മീര്‍
കേസ്
: 2024 സെപ്റ്റംബറില്‍ ഈ സ്ഥലത്ത് ശിവക്ഷേത്രം ഉണ്ടെന്ന് അവകാശപ്പെട്ട് കേസ് ഫയല്‍ ചെയ്തു.

കേസിന്റെ സ്ഥിതി: നവംബര്‍ 27-ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം, എഎസ്‌ഐ, അജ്മീര്‍ ദര്‍ഗ കമ്മിറ്റി എന്നിവര്‍ക്ക് സിവില്‍ ജഡ്ജി നോട്ടീസ് അയച്ചു.

മലാലി ജുമാ മസ്ജിദ്, മംഗളൂരു
കേസ്:
2022-ല്‍ വിഎച്ച്പി ഫയല്‍ ചെയ്ത ഒരു കേസ്, നവീകരണ വേളയില്‍ പള്ളിയുടെ അടിയില്‍ ‘ക്ഷേത്രം പോലെയുള്ള’ ഘടന കണ്ടെത്തിയെന്ന് അവകാശപ്പെട്ടു; സ്ഥലത്തിന്റെ സര്‍വേ ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

കേസിന്റെ അവസ്ഥ: 2024 ജനുവരി 31-ന് കര്‍ണാടക ഹൈക്കോടതി, ഹര്‍ജിയില്‍ തീരുമാനമെടിക്കാന്‍ വിചാരണ കോടതിയോട് ഉത്തരവിട്ടു.  1991 Places of Worship Act: What Supreme Court stopped, why

Content Summary; 1991 Places of Worship Act: What Supreme Court stopped, why

×