ഇസ്രയേല്‍-അമേരിക്കന്‍ പിന്തുണയോടെ ഗാസയില്‍ പ്രവര്‍ത്തിക്കുന്ന ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ(ജിഎച്ച്എഫ്) സഹായ വിതരണ കേന്ദ്രത്തില്‍ വീണ്ടും മനുഷ്യക്കുരുതി. ജിഎച്ച്എഫിന് കാവല്‍ നില്‍ക്കുന്ന ഇസ്രയേല്‍ ഗാര്‍ഡുകള്‍ വെടിയുതിര്‍ത്താണ് മുന്‍പ് പല തവണയായി ഭക്ഷണം തേടിയെത്തുന്ന പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നതെങ്കില്‍, ഇത്തവണ ഗാര്‍ഡുകള്‍ വിശപ്പ് സഹിക്കാതെയെത്തിയ മനുഷ്യര്‍ക്ക് നേരെ മുളക് സ്‌പ്രേയും കണ്ണീര്‍ വാതകവും പ്രയോഗിച്ചതോടെ ഉണ്ടായ തിക്കിലും തിരക്കിലുമാണ് 20 പേര്‍ മരിച്ചത്. ഗാസ ആരോഗ്യവിഭാഗമാണ് മരണ കണക്ക് പുറത്തു വിട്ടത്.
ഏത് സാഹചര്യത്തിലാണ് കണ്ണീര്‍ വാതകവും മുളക് സ്‌പ്രേയും ഉപയോഗിച്ചതെന്നതിന് ജിഎച്ച്എഫ് വിശദീകരണം നല്‍കിയിട്ടില്ല. 19 പേര്‍ക്ക് ഗുരുതര പരിക്കേറ്റെന്നും, ഒരാള്‍ക്ക് കുത്തേറ്റെന്നുമാണ് അവരുടെ പ്രസ്താവനയില്‍ പറയുന്നത്.
ഗാസയിലെ ആരോഗ്യവിഭാഗം പറയുന്നത്, കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ ഉണ്ടായ ശ്വാസമുട്ടലിലാണ് 15 പേര്‍ മരിച്ചതെന്നാണ്. 15 പേരെയും ആശുപത്രിയില്‍ എത്തിച്ചിരുന്നു. അവിടെ എത്തിക്കുമ്പോഴേക്കും അവര്‍ മരിച്ചിരുന്നു. എല്ലാവരും ശ്വാസം മുട്ടിയാണ് മരിച്ചത്. മരണപ്പെട്ടവരില്‍ എല്ലാവരുടെയും ശരീരത്തില്‍ നീലപ്പാടുകള്‍ ഉണ്ടായിരുന്നു. അവരുടെ ചുണ്ടുകള്‍ നീലച്ചിരുന്നു. വീര്‍ത്ത മുഖങ്ങളായിരുന്നു. ഇതെല്ലാം ശ്വാസം മുട്ടലിന്റെ ലക്ഷണങ്ങളാണ്; ഗാസയിലെ ആശുപത്രി ഡയറക്ടര്‍ ഡോ. മുഹമ്മദ് സക്കൗട്ട് പറയുന്നു. 15 പേരില്‍ ആരെയും രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും, കാരണം അവരെയൊക്കെ ഇവിടെ എത്തിക്കുമ്പേഴേ ജീവന്‍ നഷ്ടമായിരുന്നുവെന്നും ഡോ. സക്കൗട്ട് പറയുന്നു.
ജിഎച്ച്എഫ് കേന്ദ്രങ്ങള്‍ അപകടമേഖലകളാണെന്ന് അറിഞ്ഞിട്ടും ജനങ്ങള്‍ അങ്ങോട്ടേക്ക് പോകുന്നത് വിശപ്പ് സഹിക്കാതെയാണ്. അത്രമാത്രം പട്ടിണിയാണ് പലസ്തീനികള്‍ അനുഭവിക്കുന്നത്. അഭയാര്‍ത്ഥി ടെന്റുകളില്‍ ഒന്നും തന്നെയില്ല. ഭക്ഷണമോ വെള്ളമോ ഇല്ല. വിശപ്പ് മാറ്റാന്‍ ഒന്നുമില്ല. അതുകൊണ്ടാണ് ഒരു കാന്‍ ഫാവ ബീന്‍സിനോ, ഹമ്മസിനോ, അല്ലെങ്കില്‍ കുറച്ച് കിലോഗ്രാം മാവോ കിട്ടുമോയെന്നറിയാന്‍ അപകടകരമായ പ്രദേശങ്ങളിലേക്ക് പോകാന്‍ ആളുകള്‍ നിര്‍ബന്ധിതരാകുന്നതെന്നാണ് അബ്ദുള്‍ ഘാനി റൂഖ എന്നയാള്‍ ദി ഗാര്‍ഡിയനോട് പറയുന്നത്. റൂഖയുടെ 20 കാരനായ അനന്തരവന്‍ മുഹമ്മദും ശ്വാസം മുട്ടി മരിച്ചവരില്‍ ഒരാളാണ്.
ജിഎച്ച്എഫിന്റെ സഹായവിതരണ കേന്ദ്രത്തിലേക്ക് ആളുകളെ പ്രവേശിപ്പിക്കാന്‍ തീരെ ഇടുങ്ങിയ വഴികള്‍ മാത്രമായിരുന്നു ഇസ്രയേല്‍ ഗാര്‍ഡുകള്‍ സജ്ജീകരിച്ചിരുന്നത്. അവിടെയാകട്ടെ വലിയ തിരക്കും ഉണ്ടായിരുന്നു. കേന്ദ്രത്തിന്റെ ഗേറ്റിനു മുന്നില്‍ തടിച്ചു കൂടിയ ജനക്കൂട്ടത്തിന് നേരെ ഗാര്‍ഡുകള്‍ പെട്ടെന്ന് കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു. ഇതോടെ ജനങ്ങള്‍ പ്രാണരക്ഷാര്‍ത്ഥം ഓടാന്‍ തുടങ്ങിയതാണ് വന്‍ദുരന്തത്തില്‍ കലാശിച്ചതെന്നാണ് അബ്ദുള്‍ ഘാനി റൂഖ പറയുന്നത്.
എന്നാല്‍ ജിഎച്ച്എഫ് പറയുന്നത്, ഹമാസിന്റെ ഗൂഢാലോചനയാണ് തിക്കിനും തിരക്കിനും പിന്നിലെന്നാണ്. മനപൂര്‍വം പ്രകോപനമുണ്ടാക്കുകയായിരുന്നുവെന്നാണ് അവര്‍ ആക്ഷേപിക്കുന്നത്. 20 Palestinians have been killed in a crush at GHF’s food distribution site
Content Summary; 20 Palestinians have been killed in a crush at GHF’s food distribution site
This post was last modified on July 17, 2025 8:33 am
Leave a Comment