ബൈജൂസിന്റെ പേരിലുള്ള 10,400 കോടി രൂപയുടെ വായ്പയില്‍ ഏതാണ്ട് 4650 കോടി രൂപ കാണാതത് സംബന്ധിച്ച കൂടുതല്‍ കോടതി രേഖകള്‍ പുറത്ത്. ബൈജൂസിന്റെ വിദേശ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുന്ന മംഗലാപൂരം സ്വദേശിയായ ബിസിനസുകാരന് ഇതിലുള്ള പങ്കിനെ കുറിച്ചും ഈ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്ന ഇടപാടുകളെ കുറിച്ചും ഈ രേഖകള്‍ വ്യക്തത നല്‍കുന്നു.
ബൈജൂസ് എഡ്യുടെക് കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയുടെ കഥകളില്‍ ഏറ്റവും വിശ്വസിനീയമല്ലാത്ത ഒന്ന് ഈ കമ്പനിയുടെ പേരിലുള്ള 1.2 ബില്യണ്‍ ഡോളര്‍ അഥവാ 10,400 കോടി രൂപയുടെ വായ്പയില്‍ ഏതാണ്ട് 4650 കോടി രൂപ (533 മില്യണ്‍ ഡോളര്‍) കാണാതായതാണ്.
ഈ നിഗൂഢതയുടെ ചുരുളഴിയാന്‍ തുടങ്ങിയത് അമേരിക്കയിലുള്ള ഒരു പോര്‍ട്ഫോളിയോ മാനേജ്മെന്റ് കമ്പനിയായ ബെഞ്ച്മാര്‍ക്ക് ഇന്‍വെസ്റ്റ്മെന്റസ്, ബ്രെറ്റ്ബോര്‍ഗെര്‍സെന്‍ ആന്‍ഡ് ഹാരിമാക്സ് കള്‍സള്‍ട്ടന്റ്സ് എന്ന ഫ്‌ളോറിഡ ആസ്ഥാനമായ ഒരു ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിനെതിരെ 2022 സെപ്തംബറില്‍ ഒരു കേസ് ഫയല്‍ ചെയ്തതോടെയാണ്. ഒരു സാമ്പത്തിക കൈമാറ്റത്തില്‍ ബെഞ്ച്മാര്‍ക്ക് ഇന്‍വെസ്റ്റ്മെന്റ് ഉള്‍പ്പെട്ടിട്ടുണ്ട് എന്നവകാശപ്പെടുന്നു എന്നാരോപിച്ചായിരുന്നു കേസ്. ബൈജൂസും കാംഷാഫ്റ്റ് കാപിറ്റല്‍ എന്ന സ്ഥാപനവുമായുള്ള ദശലക്ഷക്കണക്കിന് ഡോളറുകളുടെ ഇടപാടുകള്‍ നടത്തിക്കൊടുത്തതിന് ബോര്‍ഗര്‍സെന്‍ ആന്‍ഡ് ഹാരി മാക്സിന് കമ്മീഷന്‍ വകയില്‍ ബെഞ്ച്മാര്‍ക്ക് ഇന്‍വെസ്റ്റ്മെന്റസ് യാതൊരു പണവും നല്‍കാനില്ല എന്നതായിരുന്നു കോടതിയില്‍ അവരുടെ കേസ്.
ഇവിടെയാണ് രൂപിന്‍ ബാങ്കറുടെ രംഗപ്രവേശം. മംഗലാപുരത്തെ ഒരു പ്രധാന കുടുംബാംഗമാണിയാള്‍. ലണ്ടന്‍ ആസ്ഥാനമായുള്ള ഒ.സി.ഐ ലിമിറ്റഡ് എന്ന കമ്പനിയിലെ സ്ട്രക്ചറിങ് വിഭാഗത്തിന്റെ തലവനാണ് രൂപിന്‍ ബാങ്കര്‍. കമ്പനിയിലെ ഇന്ത്യയിലേയും സൗത്ത് ഈസ്റ്റ് ഏഷ്യയിലേയും പ്രവര്‍ത്തനങ്ങളുടെ ചുമതല അദ്ദേഹത്തിനാണ്. ഈ കമ്പനിയെ ആണ് ബൈജൂസ് തങ്ങളുടെ വായ്പാതുകയുടെ സുപ്രധാനമായ ഒരു ഭാഗത്തിന്റെ വിനിയോഗത്തിന്റെ നടത്തിപ്പുകാരായി തിരഞ്ഞെടുത്തത്.
ന്യൂയോര്‍ക്കിലെ കോടതി രേഖകളനുസരിച്ച് 2022 മാര്‍ച്ചില്‍ ഹാരിമാക്സ് കള്‍സള്‍ട്ടന്റ്സിന്റെ മാനേജിങ് പാര്‍ട്ട്നര്‍ ആയിട്ടുള്ള ബോര്‍ഗര്‍സെന്നിനെ രൂപിന്‍ ബാങ്കര്‍ ബന്ധപ്പെട്ടു. ഒ.സി.ഐയും ബൈജൂസും തമ്മിലുള്ള ഏകദേശം 2679 കോടി രൂപയുടെ (318 മില്യണ്‍ ഡോളര്‍) ഇടപാട് നടത്താന്‍ പറ്റുന്ന ഒരു സ്ഥാപനത്തെ തിരഞ്ഞെടുക്കാനായിരുന്നു ബോര്‍ഗര്‍സെന്‍-ന്റെ സഹായം രൂപിന്‍ ബാങ്കര്‍ക്ക് വേണ്ടത്. തുടര്‍ന്ന്, കോടതി രേഖകള്‍ അനുസരിച്ച്, ബോര്‍ഗെര്‍സെന്‍ യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷനില്‍ (എസ്.ഇ.സി) രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബെഞ്ച് മാര്‍ക്ക് ഇന്‍വെന്റ്മെന്റിന്റെ റോബര്‍ട്ട് ഫോര്‍ട്ടെയെയുമായി ബന്ധപ്പെടുകയും ബൈജൂസിന്റെ സാമ്പത്തിക ഇടപാടിന്റെ നടത്തിപ്പിനായി മയാമി ആസ്ഥാനമായുള്ള കാംഷാഫ്റ്റ് കാപിറ്റല്‍ ഫണ്ടിനെ ഏല്‍പ്പിക്കുകയും ചെയ്തു.
ബൈജൂസിന്റെ ആല്‍ഫ എന്ന സ്ഥാപനവും (ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയില്‍ ഡെലവെയറിലുള്ള സ്ഥാപനമാണ് ആല്‍ഫ) ഒ.സി.ഐ ലിമിറ്റഡുമായുള്ള ഇടപാടിലെ ഇടനിലക്കാരായി കാംഷാഫ്റ്റിനെ ഏല്‍പ്പിച്ചു. 2024 ഒക്ടോബറില്‍ ബൈജൂസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രന്‍ ഡെലവെയറിലെ ബാങ്കറപ്സി കോടതിയില്‍ ഒരു സത്യവാങ്മൂലം സമര്‍പ്പിച്ചു. അതനുസരിച്ച് ബൈജൂസിന്റെ സാമ്പത്തിക ഇടപാടുകളും ചെലവുകളും -ബൈജൂസ് ഔദ്യോഗിക സ്പോണ്‍സര്‍മാരില്‍ ഒരാളായിരുന്ന ഖത്തറിലെ ഫിഫ വേള്‍ഡ് കപ് അടക്കം- അക്കാലത്ത് കൈകാര്യം ചെയ്തിരുന്നത് ഒ.സി.ഐ ആയിരുന്നുവെന്ന് പറയുന്നു.
എന്തുകൊണ്ട് കാംഷാഫ്റ്റിനെ ഇതിനായി തിരഞ്ഞെടുത്തു എന്നത് അത്ഭുതകരമാണെന്നാണ് സ്വകാര്യ അന്വേഷകനായ മിഷേല്‍ ഗാലോ വെളിപ്പെടുത്തുന്നത്. ഗ്ലാസ് ട്രസ്റ്റ് എന്ന ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളുടെ കര്‍സോര്‍ഷ്യമാണ് -അവരാണ് ദീര്‍കാലാടിസ്ഥാനത്തില്‍ വായ്പ നല്‍കിയത്- മിഷേല്‍ ഗാലോയെ അന്വേഷണത്തിനായി നിയമിച്ചത്. മയാമിയിലെ ലിറ്റില്‍ ഹവാന പരിസരങ്ങളിലുള്ള ഇന്റര്‍ നാഷണല്‍ ഹൗസ് ഓഫ് പാന്‍കേക്കസ് (ഐ.എച്ച്.ഒ.പി) ഔട്ലെറ്റിലാണ് കാംഷാഫ്റ്റ് പ്രവര്‍ത്തിക്കുന്നത് എന്നാണ് 2024 ജൂലായില്‍ ഡെലവെയര്‍ ബാങ്കറപ്റ്റ്സി കോടതിയില്‍ ഗാലോ വെളിപ്പെടുത്തിയത്. കാംഷാഫ്റ്റിന്റെ വെബ്സൈറ്റില്‍ കമ്പനിയുടെ മറ്റൊരു വിലാസം കൂടിയുണ്ട്. അത് ‘വീവര്‍ക്ക് (ഓഫീസ് ഫെസിലിറ്റി നല്‍കുന്ന സ്ഥാപനം) ഫെസിലിറ്റിയില്‍ ആവശ്യത്തിന് ഫര്‍ണീച്ചര്‍ പോലുമില്ലാത്ത ഒരു ചെറിയ മുറി വാടകയ്ക്കെടുത്ത് വാതിലില്‍ കാംഷാഫ്റ്റ് എന്ന ബോര്‍ഡ് വച്ചിട്ടുള്ളതാണെന്നും ഗാലോ അറിയിച്ചു.
കാപ്ടേബ്ള്‍, നൂറുകണക്കിന് കോടതി രേഖകള്‍ അടക്കം പരിശോധിച്ചുകൊണ്ട് നടത്തിയ അന്വേഷണത്തില്‍ നിന്ന് മനസിലാക്കുന്നത് കാംഷാഫ്റ്റ് ഒരു തട്ടിക്കൂട്ടിയ തട്ടിപ്പ് സ്ഥാപനമാണോ എന്ന കാര്യം, 533 മില്യണ്‍ ഡോളര്‍ അഥവാ 4650 കോടി രൂപയുമായി ബന്ധപ്പെട്ട ദുരൂഹതയുടെ ഒരു ചെറിയ അംശം മാത്രമാണ് എന്നാണ്.
ബൈജു രവീന്ദ്രനും അദ്ദേഹത്തിന്റെ സഹോദരന്‍ റിജു രവീന്ദ്രനും ഒ.സി.ഐ ലിമിറ്റഡിനും ജനുവരി 27ന് ചോദ്യങ്ങള്‍ അയച്ചിരുന്നുവെങ്കിലും മറുപടി ലഭിച്ചില്ല. മുംബൈ ആസ്ഥാനമായുള്ള ഒരു പി.ആര്‍ പ്രൊഫഷണല്‍ കേതന്‍ രംഗ കാപ് ടേബിളുമായി ബന്ധപ്പെട്ടിരുന്നു. ഒ.സി.ഐയുടെ സി.ഇ.ഒ ഒലിവര്‍ ചാപ്മാനുമായി ഒരു ഫോണ്‍ സംഭാഷണം നടത്താമെന്ന് അദ്ദേഹം പറഞ്ഞുവെങ്കിലും ഒ.സി.ഐയില്‍ നിന്നോ ചാപ്മാനില്‍ നിന്നോ യാതൊരു വിധ ആശയവിനിമയവും ഉണ്ടായില്ല. രൂപിന്‍ ബാങ്കറാകട്ടെ പിന്നീട് ഇത് സംബന്ധിച്ച അന്വേഷണവും വാര്‍ത്തയും എല്ലാം ഉടനടി നിര്‍ത്തണമെന്നാവശ്യപ്പെട്ടുള്ള ‘സീസ് ആന്‍ഡ് ഡെസിസ്റ്റ്’ നോട്ടീസ് കാപ് ടേബിളിന് അയച്ചു.
പണത്തിന്റെ സഞ്ചാര പഥം
ബൈജൂസിനേയും ഒ.സി.ഐയേയും സഹായിക്കാന്‍ കാംഷാഫ്റ്റിനെ തിരഞ്ഞ് പിടിക്കുന്നതിന് ഏതാണ്ട് രണ്ട് വര്‍ഷം മുമ്പ്, 2020-ലാണ്, 23 വയസുള്ള വില്യം കാമെറോണ്‍ മോര്‍ടോണ്‍ ഈ സ്ഥാപനം ആരംഭിക്കുന്നത്. ഗ്ലാസ് ട്രസ്റ്റ് പറയുന്നത് മോര്‍ടോണ്‍ കോളേജ് വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കിയിട്ടില്ല എന്നും 2015 ഡിസംബറില്‍ ഒരു കുടുംബാംഗത്തിന് നേരെ ശാരീരിക ആക്രമണം നടത്തിയതിന് കൗമാരപ്രായത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആളാണ് എന്നുമാണ്.
കമ്പനിയുടെ രേഖകള്‍ പ്രകാരം ജയ്സണ്‍ പെരസ് എന്നയാളാണ് കോ-ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍. ഗ്ലാസ് ട്രസ്റ്റിന്റെ അന്വേഷകനായ ഗാലോ ഈ ജെയ്സണ്‍ പെരസിനെ അന്വേഷിച്ച് കണ്ടുപിടിച്ചപ്പോള്‍ അദ്ദേഹം ആദ്യമായിട്ടാണ് അങ്ങനെയൊരു ജോലിയെ കുറിച്ച് കേള്‍ക്കുന്നത്. അദ്ദേഹം ഒരു അനസിസ്റ്റ് മാത്രമാണ്. കാംഷാഫ്റ്റില്‍ ജോലി ചെയ്യുന്നതായി രേഖപ്പെടുത്തിയിട്ടുള്ള മറ്റുള്ളവരാകട്ടെ മോര്‍ടോണിനെ അറിയാമെങ്കിലും ഒരുതവണയോ മറ്റോ മാത്രമേ ഒരുമിച്ച് ജോലി ചെയ്തിട്ടുള്ളൂ.
ബൈജൂസുമായുള്ള ഇടപാടിന് മുമ്പ് കാംഷാഫ്റ്റ് 10 മില്യണ്‍ ഡോളറില്‍ തഴൈയുള്ള സ്വത്തുമാത്രമേ (അസെറ്റ്സ് അണ്ടര്‍ മാനേജ്മെന്റ്-എ.യു.എം) കൈകാര്യം ചെയ്തിരുന്നുള്ളൂ. ബൈജൂസിന്റെ സേവനത്തിലേയക്ക് ഇവര്‍ പ്രവേശിച്ചതോടെ കാംഷാഫ്റ്റിന്റെ ആകെ എ.യു.എമ്മിന്റെ 90 ശതമാനവും ബൈജൂസിന്റേതായി മാറി.
ബൈജൂസും കാംഷാഫ്റ്റും തമ്മിലുള്ള ആദ്യ കരാര്‍ പ്രകാരം 318 മില്യണ്‍ ഡോളര്‍ കാംഷാഫ്റ്റ് കാപിറ്റല്‍ ഫണ്ടില്‍ ബൈജൂസ് നിക്ഷേപിക്കുകയും കാംഷാഫ്റ്റ് കാപിറ്റല്‍ മാനേജ്മെന്റ് ഒരു ഫണ്ട് മാനേജറായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും ഫ്ളോറിഡ കോടതിയില്‍ ഹാരിമാക്സ് സമര്‍പ്പിച്ചിട്ടുള്ള രേഖകളില്‍ കാണാം. ഈ നിക്ഷേപത്തിന് ശേഷം കാംഷാഫ്റ്റ് ഒ.സി.ഐയ്ക്ക് 300 മില്യണ്‍ ഡോളര്‍ കടമായി നല്‍കുയും ഒ.സി.ഐ ആ പണം ബൈജൂസിന് വേണ്ടി പരസ്യങ്ങളും പ്രൊഡക്റ്റുകളും ചുരുങ്ങിയ നിരക്കില്‍ വാങ്ങാനായി ചെലഴവിക്കുകയും ചെയ്യും. ന്യൂയോര്‍ക്ക് കോടതിയില്‍ ബൈജൂ രവീന്ദ്രന്‍ സമര്‍പ്പിച്ചിട്ടുള്ള രേഖയിലും ഇത് സമ്മതിക്കുന്നുണ്ട്.
കരാര്‍ പ്രകാരം ഒ.സി.ഐ കാംഷാഫ്റ്റിന് മൂന്ന് വര്‍ഷത്തേയ്ക്ക് ഒരു ശതമാനം പലിശ നല്‍കും. ഇത് പ്രകാരം വരുന്ന ഒന്‍പത് മില്യണ്‍ ഡോളര്‍ ആദ്യമേ തന്നെ അടയ്ക്കുകയും ചെയ്തു. ഈ തുക ബ്രെറ്റ് ബോര്‍ഗെര്‍സെന്‍, അദ്ദേഹത്തിന്റെ കമ്പിനിയായ ഹാരി മാക്സ്, ബെഞ്ച് മാര്‍ക്ക്, കാംഷാഫ്റ്റ് എന്നിങ്ങനെ തുല്യമായി വീതിക്കും. കാംഷാഫ്റ്റിനെ കണ്ടെത്തുകയും ബൈജൂസിന് പരിചയപ്പെടുത്തുകയും ചെയ്തതിനുള്ള പ്രതിഫലമാണത്.
318 മില്യണ്‍ ഡോളറില്‍ ഒന്‍പത് മില്യണ്‍ ഡോളര്‍ കാംഷാഫ്റ്റ് ബൈജൂസിന്റെ മൂന്ന് വര്‍ഷത്തേയ്ക്കുള്ള നിക്ഷേപമായി കൈകാര്യം ചെയ്യും. ഒന്‍പത് മില്യണ്‍ ഡോളറിന്റെ രണ്ട് ശതമാനമായ 1,80,000 ഡോളര്‍ ബൈജൂസ് വാര്‍ഷിക മാനേജ്മെന്റ് ഫീസായി കാംഷാഫ്റ്റിന് നല്‍കുമെന്നും കരാര്‍ പറയുന്നു. ഈ നിക്ഷേപത്തില്‍ നിന്നുള്ള വരുമാനത്തിന്റെ 30 ശതമാനവും കാംഷാഫ്റ്റിന് ലഭിക്കും. ബൈജൂസിന് യു.എസ് കാപിറ്റല്‍ മാര്‍ക്കെറ്റുമായി ബന്ധപ്പെടാന്‍ വേണ്ടി രൂപീകരിച്ച കടലാസ് കമ്പനി ബൈജൂസ് ആല്‍ഫയ്ക്കും കാംഷാഫ്റ്റില്‍ ചെറിയൊരു പങ്കാളിത്തമുണ്ട്.
കോടതി രേഖകള്‍ അനുസരിച്ച് ഈ കരാറുകള്‍ എല്ലാം പ്രാബല്യത്തില്‍ വരുത്തിയത് ഒ.സി.ഐ ജാമ്യമായി നല്‍കിയ പ്രൊമിസറി നോട്ടും, ബൈജു രവീന്ദ്രന്‍, കാഷാഫ്റ്റ്, ഒ.സി.ഐ എന്നിവര്‍ തമ്മിലുള്ള സൈഡ് ലെറ്റേഴ്സും ഉപയോഗിച്ചാണ്. ഈ ഇടപാട് 2022 മേയ് 22ന് പൂര്‍ത്തിയായി.
2022 ജൂണ്‍ മൂന്നിന്, ഒ.സി.ഐയ്ക്കും ബൈജൂസിനും അടുത്ത ഘട്ടം പണം കൈമാനത്തിന് താത്പര്യം ഉണ്ടെന്ന് ബോര്‍ഗെര്‍സെന്‍ ബെഞ്ച് മാര്‍ക്കിനേയും കാംഷാഫ്റ്റിനേയും അറിയിക്കുന്നു, ജൂണ്‍ 23ന് വീണ്ടും 110 മില്യണ്‍ ഡോളര്‍ കാംഷാഫ്റ്റിന് ബൈജു കൈമാറുന്നു. വീണ്ടും ഈ പണം ഒ.സി.ഐയ്ക്ക് കാംഷെഫ്റ്റ് വായ്പ നല്‍കുന്നു. 2022 ജൂലായ് 12-13 തീയതികളില്‍ 105 മില്യണ്‍ ഡോളര്‍ കൂടി കാംഷാഫ്റ്റിന് ബൈജൂസ് കൈമാറിയതായി യു.എസ് കോടതി രേഖ പറയുന്നു.
ഏഴ്മാസങ്ങള്‍ക്ക് ശേഷം 2023 മാര്‍ച്ച് ഒന്നിന് കാംഷാഫ്റ്റിലുള്ള ബൈജൂസ് ആല്‍ഫ് ഇന്‍ക്-ന്റെ പങ്കാളിത്തം മുഴുവന്‍ ഡെല്‍വെറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനമായ ഇന്‍സ്പിലേണി-ന് കൈമാറുന്നു. ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക്സ് ആന്റ് ലേണിന്റെ സഹസ്ഥാപനമാണ് ഇന്‍സ്പിലേണ്‍.
ആരാണീ രൂപിന്‍ ബാങ്കര്‍
2024 സെപ്തംബര്‍ 23ന് ഡെലവെയര്‍ സുപ്രീം കോടതി 1.2 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 10400 കോടി രൂപ) വായ്പ തിരിച്ചടിക്കാതെ കുടിശിക വരുത്തിയിട്ടുണ്ട് എന്ന് സ്ഥിരീകരിച്ചതോടെ ഉയര്‍ന്ന് വന്ന സുപ്രധാന ചോദ്യം ബൈജൂസ് ആല്‍ഫ എന്തിനാണ്, എങ്ങനെയാണ് നൂറുകണക്കിന് കോടി രൂപ അഥവാ ദശലക്ഷക്കണക്കിന് ഡോളര്‍, പാന്‍കേക്ക് വില്പനക്കടയായ ഐ.എച്ച്.ഒ.പിയില്‍ ഓഫീസ് വച്ച് നടത്തുന്ന ഒരു ഹെഡ്ജ്ഫണ്ട് സ്ഥാപനത്തെ ഏല്‍പ്പിച്ചത് എന്നതാണ്. ഈ ഇടപാടുകളൊക്കെ നടത്തിയെന്ന് കരുതപ്പെടുന്ന രുപിന്‍ ബാങ്കര്‍ എന്നയാളിലേയ്ക്ക് ശ്രദ്ധ വരുന്നത് അങ്ങനെയാണ്.
രൂപിന്‍ ബാങ്കറുടെ ഒരു ഫോട്ടോ പോലും അദ്ദേഹത്തിന്റെ കമ്പനിയുടെ വെബ്സൈറ്റിലോ ഇന്റര്‍നെറ്റിലെങ്ങുമോ ഇല്ല. ഒരിക്കല്‍ മംഗലാപുരത്ത് വലിയ ബിസിനസുകാരനായിരുന്ന ഹേമന്ത്ബാങ്കറുടെ മകനാണ് രൂപിന്‍ ബാങ്കര്‍. ബാങ്കര്‍ കുടുംബത്തിന്റെ ചരിത്രം തപ്പിയെടുക്കാന്‍ അസാധ്യമാം വിധം ഇരുളിലാണ്. അവരുടെ കുടുംബത്തിലെന്തോ പ്രതിസന്ധിയുണ്ടായി എന്നും അവര്‍ പിന്നീട് മുംബൈയിലേയ്ക്ക് താമസം മാറിയെന്നും അയല്‍ക്കാര്‍ പറയുന്നു.
കുടുംബത്തിന്റെ മംഗലാപുരത്ത് നിന്നുള്ള മാറ്റത്തിന് ശേഷം രൂപന്‍ ബാങ്കറെ കുറിച്ച് നമുക്ക് ലഭ്യമായ വിവരമെല്ലാം കോടതി രേഖകളില്‍ നിന്ന് കൂട്ടിയോജിപ്പിച്ചവയാണ്. 2018-ല്‍ മുംബൈയിലെ ഒരു കെട്ടിട നിര്‍മ്മാതാവ് അയാളില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞ് രൂപിന്‍ ബാങ്കര്‍ക്കെതിരെ കേസ് നല്‍കിയിട്ടുണ്ട്. മുംബൈയിലെ പ്രഭാദേവി പ്രദേശത്ത് 2011-ല്‍ 8.5 കോടി രൂപയ്ക്ക് ഒരു വസ്തു രൂപിന്‍ ബാങ്കര്‍ വാങ്ങിയിരുന്നു. അതിന് ഏഴു കോടി രൂപ പണം നല്‍കുകയും ചെയ്തു. എന്നാല്‍ നിര്‍മ്മാണം നിയമക്കുരുക്കില്‍ പെട്ട് തടസപ്പെട്ടപ്പോള്‍ മൂന്ന് ക്രിമിനലുകള്‍ക്ക് ഒന്നര കോടി രൂപ നല്‍കി കെട്ടിട നിര്‍മ്മാതാവിനെ ഭീഷണിപ്പെടുത്തി തനിക്കുള്ള നഷ്ടപരിഹാരമായി 11 കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് കേസ്.
കാപ് ടേബ്ളില് ലഭിച്ച രേഖകളിലുള്ള, 2022-ലെ ഒരു ദുബായ് കോടതി നോട്ടീസ് പ്രകാരം, ബാങ്കര്‍ ദുബായില്‍ വ്യാജരേഖകളുണ്ടാക്കി മുംബൈ ആസ്ഥാനമായുള്ള ബിസിനസുകാരന്‍ കൈലാഷ് അഗര്‍വാളിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 35 കോടി രൂപ തട്ടിയെടുത്ത കേസില്‍ രൂപിന്‍ ബാങ്കര്‍ പ്രതിയാണ്. പിന്നീട് ദുബായോ തായ്ലാന്‍ഡോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അധോലോക വ്യക്തി വിജയ് ഷെട്ടിയുമായി ചേര്‍ന്ന് ഈ കേസ് പിന്‍വലിക്കാന്‍ ബാങ്കര്‍ ഭീഷണിപ്പെടുത്തിയെന്ന് അഗര്‍വാള്‍ പിന്നീട് ആരോപിച്ചു. ആദ്യം ദുബായ് പോലീസിലും പിന്നീട് മുംബൈയിലെ വര്‍ളി സ്റ്റേഷനിലും അഗര്‍വാള്‍ പരാതി നല്‍കി. എന്നാല്‍ ബാങ്കര്‍ ആരോപിക്കുന്നത് അക്കാലത്തെ മുംബൈ പോലീസ് കമ്മീഷര്‍ പരം ബീര്‍ സിങ്ങ് തനിക്കെതിരെ വ്യാജ കേസ് ചുമത്തി 15 കോടി രൂപ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവെന്നാണ്.
എന്തായാലും മുംബൈ ഹൈക്കോടതി ബാങ്കര്‍ക്കെതിരായ കേസ് തള്ളിക്കളഞ്ഞു. മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ക്കെതിരെയുള്ള പണം തട്ടിയെടുക്കാനുള്ള ശ്രമം സംബന്ധിച്ച കേസ് സി.ബി.ഐ അന്വേഷണം നടത്തിയ ശേഷം റദ്ദാക്കി.
കാപ്ടേബിളിന് ലഭിച്ചിട്ടുള്ള രേഖകള്‍ പ്രകാരം പല വായ്പകളും രൂപിന്‍ ബാങ്കര്‍ തിരിച്ചടിച്ചിട്ടില്ല. പല ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ വസ്തുവകകള്‍ ലേലം ചെയ്യുന്നത് സംബന്ധിച്ച് പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇതാണ് യു.കെ ആസ്ഥാനമായുള്ള ഒ.സി.ഐ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മേധാവിയെന്ന നിലയില്‍ ബൈജൂസില്‍ എത്തുകയും ഇന്ത്യയിലെ എഡ്യുടെക് മേഖലയുടെ അടയാളമായുന്ന സ്ഥാപനവും ഏതോ ഒരു പാന്‍കേക്ക് കടയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനവും തമ്മില്‍ കോടാനുകോടി ഡോളറുകള്‍ കൈമാറ്റം ചെയ്യുന്ന സാമ്പത്തിക ഇടപാടിന്റെ ഇടനിലക്കാരനാവുകയും ചെയ്ത ആളുടെ ബയോഡാറ്റ.
ചില എളുപ്പവഴികള്‍ക്ക് നല്‍കേണ്ടി വരുന്ന വില
2021 ഏപ്രിലിലാണ് ഒ.സി.ഐയും ബൈജൂസും തമ്മിലുള്ള ബന്ധമാരംഭിക്കുന്നത് എന്നാണ് ബൈജൂ രവീന്ദ്രന്‍ നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തില്‍ നിന്ന് മനസിലാകുന്നത്. ‘അന്തരാഷ്ട്ര രംഗത്തെ വിപുലീകരണത്തിനും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി ഒ.സി.ഐയില്‍ നിന്ന് ബൈജൂസ് വായ്പയെടുത്തിരുന്നു. ഇതിനായി ഒ.സി.ഐ നേരിട്ട് തേഡ് പാര്‍ട്ടി വെന്‍ഡര്‍മാരുമായി കരാറുകളുണ്ടാക്കി നിശ്ചിത ഫീസ് നല്‍കി ശേഷം ബൈജൂസിന് വേണ്ടിയുള്ള ഉപകരണങ്ങളും മറ്റും വാങ്ങുക പതിവായിരുന്നു.’- സത്യവാങ്മൂലം പറയുന്നു.
‘ബൈജൂസിന് വേണ്ടി ഒ.സി.ഐ ചെലവാക്കുന്ന തുകയ്ക്കുള്ള ഈടായി ബാങ്ക് ഗ്യാരണ്ടിയും ബൈജൂസ് നല്‍കാറുണ്ട്, പ്രത്യേകിച്ചും ബൈജൂസിന് വേണ്ടി ചെലവഴിക്കുന്ന തുക വളരെ വലുതായിരിക്കുമ്പോള്‍’-സത്യവാങ്മൂലം പറയുന്നു. ഒ.സി.ഐയ്ക്ക് ബൈജൂസ് സമയത്തിന് പണം തിരിച്ച് നല്‍കുമ്പോള്‍ ഈ ബാങ്ക് ഗ്യാരണ്ടികള്‍ തിരികെ തരാറുമുണ്ട്. സമയത്തിന് തിരിച്ചടയ്ക്കാന്‍ പറ്റിയില്ലെങ്കില്‍ ബാങ്ക് ഗ്യാരണ്ടി അതിനസരിച്ച് ഉപയോഗിക്കാനുള്ള അവകാശം ഒ.സി.ഐ-ക്ക് ഉണ്ട്.’
കാംഷാഫ്റ്റും ഒ.സി.ഐയുമായുള്ള ഇടപാടുകളും ‘മൂലധനം വിദേശങ്ങളില്‍ നിക്ഷേപിക്കുന്നതിന്’ ഉള്ള ഇടപാടുകളായിരുന്നുവെന്നാണ് ബൈജൂ രവീന്ദ്രന്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. ബൈജൂസ് അക്കാലത്ത് ‘തങ്ങള്‍ക്ക് വേണ്ട ചരക്ക് സേവനങ്ങള്‍ വാങ്ങുന്നതിനായി സാമ്പത്തികമായി ഗുണകരമായ ഒരു രൂപസംവിധാനം ഉണ്ടാക്കിയെടുക്കുന്നതിന് ശ്രമിക്കുകയായിരുന്നു’ എന്നും ബൈജു രവീന്ദ്രന്‍ പറയുന്നു. ജെ.പി മോര്‍ഗന്‍ ചേസ് പോലുള്ള സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ക്ക് ഉണ്ടായ കാലതാമസത്തിന് ശേഷമാണ് ഈ തീരുമാനമെടുത്തത്. ”വളരെ കര്‍ശനമായ റ്റൈംലൈനുകള്‍ പാലിക്കേണ്ടതുള്ളത് കൊണ്ട് ബൈജൂസ് എത്രയും പെട്ടന്ന് മൂലധന നിക്ഷേപം നടത്താനുള്ള ശ്രമത്തിലായിരുന്നു”. 2022-ലെ ഫിഫ ലോകകപ്പും 2023-ല്‍ പദ്ധതിയിട്ടിരുന്ന ഒരു പബ്ലിക് ലിസ്റ്റിങ്ങുമായിരുന്നു ഇവ.
2021 നവംബറിനും 2023 മാര്‍ച്ചിനും മധ്യേ ഒ.സി.ഐ നിര്‍വ്വഹണ സേവനങ്ങള്‍ (പ്രെക്യുര്‍മെന്റ് സര്‍വ്വീസസ്) റ്റി ആന്‍ഡ് എല്ലിനും അതിന്റെ സബ്സിഡറി കമ്പിനികള്‍ക്കുമായി ഔട്ട് സോഴ്സ് ചെയ്തു.
‘മാധ്യമങ്ങള്‍, പരസ്യങ്ങള്‍, മറ്റ് അനുബന്ധ ബിസിനസുകള്‍ എന്നിവയ്ക്കെല്ലാം വേണ്ടി ഒ.സി.ഐ വാങ്ങിയ പല സേവനങ്ങള്‍ക്കും പകരമായി ആല്‍ഫ ഫണ്ടില്‍ (വായ്പയില്‍ കാംഷാഫ്റ്റില്‍ നിക്ഷേപിച്ചിട്ടുളള ഫണ്ട്) നിന്ന് തിരിച്ച് പിടിക്കാന്‍ ഒ.സി.ഐയ്ക്ക് അവകാശമുണ്ട്. ബൈജൂസിന് ഒ.സി.ഐയുടെ കടം തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ആല്‍ഫ ഫണ്ടില്‍ നിന്ന് അവര്‍ തിരിച്ച് പിടിച്ചത്.”- സത്യവാങ്മൂലം വിശദീകരിക്കുന്നു.
എന്നാല്‍ ഈ സത്യവാങ്മൂലത്തില്‍ നിന്ന് ഉത്തരങ്ങളല്ല, ചോദ്യങ്ങളാണ് ഉയരുന്നത്. വിപണിയിലെ ചിലവുകള്‍ക്കാണ് ബൈജൂസ് പണം നല്‍ക്കൊണ്ടിരുന്നത് എങ്കില്‍ കാംഷാഫ്റ്റ് എന്തിനാണ് ഒ.സി.ഐയ്ക്ക് വായ്പകള്‍ നല്‍കിക്കൊണ്ടിരുന്നത്? പ്രത്യേകിച്ചും പ്രോമിസറി നോട്ടുകളും കാംഷാഫ്റ്റും ബൈജൂസും തമ്മിലുള്ള കത്തിടപാടുകളും മൂന്ന് വര്‍ഷത്തേയ്ക്ക് സാധുവാണെന്നിരിക്കേ? മാത്രമല്ല, കാംഷാഫ്റ്റ് ഒ.സി.ഐയ്ക്ക് പണം വായ്പ നല്‍കി എന്ന് രേഖകള്‍ പറയുന്നുണ്ടെങ്കിലും ഒ.സി.ഐ യു.കെയില്‍ ഫയല്‍ ചെയ്തിട്ടുള്ള ലിമിറ്റഡ് ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റ്സില്‍ ഈ ഇടപാടുകളൊന്നും പ്രതിഫലിക്കുന്നില്ല.
ഒത്തിരി ചോദ്യങ്ങള്‍, ഇത്തിരി ഉത്തരം
2024 ഒക്ടോബര്‍ 24ന് ഡെലവെയര്‍ ബാങ്ക്റപ്റ്റ്സി കോടതിയുടെ വിചാരണ വേളയില്‍ ഉയര്‍ന്ന് വന്ന രേഖകള്‍ക്കുള്ള ഉത്തരങ്ങള്‍ ആവശ്യമാണ്. കാംഷാഫ്റ്റുമായി ബന്ധപ്പെട്ട ഇടപാടുകളുടെ ലക്ഷ്യം തന്നെ 533 മില്യണ്‍ ഡോളറിന്റെ (ഏകദേശം 4650 കോടി രൂപ) ഉപയോഗം കണക്കില്‍ പെടുത്താതെ സൂക്ഷിക്കുക എന്നതാണെന്ന് കോടതിയില്‍ ഗ്ലാസ് ട്രസ്റ്റിന്റെ അഭിഭാഷകന്‍ ആരോപിച്ചു.. ഈ പണം, 4650 കോടി രൂപയോളം കൈവശപ്പെടുത്തി കടങ്ങള്‍ വീട്ടാനും, ഒ.സി.ഐ എന്ന് വിളിക്കപ്പെടുന്ന ബ്രിട്ടീഷ് കമ്പിനിക്കുള്ള കടങ്ങള്‍ വീട്ടാനും രേഖകളിലുള്ള സകല ഇടപാടുകളും തീര്‍ക്കാനുമാണ് ബൈജൂസ് ലക്ഷ്യം വച്ചിരുന്നത് എന്നും ഗ്ലാസ് ട്രസ്റ്റ് ആരോപിച്ചു.
ഒ.സി.ഐ കാംഷെഫ്റ്റിന് നല്‍കിയ മൂന്ന് വര്‍ഷത്തേക്ക് സാധുതയുള്ള, പ്രോമിസറി നോട്ടുകള്‍ ചൂണ്ടിക്കാണിച്ച് ഗ്ലാസ്ട്രസ്റ്റ് അഭാഷകന്‍ പറഞ്ഞത് ഇതേ കാര്യമാണ്: ‘കാംഷാഫ്റ്റ് ബൈജൂസ് ആല്‍ഫായുടെ പണമെടുക്കുന്നു, അത് ഒ.സി.ഐയ്ക്ക് 533 മില്യണ്‍ ഡോളറിന്റെ പ്രോമിസറി നോട്ടുകള്‍ വാങ്ങി കൈമാറുന്നു. ലോകത്തേതെങ്കിലും പണമിടപാടുകാര്‍ അത്രയധികം പണമെങ്ങനെയാണ് മതിയായ രേഖകളൊന്നുമില്ലാതെ നല്‍കുന്നത്?’ ഈ ഇടപാടുകളിലുള്ള ധാരാളം ‘അപകട സൂചനക’കളിലൊന്നായി ഇത് അഭിഭാഷകന്‍ ചൂണ്ടിക്കാണിക്കുന്നു.
കാംഷാഫ്റ്റിലുള്ള നിക്ഷേപം ഇത്തരത്തില്‍ സംവിധാനം ചെയ്തിരിക്കുന്നതെന്തുകൊണ്ട് എന്ന് മോര്‍ട്ടന്‍ വിശദീകരിക്കുന്ന സാക്ഷിമൊഴി ഈ അഭിഭാഷകന്‍ ഉദ്ധരിക്കുന്നുണ്ട്. ”ഈ നിക്ഷേപത്തിന്റെ സംവിധാനം ഒ.സി.ഐയ്ക്ക് തങ്ങളുടെ നഷ്ടം പരിഹരിക്കാനുള്ള തരത്തിലാണെന്ന് അദ്ദേഹം (മോര്‍ട്ടന്‍) സമ്മതിക്കുന്നുണ്ട്. കാംഷാഫ്റ്റ് വായ്പയായി നല്‍കിയ പണം ബൈജൂസ് ഒ.സി.ഐയ്ക്ക് നല്‍കാനുള്ള കടം വീട്ടുന്നതിനെ് വേണ്ടി ഒ.സി.ഐക്ക് ഉപയോഗിക്കാന്‍ പറ്റുന്ന വിധത്തിലാണ് ഈ നിക്ഷേപത്തിന്റെ രീതി തന്നെ.” ഇത് ഇത്തരത്തിലുള്ള ഒരു പണമിടപാട് മറച്ച് വയ്ക്കുന്നതിനാണ് ഈ മൊത്തം സംവിധാനം തന്നെ സൃഷ്ടിച്ചിക്കുന്നതെന്നും അഭിഭാഷകന്‍ പറയുന്നു.
മൊത്തത്തിലുള്ള ഈ പ്രക്രിയയെ ‘രസവാദ വിദ്യ അഥവാ ആല്‍ക്കമി’ എന്നാണ് ഈ അഭിഭാഷകന്‍ വിശേഷിപ്പിക്കുന്നത്. ‘ഇത് ബൈജൂസിന് യാതൊരു തരത്തിലുള്ള അക്കൗണ്ടിങ് ബാധ്യതകളും ഇല്ലാതെ ബൈജൂസിന് വലിയൊരു സമ്പത്ത് രൂപീകരിക്കുന്നതിനാണ്’ ഈ കരാറുകള്‍ രൂപപ്പെടുത്തിയിട്ടുള്ളത് തന്നെ. ഈ അഭിഭാഷകന്‍ കോടതിയില്‍ ബെജുവിന്റെ സഹോദരന്‍ റിജു രവീന്ദ്രനും ബൈജൂസിന്റെ മാതൃസ്ഥാപനമായ’തിങ്ക് ആന്‍ഡ് ലേണി’നും ഇതിലുള്ള പങ്കും എടുത്ത് പറയുന്നുണ്ട്. കമ്പിനി റിജുവിനോട് ആവശ്യപ്പെട്ടത് ഈ പണം മുഴുവന്‍ ഒരു വിദേശ ട്രസ്റ്റില്‍ നിക്ഷേപിക്കാനാണ്, അയാള്‍ അത് ചെയ്യുകയും ചെയ്തു.
പണം കടം കൊടുത്തവര്‍ ആരോപിക്കുന്നത് ബൈജു അവരുടെ അഡ്വൈസേഴ്സിനോട് ‘വായ്പ നല്‍കിയവര്‍ക്ക് കണ്ട് പിടിക്കാന്‍ പറ്റാത്ത ഇടത്താണ് പണമുള്ളത്’ എന്ന് പറഞ്ഞതായി ആരോപിച്ചിരുന്നു. എന്നാല്‍ ഇത് കോടതില്‍ ബൈജു നിഷേധിക്കുകയും ‘എന്തിനാണോ വായ്പ എടുത്തത്, അതിന് തന്നെ ഈ തുക വിനിയോഗിക്കും’ എന്നാണ് പണം നല്‍കിയവരോട് വിശദീകരിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നത് എന്ന് കോടതിയില്‍ പറയുകയും ചെയ്തു.
എന്നാല്‍ ഗ്ലാസ് ട്രസ്റ്റ് അഭിഭാഷകന്‍ പറയുന്നത് ഈ കാര്യങ്ങളെല്ലാം ദുരൂഹമാണ് എന്നാണ്. 2024 ന്റെ ആദ്യ പാദത്തില്‍ റിജു തന്റെ മൂത്ത സഹോദരനായ ബൈജു രവീന്ദ്രന് ഈ ഫണ്ടുകള്‍ എവിടെ പോയി എന്ന് ചോദിച്ച് ഇ-മെയ്ല്‍ അയയ്ക്കുന്നുണ്ട്. രണ്ടു പേരും ഒരേ വീട്ടില്‍ താമസിക്കുന്ന കാലത്ത് തന്നെയാണ് ഇത്. അപ്പോള്‍ ഈ 533 മില്യണ്‍ ഡോളറിന്റെ ഇടപാടില്‍ പങ്കാളിയായിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്ന റിജു രവീന്ദ്രന് പണമെവിടെ പോയി എന്ന് അറിയില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ഇതറിയുക? Byju’s, a mystery middleman, and the curious case of the missing $533 million
Content Summary; Byju’s, a mystery middleman, and the curious case of the missing $533 million