July 13, 2025 |

യാത്രാ വിലക്കും കേസുകളും; യുഎസ് കോടതിയില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ബൈജു രവീന്ദ്രന്‍

ബൈജു എവിടെയുണ്ടെന്ന് അറിയില്ല, അവസാനമായി പൊതുവിടത്തില്‍ പ്രത്യക്ഷപ്പെട്ടത് ദുബായില്‍

ഈ മാസം അവസാനം യുഎസിലെ ഡെലവെയര്‍ കോടതിയില്‍ നടക്കാനിരിക്കുന്ന കോടതി അലക്ഷ്യക്കേസിന്റെ വിചാരണയ്ക്ക് ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിച്ച് ബൈജുസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍. ദുബായിലും ഇന്ത്യയിലും തനിക്കെതിരെ നിലനില്‍ക്കുന്ന കേസുകളെ തുടര്‍ന്നാണ് ഹാജരാകാനാകാത്തത്. യുഎഇയിലുള്ള യാത്രാ വിലക്കും അദ്ദേഹം കോടതിയെ അറിയിച്ച കാരണങ്ങളിലൊന്നാണെന്നു ‘ദി ന്യൂസ് മിനിറ്റ്’ നു ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.

ബൈജു രവീന്ദ്രന്‍ അവസാനമായി പൊതുവിടത്തില്‍ പ്രത്യക്ഷപ്പെട്ടത് ദുബായിലായിരുന്നു. ജൂണ്‍ 11-നാണ് യുഎഇ വിട്ട് യാത്ര ചെയ്യുന്നതിന് അദ്ദേഹത്തിന് വിലക്ക് വന്നത്. ബൈജു, ഭാര്യ ദിവ്യ ഗോകുലനാഥ്, സഹോദരന്‍ റിജു രവീന്ദ്രന്‍ എന്നിവരുടെ സ്വത്തുക്കള്‍ ഒരു ബില്യണോളം ഡോളര്‍ മൂല്യമുള്ള വായ്പാ കേസിന്റെ ഭാഗമായി ദുബായില്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു. (മംഗലാപുരം മുതല്‍ മയാമി വരെ; ബൈജൂസും ഒരു നിഗൂഢ ഇടനിലക്കാരനും കാണാതായ 4650 കോടിയുടെ കഥയും).

ഇതിനുമുമ്പ് യുഎസ് കോടതിയില്‍ നല്‍കിയ രേഖകളില്‍ ഒപ്പിട്ടിരുന്നതില്‍ നിന്ന് വ്യത്യസ്തമായി ജൂണ്‍ 30-ന് നടക്കുന്ന കോടതി വിചാരണയില്‍ പങ്കെടുക്കാനാകില്ലെന്ന് അറിയിച്ചു കൊണ്ട് നല്‍കിയ രേഖയില്‍ ഒപ്പിനൊപ്പം അത് എവിടെ വെച്ചാണ് ഇട്ടതെന്ന് സൂചിപ്പിക്കുന്ന വിധം സ്ഥലം രേഖപ്പെടുത്തിയിട്ടില്ല.

യുഎസ് ആസ്ഥാനമായ ഗ്ലാസ് ട്രസ്റ്റ് എന്ന 37 വായ്പദാതാക്കളുടെ കൂട്ടായ്മയുടെ പ്രതിനിധിയുടെ പരാതിപ്രകാരം ആയിരുന്നു യുഎഇ കോടതി ബൈജുവിന് യാത്രാ വിലക്ക് നല്‍കിയത്. ജൂലൈ 7ന് നടക്കാനിരിക്കുന്ന വാദത്തില്‍ ഈ വിലക്കിനെ ചോദ്യം ചെയ്യാനാണ് ബൈജുവിന്റെ നീക്കം. എന്നാല്‍ പ്രതിഭാഗം രാജ്യത്ത് നിന്ന് കടന്നുകളയാനും കോടതി ഉത്തരവുകള്‍ അവഗണിക്കാനും സാധ്യതയുണ്ടെന്ന ആശങ്ക ഗ്ലാസ് ട്രസ്റ്റ് കോടതിക്ക് മുന്നില്‍ വെച്ചിട്ടുണ്ട്.

2021 നവംബര്‍ മാസത്തില്‍ ബൈജൂസ് എടുത്ത 10,400 കോടി രൂപയില്‍(1.2 ബില്യണ്‍ ഡോളര്‍) വായ്പയില്‍ നിന്ന് 4650 കോടി (540 മില്യണ്‍ ഡോളര്‍) കാണാതായി എന്നതാണ് കേസിന് ആധാരം. ഈ തുകയോ അതിനു തുല്യമായ ബാങ്ക് ഗ്യാരണ്ടിയോ ഡിപ്പോസിറ്റ് ചെയ്താല്‍ മാത്രമേ നിലവില്‍ ബൈജുവിന് മേലുള്ള യാത്രാ വിലക്ക് നീക്കം ചെയ്യുകയുള്ളൂ.

(ബൈജൂസുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ വായിക്കാന്‍ ‘അഴിമുഖം ഇന്‍വെസ്റ്റിഗേഷന്‍’ സന്ദര്‍ശിക്കുക)

ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ (DIFC) കോടതി ജൂണ്‍ 11ന് നല്‍കിയ ഉത്തരവില്‍ പറയുന്നത് പ്രകാരം: ‘ഈ ഉത്തരവ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരിപ്പിക്കേണ്ടതും പ്രതി യാത്ര ചെയ്യുന്നത് തടയേണ്ടതുമാണ്. 540,647,109.20 യു എസ് ഡോളര്‍ (1,985,834,677.39 ദിര്‍ഹത്തിനു തുല്യമായ സംഖ്യ) ഡിപ്പോസിറ്റ് ചെയ്യുകയോ അതിനു തുല്യമായ ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കുകയോ ചെയ്താല്‍ മാത്രമേ ഈ ഉത്തരവ് റദ്ദാക്കുകയുള്ളൂ.”

മേയ് 21ന് രവീന്ദ്രന്‍ സഹോദരന്മാരുടെയും ദിവ്യ ഗോകുലനാഥിന്റെയും ആസ്തികള്‍ കോടതി കണ്ടു കെട്ടിയിരുന്നു. 540,647,109.20യു എസ് ഡോളര്‍ ആകുന്നത് വരെയുള്ള സ്വത്തുക്കള്‍ കോടതില്‍യിലേക്ക് അറ്റാച്ച് ചെയ്യാനാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. ഈ മൂന്ന് പേരുടെയും ആസ്തികള്‍ ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിനകത്തോ പുറത്തോ കൈമാറ്റം ചെയ്യുന്നത് തടഞ്ഞു കൊണ്ടുള്ള ഒരു ഉത്തരവും അതിനു മുന്‍പത്തെ ദിവസം കോടതി പുറപ്പെടുവിച്ചിരുന്നു. ജൂണ്‍ 3 മുതല്‍ റിജുവിനെതിരെയും യാത്രാ വിലക്ക് ആരംഭിച്ചു.

പ്രതികള്‍ രാജ്യം വിട്ട് ഒളിവില്‍ പോകുന്നത് തടയാനും മറ്റൊരു രാജ്യത്ത് പോയി ഇവര്‍ക്കെതിരെ വീണ്ടും നിയമ നടപടികള്‍ ആരംഭിക്കാനുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുമായി ഈ നടപടികള്‍ അത്യാവശ്യമായി എടുക്കേണ്ടതാണെന്ന് ഗ്ലാസ് ട്രസ്റ്റ് അവരുടെ വാദത്തില്‍ പറയുന്നു.

2024 മേയ് 17ന് പ്രസിദ്ധീകരിച്ച വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ-യുമായി നടത്തിയ ദീര്‍ഘ സംഭാഷണമാണ് ബൈജുവിന്റെതായി പുറത്തു വന്ന ഏറ്റവും ഒടുവിലത്തെ പൊതു പരാമര്‍ശങ്ങള്‍. ഇതിന്റെ തുടക്കത്തില്‍ എഎന്‍ഐ എഡിറ്റര്‍ സ്മിത പ്രസാദ് ചോദിക്കുന്നത് ഇങ്ങനെയാണ്: ”എന്ത് കൊണ്ടാണ് നമ്മള്‍ ഈ അഭിമുഖം ദുബായില്‍ വെച്ച് നടത്തുന്നത്?’

താന്‍ ആദ്യമായി ഇന്ത്യ വിട്ടത് 2019 ഒക്ടോബറിലാണെന്നും, അന്താരാഷ്ട്ര വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടി പുറത്തേക്ക് പോയതാണെന്നും 2021 സെപ്റ്റംബറില്‍ കുടുംബവുമായി ദുബായിലേക്ക് താമസം മാറ്റിയെന്നുമാണ് ഇതിനു ബൈജുവിന്റെ മറുപടി.

ബൈജുസിന്റെ അന്താരാഷ്ട്ര വ്യാപന ശ്രമങ്ങളാണ് ഈ ടെക് ഭീമന്റെ തകര്‍ച്ചയുടെ തുടക്കം. ഒരിക്കല്‍ ബൈജൂസിന്റേതായിരുന്ന എഡ് ടെക് കമ്പനികളെല്ലാം ലോണ്‍ കുടിശ്ശികകകളെ തുടര്‍ന്ന് യുഎസില്‍ ഇപ്പോള്‍ വിറ്റഴിക്കപ്പെടുകയാണ്. ഈ അവസരത്തിലാണ് 1.2 ബില്യണ്‍ ഡോളര്‍. മൂല്യമുള്ള ലോണില്‍ നിന്നുള്ള 533 മില്യണ്‍ യുഎസ് ഡോളര്‍ തിരിച്ചടവ് വന്നിട്ടില്ല എന്ന ഏറ്റവും ഗുരുതരമായ ആരോപണവും ഉയരുന്നത്. ഈ വായ്പ എടുക്കുന്നത് ബൈജുവും കുടുംബവും ദുബായിലേക്ക് മാറി രണ്ട് മാസത്തിനു ശേഷം 2021 സെപ്റ്റംബറിലാണ്.

ജൂണ്‍ 26 വ്യാഴാഴ്ചയാണ് ജൂണ്‍ 30ന് നേരിട്ട് ഹാജരാകാന്‍ സാധിക്കില്ലെന്ന കാര്യം ബൈജു ഡെലവെയര്‍ ബാങ്ക്രപ്റ്റസി കോടതിയെ അറിയിച്ചത്. ഗ്ലാസ് ട്രസ്റ്റ് നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയിലാണ് ഈ ഹിയറിംഗ് നടക്കാനിരിക്കുന്നത്. വായ്പ തിരിച്ചടവ് മുടങ്ങിയത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപെട്ടിട്ടുള്ള നിരവധി കോടതി ഉത്തരവുകള്‍ പറഞ്ഞ തീയതികള്‍ കഴിഞ്ഞിട്ടും പരിഗണിക്കാത്തതാണ് ഈ ഹര്‍ജിക്ക് ആധാരം.

കോടതി രേഖകള്‍ പ്രകാരം, ”ബൈജു ഇത് വരെ ഒരു രേഖ പോലും ഹാജരാക്കിയിട്ടില്ല. ഇത് മൂലം അന്വേഷണം വൈകിക്കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ മുന്‍കാലങ്ങളില്‍ കാണിച്ചതുപോലെ ആല്‍ഫ ഫണ്ട് ഒളിപ്പിക്കാനും അതില്‍ നിന്നുള്ള വരുമാനം മറച്ചുവയ്ക്കാനോ കൂടുതല്‍ സമയം നേടാനോ ഉള്ള ശ്രമങ്ങളില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട്. അതിനാല്‍ കോടതിയോടുള്ള അവഹേളനത്തിന്റെ ഉത്തരവാദിത്വം നിര്‍ബന്ധമായും ബൈജു വഹിക്കേണ്ടതുണ്ട്…’ ഗ്ലാസ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. .

ഇന്ത്യയിലും ദുബായിലുമായി തനിക്കെതിരെ നല്‍കിയിട്ടുള്ള നിരവധി കേസുകള്‍ക്കായി തയാറെടുക്കുന്ന തിരക്കിലായിരുന്നുവെന്നാണ് നാല്പത്തിയഞ്ചുകാരനായ ബൈജു ഇതിനു മറുപടിയായി കോടതിയെ അറിയിച്ചത്. ജൂലൈ 4നും 7നും ദുബായില്‍ നടക്കുന്ന ഹിയറിങ്ങുകള്‍ക്ക് ഞാന്‍ വ്യക്തിപരമായി എത്തേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത പ്രസ്താവനയില്‍ ബൈജു ചൂണ്ടിക്കാണിക്കുന്നത് ഇങ്ങനെ; ”യുഎഇ കോടതിയില്‍ എന്റെ വാദം കേള്‍ക്കാതെയാണ് (ex parte) യാത്രാ വിലക്ക് നല്‍കിയത്. ഈ ഉത്തരവ് വരുന്ന സമയത്ത് ഞാന്‍ ദുബായില്‍ ഇല്ല. എന്നാല്‍ തിരിച്ച് പോയാല്‍ എനിക്ക് പുറത്തുകടക്കാനാകില്ല. കൂടാതെ, ഭാര്യ ദിവ്യ ഗോകുലനാഥിനെതിരെയും യാത്രാ വിലക്കുണ്ട്. അതിനാല്‍ കുടുംബത്തെ കാണാനും അച്ഛനെ കാണാനും എനിക്ക് കഴിയുന്നില്ല. അദ്ദേഹം കാന്‍സര്‍ ചികിത്സക്കായി യുഎഇയില്‍ കഴിയുകയാണ്.’  Byju Raveendran says unable to attend US court hearing, cites travel ban and other cases

Content Summary; Byju Raveendran says unable to attend US court hearing, cites travel ban and other cases

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×