അങ്ങനെ 2024 അതിന്റെ ക്ലൈമാക്സിൽ എത്തിയിരിക്കുകയാണ്. ഈ വർഷം, പ്രത്യേകിച്ച് നമ്മൾ മലയാളികൾക്ക് ചലച്ചിത്ര ലോകത്ത് നിന്ന് ഒരുപാട് നേട്ടങ്ങൾ കിട്ടിയ വർഷവും കൂടിയാണിത്. കോവിഡ് കാലഘട്ടം മലയാള സിനിമയിലും പ്രേക്ഷകർക്കും ഇടയിൽ വലിയ ഒരു മാറ്റത്തിന്റെ തുടക്കം കുറിച്ചു. Malayalam hit movies released in 2024
ഒടിടി പ്ലാറ്റ്‌ഫോമുകൾ ജനപ്രീതി നേടിയപ്പോഴാണ് മലയാള സിനിമ വലിയൊരു വിഭാഗം മറുഭാഷാ പ്രേക്ഷകരെ ആദ്യമായി നേടിയത്. പിന്നീട് 2024 ലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ മറുഭാഷ ചലച്ചിത്ര പ്രേമികൾ അതാത് സംസ്ഥാനങ്ങളിലെ തീയറ്ററുകളിൽ എത്തി മലയാള സിനിമകൾ കാണുന്ന ഒരു പുതിയ പ്രവണത ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. അങ്ങനെ 2024 ൽ മലയാള ചലച്ചിത്ര ലോകത്തെ പൊന്നാക്കിമാറ്റിയ ചില സിനിമയുടെ വിശേഷങ്ങൾ അതിന്റെ സിനിമാതാക്കൾ അഴിമുഖത്തോട് പങ്കുവയ്ക്കുന്നു.
ജിസ് ജോയ്
”മഞ്ഞുമ്മൽ ബോയ്സ് ഉൾപ്പെടെ ഒത്തിരി നല്ല സിനിമകൾ റിലീസായ വർഷമാണ് 2024. എല്ലാത്തരം സിനിമകൾക്ക് ഒരു പ്രേക്ഷകർ ഉണ്ടെന്നാണ് ഈ വർഷം നമ്മളെ പഠിപ്പിച്ച ഒരു കാര്യം. ഒരു ടിപ്പിക്കൽ ഫോർമാറ്റിൽ നിന്ന് സിനിമകൾ മാറി. ഒരു ടിപ്പിക്കൽ ടെംപ്ലേറ്റിൽ നിന്നല്ലാതെ പല ഷേപ്പിലും, പല ഴോണറുകളിലും ഉള്ള സിനിമകളാണ് വരുന്നത്. ഇത് തന്നെയാണ് ഏറ്റവും പോസിറ്റീവ് ലക്ഷ്യം എന്ന് പറയുന്നത്.
എത്ര വലിയ വലിയ സിനിമകൾ എത്ര ചെറിയ സിനിമകൾ അങ്ങനെ ഒന്നുമില്ല. ഉദാഹരണം ”എ ആർ എം” ഇവിടെ വിജയിച്ച ഒരു ചിത്രമാണ്. ഈ സിനിമയുടെ കോസ്റ്റിന്റെ അഞ്ചിൽ ഒന്നുപോലും മുടക്കാതെ ഒരു സിനിമയാണ് ”കിഷ്കിന്ധാകാണ്ഡം”. പക്ഷെ രണ്ടിന്റെയും ലാഭം കണക്കാക്കുമ്പോൾ രണ്ടും ഒരേപോലെയാണ് നിൽക്കുന്നത്. അതുകൊണ്ട് തന്നെ കോടികളുടെ കണക്കിനല്ല ഇവിടെ സ്ഥാനം, കണ്ടെന്റുകൾക്കാണ് ഇവിടെ സ്ഥാനമുള്ളത്.
എത്ര ചെറിയകഥയും എത്ര ചെറിയ ആളുകളെയും വച്ച് നമുക്ക് എടുക്കാം. ”പണി” എന്ന സിനമ എടുത്ത് നോക്കിയാൽ നമുക്ക് കാണാം ജോജു അടക്കം രണ്ട് മൂന്ന് പേര് ഒഴികെ ബാക്കിയെല്ലാവരും പുതിയ ആളുകളാണ്. എന്നിട്ടും ആ സിനിമ ഇവിടെ സൂപ്പർ ഹിറ്റ് അടിക്കുകയാണ് ചെയ്തത്. ഈ അടുത്ത് ”മുറ” എന്ന് പറയുന്ന സിനിമ ഇറങ്ങി. അതിൽ മുഴുവനും ഫ്രഷേഴ്‌സ് ആയിരുന്നു. അതും ഇതേപോലെ തരക്കേടിലാത്ത ഒരു ഹിറ്റ് അടിച്ചു.
മലയാള സിനിമയിൽ താരാധിപത്യം ഇല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. നല്ല കഥയാണെങ്കിൽ എല്ലാവരും തിയറ്ററിൽ വന്ന് സിനിമ കാണും. ഗോളം എന്ന് പറയുന്ന സിനിമയിലെ നായകൻ പുതിയൊരു മുഖമാണ്. പക്ഷെ ആ സിനിമയും ഇവിടെ ഓടി.
ബൈസിക്കിൾ തീവ്സ് എന്ന എന്റെ ആദ്യത്തെ സിനിമ ധാരാളം ട്വിസ്റ്റുകൾ നിറഞ്ഞ സിനിമയായിരുന്നു. അത്തരം സിനിമകളോട് എനിക്ക് വലിയ ഇഷ്ടമാണ്. പ്രേക്ഷകർ ആലോചിക്കാത്ത രീതിയിൽ കഥകൾ പോകുമ്പോഴുള്ള ഒരു മാജിക് ഉണ്ടല്ലോ. അത്തരം സിനിമകൾ കാണാനും ആസ്വദിക്കാനും ഇഷ്ടമുള്ളതുകൊണ്ടു തന്നെ അവ ചെയ്യാനും എനിക്ക് ഇഷ്ടമാണ്. ‘ഫീൽ ഗുഡ്’ എന്ന കംഫർട്ട് സോണിലായിരുന്നു ഞാൻ പോയിക്കൊണ്ടിരുന്നത്. ആ കംഫർട്ട് സോൺ പൊളിക്കണമെന്ന് ഒരു പോയിന്റ് എത്തിയപ്പോൾ എനിക്കു തന്നെ തോന്നി. അങ്ങനെ സംഭവിച്ച സിനിമയാണ് തലവൻ.
താരമൂല്യം, ബിഗ് ബജറ്റ് മൂവി എന്നിങ്ങനെയുള്ള സമ്പ്രദായക പരിപാടിയിൽ നിന്ന് നമ്മൾ പുറത്ത് കിടക്കുന്ന ഒരു വർഷം കൂടിയാണ് 2024. ”ആട്ടം” എന്ന് പറയുന്ന സിനിമ നമുക്ക് ഒരു പരിചയവും ഇല്ലാത്ത ഒരുപാട് ആളുകൾ ചേർന്ന് അഭിനയിച്ച ഒരു ചിത്രമാണ്. നാഷണൽ അവാർഡ് വരെ ആ ചിത്രത്തിന് കിട്ടി. മികച്ച ചിത്രം, മികച്ച എഡിറ്റർ എന്നിങ്ങനെ നിരവധി പുരസ്‌ക്കാരങ്ങൾ ലഭിച്ചു. ഇതൊക്കെ തന്നെയാണ് ഒരു നല്ല സിനിമ പ്രേക്ഷകർ ഏറ്റെടുക്കാൻ ബഡ്ജറ്റിൽ ഒരു കാര്യവും ഇല്ല എന്ന് പറയുന്നതിന്റെ വലിയ ഉദാഹരണം. പ്രേക്ഷകരെ എൻഗേജ്ഡ് ആക്കുന്ന കണ്ടെന്റുകൾ കൊണ്ട് വന്നാൽ ഏതൊരും സിനിമയും ഇവിടെ വിജയിക്കും”.
അരുൺ ചന്തു
”ഓഡിയൻസിനും, ഫിലിം മേക്കേഴ്സിനും ഒരു പുതിയ ബാച്ച് വന്നപോലെയായിരുന്നു 2024. മലയാള സിനിമയുടെ മുഖം തന്നെ മാറ്റാൻ പറ്റുന്ന രീതിയിൽ കഴിവുള്ള ആളുകളായിരുന്നു ഉണ്ടായിരുന്നത്. ഈ 2024 വളരെ പ്രതീക്ഷയുള്ള, അടുത്ത ഒരു അഞ്ച് വർഷത്തേക്ക് മലയാള സിനിമകളെ കുറിച്ച് ചർച്ച ചെയ്യുന്ന തരത്തിലുള്ള എൻട്രികളായിരുന്നു എല്ലാം. അതിന്റെ ഒരു ഭാഗമാകാൻ സാധിച്ചതിൽ എനിക്കും വളരെ സന്തോഷമുള്ള ഒരു കാര്യമാണ്.
”ഗഗനചാരി” ചെയ്യുമ്പോൾ ഇത്തരം ഴോണറുകൾ ഇഷ്ട്ടപെടുന്ന മലയാളി പ്രേക്ഷകർ ഉണ്ടോ എന്ന് സംശയം ഉണ്ടായിരുന്നു. ഇതുവരെ അതിന് അനുയോജ്യമായ ഒരു സക്‌സസ്ഫുൾ എക്സാമ്പിൾ പറയാൻ ഇല്ലായിരുന്നു. പക്ഷെ ഇതിനൊരു ഓഡിയൻസ് വന്നതും, അവർ ഷെയർ ചെയ്തതും, അതിന്റെ ഹ്യൂമെർ എൻജോയ് ചെയ്തതെല്ലാം കാണുമ്പോൾ ഒത്തിരി സന്തോഷമുണ്ട്. ഇനിയും ഇതേപോലെയുള്ള ഴോണറുകൾ മലയാള സിനിമയിലേക്ക് വരും എന്നൊരു പ്രതീക്ഷ ഗഗനചാരിയിലൂടെ ലഭിച്ചു.
ഗഗനചാരിക്ക് ഈ വർഷം മികച്ച സിനിമക്കുള്ള സ്പെഷ്യൽ ജൂറി അവാർഡ് ലഭിക്കുമെന്ന് ഒരു ഐഡിയ പോലുമിലായിരുന്നു. മൂന്ന് വർഷം വർക്ക് ചെയ്തതിന്റെ ഫലമായി ഞങ്ങളുടെ ടീമിന് ലഭിച്ച ഒരു വലിയ അംഗീകാരം തന്നെയാണിത്. ഇനി വരും വർഷങ്ങളിൽ ഇതിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാനുള്ള ഒരു ഊർജ്ജമാണ് ഈ അവാർഡ്. ഇത്തരം സിനിമകൾ മനസ്സിൽ ആലോചിക്കുന്ന, ഇനി വരാൻ പോകുന്ന ജനറേഷനും ഞങ്ങളുടെ സിനിമ ഒരു പ്രചോദനം ആണെന് വിശ്വസിക്കുന്നതിലും ഒരു സന്തോഷമുണ്ട്”.
ക്രിസ്റ്റോ ടോമി
”വളരെ നല്ലൊരു വർഷമായിരുന്നു 2024 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം. ഒരുപാട് വ്യത്യസ്‍ത രീതിയിലുള്ള മലയാള സിനിമകൾ തിയറ്ററുകളിൽ എത്തി. ഓരോ സിനിമയും കാണാൻ കുടുംബസഹിതമാണ് ആളുകൾ എത്തിയിരുന്നത്. അതിനോടൊപ്പം തന്നെയാണ് ഉള്ളൊഴുക്കും എത്തിയത്. ”ഉള്ളൊഴുക്ക്” ഒരു ഇമോഷണൽ ഡ്രാമ മൂവി ആണ്. ഇങ്ങനെ ഒരു സിനിമ ഇറക്കുന്ന സമയത്ത് നിർമ്മാതാവിനും ആശങ്ക ഉണ്ടായിരുന്നു.
ഇത്തരം സിനിമകൾ കാണാൻ ആളുകൾ തിയറ്ററുകളിലേക്ക് വരുമോ എന്ന്. കാരണം നമ്മുടെ തിയറ്റർ ഗോയിങ് കൾച്ചർ അങ്ങനെയായിരുന്നു.
പക്ഷെ ഈ വർഷം നമ്മളെയൊക്കെ അത്ഭുതപ്പെടുത്തികൊണ്ട് ”ഉള്ളൊഴുക്ക്” പോലെയൊരു സിനിമ തിയറ്ററിൽ കാണാൻ ആളുകൾ എത്തി. അതൊരു വളരെ പോസിറ്റീവായ കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. കാരണം നമ്മുടെ ഒരു വർക്ക് ആളുകൾ കണ്ട് ആസ്വദിക്കുമ്പോളാണ് നമ്മുടെ യാത്ര ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ 2024 വളരെ മോട്ടീവായ ഒരു വർഷം തന്നെയായിരുന്നു.
ഈ വർഷത്തെ ഇതുവരെ ഇറങ്ങിയ സിനിമകൾ എടുത്ത് നോക്കിയാൽ കാണാം എല്ലാം വ്യത്യസ്‍ത രീതിയിലുള്ള ചിത്രങ്ങളാണ്. എന്നാൽ എല്ലാ സിനിമയിലും ഒരു ഡയറക്ടറിന്റെ ഒരു വിഷൻ ഉണ്ട്, അതൊരു ഫോർമൽ ആയിട്ടുള്ള സിനിമകളോ അല്ലെങ്കിൽ, ഒരു സ്ഥിരം പാറ്റേണിൽ വരുന്ന സിനിമകളോ അല്ല. ഇതെല്ലം പ്രേക്ഷകർ തിയറ്ററിൽ പോയി തന്നെ ആസ്വദിക്കുക എന്നത് ആ സിനിമയുടെ വിജയം തന്നെയാണ്.
ഉള്ളൊഴുക്കിൽ കോമഡി രംഗങ്ങൾ ഇല്ല, പാട്ട് സീനുകൾ ഇല്ല, മാർക്കറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഘടകങ്ങൾ ഒന്നും തന്നെയിലായിരുന്നു. ഇത് എങ്ങനെ മാർക്കറ്റ് ചെയ്യും എന്നൊരു വെല്ലുവിളിയുണ്ടായിരുന്നു. ”കരയാൻ വേണ്ടി എന്തിനാണ് തിയറ്ററിൽ പോകുന്നത്, ഇത്തരം സിനിമകൾ തിയറ്ററുകളിൽ ആളുകൾ വന്ന് കാണുമോ” എന്നെല്ലാം ഒരുപാട് സംശയം ഉണ്ടായിരുന്നു. പിന്നീട് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ടീസറും, ട്രെയ്ലറിനെക്കുറിച്ചുമെല്ലാം നല്ലൊരു പോസിറ്റീവ് റിയാക്ഷനാണ് ലഭിച്ചത്.
സിനിമയുടെ പ്രിവ്യൂ നടത്തിയപ്പോഴും, സിനിമ തിയറ്ററിൽ എത്തി ഫസ്റ്റ് ഷോ കഴിഞ്ഞപ്പോൾ തന്നെ ഒരുപാട് ബുക്കിംഗ് എല്ലാം വന്നു തുടങ്ങി. അപ്പോൾ തന്നെ പ്രേക്ഷകർ സിനിമയെ സ്വീകരിച്ചു എന്ന് മനസ്സിലായി. പതിവ് രീതിയിൽ നിന്ന് ഇത്തരം സിനിമകൾ ഒരു മാർക്കെറ്റിങും ഇല്ലാതെ എങ്ങനെ വിജയിപ്പിക്കും എന്നത് ഒരു വെല്ലുവിളി തന്നെയായിരുന്നു”.
ആനന്ദ് മധുസൂദനൻ
”മലയാള സിനിമയുടെ നല്ല കാലഘട്ടങ്ങൾ മാറി മാറി വന്നുകൊണ്ട് ഇരിക്കുന്ന ഒന്നാണ്. ഒരു കാലഘട്ടത്തിൽ നല്ല സിനിമകൾ വരുകയും, പിന്നെ ഒരു കാലഘട്ടത്തിൽ നമുക്കൊരു മോശം അവസ്ഥ ഉണ്ടാവുകയും ആ സമയം ഒരു തമിഴ് സിനിമ നല്ല രീതിയിൽ ഓടുന്നതെല്ലാം ഒരു സ്വാഭാവികമായ കാര്യമാണ്. ഇതൊരു സൈക്കിൾ ആണ്. പക്ഷെ സന്തോഷം നൽകുന്ന കാര്യം എന്നത് നമുക്ക് ചുറ്റുപാടുമുള്ള കാര്യങ്ങളിലേക്ക് കുറച്ചുകൂടി ശ്രദ്ധിച്ച് അതിനെക്കുറിച്ചുള്ള സിനിമകൾ ചെയ്യുമ്പോൾ അതൊരു യൂണിവേഴ്സൽ ആയ ഒരു ഭാഷയാണ് ഉണ്ടാകുന്നത്. അതിന്റെ ഒരു ഭാഗമാണ് ”വിശേഷം” എന്ന സിനിമയും.
കേരളം എന്നൊരു ചെറിയ സംസ്ഥാനത്ത്, ഇത്രയധികം ജനസാന്ദ്രത ഏറിയ സ്ഥലത്ത് ഒരുപാട് ഫെർട്ടിലിറ്റി ക്ലിനിക്കുകൾ ഉള്ള സ്ഥലം എന്ന രീതിയിൽ കണ്ടുകൊണ്ടാണ് വിശേഷം എന്ന സിനിമ ഉണ്ടാകുന്നത്. ലോകത്ത് എല്ലായിടത്തും നടക്കുന്ന ഒരു കാര്യമാണ് ഫെർട്ടിലിറ്റി ഇഷ്യൂ. മനുഷ്യരാശി തന്നെ അഭിമുകീകരിച്ചുകൊണ്ട് ഇരിക്കുന്ന ഒരു പ്രശ്നമാണിത്.
കൃത്യമായ മനുഷ്യരിലേക്കുള്ള ഒബ്സർവേഷനിലൂടെയാണ് നല്ല സിനിമകൾ ഉണ്ടാകുന്നത്. തന്റെ സ്വന്തം ജീവിതത്തിലേക്ക് നോക്കുമ്പോഴാണ് നല്ലൊരു കഥയും, സിനിമയും ഉണ്ടാകുന്നത്. ഇതിന്റെ ഒരു ഭാഗമാകാൻ വിശേഷത്തിന് സാധിക്കുന്നത് വളരെയേറെ ഭാഗ്യവും, അഭിമാനകാരവുമാണ്.
പ്രേക്ഷകനെന്ന് പറയുന്ന ആളിലെ പരിണാമം എന്ന് പറയുന്നത്, നമ്മൾ വായിക്കുന്നതും, കാണുന്നതും, കേൾക്കുന്നതുമൊക്കെ തന്നെയാണ് നമ്മളിൽ മാറ്റം ഉണ്ടാക്കുന്നത്. ആ മാറ്റം സിനിമയ്ക്കും അതാത് കാലഘട്ടത്തിൽ ഉണ്ടാകുന്നുണ്ട്. ഇപ്പോൾ മലയാളത്തിലെ സിനിമകൾ എന്ന് പറയുന്നത് ഒരു തുറന്ന സമീപനം എടുക്കുകയും ഇവിടത്തെ ഫിലിം മേക്കേഴ്‌സ് അത്തരത്തിൽ ചിന്തിക്കുകയുമാണ് ചെയ്യുന്നത്. ബജറ്റ് എന്ന കാര്യം ഉപയോഗിച്ച് നമ്മൾ എന്താണ് നിർമ്മിക്കുന്നത് എന്നതിലാണ് കാര്യമിരിക്കുന്നത്.
ഒരു സിനിമയിലെ ബഡ്ജറ്റിനെക്കാൾ ഉപരി ആ സിനിമയുടെ കണ്ടെന്റും, എന്താണ് ആ സിനിമ പറയാൻ ഉദ്ദേശിക്കുന്നത് എന്ന നിലപാടെല്ലാം എടുക്കുകയും ചെയ്യുന്ന ഒരുപാട് നല്ല ഫിലിം മേക്കേഴ്‌സും, എഴുത്തുകാരും ഉള്ളയിടത്തോളും കാലം മലയാള സിനിമ ഇതേപോലെ മുന്നോട്ട് തന്നെ പോകുമെന്നാണ് വിശ്വാസം”.
ദിൻജിത്ത് അയ്യത്താൻ
”ഇപ്പോഴത്തെ ഓഡിയൻസിന്റെ ടേസ്റ്റ് നമുക്ക് ഭയങ്കര കൺഫ്യൂഷനാണ് നൽകുന്നത്. ഏത് രീതിയിലാണ് അവർ ഇഷ്ടപ്പെടുന്നത് എന്നൊക്കെ പറയാൻ പറ്റാത്ത ഒരു കാലഘട്ടമാണ്. കോവിഡിന് ശേഷമാണ് ആളുകൾ ഇത്ര മുന്നേറി ചിന്തിക്കാൻ തുടങ്ങിയത്. കോവിഡ് കാലഘട്ടത്തിലുണ്ടായ ഒടിടി ഫിലിംസും, ഇന്റർനാഷണൽ ഫിലിംസും കണ്ട് മലയാളായി ഓഡിയൻസിന്റെ റേഞ്ച് തന്നെ മാറി. എടുത്ത് പറയേണ്ടത് മലയാളി ഓഡിയൻസ് മാത്രം അല്ല, ആദ്യമൊക്കെ നോർത്ത് സൈഡിലുള്ള ആളുകളൊന്നും മലയാളം സിനിമകൾ ഒന്നും കാണാത്തവരായിരുന്നു. പക്ഷെ അവർ ഇപ്പോൾ ഒരു മലയാള പടം ഇറങ്ങാൻ വേണ്ടി കാത്തിരിക്കുകയാണ്. ഇതിലൂടെ മനസ്സിലാകാം മലയാള സിനിമയുടെ വളർച്ച.
പത്ത് വർഷം മുന്നേ നമ്മൾ ഇഷ്ട്ടപ്പെട്ട സിനിമകൾ ഈ കാലഘട്ടത്തിൽ ഇറക്കിയാൽ അത് വിജയിക്കണമെന്നില്ല. കാരണം ഇന്ന് അവർ ചിന്തിക്കുന്നതിലപ്പുറം ആ സിനിമയിൽ എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രമേ പ്രേക്ഷകർ അത് കാണുകയുള്ളു. കോവിഡ് സമയത്ത് കണ്ട സിനിമകൾ എന്ന് പറയുന്നത് നമ്മൾ അത്രത്തോളം ഇതുവരെ എക്സ്പീരിയൻസ് ചെയ്യാത്ത സിനിമകളാണ്. അതുകൊണ്ട് തന്നെ അതിനെ മറികടന്ന് ഒരു സിനിമ എടുക്കുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്.
ഈ വർഷം ഇറങ്ങിയ സിനിമകൾ എല്ലാം നോക്കുമ്പോൾ എല്ലാ സിനിമകളും ഓരോ ഴോണറുകൾ ആണ്. ഓണത്തിന് എന്റെ ചിത്രമായ ”കിഷ്കിന്ധാ കാണ്ഡ”ത്തിനൊപ്പമാണ് എ ആർ എം ഇറങ്ങിയത്. എ ആർ എം എന്ന് പറയുന്നത് മൊത്തത്തിൽ ഒരു കൊമേർഷ്യൽ പ്രോഡക്റ്റ് ആണ്. കിഷ്കിന്ധാ കാണ്ഡത്തെ അതുമായി താരതമ്യം ചെയ്യാൻ സാധിക്കില്ല. ആ രീതിയിലുള്ള പടം ആ രീതിയിൽ ഉള്ളവർക്ക് ഇഷ്ട്ടപ്പെട്ടു.
എന്റെ ടീമിന്റെ സിനിമ എന്ന് പറയുമ്പോൾ ഓണത്തിന് ഇത്തരം സിനിമകൾ ഒരാളും അംഗീകരിക്കാത്ത പ്രേക്ഷകരാണ് പൊതുവെ ഉള്ളത്. ഓണത്തിന് ഈ സിനിമ ഇറക്കണൊ എന്ന ചോദ്യങ്ങളും ഒരുപാട് ഉയർന്നിരുന്നു. ആ സമയത്ത് തന്നെ പടം ഇറക്കുക എന്ന വെല്ലുവിളി എടുത്തത് നിർമ്മാതാവ് ജോബി ചേട്ടൻ തന്നെയായിരുന്നു. അദ്ദേഹം അങ്ങനെ ഒരു കാര്യം പറഞ്ഞപ്പോൾ നമുക്കും ഒരു ധൈര്യം വന്നു. അങ്ങനെയാണ് സിനിമ ഓണത്തിന് റിലീസ് ചെയ്യുന്നത്. പക്ഷെ അത് ആളുകൾ അംഗീകരിച്ചത് വളരെ സന്തോഷമുള്ള കാര്യമാണ്.
ഓണത്തിന് കാണാൻ പറ്റിയ ഒരു ഫാമിലി എന്റർടൈൻമെന്റ് അടിപൊളി പടങ്ങൾ കാണാൻ വരുന്നവർക്ക് ഇടയിലാണ് ഈ ഒരു ചെറിയ മിസ്റ്ററി ത്രില്ലെർ എത്തിയത്. കിഷ്കിന്ധാ കാണ്ഡം ഒരു ഡാർക്ക് മൂവി ആണ്. ഇതിന്റെ കളറിങ്ങും, മ്യൂസിക്കുമെല്ലാം നോക്കിയാൽ നമുക്ക് മനസിലാകും. കഥപരമായി വളരെ കോൺഫിഡന്റ് ആയിരുന്നു. പക്ഷെ ഇത് ആൾക്കാരിലേക്ക് എത്തണമെങ്കിൽ കൊമേഷ്യൽ എലെമെന്റ്സ് കൂടെ ചേർക്കുമ്പോഴാണ് പ്രേക്ഷകർ ഇതിനെ സ്വീകരിക്കുക എന്ന് ഒരു ബോധ്യമുണ്ടായിരുന്നു. ആ രീതിയിൽ ഇതിനെ ട്രീറ്റ് ചെയ്തതുകൊണ്ടാണ് ആളുകൾ ഈ സിനിമയെ അംഗീകരിച്ചത്”.
എം സി ജിതിൻ
”കണ്ടെന്റുകളിൽ ഉള്ള പുതുമകൾ കൊണ്ടാണ് സിനിമ വർക്ക് ആയിട്ടുള്ളത്. എന്റെ സിനിമ ” സൂക്ഷ്മദർശിനി” അങ്ങനെ ഒന്നായിരുന്നു. കണ്ടന്റിനെ കൂടുതൽ ഫോക്കസ് ചെയ്തതുകൊണ്ടാണ് ആളുകൾക്ക് സിനിമ ഇഷ്ടപെട്ടത്. കിഷ്കിന്ധാ കാണ്ഡം ഒക്കെ വളരെ യഥാർത്ഥമായ കണ്ടെന്റുകളാണ്. സിനിമ കാണുന്നതിൽ ഒരു എഡ്യൂക്കേഷൻ സംഭവിക്കുന്നുണ്ട്. സിനിമകളെ വിലയിരുത്തുന്നതിലും അവരുടെ ബൗദ്ധികമായ ഒരു മാറ്റം സംഭവിക്കുന്നുണ്ട്.
സിനിമകളെ കുറിച്ചുള്ള ലിട്രസി കൂടണം നമുക്ക്. അതുകൊണ്ട് തന്നെ നമുക്ക് കുറച്ചുകൂടി യഥാർത്ഥമായ സിനിമകളെ സമീപിക്കാം. ഈ രീതിയിൽ സിനിമകളെ സമീപിച്ചാൽ കൃത്യമായ ഒരു റിസൾട്ട് വരുമെന്നതിന് ഉദാഹരണമാണ് 2024. ഇത് പണ്ട് മുതൽക്ക് ഉള്ളതാണ്. കോവിഡ് കാലത്തിൽ ഒരുപാട് പേര് അന്യഭാഷാ സിനിമകളും സീരിസുമൊക്കെ കണ്ടതുകൊണ്ട് അവരുടെ ലിട്രസി വർധിച്ചിട്ടുണ്ട്”.
2024-ൽ മലയാള സിനിമ മികച്ച കഥകളുടെ പുനർവിചാരം നടത്തുകയും പുതിയ പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ ആകർഷിക്കുകയും ചെയ്തു. സിനിമകൾക്ക് മാത്രമല്ല, കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും മികവിന് ഈ വർഷം വലിയ പ്രാധാന്യമുണ്ടായിരുന്നു. വ്യത്യസ്ത വിഭാഗങ്ങളിലെയും വിഷയങ്ങളിലെയും ഈ പരീക്ഷണങ്ങൾ പ്രേക്ഷകരെ ആകർഷിച്ചപ്പോൾ, മലയാള സിനിമയുടെ ഭാവി സാധ്യതകൾക്കും ശക്തമായ അടിത്തറയായി. Malayalam hit movies released in 2024
content summary; A look at some Malayalam thrillers of 2024